ഇസ്രായേലിന്റെ മൂന്നാമത്തെ യുദ്ധവിമാനവും വെടിവെച്ചിട്ടു, പൈലറ്റ് കസ്റ്റഡിയിലെന്നും ഇറാൻ; നിഷേധിച്ച് ഐ.ഡി.എഫ്
text_fieldsതെഹ്റാൻ: ഇസ്രായേൽ സൈന്യത്തിന്‍റെ മൂന്നാമത്തെ എഫ് -35 യുദ്ധവിമാനവും വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് ഇറാന്‍റെ വ്യോമ പ്രതിരോധ സേന.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ ഇറാന്‍റെ സൈനിക കമാൻഡോകൾ കസ്റ്റഡിയിലെടുത്തതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ടു ചെയ്തു. വാർത്ത ഇസ്രായേൽ സൈന്യം നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ അവകാശവാദം കള്ളമാണെന്നും ഇറാൻ മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുകയാണെന്നും ഇസ്രയേൽ സൈനിക വക്താവ് അവിചായ് അദ്രയി എക്സിൽ പ്രതികരിച്ചു. നേരത്തെ, ഇറാന്‍റെ വ്യോമ മേഖലയിൽ കടന്ന രണ്ട് എഫ്–35 യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടതായും വനിത പൈലറ്റിനെ കസ്റ്റഡിയിലെടുത്തതായും ഇറാൻ അവകാശപ്പെട്ടിരുന്നു.
ഇസ്രായേലിന്‍റെ വ്യോമാക്രമണത്തിന് മറുപടിയായി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തലസ്ഥാനമായ തെൽഅവീവിൽ ഉൾപ്പെടെ വൻ നാശമാണ് ഉണ്ടായത്. മൂന്നുപേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങൾ തകർന്നു. ജറൂസലേമിലും റിഷോൺ ലെസിയോൺ, റമത് ഗാൻ തുടങ്ങിയ സ്ഥലങ്ങളിലും ഇറാന്റെ മിസൈലുകൾ നാശം വിതച്ചു. മധ്യ ഇസ്രായേലിൽ രണ്ടുപേരും തെൽ അവീവിൽ ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചയുമായിരുന്നു ഇറാന്റെ ആക്രമണം. ഇതിന് പിന്നാലെ ഇസ്രായേൽ വീണ്ടും ഇറാൻ തലസ്ഥാനമായ തെഹ്റാനിലും ബുറൂജർദ്, ആബാദാൻ, കിർമാൻഷാ എന്നിവിടങ്ങളിലും വ്യോമാക്രമണം നടത്തി. ഇസ്രായേലിന്റെ അയേൺ ഡോം പ്രതിരോധ സംവിധാനം ഭേദിച്ചാണ് ഇറാൻ മിസൈലുകൾ പതിച്ചത്. നാലു ഘട്ടങ്ങളിലായി 200ഓളം ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടതായാണ് റിപ്പോർട്ട്. മധ്യ തെൽഅവീവിൽ ബഹുനില കെട്ടിടം ഇറാൻ ആക്രമണത്തിൽ തകർന്നു. റമത് ഗാനിൽ ഒമ്പത് കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.
വെള്ളിയാഴ്ച ഇസ്രായേൽ ഇറാന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 104 പേർ കൊല്ലപ്പെട്ടതായും 380ലധികം പേർക്ക് പരിക്കേറ്റതായും ഇറാൻ പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

