അർമീനിയ പ്രക്ഷോഭം: പ്രധാനമന്ത്രി രാജിവെച്ചു
text_fieldsയെരവാൻ: മുൻ സോവിയറ്റ് രാജ്യമായ അർമീനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി സെർഷ് സഗ്സ്യാൻ രാജിവെച്ചു. സൈന്യവും പുരോഹിതരും പ്രക്ഷോഭകരോടൊപ്പം ചേർന്നതോടെ സർക്കാർ നിലപാട് മാറ്റുകയായിരുന്നു. രാജ്യതലസ്ഥാനമായ യെരവാനിൽ കഴിഞ്ഞ ദിവസം സംഘടിപ്പിക്കപ്പെട്ട കൂറ്റൻ റാലിയിലാണ് ജനങ്ങളോടൊപ്പം സൈനികരും പുരോഹിതരും പങ്കാളികളായത്.
പ്രതിപക്ഷത്തിെൻറ ആവശ്യം ന്യായമാണെന്ന് തിരിച്ചറിയുന്നതായും തനിക്ക് തെറ്റുപറ്റിയതായി മനസ്സിലാക്കുന്നതായും രാജിപ്രഖ്യാപിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി.
അഴിമതി ആരോപണം നേരിടുന്ന പ്രധാനമന്ത്രി സെർഷ് സഗ്സ്യാെൻറ രാജി ആവശ്യപ്പെട്ടാണ് 11 ദിവസമായി പ്രക്ഷോഭം നടക്കുന്നത്. പ്രധാനമന്ത്രി രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് കൊണ്ടുപോവുകയാണെന്നും പ്രക്ഷോഭരംഗത്തുള്ള പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് പ്രമുഖ പ്രതിപക്ഷ നേതാവ് നികോൾ പെഷിൻയാൻ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇവരെ തിങ്കളാഴ്ച വിട്ടയച്ചു.
നേരേത്ത പ്രതിപക്ഷം സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തുന്നതായും സർക്കാർ പ്രസ്താവനയിൽ ആരോപിച്ചിരുന്നു. സൈനികർ പ്രക്ഷോഭത്തിൽ അണിചേർന്നതോടെ സമരത്തെ അടിച്ചമർത്താനുള്ള നീക്കം പരാജയപ്പെടുമെന്നായതോടെയാണ് രാജിയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. പ്രതിഷേധ മാർച്ചുകളിൽ പങ്കാളികളായ സൈനികർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇത് വകവെക്കാതെയാണ് സൈനികർ പ്രതിഷേധത്തിൽ അണിനിരന്നത്.
10 വർഷം രാജ്യത്തിെൻറ പ്രസിഡൻറ് സ്ഥാനത്തിരുന്ന സെർഷ് സഗ്സ്യാൻ, ഇൗ മാസമാണ് പ്രധാനമന്ത്രിയായി നിയമിതനായത്. പ്രക്ഷോഭകരെ ഭയന്ന് രാജിവെക്കില്ലെന്നായിരുന്നു തുടക്കത്തിൽ സഗ്സ്യാെൻറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
