ശൈഖ് ഹസീനയെ പുറത്താക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബംഗ്ലാദേശ്
text_fieldsധാക്ക: ബംഗ്ലാദേശിലെ പുതിയ പാർലമെന്റിനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി 2026 ഫെബ്രുവരി 12ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 2024 ൽ മുഖ്യമന്ത്രിയായിരുന്ന ശൈഖ് ഹസീനയെ പുറത്താക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർഥികൾ ഡിസംബർ 29നകം പാർലമെന്റിൽ നാമനിർദേശ പത്രിക സമർപ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ എ.എം.എം നാസിർ ഉദ്ദീൻ പറഞ്ഞു.
ബംഗ്ലാദേശിൽ മൊത്തം 127.6 ദശലക്ഷത്തിലധികം വോട്ടർമാരുണ്ട്. വിദേശികളായ പൗരന്മാർക്ക് പോസ്റ്റൽ ബാലറ്റുകൾ വഴി വോട്ടു ചെയ്യാം. 2026 ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു മുഹമ്മദ് യൂനുസ് പദ്ധതിയിട്ടിരുന്നത്. എന്നാൽ രാജ്യത്തിനകത്തു നിന്നുള്ള സമ്മർദം കാരണം ഫെബ്രുവരിയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ ബംഗ്ലാദേശ് ഭരിക്കുന്നത് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ്.
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിൽ മുന്നിട്ട് നിൽക്കുമെന്നാണ് കരുതുന്നത്. അതോടൊപ്പം ഇടക്കാല സർക്കാർ നിയന്ത്രണം എടുത്ത് മാറ്റിയതിനെ തുടർന്ന് ജമാഅത്തെ ഇസ്‍ലാമിയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കും. രാജ്യത്തിന്റെ മതേതര ഭരണഘടനക്ക് വിരുദ്ധമാണെന്ന 2013ലെ കോടതി വിധിയെ തുടർന്ന് ജമാഅത്തെ ഇസ്‍ലാമിക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അതേസമയം ശൈഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. വിലക്ക് പിൻവലിച്ച് മത്സരിക്കാൻ അനുവദിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് പാർട്ടി അറിയിച്ചു.
കലാപത്തിനു ശേഷം തയാറാക്കിയ സംസ്ഥാന പരിഷ്കരണ പദ്ധതിയായ ‘ജൂലൈ ചാർട്ടർ’ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ദേശീയ റഫറണ്ടവും അതേ ദിവസം തന്നെ നടക്കുമെന്ന് എ.എം.എം. നാസിർ ഉദ്ദീൻ പറഞ്ഞു. എക്സിക്യൂട്ടീവ് അധികാരങ്ങൾ നിയന്ത്രിക്കുക, ജുഡീഷ്യറിയുടെയും തെരഞ്ഞെടുപ്പ് അധികാരികളുടെയും സ്വാതന്ത്ര്യം ശക്തിപ്പെടുത്തുക, നിയമ നിർവഹണ ഏജൻസികളുടെ ദുരുപയോഗം തടയുക എന്നിവയുൾപ്പെടെ സംസ്ഥാന സ്ഥാപനങ്ങളിൽ വിപുലമായ മാറ്റങ്ങളാണ് ചാർട്ടർ നിർദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

