Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽബേനിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷം: സുപ്രീം കോടതിക്ക് തീയിട്ട് പ്രതിഷേധക്കാർ, രാജി വെക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി

text_fields
bookmark_border
albania
cancel

തിരാന: അൽബേനിയയിൽ പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി. പ്രതിഷേധത്തിന്റെ അഞ്ചാം ദിവസമായ ശനിയാഴ്ച സുപ്രീം കോടതിയുടെ ഒരു ഭാഗത്തിന് പ്രതിഷേധക്കാർ തീയിട്ടത്തിനെ തുടർന്ന് കെട്ടിടത്തിനുള്ളിൽ ഫയലുകൾ ചിതറിക്കിടക്കുകയും ഫർണിച്ചറുകൾ കത്തിനശിക്കുകയും ചെയ്തു. കോടതിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിനും തീപിടിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമുതലുകൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.

തുടർച്ചയായ ഒമ്പതാം ദിവസവും തലസ്ഥാനമായ തിരാനയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. 2013 മുതൽ അധികാരത്തിലുള്ള പ്രധാനമന്ത്രി എഡി രാമ രാജിവക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. അഴിമതി ആരോപണങ്ങൾ, തൊഴിലില്ലായ്മ, ഉയർന്ന ജീവിതച്ചെലവ്, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, സർവകലാശാലകളിലെ ട്യൂഷൻ ഫീസ് എന്നിവയും പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

സുപ്രീം കോടതിയുടെ ഒരു ഭാഗത്തിന് പുറമെ അൽബേനിയൻ സെൻട്രൽ ബാങ്കിന്റെ പ്രവേശനകവാടത്തിനും പോസ്റ്റ് ഓഫീസുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്കും നേരെ തീവെപ്പുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ചില സ്ഥലങ്ങളിൽ പ്രതിഷേധക്കാർ തെരുവിലെ കല്ലുകൾ ഇളക്കിയെടുത്ത് പൊലീസിന് നേരെ എറിഞ്ഞതായും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

അധികൃതർ നൽകിയ കണക്കുകൾ പ്രകാരം, സംഘർഷങ്ങളിൽ കുറഞ്ഞത് 132 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. 167 പേരെ അറസ്റ്റ് ചെയ്തതായും ഏകദേശം 400 പേർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പ്രതിഷേധക്കൂട്ടത്തിൽ ആയുധധാരികളുണ്ടായിരുന്നതായും വെടിയൊച്ചകൾ കേട്ടതായും റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

വിദ്യാർഥികളുടെ പഠന-ജീവിത സാഹചര്യങ്ങൾ, വിദ്യാഭ്യാസച്ചെലവ്, തൊഴിലവസരങ്ങളുടെ കുറവ് എന്നിവ ഉന്നയിച്ചാണ് പ്രതിഷേധങ്ങളുടെ പുതിയ തരംഗം ആരംഭിച്ചത്. എന്നാൽ, പിന്നീട് അഴിമതി ആരോപണങ്ങളും സർക്കാർ നയങ്ങളോടുള്ള എതിർപ്പും പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യവും പ്രക്ഷോഭത്തിന്റെ കേന്ദ്രവിഷയങ്ങളായി മാറുകയായിരുന്നു.

യുവാക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാട്സ്ആപ്പ്, ടെലഗ്രാം, ടിക് ടോക്, സ്നാപ്ചാറ്റ് തുടങ്ങിയവയിലൂടെ ആശയവിനിമയം നടത്തുന്നത് പ്രതിഷേധങ്ങൾ വ്യാപിക്കാൻ സഹായിക്കുന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ, പ്രക്ഷോഭത്തിന് പിന്നിൽ വ്യക്തമായ നേതാവോ കേന്ദ്ര നേതൃത്വമോ ഉണ്ടെന്നതിന് സ്ഥിരീകരണമില്ല.

അതേസമയം രാജിവക്കണമെന്ന ആവശ്യം പ്രധാനമന്ത്രി എഡി രാമ നിരസിച്ചു. പ്രക്ഷോഭം സർക്കാറിനെ മാത്രം ബാധിക്കുന്നതല്ലെന്നും 2030ഓടെ യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടാനുള്ള അൽബേനിയയുടെ ലക്ഷ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story