യു.എസ് ആക്രമണത്തിൽ ഇറാനിൽ 50 മരണം; അഞ്ഞൂറിലധികം പേർക്ക് പരിക്ക്
text_fieldsതെഹ്റാൻ: ഈ മാസം ആറാം തീയതി മുതൽ ഇറാനു നേരെ അമേരിക്ക നടത്തുന്ന തുടർച്ചയായ വ്യോമാക്രമണങ്ങളിൽ 50 ഓളം പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം ശക്തമായ പശ്ചാത്തലത്തിൽ, അമേരിക്കയുമായി ഒപ്പുവെച്ചിരുന്ന ധാരണാപത്രത്തിലെ തങ്ങളുടെ ബാധ്യതകളെല്ലാം ഇറാൻ താൽക്കാലികമായി സസ്പെൻഡ് ചെയ്തതായി ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി.
അമേരിക്കൻ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ ഇറാൻ തീരുമാനിച്ചതായാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. തങ്ങളുടെ പ്രതികാര നടപടികൾ എപ്രകാരമായിരിക്കുമെന്ന് കാണിക്കാൻ കുവൈത്തിനെ ഇറാൻ ഒരു ‘ഉദാഹരണമായി’ ഉപയോഗിക്കുകയാണെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ മിഡിൽ ഈസ്റ്റ് പൊളിറ്റിക്സ് പ്രൊഫസർ റോക്സെയ്ൻ ഫർമാൻഫർമിയൻ അൽ ജസീറയോട് പറഞ്ഞു.
‘ചർച്ചകൾ കൊണ്ട് ഇനി കാര്യമായ പ്രയോജനമില്ലെന്ന ചിന്ത ഇറാനിൽ ശക്തമാവുകയാണ്. അമേരിക്കയുടെ യുദ്ധം തുടരാനുള്ള ശേഷിയെ തകർക്കാനും ശക്തമായി പ്രതിരോധിക്കാനും ഇറാൻ കടുത്ത നിലപാടുകളിലേക്ക് നീങ്ങുന്നതായി അവിടുത്തെ മാധ്യമങ്ങളിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നു.
ഇറാനിലെ വിമാനത്താവളങ്ങളും പാലങ്ങളും കുടിവെള്ള വിതരണ പ്ലാന്റുകളും ലക്ഷ്യമിട്ടാണ് യു.എസ് ആക്രമണം നടത്തുന്നത്. ഇതിന് പ്രതികാരമായി, അമേരിക്കൻ സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന കുവൈത്തിലെ സമാനമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയാണ് ഇറാൻ ഇപ്പോൾ തിരിച്ചടിക്കുന്നത്’- അവർ നിരീക്ഷിച്ചു.
അതേസമയം, യു.എസിന്റെയും ഇറാന്റെയും സൈനിക നീക്കങ്ങൾക്കിടയിൽ സാധാരണക്കാരായ ജനങ്ങൾ ബന്ദികളാക്കപ്പെടുന്ന അവസ്ഥയാണെന്ന് സെന്റർ ഫോർ മിഡിൽ ഈസ്റ്റ് ആൻഡ് ഗ്ലോബൽ ഓർഡർ സ്ഥാപക ഡയറക്ടർ അലി ഫത്തൊല്ലനെജാദ് വ്യക്തമാക്കി.
ഹുർമുസ് കടലിടുക്കിൽ തങ്ങളുടെ സൈനികാധിപത്യം ഉറപ്പിക്കുന്നതിനായി ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്ക തുടർച്ചയായ ആക്രമണങ്ങൾ നടത്തുകയാണ്. ഇവ സൈനിക ആവശ്യങ്ങൾക്കും സാധാരണ ജനങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ സംവിധാനങ്ങളായതിനാൽ, ആക്രമണങ്ങൾ ഇറാനിയൻ സമൂഹത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഹുർമുസ് കടലിടുക്ക് വീണ്ടും ലക്ഷ്യമിട്ടുള്ള ഇറാന്റെ തന്ത്രങ്ങളും അമേരിക്കൻ ആക്രമണങ്ങളും മൂലം ജനങ്ങൾ ഇരുവശത്തുനിന്നും കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

