നിബന്ധനകളിൽനിന്ന് പിന്മാറില്ല; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാൻ
text_fieldsതെഹ്റാൻ: ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് തങ്ങൾ മുന്നോട്ടുവെച്ച നിബന്ധനകളിൽ വിട്ടുവീഴ്ചയില്ലെന്നും യു.എസിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. യു.എസ് പ്രസിഡന്റിന്റെ ആദ്യ പ്രതികരണം കണ്ടു. എന്നാൽ മധ്യസ്ഥരിൽ നിന്ന് ഇതുവരെ ഞങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ല. ട്രംപ് പലപ്പോഴും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മധ്യസ്ഥർ മുഖേന അന്തിമ തീരുമാനം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ തങ്ങൾ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഇറാന്റെ നിബന്ധനകൾ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും തങ്ങൾ അതിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.യു.എൻ പൊതുസഭയിലെ ഇറാന്റെ എല്ലാ കൂടിക്കാഴ്ചകളുടെയും പ്രധാന ലക്ഷ്യം ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള തങ്ങളുടെ നിബന്ധനകൾ വ്യക്തമാക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വ്യവസ്ഥകൾ മധ്യസ്ഥർക്ക് പൂർണ്ണമായി വിശദീകരിച്ചു നൽകിയിട്ടുണ്ട്. അവർ അത് യു.എസിനെ അറിയിക്കുകയും ചെയ്തു.നയതന്ത്രത്തിന്റെ പാത പരീക്ഷിച്ചില്ല എന്ന് ഇറാനെ കുറ്റപ്പെടുത്താൻ ലോകത്ത് ഇന്ന് ആർക്കും കഴിയില്ല. നയതന്ത്രത്തിന്റെയും ചർച്ചകളുടെയും പാത ഞങ്ങൾ ഒരിക്കലും അടച്ചിട്ടില്ല. എന്നാൽ തങ്ങളുടെ അവകാശങ്ങൾ ഒരിക്കലും ഉപേക്ഷിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ വലിയ തോതിൽ പരാജയപ്പെടുകയാണെന്നും അവരുടെ കരാർ സ്വീകാര്യമല്ലെന്നും പറഞ്ഞ് ഇറാന്റെ ഏഴു ദിന റോഡ്‌മാപ്പ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.വാഷിംഗ്ടണുമായുള്ള ചർച്ചകളെ തെഹ്റാൻ ഇനി വിശ്വസിക്കുന്നില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അൽ ജസീറയോട് പറഞ്ഞു. ഓരോ ഘട്ട ചർച്ചകൾക്ക് ശേഷവും കൂടുതൽ ആക്രമണങ്ങളും ഉപരോധങ്ങളുമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
യെമനിൽ സ്ഥിരത പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ തങ്ങളുടെ രാജ്യം പിന്തുണയ്ക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭാ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പറഞ്ഞു. അതേസമയം യു.എൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വിവിധ ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

