പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ അയക്കാൻ പെൻറഗൺ
text_fieldsവാഷിങ്ടൺ: ഇറാനുമായി പ്രതിസന്ധി മൂർച്ഛിച്ച സാഹചര്യത്തിൽ 10,000 സൈനികരെ കൂടി അയക്കാൻ യു.എസ് ഒരുങ്ങുന്നു. വൈറ്റ്ഹൗസ് അനുമതി തേടി വിശദ പദ്ധതി അടുത്ത ദിവസം സമർപ്പിക്കു മെന്ന് യു.എസ് പ്രതിരോധ വിഭാഗമായ പെൻറഗൺ അറിയിച്ചു. സൈനികർക്ക് പുറമെ കൂടുതൽ യുദ്ധക്കപ്പലുകൾ, പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം തുടങ്ങിയവയും ആവശ്യപ്പെടുമെന്നാണ് സൂചന.
അതേസമയം, പശ്ചിമേഷ്യയിലെ യു.എസ് സൈനിക സാന്നിധ്യം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുമെന്ന് നേരത്തേ പ്രഖ്യാപിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നിലപാടിന് വിരുദ്ധമാണ് ഇൗ നീക്കം.
അന്തിമ തീരുമാനമായിട്ടില്ലെന്നും അത്രയും സൈനികശക്തി അധികമായി ഗൾഫിൽ വിന്യസിക്കുന്നതിന് വൈറ്റ്ഹൗസ് അനുവാദം ലഭിക്കുമെന്ന് ഉറപ്പില്ലെന്നും പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു.
ഇറാനെതിരെ ആക്രമണം തുടങ്ങില്ലെന്നും പ്രതിരോധം മാത്രമാണ് ലക്ഷ്യമെന്നും യു.എസ് വ്യക്തമാക്കുന്നുവെങ്കിലും സൈനിക സന്നാഹങ്ങൾ ശക്തിപ്പെടുത്തുന്നത് മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
യുദ്ധക്കപ്പലായ യു.എസ്.എസ് അബ്രഹാം ലിങ്കൺ നേരത്തേ മേഖലയിൽ എത്തിയിരുന്നു. ബി-52 ബോംബറുകളും അധികമായി വിന്യസിച്ചിട്ടുണ്ട്. യു.എസ്.എസ് അർലിങ്ടണും പാട്രിയറ്റ് മിസൈലുകളും അയക്കാൻ നേരത്തേ അംഗീകാരമായിരുന്നു. മേഖലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങൾ ഭക്ഷ്യവസ്തുക്കളുടെ സമാഹരണമുൾപ്പെടെ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.