Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ഇറാനെ തകര്‍ക്കാന്‍...

‘ഇറാനെ തകര്‍ക്കാന്‍ ഇസ്രായേലിന്‍െറ കൈവശം 200 അണുബോംബുകള്‍’

text_fields
bookmark_border
‘ഇറാനെ തകര്‍ക്കാന്‍ ഇസ്രായേലിന്‍െറ കൈവശം 200 അണുബോംബുകള്‍’
cancel

വാഷിങ്ടണ്‍: ഹിലരി ക്ളിന്‍റന്‍, മുന്‍ സി.ഐ.എ മേധാവി ടെനറ്റ് തുടങ്ങിയവരുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ ചോര്‍ന്നതിനു പിറകെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്‍െറ ഇ-മെയിലുകള്‍ ചോര്‍ന്നത് അമേരിക്കയില്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് തിരികൊളുത്തുന്നു. ആണവ പദ്ധതികളുടെ പേരില്‍ ഇറാനെ ശക്തമായി വിമര്‍ശിച്ചുവരുന്ന ഇസ്രായേല്‍  200 ആണവ ബോംബുകള്‍ വികസിപ്പിച്ചു എന്നത് ഉള്‍പ്പെടെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ‘ഡീ-ലീക്സ്’ എന്നറിയപ്പെടുന്ന ഹാക്കര്‍ ഗ്രൂപ് പവലിന്‍െറ ഇ-മെയിലുകളില്‍നിന്ന് ചോര്‍ത്തി മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്.
‘ഒരു ആണവായുധം  വികസിപ്പിക്കാന്‍ സാധ്യമായാല്‍പോലും ഇറാന് അത് അന്യരാജ്യങ്ങള്‍ക്കുനേരെ പ്രയോഗിക്കാനാകില്ല. കാരണം, ഇസ്രായേലിന്‍െറ കൈവശം ഇറാനെ ഉന്നമിട്ട് സ്ഥാപിച്ച നൂറുകണക്കിന് ബോംബുകളും അമേരിക്കയുടെ കൈവശം ആയിരക്കണക്കിന് ആണവായുധങ്ങളും ഉണ്ടെന്ന യാഥാര്‍ഥ്യം ഇറാനികള്‍ക്ക് അറിയാം. ഇറാനെ ആയുധസംയമനത്തിന് പ്രേരിപ്പിക്കാന്‍ ഇവ ധാരാളം മതിയാകും’ ഇ-മെയിലില്‍ പവല്‍ വ്യക്തമാക്കി.

ന്യൂയോര്‍ക് ടൈംസ് ഉള്‍പ്പെടെയുള്ള പത്രങ്ങളും പ്രമുഖ ടെലിവിഷന്‍ ചാനലുകളും ചോര്‍ത്തിയ ഇ-മെയില്‍ സന്ദേശങ്ങളുടെ ഉള്ളടക്കം ഇന്നലെ പുറത്തുവിട്ടു. സ്വന്തം ആണവ പദ്ധതികളെ സംബന്ധിച്ച് സദാ മൗനം ദീക്ഷിക്കാറുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു കഴിഞ്ഞവര്‍ഷം ഇറാനുമായി കരാറിലത്തൊനുള്ള ഒബാമയുടെ നിര്‍ദേശത്തിനെതിരെ യു.എസ് സെനറ്റില്‍ പ്രഭാഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്  അയച്ച ഇ-മെയില്‍ സന്ദേശങ്ങളില്‍ ഇറാനുമായി അമേരിക്ക സമാധാന സന്ധിയിലത്തെുന്നത് ഹാനികരമാകുമെന്ന നെതന്യാഹുവിന്‍െറ ആശങ്ക പവല്‍ എടുത്തുപറയുന്നു. ഒറ്റ ബോംബുപോലും നിര്‍മിക്കാത്ത ഇറാനെ 200ഓളം ബോംബുകള്‍ നിര്‍മിച്ച ഇസ്രായേലിന്  വിമര്‍ശിക്കാന്‍ അവകാശമില്ളെന്നും പവല്‍ സന്ദേശത്തില്‍ സൂചന നല്‍കി. ഇറാനുമായി ഒബാമ എത്തിച്ചേര്‍ന്ന സമാധാന ഉടമ്പടിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്ന് മുന്‍ പ്രസിഡന്‍റ് റൊണാള്‍ഡ് റെയ്ഗന്‍െറ ഉപദേഷ്ടാവ് ആവശ്യപ്പെട്ടിരുന്നെങ്കിലും പവല്‍ കരാറിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ ദേശീയ അപമാനമെന്ന് ഇ-മെയിലില്‍ വിശേഷിപ്പിച്ച പവല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരിയെയും വെറുതെവിടുന്നില്ല. ഹിലരി അത്യാഗ്രഹിയും അവസരവാദിയുമാണെന്നായിരുന്നു പവലിന്‍െറ വിലയിരുത്തല്‍. ഗ്വണ്ടാനമോ തടങ്കല്‍പാളയം അടച്ചിടുന്നത് അമേരിക്കയുടെ ഉത്തമ താല്‍പര്യങ്ങള്‍ക്ക് അനുകൂലമാകുമെന്ന് മറ്റൊരു സന്ദേശത്തില്‍ പവല്‍ ചൂണ്ടിക്കാട്ടി. റഷ്യന്‍ സൈന്യവുമായി ബന്ധമുള്ള കമ്പ്യൂട്ടര്‍ ഹാക്കര്‍മാര്‍ക്ക് ഇ-മെയില്‍ ചോര്‍ച്ചയില്‍ പങ്കുള്ളതായി എഫ്.ബി.ഐ സംശയിക്കുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്ചെയ്തു.

അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളുടെ പിടിപ്പുകേടുകള്‍ പുറത്തുകാട്ടി രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിക്കാനുള്ള ദുഷ്ടലാക്ക് റഷ്യക്കുള്ളതായും എഫ്.ബി.ഐ സംശയിക്കുന്നു. ഹിലരിയുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ ഇത്തരം ചാരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യു.എസ് ഉദ്യോഗസ്ഥര്‍ റഷ്യന്‍ ഹാക്കര്‍മാര്‍ക്ക് ഒത്താശ നല്‍കുന്നതായി ട്രംപ് ആരോപിച്ചിരുന്നു.

 

Show Full Article
TAGS:colin powel former us state secrettery iran isreal 
Next Story