മാലദ്വീപ് പാർലമെൻറ് സൈന്യം വളഞ്ഞു; രണ്ട് പ്രതിപക്ഷ നേതാക്കൾ അറസ്റ്റിൽ
text_fieldsമാലെ: വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമായ മാലദ്വീപിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. പാർലമെൻറ് വളഞ്ഞ സൈന്യം രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു. മുൻപ്രസിഡൻറ് മുഹമ്മദ് നശീദ് അടക്കം ഒമ്പതു രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാൻ കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പ്രതിപക്ഷത്തേക്കു കൂറുമാറിയ എം.പിമാരെ തൽസ്ഥാനത്ത് പുനഃസ്ഥാപിക്കാനും കോടതി നിർദേശിച്ചിരുന്നു. അതോടെ, പാർലമെൻറിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കും.
വിധി നടപ്പാക്കാൻ പ്രസിഡൻറ് അബ്ദുല്ല യമീൻ തയാറാകാത്തതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. വിധി നടപ്പാക്കുന്നതിൽ പരാജയപ്പെട്ട അറ്റോണി ജനറൽ മുഹമ്മദ് അനിലിനെ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെൻറിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സൈന്യം പാർലമെൻറ് വളഞ്ഞത്. യമീനെ ഇംപീച്ച്ചെയ്യാനുള്ള നീക്കമാണ് സുപ്രീംകോടതിയുടെതെന്ന് അനിൽ ആരോപിക്കുകയും ചെയ്തു. രാജ്യത്തെ സംഘർഷത്തിലേക്ക് തള്ളിവിടില്ലെന്നും സർക്കാറിെൻറ നിർദേശം അനുസരിക്കുമെന്നും സൈനിക മേധാവി പറഞ്ഞു. അതിനിടെ, പാർലമെൻറ് സെക്രേട്ടറിയറ്റ് മേധാവി അഹ്മദ് മുഹമ്മദ് രാജിപ്രഖ്യാപിക്കുകയും ചെയ്തു.
അതിനിടെ, രാജ്യത്ത് നേരത്തേ തെരഞ്ഞെടുപ്പ് നടത്താൻ തയാറാണെന്ന് പ്രസിഡൻറ് യമീൻ അറിയിച്ചു. രാജ്യത്തെ ആരു നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധി മാനിക്കുന്നു. എന്നാൽ, ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. ശനിയാഴ്ച പൊലീസ് മേധാവി അഹ്മദ് സുധിയെ പുറത്താക്കിയ യമീൻ ഡെപ്യൂട്ടി പൊലീസ് കമീഷണർ അബ്ദുല്ല നവാസിന് ചുമതല നൽകുകയും ചെയ്തു. പുറത്താക്കാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല.
പ്രസിഡൻറിനെ അറസ്റ്റുചെയ്യാനോ ഇംപീച്ച് ചെയ്യാനോ ഉള്ള നീക്കം തടയണമെന്ന് സർക്കാർ സൈന്യത്തിന് നിർദേശം നൽകി. 2013ൽ നശീദിനെ അട്ടിമറിച്ചാണ് യമീൻ അധികാരത്തിലേറിയത്. 2015ൽ ഭീകരവിരുദ്ധകുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലിലടക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിലക്കി. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറാണ് നശീദ്.
മാലദ്വീപ് റിപ്പബ്ലിക്
അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന ചെറുദ്വീപുകളുടെ സമൂഹമാണ് റിപ്പബ്ലിക് ഓഫ് മാലദ്വീവ്സ്. 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. പുരാതന സിംഹള ഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ് ഇവിടത്തെ ഭാഷ. പ്രധാന തൊഴിൽ മത്സ്യ-ബന്ധനവും തെങ്ങുകൃഷിയുമാണ്. 1887 മുതൽ 1965 വരെ ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായിരുന്നു. 1965-ൽ സ്വതന്ത്രമാകുകയും 1968-ൽ റിപ്പബ്ലിക് ആവുകയും ചെയ്തു. കേരള തീരത്തോട് അടുത്താണ് മാലദ്വീപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
