Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുദ്ധവിരാമ ചർച്ചയിൽ വാക്പോര്; യു.എസ് വിദേശകാര്യ സെക്രട്ടറിയുടെ പരാമർശം തള്ളി ഇറാൻ

text_fields
bookmark_border
യുദ്ധവിരാമ ചർച്ചയിൽ വാക്പോര്; യു.എസ് വിദേശകാര്യ സെക്രട്ടറിയുടെ പരാമർശം തള്ളി ഇറാൻ
cancel

തെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പരിഹാസ്യവും അംഗീകരിക്കാനാവാത്തതുമാണെന്ന യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയുടെ പരാമർശം ഇറാൻ തള്ളി. ഇറാന്റെ ആവശ്യങ്ങൾ യുക്തിരഹിതവും യാഥാർഥ്യബോധമില്ലാത്തതുമാണെന്ന റൂബിയോയുടെ ഞായറാഴ്ചത്തെ പ്രസ്താവനയോടാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രതികരിച്ചത്. ഇറാൻ മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്നും യുക്തിരഹിതമായി ഒന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2025 ജൂണിലും ഈ വർഷം ഫെബ്രുവരിയിലും ചർച്ചകൾ നടക്കുന്നതിനിടെ യു.എസ് നടത്തിയ ആക്രമണങ്ങളാണ് യുക്തിരഹിതവും പരിഹാസ്യവുമെന്ന് അദ്ദേഹം തിരിച്ചടിച്ചു. യു.എസിന്റെ യുദ്ധനടപടികളെ കുറ്റകരമെന്നും ബഖാഈ വിശേഷിപ്പിച്ചു. ഇറാന്റെ തുറമുഖങ്ങൾക്കെതിരായ യു.എസ് ഉപരോധം അവസാനിപ്പിക്കുക, സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുക, യുദ്ധനാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ ഉന്നയിച്ചിരിക്കുന്നത്. ലബനാനിലെ ഇസ്രായേൽ സൈനിക നടപടികൾ ഉൾപ്പെടെ മേഖലയിലുടനീളമുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.

ഇറാനുമായുള്ള പ്രശ്നങ്ങൾക്ക് നയതന്ത്രപരമായ പരിഹാരമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് റൂബിയോ ഞായറാഴ്ച പറഞ്ഞിരുന്നു. എന്നാൽ ഇറാൻ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാവാത്തതും ചില സാഹചര്യങ്ങളിൽ അതിരുകടന്നതും യാഥാർഥ്യബോധമില്ലാത്തതുമാണെന്നും അദ്ദേഹം ആരോപിച്ചു. ഇതുമൂലം ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടാകുന്നില്ലെന്നും റൂബിയോ പറഞ്ഞു. അതേസമയം, തെഹ്റാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടാകുകയും ഇരുരാജ്യങ്ങളും ശക്തമായ കരാറിലെത്തുകയും ചെയ്താൽ ഇറാനെതിരെ വീണ്ടും സൈനികാക്രമണം നടത്തേണ്ട സാഹചര്യം ഉണ്ടാകാൻ സാധ്യത കുറവാണെന്ന് ട്രംപ് വ്യക്തമാക്കി. ഞായറാഴ്ച സി.എൻ.എന്നിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.

ഉപരോധങ്ങൾ നീക്കുകയും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്യുന്നതിലൂടെ സംഘർഷം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിർദേശം ഇപ്പോഴും പരിഗണനയിലുണ്ടെന്ന് ബഖാഈ അറിയിച്ചു. ഹുർമുസ് കടലിടുക്ക് തുറക്കുന്നതിനും യു.എസുമായുള്ള ആണവചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള ഏഴിന പദ്ധതിയുടെ സമയപരിധി ഏഴുദിവസത്തിൽനിന്ന് രണ്ടുദിവസമായി കുറച്ചതായും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽത്താനിയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ട്രംപിന്റെ ഔദ്യോഗിക പരിപാടികളുടെ പട്ടികയിലാണ് കൂടിക്കാഴ്ച ഉൾപ്പെടുത്തിയിരിക്കുന്നത്. യു.എസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങളിൽ ഖത്തർ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇരുനേതാക്കളുടെയും കൂടിക്കാഴ്ചക്ക് പ്രാധാന്യമുണ്ട്. കഴിഞ്ഞയാഴ്ച, ഇരു നേതാക്കളും ഫോണിൽ സംസാരിച്ചിരുന്നു.

യമനിൽ വ്യോമാക്രമണം: 44 പേർ കൊല്ലപ്പെട്ടു

സൻആ: യമൻ തലസ്ഥാനമായ സനാഅക്ക് സമീപമുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി ഉയർന്നതായി ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ അറിയിച്ചു. മരിച്ചവരിൽ 21 കുട്ടികളും 10 സ്ത്രീകളും ഉൾപ്പെടുന്നതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ 40 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച സനാഅയുടെ കിഴക്കുള്ള അൽ ശാരിയ ഗ്രാമത്തിലെ വീടുകൾക്കുനേരെയാണ് വ്യോമാക്രമണമുണ്ടായത്. പരിക്കേറ്റവരിൽ എട്ട് കുട്ടികളും ഒമ്പത് സ്ത്രീകളും ഉൾപ്പെടുന്നതായി ഹൂതി ആരോഗ്യ മന്ത്രാലയ വക്താവ് അനീസ് അൽ അസ്ബാഹി അറിയിച്ചു.

പ്രദേശത്ത് കാണാതായവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. ആക്രമണത്തിന് പിന്നിൽ സൗദി അറേബ്യയാണെന്ന് ഹൂതികൾ ആരോപിച്ചു. ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ആക്രമണം. സമീപകാലത്ത് സംഘർഷത്തിൽ യമനിൽ നൂറുകണക്കിന് ആളുകളും സൗദി അറേബ്യയിൽ നിരവധി പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ceasefire Talks: Iran Rejects US Secretary’s Remarks
Next Story