തടവുകാരെ കൈമാറാൻ വിമതരുമായി യുക്രെയ്ൻ ധാരണ
text_fieldsമോസ്കോ: റഷ്യൻ അനുകൂല വിമതരുമായി തടവുകാരെ കൈമാറാൻ യുക്രെയ്ൻ സർക്കാർ ധാരണയായി. തങ്ങളുമായി തടവുകാരെ കൈമാറാൻ യുക്രെയ്ൻ സന്നദ്ധമായതായി സ്വയം പ്രഖ്യാപിത ഡോനട്സ്ക് റിപ്പബ്ലിക് അറിയിച്ചു. ‘കിയവും ഡോൺബാസും (വിമത നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്ൻ) തമ്മിൽ തടവുകാരെ കൈമാറാനുള്ള കരാറിലെത്തി’യതായി ഡോനട്സ്ക് സർക്കാർ വക്താവ് ദരിയ മൊറോസോവ അറിയിച്ചു.
ഇക്കാര്യത്തെക്കുറിച്ച് യുക്രെയ്ൻ ഉടൻ പ്രതികരിച്ചിട്ടില്ല. എന്നാൽ, പാരീസിൽ നടന്ന ഉന്നതതല സമാധാന ചർച്ചകളെ തുടർന്ന് വർഷാവസാനത്തോടെ തടവുകാരെ പരസ്പരം കൈമാറുമെന്ന് ഇൗമാസം ആദ്യം അവർ അറിയിച്ചിരുന്നു.
കിഴക്കൻ യുക്രെയ്നിൽ സ്വാതന്ത്ര്യമാവശ്യപ്പെട്ട് റഷ്യൻ അനുകൂല സായുധസംഘം നടത്തിയ നീക്കത്തിൽ 13,000ത്തിലേറെ പേർ കൊല്ലപ്പെടുകയും 10 ലക്ഷം പേർ വീടുവിട്ടോടാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു.
അടുത്ത വർഷം മാർച്ചോടെ സംഘർഷ മേഖലയിൽനിന്ന് സൈന്യത്തെ പിൻവലിക്കാനും സമ്പൂർണ വെടിനിർത്തൽ നടപ്പാക്കാനും ഡിസംബർ 23ന് പാരിസിൽ നടന്ന ഫ്രാൻസ്, ജർമനി, റഷ്യ, യുക്രെയ്ൻ ഉച്ചകോടിയിൽ തീരുമാനിച്ചിരുന്നു.