സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിച്ച് ചൈന; 30 വർഷത്തിനിടെ ആദ്യം
text_fieldsബെയ്ജിങ്: 30 വർഷത്തിനിടെ ആദ്യമായി സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിച്ച് ചൈന. ലിംഗ വിവേചനത്തിൽ നിന്നും ലൈംഗികാതിക്രമത്തിൽ നിന്നും കൂടുതൽ സംരക്ഷണം നൽകുന്ന വിധത്തിലാണ് നിയമം പരിഷ്കരിച്ചത്. മൂന്ന് പുനരവലോകന യോഗങ്ങൾക്ക് ശേഷം ജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയാണ് നിയമം പാസാക്കിയിരിക്കുന്നത്.
കാലഹരണപ്പെട്ട സ്ത്രീസുരക്ഷാ നിയമങ്ങൾ പരിഷ്കരിക്കണമെന്ന് സാമൂഹിക പ്രവർത്തകർ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു.
അതേസമയം, നിയമത്തിന്‍റെ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ ഭരണകൂടത്തിന്‍റെ യാഥാസ്ഥിതിക നിലപാടുകൾ നിയമത്തിൽ എത്രത്തോളം പ്രതിഫലിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.
'സ്ത്രീകളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമം' എന്ന തലക്കെട്ടിലുള്ള ബില്ലാണ് ചൈനീസ് പാർലമെന്‍റ് പാസാക്കിയത്. പതിനായിരക്കണക്കിനാളുകൾ നിയമത്തിൽ അഭിപ്രായങ്ങൾ സമർപ്പിച്ചതായി ചൈനീസ് പാർലമെന്‍റ് വ്യക്തമാക്കി.
പാവപ്പെട്ട സ്ത്രീകൾ, പ്രായമായ സ്ത്രീകൾ, ഭിന്നശേഷിക്കാരായ സ്ത്രീകൾ തുടങ്ങിയവരുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതാണ് പുതിയ നിയമമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
സ്ത്രീകളുടെ തൊഴിൽ, സാമൂഹിക സുരക്ഷാ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ തൊഴിലുടമയെ ഉത്തരവാദിയാക്കും. മനുഷ്യക്കടത്തിനിരയാകുന്ന സ്ത്രീകളെയും തട്ടിക്കൊണ്ടുപോകുന്ന സ്ത്രീകളെയും രക്ഷിക്കുന്നത് തടയുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

