വരുന്നത് ലാരിജാനിയേക്കാൾ കർക്കശക്കാരൻ; സഈദ് ജലീലി പിൻഗാമിയായേക്കും
text_fieldsസഈദ് ജലീലി
തെഹ്റാൻ: ഇസ്രായേൽ-യു.എസ് സഖ്യസേന കൊലപ്പെടുത്തിയ ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയുടെ പിൻഗാമിയായി സഈദ് ജലീലിയെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ സെക്രട്ടറിയായി സഈദ് ജലീലിയെ നിയോഗിക്കുന്ന ഉത്തരവിൽ പരമോന്നത നേതാവ് മുജ്തബ ഖാംനഈ ഒപ്പുവെച്ചതായാണ് വിവരം.
സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി ജനറൽ എന്നതടക്കം ഇറാൻ ഭരണകൂടത്തിന്റെ വിവിധ ഉന്നത പദവികളിൽ സേവനമനുഷ്ഠിച്ച നേതാവാണ് സഈദ് ജലീലി. ഇറാന്റെ ആണവ ചർച്ചാ സംഘത്തിന്റെ അധ്യക്ഷനുമായിരുന്നു. ആണവ പദ്ധതിയുടെ മുഖ്യ നയകൈകാര്യ തന്ത്രജ്ഞൻ എന്ന നിലയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ പേരിൽ അദ്ദേഹത്തിന്റെ കാലയളവ് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഇറാനിയൻ രാഷ്ട്രീയ വൃത്തങ്ങളിൽ വിപുല ബന്ധങ്ങളുടെ ഉടമയാണ്. അടുത്തിടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിൽ മസൂദ് പെസഷ്കിയാന്റെ എതിരാളിയായിരുന്നു ജലീലി.
ഇറാനിലെ റസാവി ഖുറാസാൻ പ്രവിശ്യയിലെ മഷാദിൽ കുർദ് വംശജനായ പിതാവിന്റെയും അസർബൈജാനിയായ മാതാവിന്റെയും മകനായി 1965 സെപ്റ്റംബർ ആറിനാണ് ജനനം. ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. ‘ഓപറേഷൻ കർബല 5’ ൽ പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തിന്റെ വലതുകാലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റപ്പെട്ടു. ഇക്കാരണത്താൽ ‘ജീവിക്കുന്ന രക്തസാക്ഷി’ എന്ന വിളിപ്പേരു ലഭിച്ചു. പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്.ഡി നേടിയ അദ്ദേഹം, ഇമാം സാദിഖ് യൂനിവേഴ്സിറ്റിയിൽ ‘പ്രൊഫറ്റ്സ് ഡിേപ്ലാമസി’ എന്ന വിഷയം പഠിപ്പിച്ചു.
ലാരിജാനിയുടെ വധത്തെ അപലപിച്ച് ചൈന
ബെയ്ജിങ്: ഇറാൻ ദേശീയ സുരക്ഷ മേധാവി അലി ലാരിജാനിയെ വധിച്ച ഇസ്രായേൽ നടപടിയെ അപലപിച്ച് ചൈന. ഇറാനിയൻ നേതാക്കളെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾക്കെതിരെ തെഹ്റാൻ നടത്തിയ ആക്രമണങ്ങളെയും ചൈന വിമർശിച്ചു. ‘അന്താരാഷ്ട്ര ബന്ധങ്ങളിൽ ബലപ്രയോഗത്തെ ഞങ്ങൾ എന്നും എതിർക്കുകയാണ് ചെയ്തത്. ഇറാനിയൻ രാഷ്ട്ര നേതാക്കളെ വധിക്കുകയും സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല’ -ലിൻ ജിയാൻ പിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

