ഭാര്യയെ കൊന്നത് ഏറ്റുപറഞ്ഞ് ഇറാൻ മുൻ മേയർ
text_fieldsതെഹ്റാൻ: വിവാഹ മോചനത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തിയത് ഏറ്റുപറഞ്ഞ് ഇറാ ൻ മുൻ മേയർ. തെഹ്റാനിലെ മേയറായിരുന്ന മുഹമ്മദ് അലി നജഫിയാണ് കുറ്റം ഏറ്റുപറഞ്ഞ് പൊലീസിൽ കീഴടങ്ങിയത്. ഭാര്യ മിത്ര ഒസ്തദിനെയാണ് കൊലപ്പെടുത്തിയത്.
ഇറാൻ സ്റ്റേറ്റ് ടി.വിയിലൂടെയായിരുന്നു നജഫിയുടെ കുറ്റസമ്മതം. ‘ഞങ്ങൾ തമ്മിൽ തർക്കമുണ്ടാകുകയും പേടിപ്പിക്കാൻ വേണ്ടി മാത്രം ഞാൻ തോക്കു ചൂണ്ടുകയും ചെയ്തു. എന്നാൽ, അവൾ പരിഭ്രാന്തിയിൽ തോക്ക് കൈക്കലാക്കാൻ ശ്രമിച്ചപ്പോൾ അബദ്ധവശാൽ വെടിയുതിരുകയായിരുന്നു’ -നജഫി പറഞ്ഞു.
കേസ് അന്വേഷണത്തിൽ ഏജൻസികൾ പക്ഷപാതിത്വം കാണിച്ചുവെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു. കഴിഞ്ഞ വർഷം ആരോഗ്യ കാരണങ്ങൾ പറഞ്ഞ് എട്ടു മാസം മാത്രം മേയർ പദവി വഹിച്ചാണ് നജഫി രാജിവെച്ചത്. മുൻ ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷിക്കാൻ തുടങ്ങിയതിനു പിന്നാലെയായിരുന്നു രാജി.