അമേരിക്കയുമായി തടവുകാരെ കൈമാറാം –ഇറാൻ
text_fieldsതെഹ്റാൻ: കോവിഡ് വൈറസ് അതിരൂക്ഷമായ സാഹചര്യത്തിൽ അമേരിക്കയുമായി തടവുകാരെ കൈമാറാൻ തയാറാണെന്ന് ഇറാൻ അറിയിച്ചു. തടവുകാരുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ ഉപാധികളില്ലാതെ ചർച്ചക്ക് തയാറാണെന്നും മന്ത്രിസഭ വക്താവ് അലി റാബിഈയെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എല്ലാ തടവുകാരെയും കൈമാറാമെന്ന നിർദേശത്തിന് അമേരിക്കയിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല.
അമേരിക്കൻ ജയിലുകളിൽ കഴിയുന്ന ഇറാനിയൻ തടവുകാരുടെ ജീവൻ ഭീഷണിയിലാണ്. ജീവനേക്കാൾ രാഷ്ട്രീയത്തിനാണ് അമേരിക്ക മുൻഗണന നൽകുന്നതെന്ന് അലി റാബിഈ വ്യക്തമാക്കി. 60 വയസ്സുള്ള സിറസ് അസ്ഗാരി അടക്കം നിരവധി ഇറാൻ പൗരൻമാർ അമേരിക്കൻ ജയിലിലുണ്ട്.
ഇറാെൻറ പിടിയിലായ മുൻ അമേരിക്കൻ നാവികൻ മൈക്കൽ വൈറ്റിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി യു.എസ് വ്യക്തമാക്കിയിരുന്നു. വൈറ്റിന് പകരം അസ്ഗാരിയെ കൈമാറുന്നത് പരിഗണിക്കുന്നില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു.
