കോവിഡ്: ഇറാനിൽ മരണം 92; സഹായവുമായി ലോകബാങ്ക്
text_fieldsബെയ്ജിങ്: കോവിഡ്-19 ബാധിച്ച് ഇറാനിൽ മരിച്ചവരുടെ എണ്ണം 92 ആയി. രോഗബാധയേറ്റവർ 2922 ആ യെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് പകുതി വരെ രാജ്യമെമ്പാടും സർവകലാശാല കളും സ്കൂളുകളും അടച്ചിടാൻ ഇറ്റലി തീരുമാനിച്ചു. യൂറോപ്പിൽ ഏറ്റവുമധികം കോവിഡ് ബാധയുള്ള രാജ്യമാണ് ഇറ്റലി. ഇവിടെ ഇതുവരെ 79 പേരാണ് മരിച്ചത്. 2500ഓളം പേർക്ക് രോഗബാധയേറ്റു.
മലേഷ്യയിൽ പുതുതായി 14 കേസുകൾ റിപ്പോർട്ട് ചെയ്തു.രോഗബാധ തടയാമെന്നുതന്നെയാണ് ഇപ്പോഴും കരുതുന്നതെന്ന് ‘ലോകാരോഗ്യ സംഘടന’ വ്യക്തമാക്കി. ഇത് ‘ഫ്ലൂവി’നേക്കാൾ ഭീകരമാണെന്നതിൽ തർക്കമില്ല. എന്നാൽ, വ്യാപനം തടയാനാകും. ‘ഫ്ലൂ’ മൂലമുള്ള മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാണെങ്കിൽ കോവിഡ് മരണനിരക്ക് ആഗോളതലത്തിൽ 3.4 ശതമാനമാണ്.
ജർമനിയിൽ 44 പുതിയ വൈറസ് ബാധകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 240 ആയി. ഇറാഖിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കുർദ് മേഖലയായ സുലൈമാനിയയിലാണ് 70കാരൻ മരിച്ചത്.പോളണ്ട്, മൊറോക്കോ, അർമീനിയ, അർജൻറീന എന്നിവിടങ്ങളിൽ ആദ്യ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. രോഗവ്യാപനം തടയാനും ചികിത്സ ഉറപ്പാക്കാനും ലോകബാങ്ക് വികസ്വര രാജ്യങ്ങൾക്ക് 1200 കോടി ഡോളർ (ഏകദേശം 88,000 കോടി രൂപ) സഹായം നൽകും.