താലിബാനും യു.എസ് സേനാ കമാൻഡറും തമ്മിൽ കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: അഫ്ഗാൻ സമാധാന കരാറിന്‍റെ ഭാഗമായി താലിബാൻ നേതൃത്വവും അമേരിക്ക-നാറ്റോ സേനാ കമാൻഡറും തമ്മിൽ ഖത്തറിൽ കൂടിക് കാഴ്ച നടത്തി. ജനറൽ സ്കോട്ട് മില്ലറുമായി കൂടിക്കാഴ്ച നടത്തിയ വാർത്ത അഫ്ഗാനിലെ യു.എസ് സേനാ വക്താവാണ് മാധ്യമങ്ങളെ അറിയിച്ചത്.
ദോഹയിൽ ഫെബ്രുവരി 29നാണ് അമേരിക്കയും താലിബാനും തമ്മിൽ സമാധാന കരാറിൽ ഒപ്പുവെച്ചത്. 18 വർഷം നീണ്ട യുദ്ധത്തിന് ശേഷമാണ് അഫ്ഗാനിൽ സമാധാന ശ്രമത്തിന് വഴിയൊരുങ്ങിയത്.
അഫ്ഗാനിൽ നിന്ന് യു.എസ്-നാറ്റോ സേന പിന്മാറണമെന്നാണ് കരാറിലെ പ്രധാന നിബന്ധന. കൂടാതെ, അമേരിക്കയോ അവരുടെ സഖ്യകക്ഷികളോ വീണ്ടും ആക്രമണം നടത്താൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, അമേരിക്കൻ സേന കരാർ ലംഘനം നടത്തിയെന്ന ആരോപണം കഴിഞ്ഞ ആഴ്ച താലിബാൻ ഉന്നയിച്ചിരുന്നു.
5,000 താലിബാൻ തടവുകാരെ വിട്ടയക്കണമെന്ന കരാർ അഫ്ഗാൻ ഭരണകൂടം പാലിച്ചില്ലെന്നായിരുന്നു ആരോപണം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അമേരിക്കയുടെ പിന്തുണയിൽ സുരക്ഷാ പരിശോധനകൾ തുടരുന്നതായും താലിബാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സേനാ കമാൻഡറും താലിബാൻ നേതൃത്വവും തമ്മിൽ കൂടിക്കാഴ്ച നടന്നത്.