കൊറോണ​: ഇറാനിലും മരണം; ചൈനയിൽ മരിച്ചവരുടെ എണ്ണം 2004 ആയി

08:29 AM
20/02/2020

തെഹ്​റാൻ: 25ഓളം രാജ്യങ്ങളിൽ പടർന്നുപിടിച്ച കൊറോണ വൈറസ്​ ബാധയിൽ ഇറാനിലു​ം മരണം. ഇറാനിലെ കോം നഗരത്തിലുള്ള രണ്ടുപേരാണ് മരിച്ചത്​. കൊറോണ വൈറസ്​ മൂലം​ പശ്ചിമേഷ്യയിൽ റിപ്പോർട്ട്​ ചെയ്യുന്ന ആദ്യ മരണമാണിത്​. ഇവർക്ക്​ നേരത്തേ തന്നെ രോഗം സ്​ഥിരീകരിച്ചിരുന്നു. 

 

പ്രായാധിക്യവും രോഗപ്രതിരോധ ശേഷി കുറഞ്ഞതുമാണ്​ ഇരുവരുടെയും മരണത്തിനിടയാക്കിയതെന്ന്​ ഇറാനിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണത്തെ തുടർന്ന്​ രാജ്യത്ത്​ ​രോഗം ബാധിച്ചവരുടെയും ലക്ഷണങ്ങൾ കണ്ടെത്തിയവരുടെയും റിപ്പോർട്ട്​  ഇറാനിയൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​. കൂടാതെ​ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്​തിട്ടുണ്ട്​. 

ചൈനക്ക്​ പുറത്ത്​ കൊറോണ വൈറസ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം ഇതോടെ എട്ടായി. ചൈനയിൽ 136 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 2004 ആയി. വുചാങ്​ ആശുപത്രിയിലെ ഡെപ്യൂട്ടി ചീഫ്​ നഴ്​സും മാതാപിതാക്കളും സഹോദരനും മരിച്ചത്​ ആശുപത്രി ജീവനക്കാരിലും ആശങ്ക ഉയർത്തിയിട്ടുണ്ട്​. ജീവനക്കാരുടെ മരണം വർധിച്ചതോടെ അവരുടെ സംരക്ഷണം ഉറപ്പാക്കാൻ ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്​ നിർദേശം നൽകി. 

Loading...
COMMENTS