Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
What is a galaxy
cancel
Homechevron_rightVelichamchevron_rightClassroomchevron_rightഎന്താണ് ഗാലക്സികൾ?

എന്താണ് ഗാലക്സികൾ?

text_fields
bookmark_border

നാം സൗരയുഥത്തിലെ ഒരംഗമായ ഭൂമിയിൽ ജീവിക്കുന്നു. എന്നാൽ, സൗരയൂഥം എവിടെയാണ്? സൗരയൂഥം ആകാശഗംഗ (Milky way) എന്ന ഗാലക്സിയിലാണ്. അപ്പോൾ എന്താണ് ഗാലക്സി?

ഗുരുത്വാകർഷണബലത്തിനു വിധേയമായി ഒരു പൊതു കേന്ദ്രത്തെ ചുറ്റിക്കൊണ്ടിരിക്കുന്നകോടിക്കണക്കായ നക്ഷത്രങ്ങൾ ചേർന്ന അത്യധികം പിണ്ഡമേറിയ വ്യൂഹങ്ങളാണ് ഗാലക്സികൾ. നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, നക്ഷത്രാവശിഷ്​ടങ്ങൾ, നക്ഷത്രാന്തരമാധ്യമത്തിലെ ഭീമൻ വാതകപടലങ്ങൾ, നെബുലകൾ, പൊടിപടലങ്ങൾ, തമോദ്രവ്യം എന്നിവയെല്ലാം ഗാലക്സികളുടെ ഭാഗമാണ്. 'പാലു പോലുള്ള' എന്ന അർഥം വരുന്ന 'ഗാലക്സിയാസ്' എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഗാലക്സി എന്ന ഇംഗ്ലീഷ് പദമുണ്ടായത്.

ആകാശഗംഗ

നാം നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്ന നക്ഷത്രങ്ങളെല്ലാം ആകാശഗംഗ (Milky way) എന്ന ഗാലക്സിയിലെ അംഗങ്ങളാണ്. നമ്മുടെ ഗാലക്സിക്ക് രണ്ട് ഇലത്താളങ്ങൾ ചേർത്തുവെച്ചതു പോലെ ഒരു ഡിസ്ക്കി​ന്‍റെ ആകൃതിയാണുള്ളത്. ഇതി​ന്‍റെ മധ്യഭാഗത്തെ കനം ഏകദേശം 20,000 പ്രകാശവർഷമാണ്. ഒരു ലക്ഷം പ്രകാശവർഷംവ്യാസമുള്ള ആകാശഗംഗയിൽ പതിനായിരം കോടിയിലധികം നക്ഷത്രങ്ങളുണ്ട്. ഇതിലെ നക്ഷത്രങ്ങളെല്ലാം അവയുടെ ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയുംകൊണ്ട് ഗാലക്​സിയുടെ കേന്ദ്രത്തിനു ചുറ്റും അതിവേഗം കറങ്ങിക്കൊണ്ടിരിക്കുന്നു. ആകാശഗംഗയുടെ കേന്ദ്രത്തിൽനിന്നും 30,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന സൂര്യൻ മണിക്കൂറിൽ 8,28,000 കിലോ മീറ്റർ വേഗത്തിലാണ് കേന്ദ്രത്തിനു ചുറ്റും കറങ്ങുന്നത്! ഒരു കറക്കം പൂർത്തിയാക്കാൻ ഇരുപത്തിമൂന്ന് കോടി വർഷങ്ങൾ വേണ്ടി വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്!നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തിൽ അത്യധികം പിണ്ഡമുള്ള ഒരു തമോദ്വാരം (black hole)ഉള്ളതായി അനുമാനിക്കുന്നു.


ആകാശഗംഗയെ അതിനുള്ളിൽനിന്നു തന്നെ നോക്കുന്നതുകൊണ്ട് അതി​ന്‍റെ ശരിയായ രൂപം കാണാൻ നമുക്കാവില്ല. ചിങ്ങം, കന്നി മാസങ്ങളിൽ മഴക്കാറോ നിലാവോ ഒട്ടും തന്നെ ഇല്ലാത്ത രാത്രികളിൽ പൂർണമായും ഇരുട്ടുള്ള സ്ഥലത്തു നിന്നും മാനം നിരീക്ഷിച്ചാൽ ധനു രാശിയെ ചൂഴ്ന്നുകൊണ്ട് പാൽപ്പുഴ ഒഴുകിയപോലെ കാണുന്ന പ്രഭാപൂരം ആകാശഗംഗയുടെ കേന്ദ്രഭാഗത്തുള്ള അനേകകോടി നക്ഷത്രങ്ങൾ ചേർന്ന് സൃഷ്​ടിക്കുന്നതാണ്. ക്ഷീരപഥം, പാലാഴി എന്നൊക്കെ പറയുന്നത് ശരിക്കും ഈ പ്രഭാപൂരത്തിനാണ്. എന്നാൽ, ആകാശഗംഗ എന്ന ഗാലക്സിക്ക് ക്ഷീരപഥം എന്ന പേര് പര്യായമായി പലരും ഉപയോഗിക്കാറുണ്ട്.

എത്ര ഗാലക്സികൾ?

ആകാശഗംഗക്ക് പുറത്ത് നമ്മുടെ ഏറ്റവും അടുത്തുള്ള ഗാലക്സിയാണ് ആൻഡ്രോമിഡ. നമുക്ക് നഗ്നനേത്രങ്ങൾകൊണ്ട് കാണാവുന്ന ഏറ്റവും അകലെയുള്ള വസ്തുവും ഇതു തന്നെ. ഇതിലേക്കുപോലും 23 ലക്ഷം പ്രകാശവർഷം ദുരമുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ട് മറ്റൊരു ഗാലക്സിയെയും നമുക്ക് കാണാനാവില്ലെങ്കിലും അതിശക്തമായ ടെലിസ്കോപ്പുകളിലൂടെ ഭൂമിയിൽ നിന്നും ഏതു ദിശയിൽ നോക്കിയാലും അനേകമനേകം ഗാലക്സികളെ കാണാം.

ആൻഡ്രോമിഡ

പതിനായിരം കോടിയിലധികം ഗാലക്സികളെ ബഹിരാകാശ ടെലിസ്കോപ്പുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ ഒരു കോടിയോളം നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന കുള്ളൻ ഗാലക്സികൾ മുതൽ ഒരു ലക്ഷം കോടി നക്ഷത്രങ്ങൾ ഉൾക്കൊളളുന്ന അതിഭീമൻ ഗാലക്സികൾ വരെ ഉൾപ്പെടുന്നു. ഒരു ഗാലക്സിയിലെ ശരാശരി നക്ഷത്രങ്ങളുടെ എണ്ണം 10,000 കോടിയാണ്. സർപ്പിളാകൃതിയിലും അണ്ഡാകൃതിയിലും ക്രമരഹിത ആകൃതികളിലുമുള്ള ഗാലക്സികളുണ്ട്. നമ്മുടെ ഗാലക്സി സർപ്പിളഗാലക്സികളുടെ ഗണത്തിൽപെടുന്നു.

ലോക്കൽ ഗ്രൂപ്​

സമീപമുള്ള ഗാലക്സികൾ കൂടിച്ചേർന്നതാണ് ലോക്കൽ ഗ്രൂപ്​. ആകാശഗംഗ, ആൻഡ്രോമിഡ, ട്രയാംഗുലം, ലാർജ് മെഗല്ലാനിക് ക്ലൗഡ്, സ്മോൾ മെഗല്ലാനിക് ക്ലൗഡ് തുടങ്ങി ഏകദേശം മുപ്പത് സമീപഗാലക്സികൾ ചേർന്നതാണ് നമ്മുടെ ലോക്കൽ ഗ്രൂപ്​. ഒരു കോടി പ്രകാശവർഷം വ്യാസമുണ്ടിതിന്. ഇവയിൽ കൂടുതൽ വലുതും നക്ഷത്രങ്ങളുള്ളതും ആൻഡ്രോമിഡയാണ്. ഒന്നര ലക്ഷം പ്രകാശവർഷം വ്യാസമുള്ള ഇതിൽ ഏകദേശം ഇരുപതിനായിരം കോടി നക്ഷത്രങ്ങളുണ്ട്. M31 എന്നും ഇതിനു പേരുണ്ട്. ആകാശഗംഗക്കും ആൻഡ്രോമിഡക്കും ഇടയിലാണ് ലോക്കൽ ഗ്രൂപ്പി​ന്‍റെ കേന്ദ്രം. നമ്മുടെ ലോക്കൽ ഗ്രൂപ്പിനു സമീപമുള്ള മറ്റൊരു ലോക്കൽ ഗ്രൂപ്പാണ് വിർഗോ ക്ലസ്​റ്റർ.

ഉപഗ്രഹഗാലക്സികൾ

നക്ഷത്രങ്ങളാണല്ലോ സാധാരണ ഗാലക്സികളെ ചുറ്റുന്നത്. എന്നാൽ, ചില പിണ്ഡം കുറഞ്ഞ ഗാലക്സികൾ മറ്റു ഗാലക്സികളെ ചുറ്റുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയാണ് ഉപഗ്രഹഗാലക്സികൾ (Satellite galaxies). നമ്മുടെ ഗാലക്സിയായ ആകാശഗംഗക്ക് ഇത്തരത്തിൽ ചില ഉപഗ്രഹ ഗാലക്സികളുണ്ട്. 1,63,000 പ്രകാശവർഷം അകലെയുള്ള ലാർജ് മെഗല്ലാനിക് ക്ലൗഡ് ആണ് ഇവയിൽ ഏറ്റവും വലുത്. ഇതിന് ആകാശഗംഗയുടെ നൂറിലൊന്ന് വലുപ്പമാണുള്ളത്. ഉപഗ്രഹ ഗാലക്സികൾ പ്രധാന ഗാലക്സിയെ ചുറ്റുമ്പോഴും അവയിലെ ഓരോ അംഗനക്ഷത്രവും ഉപഗ്രഹഗാലക്സിയുടെ കേന്ദ്രത്തെയും ചുറ്റിക്കൊണ്ടിരിക്കും.

ഗാലക്സികൾ കൂടിച്ചേരാം

അത്യപൂർവമായി ചില സമീപഗാലക്സികൾ പരസ്പരം അടുത്തുവന്ന് ഒന്നായിച്ചേരാൻ സാധ്യതയുള്ളതായി ശാസ്ത്രജ്ഞന്മാർ അനുമാനിക്കുന്നു. ഇപ്രകാരം നമ്മുടെ ആകാശഗംഗ ഒരിക്കൽ ആൻഡ്രോമിഡയുമായി ഒന്നുചേരുമെന്ന് ശാസ്ത്രജ്ഞന്മാർ കരുതുന്നു. പക്ഷേ, പേടിക്കാനൊന്നുമില്ല, 500 കോടി വർഷങ്ങൾക്കുശേഷമേ അതു സംഭവിക്കൂ. ഇനി അത് നാളെത്തന്നെ സംഭവിച്ചാലും നാം പ്രത്യേകിച്ച് ഒരു മാറ്റവും അറിഞ്ഞുകൊള്ളണമെന്നില്ല. കാരണം, ഗാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിലുള്ള അകലം സങ്കൽപാതീതമാണ്. അതിനാൽ, ഗാലക്സികൾ കൂടിച്ചേർന്നാലും അവയിലെ നക്ഷത്രയൂഥങ്ങൾക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാവുകയില്ല. ഗ്യാലക്സികൾ കൂടിച്ചേരുന്നതു പോലെ ലോക്കൽ ഗ്രൂപ്പുകളും കൂടിച്ചേരാം. നമ്മുടെ ലോക്കൽ ഗ്രൂപ്​ സമീപത്തെ വിർഗോ ക്ലസ്​റ്ററുമായി കൂടിച്ചേർന്ന് ഒന്നാകാനുള്ള സാധ്യതയും ശാസ്ത്രജ്ഞന്മാർ കാണുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:galaxyMilky Way
News Summary - What is a galaxy
Next Story