ഇന്ത്യയെ ആക്രമിച്ചാൽ അമേരിക്ക ഒപ്പമുണ്ടാകും; പ്രതിരോധ കരാറുകളില്ലെങ്കിലും പിന്തുണയെന്ന് ട്രംപ്
text_fieldsവാഷിങ്‌ടൺ: ഇന്ത്യയും അമേരിക്കയും തമ്മിൽ ഔദ്യോഗികമായി സംയുക്ത പ്രതിരോധ കരാറുകളൊന്നുമില്ലെങ്കിലും, ഇന്ത്യയ്ക്ക് നേരെ ഒരു ആക്രമണമുണ്ടായാൽ യുഎസ് ഒപ്പമുണ്ടാകുമെന്ന് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാണെന്നും ട്രംപ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തത്തെക്കുറിച്ചുള്ള എൻഡിടിവിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും യുഎസും തമ്മിൽ പരസ്പര പ്രതിരോധത്തിനായുള്ള ഔദ്യോഗിക കരാറുകൾ നിലവിലില്ല. എന്നാൽ, ഇന്ത്യയ്ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ സഹായിക്കാൻ അമേരിക്ക മുന്നിലുണ്ടാകുമെന്ന് ട്രംപ് ഉറപ്പുനൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച ട്രംപ്, ഭാവിയിൽ ഇന്ത്യയിൽ മറ്റൊരു നേതൃത്വമാണ് വരുന്നതെങ്കിൽ നിലപാട് എന്താകുമെന്ന് ഉറപ്പില്ലെന്നും തമാശരൂപേണ കൂട്ടിച്ചേർത്തു.
ഫ്രാൻസിലെ എവിയാനിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലെ ഉച്ചകോടിക്ക് ശേഷം ഇരുനേതാക്കളും നേരിട്ട് കാണുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഉഭയകക്ഷി ചർച്ചകൾക്ക് പുറമെ വ്യാപാര കരാറുകൾ, പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധികൾ എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
അമേരിക്കയുമായുള്ള ബന്ധത്തിൽ പുതിയൊരു ഊർജ്ജവും മുന്നേറ്റവുമുണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. ഇരുരാജ്യങ്ങളും കൈകോർത്ത് അതിവേഗം മുന്നോട്ട് പോവുകയാണെന്നും നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇരുപക്ഷത്തെയും ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

