സിറിയൻ പ്രശ്നം: റഷ്യ, ഇറാൻ, തുർക്കി ത്രിരാഷ്ട്ര ഉച്ചകോടി അങ്കാറയിൽ
text_fieldsഅങ്കാറ: സിറിയൻ പ്രശ്നം ചർച്ചചെയ്യുന്നതിനായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ ആതിഥേയത്വത്തിൽ തലസ്ഥാനമായ അങ്കാറയിൽ ത്രിരാഷ്ട്ര ഉച്ചകോടി. റഷ്യ ൻ പ്രസിഡൻറ് വ്ലാദ്മിർ പുടിൻ, ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി എന്നിവരുമായാണ് ചർച്ച. ഉച്ചകോടിക്ക് മുന്നോടിയായി തിങ്കളാഴ്ച മൂന്നു രാഷ്ട്ര തലവന്മാരുമായും പ്രത്യേകം ചർച്ച നടത്തി.
സിറിയൻ വിമതരുെട അവശേഷിക്കുന്ന ശക്തികേന്ദ്രമായ ഇദ്ലിബ് തിരിച്ചുപിടിക്കാനുള്ള സിറിയൻ സേനയുെട ശ്രമങ്ങൾക്ക് റഷ്യ പിന്തുണ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിലെ പുതിയ സംഭവവികാസങ്ങളാണ് ഉച്ചകോടി ചർച്ചചെയ്യുന്നത്. സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിനെ പിന്തുണക്കുന്നവരാണ് റഷ്യയും ഇറാനും.
എന്നാൽ, ചില സിറിയൻ വിമത സംഘങ്ങളെയാണ് തുർക്കി പിന്തുണക്കുന്നത്. സിറിയയിൽ ബശ്ശാറിെൻറ നില കൂടുതൽ ഭദ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇദ്ലിബിൽനിന്ന് തുർക്കിയിലേക്ക് വൻതോതിലുള്ള അഭയാർഥി പ്രവാഹം ഉണ്ടാകുന്ന സാഹചര്യം തടയാനുള്ള ശ്രമങ്ങളാണ് തുർക്കിയുടെ ഭാഗത്തുനിന്നുണ്ടാവുക. 2017ൽ സിറിയൻ സംഘർഷം രൂക്ഷമായതിന് ശേഷമുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്.