കോവിഡ് 19: ഭീതിയൊഴിയാതെ ഇറാൻ
text_fieldsെതഹ്റാൻ: കോവിഡ്-19 ബാധിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗയുടെ ഉപദേശക സമിതി അംഗം മരിച്ചതായി ഇറാൻ റേഡിയോ റിപ്പോർട്ട് ചെയ്തു. മുഹമ്മദ് മീർമുഹമ്മദിയാണ് (71) മരിച്ചത്. പാർലമെൻറും ഖാംനഇൗയും തമ്മിലുള്ള ബന്ധം എളുപ്പമാക്കുന്ന സമിതിയായ ‘എക്സ്പീഡിയൻസി കൗൺസിൽ’ അംഗമാണ് ഇദ്ദേഹം.
ചൈന കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്ത രാജ്യമാണ് ഇറാൻ. ഇവിടെ മൊത്തം 66 പേർ മരിച്ചു.
വൈറസ് ബാധിച്ചവർ 978 ആണ്. പശ്ചിമേഷ്യയിലെ കോവിഡ് കേസുകളെല്ലാം ഏതെങ്കിലും വിധത്തിൽ ഇറാനുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. വൈറസ് ബാധയും മരണവും തമ്മിലുള്ള അനുപാതം ഇറാനിൽ കൂടുതലാണ്. അഞ്ചര ശതമാനമാണ് ഇവിടെ മരണനിരക്ക്. അതിനർഥം, വൈറസ് ബാധിച്ചവരുടെ എണ്ണം ഇപ്പോൾ പുറത്തുവന്ന കണക്കിനേക്കാൾ കൂടുതലാണ് എന്നതാകാമെന്നും അഭിപ്രായമുണ്ട്.
കോവിഡ് ബാധയുടെ സാഹചര്യത്തിൽ ഇറാന് സഹായം നൽകാമെന്ന യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുടെ വാഗ്ദാനം വിദേശ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവി തള്ളി. അത്തരം വാഗ്ദാനങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നും വാക്കാലുള്ള സഹായം വേണ്ടെന്നും മൂസവി പറഞ്ഞു. അമേരിക്കയുടെ താൽപര്യങ്ങളിൽ ഇറാന് സംശയങ്ങളുണ്ട്. രാജ്യത്തിെൻറ മനോവീര്യം തകർക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, കോവിഡ് പടരുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് എംബസി അവരുടെ ജീവനക്കാരെ തിരിച്ചയച്ചുതുടങ്ങി. അടിസ്ഥാന ജോലികൾ ചെയ്യേണ്ട മിനിമം ജീവനക്കാരെ മാത്രം ഇറാനിൽ നിർത്താനാണ് തീരുമാനം. വൈറസ് ബാധ തടയാനുള്ള മുൻകരുതലെന്ന നിലക്ക് ഇറാനിൽ സ്കൂളുകളും സർവകലാശാലകളും അടച്ചിട്ടിരിക്കുകയാണ്.
പ്രധാന പള്ളികളൊന്നും അടച്ചിട്ടില്ല. ആരാധനാലയങ്ങളിൽ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് ശിയാ ആചാരങ്ങളുടെ ഭാഗമായതിനാൽ വിശ്വാസികൾ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
മശ്ശാദിലെ ഇമാം റിസ ആരാധന കേന്ദ്രത്തിനു പുറത്തുള്ള ലോഹപാളി നക്കുന്ന വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വിശ്വാസികൾക്ക് ആശങ്കകളില്ലാതെ ഇവിടെ സന്ദർശിക്കാനാകണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രവൃത്തി ചെയ്തതെന്നാണ് ഇയാളുടെ വാദം.