Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് വ്യോമാക്രമണം രൂക്ഷം; ഏഴ് ഇറാനിയൻ സൈനികരും 30 സിവിലിയൻസും കൊല്ലപ്പെട്ടതായി റിപ്പോർട്ട്

text_fields
bookmark_border
ശക്തമായി തിരിച്ചടിക്കുമെന്ന് ഐ.ആർ.ജി.സി
US attack
cancel
camera_alt

(ഫയൽ ചിത്രം)

തെഹ്റാൻ: ഇറാനിലെ തെക്കൻ മേഖലകളിൽ അമേരിക്ക നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ 30 സിവിലിയൻസ് കൊല്ലപ്പെട്ടതായും 260ഓളം പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക റിപ്പോർട്ടുകൾ. ഇതിനുപുറമെ, ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ യു.എസ് തൊടുത്ത 13 മിസൈലുകൾ പതിച്ച് ഏഴ് ഇറാനിയൻ സൈനികരും കൊല്ലപ്പെട്ടു.

ഗസ്റ്റ് ഹൗസ്, ഗാർഡ് പോസ്റ്റുകൾ, താമസസ്ഥലങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് യു.എസ് ആക്രമണം നടന്നത്. പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നതുകൊണ്ടാണ് കൂടുതൽ ആളപായം ഒഴിവായതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ആക്രമണത്തെ 'ഭീരുത്വപരമായ അക്രമം' എന്ന് വിശേഷിപ്പിച്ച ഇറാനിയൻ സൈന്യം ഇതിന് ഉചിതമായ സമയത്ത് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചു.

തിരിച്ചടിയുടെ ഭാഗമായി അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) പ്രത്യാക്രമണം നടത്തി. ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങളാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ യു.എസ് ഫിഫ്ത്ത് ഫ്ലീറ്റിൽ വലിയ നാശനഷ്ടങ്ങൾ വരുത്താൻ തങ്ങൾക്ക് കഴിഞ്ഞുവെന്നും ഐ.ആർ.ജി.സി അവകാശപ്പെട്ടു.

ഇതിനിടെ ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെയുള്ള യു.എസ് ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാനിലെ യു.എൻ പ്രതിനിധി അമീർ-സെയ്ദ് ഇരവാനി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് നൽകിയ കത്തിൽ പറഞ്ഞു.

അതേസമയം, ഇറാനെതിരായ സൈനിക നടപടികൾ തുടരുമെന്ന നിലപാടിലാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഞാൻ മതി എന്ന് പറയുന്നതുവരെ ആക്രമണങ്ങൾ തുടരും’ എന്ന് മുന്നറിയിപ്പ് നൽകിയ ട്രംപ്, ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള നിർണ്ണായക അടിസ്ഥാന സൗകര്യങ്ങൾ ആക്രമണ ലക്ഷ്യങ്ങളായിരിക്കുമെന്നും വ്യക്തമാക്കി. ഇരു പക്ഷവും തമ്മിലുള്ള ആക്രമണം മേഖലയിലെ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ഹുർമുസ് കടലിടുക്കിൽ യു.എസ് സൈന്യം ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - At least 30 civilians killed in recent US air strikes
Next Story