ഇന്ധന പ്രതിസന്ധി കടുക്കുന്നു, ഏഷ്യൻ രാജ്യങ്ങൾ വീണ്ടും കൽക്കരിയിലേക്ക്; പരിസ്ഥിതി ലക്ഷ്യങ്ങൾ പാളുമോ?
text_fieldsബാങ്കോക്ക്: ഇറാൻ യുദ്ധത്തെത്തുടർന്ന് എണ്ണ, വാതക നീക്കങ്ങൾ തടസ്സപ്പെട്ടതോടെ ഏഷ്യൻ രാജ്യങ്ങൾ ഊർജ്ജത്തിനായി വീണ്ടും കൽക്കരിയെ ആശ്രയിക്കുന്നു. ലോകത്തെ എണ്ണ-പ്രകൃതിവാതക വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധിയാണ് ഇറക്കുമതിയെ ആശ്രയിച്ചു കഴിയുന്ന ഏഷ്യൻ രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചത്.
പരിസ്ഥിതി സൗഹൃദ ഇന്ധനമായി പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്ന ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിന്റെ (LNG) കുറവ് നികത്താനാണ് രാജ്യങ്ങൾ കൽക്കരിയിലേക്ക് മടങ്ങുന്നത്. എൽ.എൻ.ജി കൽക്കരിയേക്കാൾ ശുദ്ധമാണെങ്കിലും അത് മീഥെയ്ൻ പോലുള്ള ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്നുണ്ട്.
കഠിനമായ വേനൽക്കാലത്തെ വൈദ്യുതി ആവശ്യം (270 ജിഗാവാട്ട്) നേരിടാൻ ഇന്ത്യ കൽക്കരി ഉപയോഗം വർധിപ്പിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് മാസത്തേക്കുള്ള കൽക്കരി ശേഖരം നിലവിലുണ്ട്. ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ 2021 മുതൽ ചൈന റെക്കോർഡ് വേഗത്തിൽ കൽക്കരി പ്ലാന്റുകൾ നിർമിക്കുന്നുണ്ട്. കൽക്കരി ഉപയോഗത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ദക്ഷിണ കൊറിയ നീക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ കൽക്കരി കയറ്റുമതിക്കാരായ ഇന്തോനേഷ്യ, ഇപ്പോൾ സ്വന്തം ആവശ്യത്തിന് മുൻഗണന നൽകുകയാണ്. ഇത് ആഗോള വിപണിയിൽ കൽക്കരി വില ഉയരാൻ കാരണമായിട്ടുണ്ട്. വിയറ്റ്നാം, തായ്‍ലൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും കൽക്കരി വഴിയുള്ള വൈദ്യുതി ഉത്പാദനം കൂട്ടിയിട്ടുണ്ട്.
കൽക്കരിയുടെ അമിത ഉപയോഗം വൻനഗരങ്ങളിൽ വായുമലിനീകരണം വർധിപ്പിക്കും. ഇന്ത്യയിലെയും വിയറ്റ്നാമിലെയും നഗരങ്ങളിൽ വായുനിലവാരം ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്കും താഴെയാണ്. കൽക്കരി കത്തുമ്പോഴുണ്ടാകുന്ന സൂക്ഷ്മകണികകൾ ശ്വാസകോശ രോഗങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും കാരണമാകുന്നു. താൽക്കാലിക ലാഭത്തിനായി കൽക്കരിയെ ആശ്രയിക്കുന്നത് കാറ്റ്, സൗരോർജ്ജം തുടങ്ങിയ ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള രാജ്യങ്ങളുടെ ചുവടുമാറ്റത്തിന് വേഗത കുറക്കും.
‘ഈ പ്രതിസന്ധി ഒരു മുന്നറിയിപ്പാണ്. കൽക്കരി ഒരു താൽക്കാലിക പരിഹാരം മാത്രമാണ്, പുനരുപയോഗ ഊർജ്ജമാണ് ദീർഘകാലാടിസ്ഥാനത്തിലുള്ള പോംവഴി’ -ജൂലിയ സ്കോറപ്‌സ്ക (പവറിങ് പാസ്റ്റ് കോൾ അലയൻസ്) വ്യക്തമാക്കി. യുദ്ധം തുടങ്ങിയ ശേഷം ഏഷ്യയിലെ പ്രധാന കൽക്കരി വിപണിയായ ആസ്‌ട്രേലിയയിലെ 'ന്യൂകാസിൽ' കൽക്കരിക്ക് 13 ശതമാനം വില വർധിച്ചു. ഇത് ഇറക്കുമതിയെ ആശ്രയിക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

