തെഹ് രീകി താലിബാൻ തീവ്രവാദിയെ വെടിവെച്ച് കൊന്നു
text_fieldsഇസ്ലാമാബാദ്: അഫ്ഗാനിസ്താനിൽ തെഹ് രീകി താലിബാൻ പാകിസ്താൻ (ടി.ടി.പി) തീവ്രവാദി ഖ്വാറി സൈഫുല്ല മെഹ്സൂദിനെ വെടിവെച്ച് കൊന്നു. ഖോസ്ത് പ്രവിശ്യയിലെ ഗുലൂൺ ക്യാമ്പിന് പുറത്തുവെച്ചാണ് മെഹ്സൂദിന് വെടിയേറ്റതെന്ന് സംഘടനയുടെ വക്താവ് അറിയിച്ചതായി അനദോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹഖാനി ഗ്രൂപ്പ് ആണ് സൈഫുല്ല മെഹ്സൂദിന്‍റെ കൊലപാതകത്തിന് പിന്നിലെന്നാണ് ടി.ടി.പിയുടെ ആരോപണം. ഹഖീമുല്ല മെഹ്സൂദ് വിഭാഗത്തിലെ മൂന്നു തീവ്രവാദികളെ ഏതാനും ദിവസം മുമ്പ് കൊലപ്പെടുത്തിയിരുന്നു.
രാജ്യത്ത് നടന്ന നിരവധി തീവ്രവാദി ആക്രമണങ്ങളിൽ പങ്കുള്ള ഖ്വാറി സൈഫുല്ല മെഹ്സൂദിനെ പിടികിട്ടാപ്പുള്ളിയായി പാകിസ്താൻ അധികൃതർ പ്രഖ്യാപിച്ചിരുന്നു. 2015ൽ 45 പേർ കൊല്ലപ്പെട്ട കാറാച്ചി ബസ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം മെഹ്സൂദ് ഏറ്റെടുത്തിരുന്നു. 2016ൽ അഫ്ഗാനിലെ യു.എസ് സേന പിടികൂടിയ മെഹ്സൂദ് 14 മാസം തടവിലായിരുന്നു.
2007ൽ ബൈത്തുല്ല മെഹ്സൂദ് ആണ് തീവ്രവാദ സംഘടനയായ തെഹ് രീകി താലിബാൻ പാകിസ്താന് (ടി.ടി.പി) രൂപം നൽകിയത്. പിന്നീട് സംഘടന സ്വാത്, മെഹ്സൂദ്, ബജാഉർ ഏജൻസി, ദാര അദാംഖേൽ എന്നിങ്ങനെ നാല് വിഭാഗങ്ങളായി പിളർന്നു.