ഇസ് ലാമാബാദ്: പാകിസ്താനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ കുതിപ്പ്. ഇതുവരെ 2,238 പേരിൽ രോഗം കണ്ടെത്തി.
മൂന്നു ദിവസത്തിനിടെയാണ് വൈറസ് വ്യാപനം ഉണ്ടായിട്ടുള്ളതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച 31 പേർ മരിക്കുകയും 27 പേർ സുഖം പ്രാപിക്കുകയും ചെയ്തു.
പാക് പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. 845 പേർ. സിന്ധിൽ 709 പേർക്കും ഖൈബർ-പഖ്തൂൻഖ്വായിൽ 23 പേർക്കും രോഗം കണ്ടെത്തിയതായി പ്രവിശ്യാ ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇറാൻ അതിർത്തിയിലുള്ള തഫ്താൻ ക്വാറന്‍റൈൻ ക്യാമ്പിലെ കോവിഡ് നിർണയ പരിശോധനയിലെ വീഴ്ചകളും ഗുണനിലവാരമില്ലാത്ത ജീവിത സാഹചര്യവും ആണ് രോഗബാധിതരുടെ എണ്ണം ഉയരാൻ കാരണം.
ജനങ്ങൾ കോവിഡ് ബാധിതരെ കുറ്റവാളികളായാണ് കാണുന്നതെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞതായി ദ് ന്യൂസ് ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്തു.