ഇറാനിൽ പ്രക്ഷോഭം രൂക്ഷമാവുന്നു
text_fieldsതെഹ്റാൻ: ഇറാനിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാവുന്നു. തിങ്കളാഴ്ച ഒമ്പതു പേർ കൂടി മരിച്ചതോടെ അഞ്ചു ദിവസം പിന്നിട്ട പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തലസ്ഥാനമായ തെഹ്റാനിൽ മാത്രം 450 പേർ അറസ്റ്റിലായിട്ടുണ്ട്. ഇസ്ഫഹാൻ പ്രവിശ്യയിലെ ഖഹ്ദരിജാൻ നഗരത്തിലെ പൊലീസ് സ്റ്റേഷനുനേരെ നടന്ന ആക്രമണത്തെ തുടർന്ന് പൊലീസ് നടത്തിയ വെടിവെപ്പിലാണ് ആറു പ്രക്ഷോഭകർ മരിച്ചത്. ഇസ്ഫഹാൻ പ്രവിശ്യ ആസ്ഥാനത്തെ സാംസ്കാരിക കേന്ദ്രത്തിന് സമീപമുണ്ടായ ആക്രമണത്തിൽ ഒരു റെവലൂഷനറി ഗാർഡും വഴിയാത്രികനും കൊല്ലപ്പെട്ടു. നജാഫാബാദിലും ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു.
തലസ്ഥാനമായ തെഹ്റാനിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിലും വിവിധ പ്രവിശ്യ ആസ്ഥാനങ്ങളിലും അവിടങ്ങളിലെ നഗരങ്ങളിലുമാണ് പ്രക്ഷോഭം ചൂടുപിടിക്കുന്നത്. തലസ്ഥാനത്ത് വൻ സുരക്ഷ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ഇതിെൻറ ഭാഗമായി കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തെഹ്റാനിൽ മാത്രം 450 പേരെ അറസ്റ്റ് ചെയ്തതായി ഗവർണർ ഒാഫിസിലെ ഡെപ്യൂട്ടി ഒാഫിസർ അലി അസ്ഗർ നാസർബക്ത് അറിയിച്ചു. ‘‘ശനിയാഴ്ച 200ഉം ഞായറാഴ്ച 150ഉം തിങ്കളാഴ്ച 100ഉം പേരെയാണ് അറസ്റ്റ് ചെയ്തത്’’ -അദ്ദേഹം പറഞ്ഞു.
ഇറാൻ ജനതക്കെതിരായ നിഴൽയുദ്ധമാണ് പ്രക്ഷോഭകർ നടത്തുന്നതെന്ന് സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ശംഖാനി പറഞ്ഞു. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഇതുസംബന്ധിച്ച സന്ദേശങ്ങളും ഹാഷ്ടാഗുകളും പ്രചരിക്കുന്നത്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ തിരിച്ചറിഞ്ഞതായും അവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനപരമായ ജനാധിപത്യ സമരങ്ങളെ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയ പ്രസിഡൻറ് ഹസൻ റൂഹാനി അക്രമം അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് പ്രതിഷേധവുമായി തെരുവിലിറങ്ങാൻ ആർക്കും അവകാശമുണ്ടെന്നും എന്നാൽ, ജനങ്ങളെ അരക്ഷിതരാക്കുന്ന ഒന്നും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രക്ഷോഭത്തിനു പിന്നിൽ ശത്രുക്കൾ -ഖാംനഇൗ
തെഹ്റാൻ: ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനു പിന്നിൽ രാജ്യത്തിെൻറ ശത്രുക്കളാണെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗ. ശത്രുക്കൾ ഇറാനെതിരെ കൈകോർത്തിരിക്കുകയാണെന്നും പണവും ആയുധവും നയവും സുരക്ഷ സംവിധാനങ്ങളുമടക്കം എല്ലാ മാർഗവുമുപയോഗിച്ച് രാജ്യത്തെ തകർക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇറാനിയൻ വിപ്ലവത്തിലെ രക്തസാക്ഷികളുടെ കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.
ഇറാനിലേക്ക് നുഴഞ്ഞുകയറാനും പ്രശ്നങ്ങളുണ്ടാക്കാനും ശത്രുക്കൾ എപ്പോഴും തക്കംപാർത്തിരിപ്പാണെന്നും ഖാംനഇൗ കൂട്ടിച്ചേർത്തു. രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാക്കാൻ അവസരം നൽകില്ലെന്നും അവ അവസാനിപ്പിക്കാനുള്ള വഴി ഭരണകൂടത്തിനറിയാമെന്നും ഇറാൻ റെവലൂഷനറി ഗാർഡ്സ് ഡെപ്യൂട്ടി കമാൻഡർ ഇസ്മാഇൗൽ കൗസരി പറഞ്ഞു. പ്രക്ഷോഭം ഒാരോ ദിവസം പിന്നിടുേന്താറും അവയിൽ പിടികൂടപ്പെടുന്നവരുടെ അവസ്ഥ ഗുരുതരമാവുകയാണെന്ന് റെവലൂഷനറി കോടതി മേധാവി മൂസ ഗസൻഫറാബാദി പറഞ്ഞു. ആവശ്യങ്ങളുന്നയിക്കുന്ന പ്രക്ഷോഭകാരി എന്നതിൽനിന്ന് ഭരണകൂടത്തെ ലക്ഷ്യംവെക്കുന്നവർ എന്നതിലേക്ക് അവരുടെ കാറ്റഗറി മാറും. ആ നിലക്ക് തന്നെയാവും പിന്നീട് അവർ പരിഗണിക്കപ്പെടുക -അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തിനാണ് പ്രക്ഷോഭം
ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മസ്ഷാദിൽ വ്യാഴാഴ്ച തുടങ്ങി തലസ്ഥാനമായ തെഹ്റാൻ വരെ വ്യാപിച്ച പ്രക്ഷോഭം പ്രധാനമായും വിലക്കയറ്റത്തിനെതിരെ എന്നുപറഞ്ഞാണ് തുടങ്ങിയത്. രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി തകിടംമറഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്ന പ്രക്ഷോഭകർ അതിന് കാരണമായി പറയുന്നത് രാജ്യത്തിെൻറ വിദേശനയം, മേഖലയിലെ പ്രശ്നങ്ങളിൽ രാജ്യം ഇടപെടുന്നത് തുടങ്ങിയവയാണ്. പ്രസിഡൻറ് റൂഹാനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിെൻറ വികലമായ നയങ്ങൾ കാരണം സാമ്പത്തിക അസമത്വം രൂക്ഷമാവുകയും വൻ വിലക്കയറ്റമുണ്ടാവുകയും ചെയ്തിരിക്കുന്നു എന്നാണ് പ്രക്ഷോഭകരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
