തെൽഅവീവ്: പശ്ചിമേഷ്യയിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇസ്രായേലിൽ 571ഉം ഫലസ്തീനിൽ 22ഉം പേർക്കും കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെയാണ് ഇത്രയും പേരിൽ പുതുതായി രോഗം കണ്ടെത്തിയത്.
ഇസ്രായേലിൽ ആകെ 7,428 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച വരെ 6,857 പേർക്കാണ് രോഗം കണ്ടെത്തിയിരുന്നത്. മരിച്ചവരുടെ എണ്ണം 39 ആയി ഉയർന്നു.
ഫലസ്തീനിൽ വൈറസ് ബാധിതരുടെ എണ്ണം 193 ആയി ഉയർന്നതായി സർക്കാർ വക്താവ് ഇബ്രാഹിം മെൽഹം അറിയിച്ചു. ഇതിൽ 12 രോഗികൾ ഗാസ മുനമ്പിൽ നിന്നുള്ളവരാണ്.
നേരത്തെ, ഇസ്രായേല്‍ ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്‌സ്മാനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ചാരസംഘടനായ മൊസാദ് തലവൻ യോസി കോഹൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർ നിരീക്ഷണത്തിലാണ്.