ചാരപ്പണി ചെയ്തിട്ടില്ലെന്ന് വാവെയ് സ്ഥാപകൻ
text_fieldsബെയ്ജിങ്: മറ്റു രാജ്യങ്ങളിലെ രഹസ്യങ്ങൾ ചോർത്തുന്നുവെന്ന ആരോപണം ചൈനീസ് ടെലി കോം കമ്പനിയായ വാവെയ് സ്ഥാപകൻ റെൻ ഷെങ്ഫീ തള്ളി. 20 വർഷം മുമ്പാണ് റെൻ വാവെയ് കമ്പനി തുടങ്ങിയത്. അടുത്തിടെ റെൻ ഷെങ്ഫീയുടെ മകളും കമ്പനിയുടെ സി.ഇ.ഒയുമായ മെങ് വാൻഷുവിനെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയിൽപെടുന്നത്.
ഇറാനെതിരായ ഉപരോധനിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് കമ്പനിയെ യു.എസ് കരിമ്പട്ടികയിൽ പെടുത്താനും ശ്രമം തുടരുകയാണ്. തെൻറ രാജ്യത്തെയും കമ്യൂണിസ്റ്റ് പാർട്ടിയെയും അതിയായി സ്നേഹിക്കുന്നുവെങ്കിലും ലോകത്തിന് ഹാനികരമായ ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ചൈനയിലെ സൈനിക എൻജിനീയറായിരുന്ന റെൻ വ്യക്തമാക്കി.
സ്വകാര്യ, രാഷ്ട്രീയ കാര്യങ്ങൾ ബിസിനസുമായി കൂട്ടിക്കുഴക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അന്താരാഷ്ട്ര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
