അക്രമിയെ വരിഞ്ഞുമുറുക്കി തോക്ക് പിടിച്ചെടുത്തു; സിഡ്നിയിൽ ഹീറോ ആയി അഹ്മദ് അൽഅഹ്മദ്; പഴക്കച്ചവടക്കാരൻ രക്ഷിച്ചത് നിരവധി ജീവനുകൾ
text_fieldsസിഡ്നി ഭീകരാക്രമണ സ്ഥലത്ത് രക്ഷകനായ അഹമ്മദ് അൽ അഹമ്മദ്. ചിത്രം 1-അഹമ്മദ് പഴക്കടയിൽ, 2 അക്രമിയെ കീഴടക്കുന്നതിനിടയിൽ പരിക്കേറ്റപ്പോൾ, 3 അക്രമിയെ കീഴടക്കി തോക്ക് പിടിച്ചെടുക്കുന്നു
സിഡ്നി: ആസ്ട്രേലിയയിലെ സിഡ്നിക്കടുത്ത് വിനോദ സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നായ ബോണ്ടി ബീച്ച് രക്തക്കളമായി മാറിയത് നിമിഷ നേരം കൊണ്ടായിരുന്നു. കടലും തീരവും ഒന്നിച്ചു ചേരുന്ന മനോഹരമായ പ്രദേശം ഞായറാഴ്ച ആഘോഷലഹരിയിലായിരുന്നു. അവധി ദിനവും, ജൂത ഉത്സവമായ ഹനകയും ഒന്നിച്ചെത്തിയതോടെ ബോണ്ടി തീരത്ത് ആയിരങ്ങളെത്തി. എന്നാൽ, എല്ലാം നിലച്ച്, കടലോരം രക്തപ്പുഴയായി മാറിയത് നിമിഷ നേരം കൊണ്ടാണ്. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.30ന് രണ്ട് തോക്കുധാരികളായ അക്രമികൾ ജനങ്ങൾക്കു നേരെ തുരുതുരാ വെടിയുതിർത്തപ്പോൾ മരിച്ചു വീണത് 12 പേർ. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 29ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തെ സർക്കാർ ഭീകരാക്രമണമായ പ്രഖ്യാപിച്ച സംഭവത്തിനു പിന്നാലെ, സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് ഒരു സാധാരണക്കാരന്റെ അസാമാന്യ ധീരതയുടെ ദൃശ്യങ്ങളാണ്.
തോക്കു ധാരികളായ അക്രമികൾ നിരായുധരായ മനുഷ്യർക്കു നേരെ തുരുതുരാ വെടിയുതിർക്കുമ്പോൾ ജീവനുംകൊണ്ട് ഓടുകയായിരുന്നു എല്ലാവരും. ചിലർ വെടിയേറ്റ് വീണപ്പോൾ, മറ്റു ചിലർ വാഹനങ്ങൾക്കും മരങ്ങൾക്കും പിറകിൽ ഒളിച്ചിരുന്ന് ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു.
ഇതിനിടെയാണ്, തോക്കുമായി വെടിയുതിർക്കുന്ന അക്രമിക്കു നേരെ മരണഭയം തെല്ലുമില്ലാതെ ഒരാൾ ചാടിവീഴുന്നത്. കാറിനു പിന്നിൽ ഒളിച്ചിരുന്ന ശേഷം, അക്രമിയുടെ ശ്രദ്ധ മാറിയ നിമിഷത്തിൽ മുഴങ്ങുന്ന വെടിയൊച്ചകൾക്കടിയിലൂടെ അയാൾ കുതിച്ചു. തിരിഞ്ഞു നിന്ന് വെടിയുതിർക്കുകയായിരുന്ന അക്രമി നവീദ് അക്രത്തെ പിറകിലൂടെയെത്തി ഞൊടിയിട നേരത്തിൽ കഴുത്തിന് പിടിച്ച് അയാൾ കീഴടക്കി. സംഭവിക്കുന്നത് എന്തെന്ന് തിരിച്ചറിയും മുമ്പേ, മൽപിടുത്തത്തിലൂടെ അയാളിൽ നിന്നും തോക്കും പിടിച്ചെടുത്ത് നിരവധി പേരുടെ രക്ഷകനായി അവതരിച്ചു. തുടർന്ന് തോക്കുയർത്തി അക്രമിക്കു നേരെ ചൂണ്ടിയതോടെ അയാൾ പിൻവാങ്ങി. നിലത്തു വീണ് നിരങ്ങി നീങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്ന അക്രമിക്കു നേരെ അഹമ്മദ് അൽ അഹമ്മദ് എന്ന രക്ഷകൻ വെടിയുതിർക്കുന്നതും സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ദൃശ്യത്തിൽ കാണുന്നുണ്ട്.
ഇതിനിടെ, സംഭവ സ്ഥലത്തിന്റെ മറുവശത്തു നിന്നും, രണ്ടാമത്തെ അക്രമി അഹമ്മദ് അൽ അഹമ്മദിനെ ഉന്നം വെച്ച് വെടിയുതിർത്തു. ഇതിൽ രണ്ട് വെടികൾ അഹമ്മദിന്റെ ദേഹത്താണ് പതിച്ചത്. ഒന്ന് തോളിനും, മറ്റൊന്ന് കാലിനും. പരിക്കേറ്റ ഇദ്ദേഹം ഇപ്പോൾ സിഡ്നിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ബന്ധുക്കൾ പ്രതികരിച്ചു.
ബോണ്ടി ബീച്ചിൽ അക്രമണം നടന്ന സ്ഥലത്തെ പഴക്കച്ചടവടക്കാരനാണ് 43കാരനായ അഹമ്മദ് അൽ അഹമ്മദ്. അസാമാന്യ മനോധൈര്യവും, നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ ഇടപെടൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാനും കാരണമായി. പൊലീസും സുരക്ഷാ സേനയും സ്ഥലത്തും മുമ്പേ അക്രമികളെ നേരിട്ടതിലൂടെ അവരുടെ പ്ലാനുകൾ തകർക്കാനും കഴിഞ്ഞു. തോക്ക് ഉപയോഗിച്ച് ഒരു പരിചയവും ഇല്ലാത്തയാളാണ് അഹമ്മദ് എന്ന് ബന്ധു മുസ്തഫ പ്രതികരിച്ചു.
ഹനൂക ആഘോഷത്തിനായി ആയിരത്തോളം പേർ ബോണ്ടി ബീച്ചിൽ ഒത്തു ചേർന്നതായാണ് റിപ്പോർട്ട്.
പാകിസ്താൻ വംശജനായ നവീദ് അക്രം എന്ന 24കാരനാണ് ഒരു അക്രമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

