പുടിനു പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിക്കും ക്ഷണം; നയതന്ത്രം ഊഷ്മളമാക്കാൻ ഇന്ത്യ
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി, യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കിയെയും
ന്യൂഡൽഹി: രണ്ടു ദിവസ സന്ദർശനം പൂർത്തിയാക്കി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ മടങ്ങിയതിനു പിന്നാലെ, യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കിയെയും ക്ഷണിക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടയിൽ പുടിൻ ഇന്ത്യയിലെത്തിയെങ്കിലും, യുക്രെയ്നുമായും നയതന്ത്ര ബന്ധം സുദൃഢമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സെലൻസ്കിക്കുള്ള ക്ഷണമെന്നാണ് വിലയിരുത്തൽ. അടുത്ത വർഷം ജനുവരിയോടെ സെലൻസ്കിയുടെ ഇന്ത്യാ സന്ദർശനം നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ജൂലായിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്കോയിലെത്തി പുടിനെ സന്ദർശിച്ചതിനു പിന്നാലെ, ആഗസ്റ്റിൽ യുക്രെയ്നിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കണമെന്ന് ഇരു കക്ഷികളോടും ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം, പുടിന്റെയും സെലൻസ്കിയുടെയും സന്ദർശനത്തിന് ആതിഥ്യമൊരുക്കി ഇരുരാജ്യങ്ങളോടുമുള്ള സൗഹൃദവും വ്യക്തമാക്കുകയാണ് കേന്ദ്രം.
എന്നാൽ, വ്ലാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനത്തിന് മുമ്പു തന്നെ യുക്രെയ്ൻ ഉദ്യോഗസ്ഥരുമായി പ്രസിഡന്റിന്റെ സന്ദർശനം സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന യുക്രെയ്ൻ-റഷ്യ സമധാന ശ്രമങ്ങളും, യുക്രെയ്നിലെ രാഷ്ട്രീയ വിവാദങ്ങളുമെല്ലാം ആശ്രയിച്ചിരിക്കും സെലൻസ്കിയുടെ ഇന്ത്യ സന്ദർശനം.
നേരത്തെ മൂന്നു തവണയാണ് യുക്രെയ്ൻ ഭരണാധികാരികൾ ഇന്ത്യ സന്ദർശിച്ചത്. 1992, 2002, 2012 വർഷങ്ങളിലായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

