Begin typing your search above and press return to search.
proflie-avatar
Login

വിഷലിപ്ത ദേശീയവാദവും അഴിമതിയും: ആധുനിക ഇന്ത്യയുടെ നേർക്കാഴ്ചയാകുന്ന ക്രിക്കറ്റ്

വിഷലിപ്ത ദേശീയവാദവും അഴിമതിയും: ആധുനിക ഇന്ത്യയുടെ നേർക്കാഴ്ചയാകുന്ന ക്രിക്കറ്റ്
cancel
camera_alt

പ്രതീകാത്മക ചിത്രം

ഇന്ത്യയുടെ വിജയങ്ങൾ പലപ്പോഴും ജിയോപൊളിറ്റിക്കൽ വിജയങ്ങളായാണ് പ്രചരിക്കപ്പെട്ടത്. മോശം പ്രകടനം കാഴ്ചവെച്ചവർ രാജ്യദ്രോഹികളായി. സ്വന്തം ശവപ്പറമ്പിലേക്കുള്ള ക്രിക്കറ്റിന്റെ ഈ കുതിപ്പിനെ സാമൂഹിക മാധ്യമങ്ങൾ വെള്ളവും വളവും നൽകി പ്രോൽസാഹിപ്പിച്ചു. ഈ അധോഗതി 2014ഓടെ കൂടുതൽ വഷളായി.

ടർച്ചയോടെയുള്ള ഒരു തുടർച്ചയെയാണ് 1947 അടയാളപ്പെടുത്തിയത്. ബ്രിട്ടീഷുകാർ വിട്ടുപോയെങ്കിലും അതിന്റെ കൊളോണിയൽ ഭൂതകാലത്തെ ഇന്ത്യ ഒരിക്കലും പാടേ തള്ളിക്കളഞ്ഞില്ല. സ്വതന്ത്ര ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങളിൽ ഏറിയപങ്കും തങ്ങളുടെ കൊളോണിയൽ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുകയായിരുന്നു. സൈന്യം മുതൽ സിവിൽ സർവീസ് വരെയുള്ളവ അതിലുൾപ്പെടും.

പൂർണമായും ബ്രിട്ടീഷ് നിർമിതിയായിരുന്ന, സാമ്രാജ്യത്തിന്റെ ഫ്യൂഡൽ പ്രതാപത്തിലും ഇംഗ്ലീഷ് മൂല്യങ്ങളിലും വേരാഴ്ന്ന ക്രിക്കറ്റും അത്തരമൊരു പാരമ്പര്യത്തിന്റെ തുടർച്ചയായിരുന്നു. വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു രാജ്യത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ഭാഷയായി ക്രിക്കറ്റ് മാറിത്തുടങ്ങി. സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ നോക്കിക്കാണാൻ ഹിന്ദി സിനിമയേക്കാൾ നല്ല ഉപാധി ക്രിക്കറ്റായിരിക്കും. ഇന്ത്യയെ മനസിലാക്കുന്നതിനുള്ള കണ്ണാടിയാണത്.

75 വർഷം മുമ്പ് "ബ്രിട്ടീഷുകാർ ആകസ്മികമായി കണ്ടെത്തിയ ഒരു ഇന്ത്യൻ ഗെയിമോ" ഒരു മതമോ ആയിരുന്നില്ല ക്രിക്കറ്റ്. ഏറിപ്പോയാൽ ഇന്ത്യക്കാർ കാണുകയും കളിക്കുകയും ചെയ്തിരുന്ന ഹോക്കിയും ഫുട്ബാളും അടങ്ങുന്ന മൂന്ന് ടീം സ്പോർട്ടുകളിൽ ഒന്നുമാത്രം. കൊളോണിയൽ ഭരണത്തിൽ നിന്നും നേട്ടമുണ്ടാക്കിയ, അവരാൽ സ്വാധീനിക്കപ്പെട്ട ഫ്യൂഡൽ പ്രഭുക്കളും രാജാക്കന്മാരും ഇന്ത്യൻ ഉപരിവർഗവും ചേർന്ന് പരിപോഷിപ്പിച്ച ഒരു കളി. സ്വാതന്ത്ര്യസമരത്തിലെ യഥാർഥ നായകർ അനേകമുണ്ടായിരുന്ന ഒരു സമൂഹത്തിൽ ക്രിക്കറ്റ് കളിക്കാർക്ക് നായകപരിവേഷം നൽകേണ്ട ആവശ്യം രാജ്യത്തിനുണ്ടായിരുന്നില്ല.

സുനിൽ ഗവാസ്കർ

ഈ സ്ഥിതിവിശേഷം മാറിത്തുടങ്ങുന്നത് 1971ലാണ്. വിദേശത്തെ രണ്ട് പ്രധാന ടെസ്റ്റ് സീരീസുകളിൽ കരുത്തരായ ഇംഗ്ലണ്ടിനെയും വെസ്റ്റിൻഡീസിനെയും ഇന്ത്യ പരാജയപ്പെടുത്തി. 'ക്രിക്കറ്റിങ് ഹീറോ' എന്നതിലേക്കുള്ള സുനിൽ ഗവാസ്കറെന്ന മധ്യവർഗ യുവാവിന്റെ വളർച്ചയും അവിടെത്തുടങ്ങുന്നു. പാകിസ്താനോടുള്ള യുദ്ധത്തിൽ ഇന്ത്യ ജയിച്ചതും, അലങ്കാരങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കിക്കൊണ്ട് നാട്ടുരാജാക്കന്മാരുടെ ഭൂതങ്ങളെ തുരത്തിയോടിച്ചതും അതേ വർഷം തന്നെയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ഇന്ത്യക്കാർക്ക് പ്രായപൂർത്തിയായ 1971ലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രണ്ടാം ഘട്ടത്തിന് ആരംഭം കുറിക്കുന്നത്. അതൊരു കൃത്യമായ മാറ്റമായിരുന്നില്ല. മറിച്ച്, ജവഹർലാൽ നെഹ്റുവിന്റെയും സ്വാതന്ത്ര്യസമരത്തിലെ മറ്റനേകം നായകരുടെയും പതുക്കെയുള്ള വിടവാങ്ങലിനെ തുടർന്നുള്ള ക്രമാനുഗതമായ ഒരു വികാസമായിരുന്നു.

ഫുട്ബാളിലും ഹോക്കിയിലും അന്താരാഷ്ട്രതലത്തിൽ ഇന്ത്യയ്ക്ക് ഇടിവ് സംഭവിക്കുന്നതും അതേ സമയത്ത് തന്നെയാണ്. സാംസ്കാരിക പരിഷ്കൃതിയുടെ നാട്യങ്ങളുള്ള ക്രിക്കറ്റ് ഉപരിവർഗ തേട്ടങ്ങളോടുള്ള മധ്യവർഗ പ്രതിപത്തിയെയും ആകർഷിക്കാൻ പോന്നതായിരുന്നു. ഹിന്ദുത്വ ഇന്ന് പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ഭൂരിപക്ഷ ദേശീയവാദത്തോളം ഭീകരമായിരുന്നില്ലെങ്കിലും പുതുതായി വികസിച്ച മധ്യവർഗ ദേശീയവാദത്തോട് ക്രിക്കറ്റ് കൂടി ചേർന്നുവെന്നതായിരുന്നു 1971ലെ സുപ്രധാനമായ മാറ്റം. പാകിസ്താനുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള ശ്രമങ്ങളുടെ മുൻനിരയിൽ ഇന്ത്യൻ ടീം ഇടം പിടിച്ചപ്പോൾ അത് വ്യക്തമായും പ്രതിഫലിച്ചു. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം 1978ൽ ഇന്ത്യൻ ടീം പാകിസ്താനിലേക്ക് സന്ദർശനം നടത്തി.

1983ലെ ക്രിക്കറ്റ് ലോകകപ്പ് വിജയം ഇന്ത്യൻ കായികലോകത്തിന് മേൽ ഭവിച്ച ഭൂകമ്പമായിരുന്നു. ദേശീയവാദവും വാണിജ്യവും ഒത്തുചേർന്ന പുതിയ ക്രിക്കറ്റിനെയാണ് പിന്നീട് ഇന്ത്യ കാണുന്നത്. ലോകകപ്പ് വിജയത്തോടെ ഇന്ത്യയിൽ വേരാഴ്ത്തിയ ക്രിക്കറ്റിന് കളർ ടെലിവിഷന്റെ വളർച്ചയും രാജീവ് ഗാന്ധിയുടെ സാമ്പത്തിക ഉദാരവൽക്കരണവും ഏറെ സഹായകമായി. എല്ലാംകൂടി ഒന്നിച്ച് ക്രിക്കറ്റിനെ നയിച്ചത് വാണിജ്യതാൽപര്യങ്ങൾ മധ്യവർഗ സാമൂഹിക ഭാവനയുടെ കേന്ദ്രസ്ഥാനം കയ്യടക്കിയ 1990കളിലേക്കാണ്. അപ്പോഴേക്കും സാമ്പത്തിക ഉദാരവൽക്കരണം രാജ്യത്ത് സംഭവിച്ചുകഴിഞ്ഞിരുന്നു.

കപിൽദേവ് 1983 ക്രിക്കറ്റ് ലോകകപ്പുമായി

കളർ ടെലിവിഷൻ സെറ്റുകളുണ്ടാക്കിയ ആവേശത്തളിച്ചയാൽ സചിൻ ടെണ്ടുൽകർ പുതു ഇന്ത്യയുടെ പ്രതീകമായിത്തീർന്നു. വാണിജ്യവും ദേശീയതയുമായി മധ്യവർഗ മൂല്യങ്ങളെ സമ്മേളിപ്പിക്കുന്നതിൽ ക്രിക്കറ്റ് വിജയിച്ചു. ഒരു കളിയെന്ന നിലയ്ക്ക് മാത്രം ക്രിക്കറ്റിനെ സമീപിച്ചിരുന്ന ഇന്ത്യക്കാരിൽ കാര്യമായ പരിണാമങ്ങളും സംഭവിച്ചു. സ്വന്തം ടീമിൽ നിന്ന് വിജയങ്ങളും മാൻ ഓഫ് ദി മാച്ച് നേട്ടങ്ങളും മാത്രം ആവശ്യപ്പെടുന്ന ആരാധകക്കൂട്ടങ്ങളായി ഇന്ത്യക്കാർ മാറി. ക്രിക്കറ്റിനെയും താരങ്ങളെയും കുറിച്ചുള്ള മീഡിയാ കവറേജുകൾ അതി നാടകീയമായി മാറി. ഇന്റർനെറ്റും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും പ്രസരിച്ചതോടെ അതൊന്നുകൂടി വർധിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗായിരുന്നു ഈ പ്രയാണത്തിലെ അടുത്ത നാഴികക്കല്ല്. വാണിജ്യ താൽപര്യങ്ങളെയും വിനോദ കമ്പോളത്തെയും സമംചേർത്ത് ഉന്മാദത്തിന്റെ ഉച്ഛത്തിലെത്തിക്കുന്ന ഒരു മഹാപ്രദർശനമായി ക്രിക്കറ്റിനെ അത് മാറ്റി. ഐ.പി.എൽ മറ്റുപുതിയ പ്രവണതകൾ കൂടി കൊണ്ടുവന്നു. രാഷ്ട്രങ്ങളെ പ്രതിനിധാനം ചെയ്യുകയെന്ന പ്രതാപത്തിനപ്പുറം ഗ്ലാമറിന്‍റെ മറ്റൊരു പതിപ്പായി കളിയെ കാണുന്ന ആശയം പടർന്നുതുടങ്ങി. ഐ.പി.എല്ലിന്റെ വിജയം ആഗോളക്രിക്കറ്റിനെയും വലിയ രീതിയിൽ മാറ്റിമറിച്ചു.

ഇന്ത്യയുടെ വിജയങ്ങൾ പലപ്പോഴും ജിയോപൊളിറ്റിക്കൽ വിജയങ്ങളായാണ് പ്രചരിക്കപ്പെട്ടത്. മോശം പ്രകടനം കാഴ്ചവെച്ചവർ രാജ്യദ്രോഹികളായി. സ്വന്തം ശവപ്പറമ്പിലേക്കുള്ള ക്രിക്കറ്റിന്റെ ഈ കുതിപ്പിനെ സാമൂഹിക മാധ്യമങ്ങൾ വെള്ളവും വളവും നൽകി പ്രോൽസാഹിപ്പിച്ചു. ഈ അധോഗതി 2014ഓടെ കൂടുതൽ വഷളായി മാറി. ആ വർഷത്തെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും ഭൂതകാലത്തിൽ നിന്നുള്ള വിടുതലായിരുന്നു. ഭൂരിപക്ഷ വർഗീയതയെ ഭരണകൂട പ്രത്യയശാസ്ത്രമായി അവതരിപ്പിച്ചുകൊണ്ട് ഭരണകക്ഷി മുസ്ലിംകളെ ഉന്നംവെക്കാൻ ആരംഭിച്ചു. ക്രിക്കറ്റിനെയും അവർ അതിന് ഉപയോഗപ്പെടുത്തി. 2021ലെ ട്വന്റി 20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ സ്വത്വത്തിലേക്കാണ് സൈബർ ആക്രമണങ്ങൾ ചെന്നെത്തിയത്. മുസ്‍ലിമായ ഷമി ഇന്ത്യയെ പാകിസ്താന് ഒറ്റുകൊടുത്തുവെന്നുവരെ ആരോപണങ്ങൾ ഉയർന്നു. ഒടുവിൽ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി നായകൻ വിരാട് കോഹ്‍ലി തന്നെ അവതരിച്ചു. "ഒരാളെ മതത്തിന്‍റെ പേരിൽ ആക്രമിക്കുക എന്നതാണ് എന്റെ അഭിപ്രായത്തിൽ ഒരു മനുഷ്യന് ചെയ്യാവുന്ന ഏറ്റവും തരംതാണ പ്രവൃത്തി" എന്നായിരുന്നു കോഹ്‍ലിയുടെ അഭിപ്രായം.

എന്നാൽ ഇന്ത്യയുടെ മുൻ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസവുമായ വസീം ജാഫർ അത്രപോലും ഭാഗ്യവാനായിരുന്നില്ല. ഉത്തരാഖണ്ഡ് രഞ്ജി ടീമിന്റെ ഹെഡ് കോച്ചായി വിരമിച്ചയുടൻ ഗുരുതരമായ ആരോപണങ്ങളാണ് അയാൾക്ക് നേരിടേണ്ടി വന്നത്. ടീമിൽ വർഗീയ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ടീം സെലക്ഷനിൽ മതവിഭാഗീയത പുലർത്തിയെന്നും അയാൾക്കുമേൽ ഉദ്യോഗസ്ഥർ ആരോപിച്ചു. തുടർന്നുണ്ടായ പത്രസമ്മേളനത്തിൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളെയും ജാഫർ തള്ളിക്കളഞ്ഞു. ഒരു മുസ്ലിമിന് തന്റെ വിശ്വാസത്തെ മറികടക്കാതെ ജോലി നിർവഹിക്കാൻ കഴിയില്ലെന്ന വികൃതമായ ഹിന്ദുത്വ യുക്തിയിലാണ് അത്തരം ആരോപണങ്ങളുയർന്നത്. അനിൽ കുംെബ്ല നടത്തിയ ഒരു കേവല പരാമർശം ഒഴിച്ചുനിർത്തിയാൽ തന്റെ സഹകളിക്കാരിൽ ഒരാൾ പോലും അയാളെ ആ വിഷമസന്ധിയിൽ പിന്തുണക്കാനെത്തിയില്ല.

വസീം ജാഫർ

വസീം ജാഫറിനൊപ്പം നിലകൊണ്ട അപൂർവം ടെസ്റ്റ് ക്രിക്കറ്റർമാരിൽ ഒരാൾ ദൊഡ്ഡ ഗണേശായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ഏക ദലിത് ക്രിക്കറ്ററായി കോളമിസ്റ്റ് ജെയിംസ് ആസ്റ്റിൽ അടയാളപ്പെടുത്തുന്നത് ദൊഡ്ഡ ഗണേശിനെയാണ്. മുതിർന്ന സ്പോർട്സ് എഴുത്തുകാരോടെല്ലാം ഞാൻ പലപ്പോഴായി ചോദിച്ച ചോദ്യമായിരുന്നു ഇന്ത്യയ്ക്കു വേണ്ടി കളിച്ച ദലിത് ക്രിക്കറ്റർമാർ എത്രപേരുണ്ടെന്ന് – ഒരിക്കലും തൃപ്തികരമായ ഒരുത്തരം കിട്ടിയിട്ടില്ല. ഇൗ വിഷയത്തിലെ അജ്ഞത ഇന്ത്യൻ ക്രിക്കറ്റിന്റെ വക്രീകരിക്കപ്പെട്ട സാമൂഹിക ചരിത്രത്തെ കൃത്യമായി ചിത്രീകരിക്കുന്നുണ്ട്. ഐ.പി.എല്ലിലെ ഇന്ത്യൻ ക്രിക്കറ്റർമാർ തനിക്കെതിരെ വംശീയമായ തെറികൾ ഉപയോഗിച്ചെന്ന് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഡാരെൻ സാമി വെളിപ്പെടുത്തിയിരുന്നു. "ബ്ലാക്ക് ലൈവ്സ് മാറ്ററിന് വേണ്ടി മുട്ടുകുത്തിക്കൊണ്ടുള്ള" പൊള്ളയായ പ്രകടനങ്ങളിലൂടെയാണ് ബി.സി.സി.ഐ അതിൽ നിന്നും തടിയൂരിയത്.

വിരാട് കോഹ്‍ലിയും മുഹമ്മദ് ഷമിയും

ക്രിക്കറ്റ് ബോർഡിൽ ശുദ്ധിക്കലശം നടത്തുന്നുവെന്നത് അവകാശവാദങ്ങൾ മാത്രമാണ്. ബി.സി.സി.ഐക്കും മറ്റനേകം ക്രിക്കറ്റ് അസോസിയേഷനുകൾക്കും എതിരെയുള്ള പല കേസുകളും അവരുടെ സാമ്പത്തിക-രാഷ്ട്രീയ തടിമിടുക്കു കൊണ്ട് ഇല്ലാതാക്കുന്നതാണ് യാഥാർഥത്തിൽ സംഭവിക്കുന്നത്. ക്രിക്കറ്റ് അഡ്മിനിസ്ട്രേഷനിൽ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. 'പ്രത്യേക ജനുസ്സിൽ പെട്ട' ആളുകളെ ആകർഷിക്കുന്ന ഇടമായി അത് മാറിയിരിക്കുന്നു.

ഒരുകാലത്ത് അമിത് ഷായെ പോലെ നരേന്ദ്ര മോദിയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ഷായുടെ മകൻ ജയ് ഷാ ഇന്ന് ബി.സി.സി.ഐ സെക്രട്ടറിയാണ്. സുപ്രീംകോടതി കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾ പ്രകാരം കാലാവധി അവസാനിക്കേണ്ടായിരുന്നുവെങ്കിലും രണ്ടു വർഷത്തിലധികമായി അതേ സ്ഥാനത്ത് തുടരുകയാണയാൾ. ഷായെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി പരമോന്നത കോടതിയിൽ അപേക്ഷിച്ചിരിക്കുകയാണ്. എല്ലാ നിയമങ്ങളെയും കാറ്റിൽപറത്തി ആ സ്ഥാനത്ത് തുടരുന്ന ഷാ ഇതിനോടകം തന്നെ അത് സ്വയം നടപ്പാക്കിയിട്ടുണ്ട്. അതിനെ നിയമപരമാക്കുന്നതിനുള്ള പോംവഴി മാത്രമാണ് കോടതിയിൽ നിന്ന് ഷാ പ്രതീക്ഷിക്കുന്നത്. അതുകൂടാതെ, നികുതിയൊഴിവാക്കണമെന്ന ബി.സി.സി.ഐയുടെ അപ്പീൽ ഇൻകം ടാക്സ് അപ്പലേറ്റ് ടൈബ്യൂണൽ കഴിഞ്ഞ തവണ അംഗീകരിച്ചു. തങ്ങൾ ഐ.പി.എല്ലിൽ നിന്നും വരുമാനമുണ്ടാക്കുന്നുണ്ടെങ്കിലും ക്രിക്കറ്റിന്റെ പ്രചാരം വർധിപ്പിക്കുകയാണ് തങ്ങളുടെ മുഖ്യ ലക്ഷ്യമെന്ന ബി.സി.സി.ഐ നിലപാടിനെ അപ്പാടെ ശരിവെച്ചുകൊണ്ടാണ് ഈ തീരുമാനം ഉണ്ടായത്.

ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ

ഷാക്ക് കീഴിലെ ബി.സി.സി.ഐ ഇപ്പോൾ ബി.ജെ.പി സർക്കാറിന്റെ റാൻമൂളിയായി മാറിയിരിക്കുകയാണ്. മൊട്ടേരയിലെ പട്ടേൽ സ്റ്റേഡിയം മോദിയുടെ പേരിൽ പുനർനാമകരണം ചെയ്യുക മാത്രമല്ല, കോവിഡ്-19ന്റെ ആദ്യ തരംഗം സംഭവിച്ച സമയത്ത് പി.എം കെയേസ് ഫണ്ടിലേക്ക് 51 കോടി രൂപ സംഭാവന ചെയ്യുകയും ചെയ്തു. പിന്നീടൊരിക്കൽ "യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ അഭ്യർഥന മാനിച്ച്" ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ സഹായിക്കാൻ 10 കോടി രൂപ നൽകാമെന്ന് ബി.സി.സി.ഐ അപെക്സ് കൗൺസിൽ തീരുമാനിച്ചു. ഒളിമ്പിക്സിനുള്ള മൊത്തം ചെലവായി ബോർഡ് കണക്കാക്കിയത് 18 കോടി രൂപയിലധികമാണ്. അതിൽ 7 കോടി ഒരു പരസ്യ ഏജൻസിക്കും 68 ലക്ഷം മറ്റൊരു ഇവന്റ് മാനേജ്മെന്റ് കമ്പനിക്കും നൽകും. മെഡൽ ജേതാക്കൾക്ക് കാഷ് പ്രൈസായി നാലു കോടിയും കായികതാരങ്ങൾക്കുള്ള പി.എം കെയർ ഫലകങ്ങൾ വാങ്ങാൻ 5 കോടിയുമാണ് വകയിരുത്തിയതെന്ന് കണക്കുകൾ പറയുന്നു.

ഇന്ത്യയുടെ ഏറ്റവും ജനപ്രിയ കളിയായ ക്രിക്കറ്റിന്റെ കഥ ആധുനിക ഇന്ത്യയെ കുറിച്ച ഒരു ഗുണപാഠമാണ്. ആഹാരത്തിനുള്ള വക ഇന്ത്യക്കാർക്ക് നൽകാൻ കഴിഞ്ഞില്ലെങ്കിൽ പോലും അത് മറന്ന് ഉന്മാദിക്കാൻ അവർക്കൊരു സർകസ് വേണം. ക്രിക്കറ്റെന്ന പേരിൽ ആ പ്രദർശനം നടത്തുന്നതിന്റെ പുറംകരാർ എൽപ്പിച്ചിരിക്കുന്നത് ബി.സി.സി.ഐയെയാണ്.

പൊതുനന്മക്കായുള്ള ചാലകശക്തിയായി ക്രിക്കറ്റിനെ മാറ്റാൻ കഴിയുമെന്നതിനും ഉദാഹരണങ്ങളുണ്ട്. വിൻഡീസ് ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന ഫ്രാങ്ക് വൊറെൽ സ്വാഭിമാനമുള്ള ഒരു വെസ്റ്റ് ഇന്ത്യൻ സ്വത്വത്തെ എങ്ങനെയാണ് സാധിച്ചെടുത്തതെന്ന് ട്രിനിഡാഡിയൻ ചരിത്രകാരനായ സി.എൽ.ആർ ജെയിംസ് വിവരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ അപ്പാർതീഡ് വംശീയ ഭരണകൂടത്തെ അപകീർത്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് ക്രിക്കറ്റായിരുന്നുവെന്ന പഠനങ്ങളുണ്ട്. അമേരിക്കൻ പത്രപ്രവർത്തകൻ മൈക് മാർക്വിസ് 1996ൽ ഇറങ്ങിയ വാർ മൈനസ് ദി ഷൂട്ടിങ് എന്ന തന്റെ കൃതിയിൽ വിവരിക്കുന്നത് ദക്ഷിണേഷ്യയിൽ ക്രിക്കറ്റിലൂടെ അതിദേശീയവാദം (hyper nationalism) വികസിക്കുന്നതിനെ കുറിച്ചാണ്. അന്ന് മാർക്വിസ് ആശങ്കപ്പെട്ടതിനേക്കാളും മോശമാണ് നിലവിലെ ഇന്ത്യയിലെ അവസ്ഥ. ഇന്നതിനെ ഉപയോഗപ്പെടുത്തുന്നത് വിഷലിപ്തമായ ഒരു പ്രത്യയശാസ്ത്രം കൂടിയാണ്. സ്വജനപക്ഷപാതവും അഴിമതിയും ഭൂരിപക്ഷ വർഗീയവാദവും തീവ്ര ദേശീയതയും അതിന്റെ അടിവയറ്റിൽ തളിർത്തുകൊണ്ടിരിക്കുന്നു.


സെന്റർ ഫോർ പോളിസി റിസർച്ചിലെ സീനിയർ ഫെല്ലോയും യേൽ യൂണിവേഴ്സിറ്റിയിലെ വിസിറ്റിങ് ലക്ചററുമാണ് ലേഖകൻ.

കടപ്പാട്: ദി കാരവൻ

സ്വതന്ത്ര വിവർത്തനം: മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീൻ ഡെസ്ക്

Show More expand_more
News Summary - right wing politics and indian cricket