പ്രതിസന്ധിയിൽ ബി.ബി.സി; 2000 ജീവനക്കാരെ പിരിച്ചുവിടുന്നു, ലക്ഷ്യം 500 ദശലക്ഷം പൗണ്ടിന്റെ ലാഭം
text_fieldsബി.ബി.സി
ലണ്ടൻ: ബ്രിട്ടീഷ് ദേശീയ മാധ്യമമായ ബി.ബി.സി തങ്ങളുടെ വാർഷിക ബജറ്റിന്റെ പത്ത് ശതമാനം വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി 2000ഓളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 500 ദശലക്ഷം പൗണ്ട് (ഏകദേശം 5,500 കോടി രൂപ) ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കടുത്ത നടപടി. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ബുധനാഴ്ച ജീവനക്കാരുമായി നടത്തിയ ചർച്ചയിലാണ് മാനേജ്‌മെന്റ് ഈ തീരുമാനമറിയിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം, ലൈസൻസ് ഫീസിൽ നിന്നുള്ള വരുമാനക്കുറവ് എന്നിവയാണ് ഈ പിരിച്ചുവിടലിലേക്ക് നയിച്ചതെന്ന് ഇടക്കാല ഡയറക്ടർ ജനറൽ റോദ്രി തൽഫാൻ ഡേവിസ് പറഞ്ഞു.
‘ഈ തീരുമാനം ജീവനക്കാർക്കിടയിൽ അനിശ്ചിതത്വം ഉണ്ടാക്കുമെന്ന് എനിക്കറിയാം. പക്ഷേ, നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നുപറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ റോദ്രി തൽഫാൻ ഡേവിസ് ജീവനക്കാർക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കി. ബി.ബി.സിയുടെ ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നേതൃത്വത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കുകയാണ്. മുൻ ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് വിഭാഗം മേധാവി ഡെബോറ ടർനെസും അടുത്തിടെ രാജിവെച്ചിരുന്നു.
യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസംഗത്തെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററിയിൽ വരുത്തിയ വിവാദപരമായ എഡിറ്റിങ്ങാണ് ഇവരുടെ രാജിയിലേക്ക് നയിച്ചത്. ഇതിന് പിന്നാലെ ട്രംപ് ബി.ബി.സിക്കെതിരെ 10 ബില്യൺ ഡോളറിന്റെ അപകീർത്തിക്കേസും ഫയൽ ചെയ്തിട്ടുണ്ട്. മുൻ ഗൂഗ്ൾ എക്സിക്യൂട്ടീവ് മാറ്റിൽ ബ്രിട്ടീൻ അടുത്ത മാസം ബി.ബി.സി ഡയറക്ടർ ജനറലായി ചുമതലയേൽക്കും. ഈ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്നതാണ് അദ്ദേഹത്തിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
ബ്രിട്ടനിലെ ഓരോ വീടുകളിൽ നിന്നും ഈടാക്കുന്ന വാർഷിക ലൈസൻസ് ഫീസാണ് ബി.ബി.സിയുടെ പ്രധാന വരുമാന മാർഗ്ഗം. നിലവിൽ ഇത് 180 പൗണ്ടാണ്. എന്നാൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുകയറ്റത്തോടെ പരമ്പരാഗത ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണം കുറഞ്ഞത് ബി.ബി.സിയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ലൈസൻസ് ഫീസിന് പകരം മറ്റേതെങ്കിലും സാമ്പത്തിക മാതൃക കൊണ്ടുവരുന്നതിനെക്കുറിച്ച് ലേബർ പാർട്ടി സർക്കാർ ആലോചിക്കുന്നുണ്ട്. 1922ൽ സ്ഥാപിതമായ ബി.ബി.സി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാർത്താ ശൃംഖലകളിൽ ഒന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

