കൊമ്പുകോർത്ത് ഇറാനും ബ്രിട്ടനും
text_fieldsലണ്ടൻ: ബ്രിട്ടീഷ് കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. അന്താരാഷ്ട്ര ജലാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിൽ ബ്രിട്ടെൻറ രണ്ട് എണ്ണക്കപ്പലുകൾ ഇറാൻ െറവലൂഷനറി ഗാർഡ് പിടിച്ചെടുത്തിരുന്നു. സ്വീഡെൻറ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് പതാകയുള്ള സ്റ്റെന ഇംപറോയും ബ്രിട്ടീഷ് നിർമിത, ലൈബീരിയൻ പതാക പതിച്ച മെസ്ദർ കപ്പലുമാണ് ഇറാൻ പിടിച്ചെടുത്തത്. മെസ്ദർ പിന്നീട് വിട്ടയച്ചു. എന്നാൽ, സ്റ്റെന ഇംപറോ െറവലൂഷനറി ഗാർഡിെൻറ കസ്റ്റഡിയിലാണ്. ഇന്ത്യ, റഷ്യ, ഫിലിപ്പീൻസ്, ലാത്വിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള 23 ജീവനക്കാർ ഈ കപ്പലിലുണ്ട്.
ഇറാൻ തെരഞ്ഞെടുക്കുന്നത് അപകടകരമായ പാതയാണെന്നും നിയമവിരുദ്ധവും അസ്ഥിരത സൃഷ്ടിക്കുന്നതുമായ ഇത്തരം നടപടികൾ നീതീകരിക്കാനാകില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് മുന്നറിയിപ്പ് നൽകി. പ്രശ്നം പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഹണ്ട് ഓർമപ്പെടുത്തി. സൈനിക നടപടികൾക്കല്ല, പ്രശ്നം നയതന്ത്ര രീതിയിൽ പരിഹരിക്കാനാണ് ബ്രിട്ടൻ താൽപര്യപ്പെടുന്നതെന്നും ഇറാെൻറ നിയമവിരുദ്ധമായ നടപടികളിൽ ആശങ്കയുണ്ടെന്നും ഹണ്ട് കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് ഇറാൻ എംബസിയിലെ ഷർഷെ ദഫേയെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുകയും ചെയ്തു. അതേസമയം, തങ്ങളുടേത് തിരിച്ചടി നീക്കമാണെന്ന് ഇറാൻ വ്യക്തമാക്കി. തങ്ങളുടെ കപ്പൽ പിടിച്ചെടുത്തതിനുള്ള അന്താരാഷ്ട്ര നിയമമനുസരിച്ച തിരിച്ചടിയാണിതെന്ന് ഇറാൻ ഗാർഡിയൻ കൗൺസിൽ വക്താവ് അബ്ബാസ് അലി കദ്ഖുദാഇ ആണ് വ്യക്തമാക്കിയത്.