കോവിഡ്: ആരോപണത്തിന് യു.എസ് തെളിവുനൽകണമെന്ന് ചൈന
text_fieldsബെയ്ജിങ്: കൊറോണ വൈറസ് വൂഹാനിലെ ലാബിൽനിന്ന് പുറത്തുചാടിയതാണെന്ന ആരോപണത്തിന് തെളിവ് ഹാജരാക്കാൻ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയെ വെല്ലുവിളിച്ച് ചൈന. ഈ വിഷയം ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്നും തെരഞ്ഞെടുപ്പ് വേളയിലെ വിവിധ സമ്മർദങ്ങൾ മൂലം രാഷ്ട്രീയക്കാർ അഭിപ്രായപ്രകടനം ഒഴിവാക്കണമെന്നും ചൈന പരിഹസിച്ചു.
മധ്യ ചൈനയിലെ നഗരമായ വൂഹാനിൽ പ്രവർത്തിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് കോവിഡിന് കാരണമായ അന്തക വൈറസ് പുറത്തെത്തിയതെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും ഈയിടെ ആരോപിച്ചിരുന്നു. ഇത് വെറും അധിക്ഷേപമാണെന്ന് ചൈന പ്രതികരിച്ചു.
ആരോപണതിന് വലിയ തെളിവുണ്ടെന്നാണ് പോംപിയോ പറയുന്നത്. അത് കാണിച്ചുതരണമെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുനിങ് പറഞ്ഞു. യു.എസിലെ തെരഞ്ഞെടുപ്പ് വേളയിൽ ചൈനക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തി മേൽക്കൈ നേടാനാണ് റിപ്പബ്ലിക്കൻ കക്ഷികളുടെ ശ്രമം. വൈറസിെൻറ പേരിൽ ചൈനയുടെ മേൽ കടന്നുകയറാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇക്കാര്യം റിപ്പബ്ലിക്കൻ കക്ഷിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.
അന്താരാഷ്ട്ര സമൂഹത്തിൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് യു.എസ് വിട്ടുനിൽക്കണം. സ്വന്തം രാജ്യത്തെ രോഗബാധ തടയുന്നതിൽ ശ്രദ്ധിക്കുകയാണ് അവർ ചെയ്യേണ്ടത് -ചൈന വ്യക്തമാക്കി. ചൈനയുടെ ലാബിൽനിന്ന് വൈറസ് പുറത്തുചാടിയെന്ന ആരോപണത്തിന് യു.എസ് ലോകാരോഗ്യ സംഘടനക്കും തെളിവൊന്നും നൽകിയിട്ടില്ല. ഇക്കാര്യം ലോകാരോഗ്യ സംഘടന തലവൻ വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെ വൈറസ് പടർന്നു എന്നതു സംബന്ധിച്ച് പല അഭിപ്രായങ്ങളുണ്ട്.
ഇത് കണ്ടെത്തുന്നത് വളരെ ശ്രമകരമാണ്. അക്കാര്യം ശാസ്ത്രജ്ഞരും ഗവേഷകരും കണ്ടെത്തട്ടെ. യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മിക്ക പ്രധാന ശാസ്ത്രജ്ഞരും അനുമാനിക്കുന്നത് വൈറസ് പ്രകൃതിയിൽനിന്ന് വന്നതാണെന്നാണ്. മറിച്ചുള്ള അനുമാനങ്ങൾ ഇപ്പോളില്ല- ചൈന അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
