സിറിയയിൽ ഐ.എസ് തീവ്രവാദികൾ ജയിൽ ചാടി

08:50 AM
31/03/2020
syrian-jail

ഹസാക്ക: സിറിയയിൽ ജയിലിലെ ആഭ്യന്തര കലാപത്തിന് പിന്നാലെ ഐ.എസ് തീവ്രവാദികൾ രക്ഷപ്പെട്ടു. വടക്ക് കിഴക്കൻ പട്ടണമായ ഹസാക്കയിലെ ഗെഹ്റാൻ ജയിലിൽനിന്നാണ് ഇവർ കടന്നു കളഞ്ഞത്. ഖുർദിഷ്, അമേരിക്കൻ സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 

ഐ.എസിനെതിരായ പോരാട്ടത്തിൽ പിടിക്കപ്പെട്ട 12,000ത്തോളം പേരാണ്​ ഇവിടെ തടവിലുള്ളത്​. ഇവരിൽ എത്ര പേർ രക്ഷപ്പെട്ടെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ഖുർദിഷ് സിറിയൻ ഡെമോക്രാറ്റിക് സേന (എസ്.ഡി.എഫ്) യുടെ നിയന്ത്രണത്തിലുള്ള വടക്ക് കിഴക്കൻ സിറിയയിലെ ഏറ്റവും വലിയ ജയിലാണിത്​.  

ഞായറാഴ്ചയും തിങ്കളാഴ്ചയും ജയിലിനുള്ളിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജയിൽ ഭിത്തിയിൽ ദ്വാരം തീർത്തും വാതിൽ തകർത്തുമാണ് തടവുകാർ രക്ഷപ്പെട്ടത്. തടവുചാടിയവരെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചതായി എസ്.ഡി.എഫ് പ്രസ് ഒാഫിസ് തലവൻ മുസ്തഫ അലി മാധ്യമങ്ങളെ അറിയിച്ചു.

കലാപത്തിന് ശേഷവും ജയിലിനുള്ളിൽ സംഘർഷത്തിന് അയവുവന്നിട്ടില്ല. സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ജയിൽ അധികൃതർ സ്വീകരിച്ചു വരികയാണ്.

Loading...
COMMENTS