Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്ലുകൾ കഥ പറയുന്ന കന്നഡദേശം

text_fields
bookmark_border
കല്ലുകൾ കഥ പറയുന്ന കന്നഡദേശം
cancel

മംഗളൂരു നഗരത്തിൽനിന്ന് 169ാം നമ്പർ ദേശീയപാതയിലൂടെ 34 കിലോമീറ്റർ സഞ്ചരിച്ചാൽ മൂഡ്ബിദ്രി ഗ്രാമത്തിലെത്താം. വർത്തമാനകാലത്ത് നിരവധി പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമാണ് മൂഡ്ബിദ്രി. എന്നാൽ, നൂറ്റാണ്ടുകൾക്കുമുമ്പ് പൂർവികർ കല്ലുകൾകൊണ്ട് കവിത രചിച്ച മണ്ണ് എന്ന നിലയിലാണ് ദക്ഷിണേന്ത്യയിലെ ജൈനകാശി എന്ന പേരിലറിയപ്പെടുന്ന ഈ ഗ്രാമം പ്രസിദ്ധമായത്. ഇതിൽ പ്രധാനം ചരിത്രപ്രസിദ്ധമായ ആയിരം കരിങ്കൽ തൂണുകളാൽ നിർമിതമായ സാവിര കംബദ ബസദി അഥവാ ആയിരം സ്തംഭ ക്ഷേത്രം തന്നെ.

ഇവിടെയുള്ള 18 ജൈനക്ഷേത്രങ്ങളിൽ ഏറ്റവും വലുതും മനോഹരവുമാണ് ഈ ക്ഷേത്രം. ത്രിഭുവന തിലക ചൂഡാമണി ബസദി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. എ.ഡി 1430ൽ വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന ദേവരായ വോഡയാറിന്റെ കാലത്താണ് ഇതിന്റെ നിർമാണം ആരംഭിച്ചതെന്നാണ് ചരിത്രം.

മൂന്ന് ഘട്ടങ്ങളിലായി 31 വർഷമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. പ്രാദേശിക ഭരണകൂടങ്ങളുടെയും വ്യാപാരികളുടെയും ജൈന സന്യാസിമാരുടെയും കൂട്ടായ ശ്രമത്തിന്റെ കൂടി ഫലമായാണത്രെ ഈ ചരിത്ര മന്ദിരം പൂർത്തിയായത്. എട്ടാമത്തെ ജൈന തീർഥങ്കരനായ ചന്ദ്രനാഥ സ്വാമിയാണ് (ചന്ദ്രപ്രഭ) ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഗർഭഗൃഹത്തിൽ പഞ്ചലോഹത്തിൽ തീർത്ത എട്ട് അടി ഉയരമുള്ള ചന്ദ്രനാഥ സ്വാമിയുടെ വിഗ്രഹം കാണാം.

തൂണുകൾ പറയുന്ന കഥകൾ

ആയിരം ഗ്രാനൈറ്റ് തൂണുകളും കരകൗശല കലാമേളനത്തിന്റെ കമനീയതയുമാണ് ഈ ക്ഷേത്രത്തെ വ്യതിരിക്തമാക്കുന്നത്. ഒരു തൂൺ മറ്റൊന്നുമായി സാമ്യമുള്ളതല്ല. ഓരോന്നിലുമുള്ള കൊത്തുപണികളും വ്യത്യസ്തം. താഴത്തെ നില കരിങ്കല്ലിലും മുകളിലത്തെ രണ്ട് നിലകൾ തടിയിലുമാണ് നിർമിച്ചിരിക്കുന്നത്. നേപ്പാളിലെയും കശ്മീരിലെയും ക്ഷേത്ര വാസ്തുവിദ്യയോട് നിർമിതിക്ക് സാമ്യമുണ്ട്. ക്ഷേത്രത്തിന് മുന്നിൽ 50 അടിയിലധികം ഉയരമുള്ള ഒറ്റക്കല്ലിൽ തീർത്ത മനോഹരമായ മാനസ്തംഭമാണ് മറ്റൊരു അത്ഭുത നിർമിതി. ചെറുപുല്ലുകളാൽ പ്രകൃതി തന്നെ പച്ചപ്പരവതാനി വിരിച്ച തിരുമുറ്റത്തുകൂടി പ്രദക്ഷിണം വെച്ച് കലയും കാൽപനികതയും ആയിരങ്ങളുടെ വിയർപ്പും നിശ്ചയദാർഢ്യവും സമന്വയിച്ച അത്ഭുത സൃഷ്ടി കൺനിറയെ കണ്ട് മടങ്ങുമ്പോൾ ആയിരം സ്തംഭ ക്ഷേത്രം മനസ്സിൽ മായാത്ത മുദ്രയായി പ്രതിഷ്ഠിതമാവുന്നു.

വരാംഗ തടാക ക്ഷേത്രം

ഉഡുപ്പി ജില്ലയിൽ കാർക്കളക്ക് സമീപമുള്ള വരാംഗ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും മനോഹരവുമായ ഒരു ജൈനക്ഷേത്രമാണ് വരാംഗ തടാക ജെയിൻ ക്ഷേത്രം (Varanga Lake Jain Temple). 11 ഏക്കറിലധികം വിസ്തൃതിയുള്ള മനുഷ്യനിർമിത തടാകത്തിന് നടുവിലായാണ് ക്ഷേത്രം. കെരെ ബസദി എന്നും വെള്ളത്തിന് നടുവിലെ ഈ ജൈനക്ഷേത്രത്തെ വിളിക്കുന്നു. തടാകക്കരയിൽ നിന്നും വഞ്ചിയിൽ മാത്രമേ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളു. 20 രൂപ ടിക്കറ്റെടുത്താൽ ക്ഷേത്രത്തിലെത്തിച്ച് തിരിച്ച് ഇക്കരെയെത്തിക്കും.തടാകത്തിലെ മനോഹരമായ താമരപ്പൂക്കളും വഞ്ചിയെ കൂട്ടത്തോടെ അനുഗമിക്കുന്ന മത്സ്യങ്ങളെയും സകുടുംബം നീന്തി ഉല്ലസിക്കുന്ന ജലപക്ഷികളെയും കണ്ടുകൊണ്ടുള്ള വഞ്ചിയാത്ര നല്ല അനുഭവമാണ്. ശാന്തമായ അന്തരീക്ഷവും മനസ്സിന് നൽകുന്ന ആനന്ദം ചെറുതല്ല. മുഴുവനായും കരിങ്കല്ലുകളിലാണ് നക്ഷത്രാകൃതിയിലുള്ള ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്.

നാല് ദിക്കുകളിലേക്കും കവാടങ്ങളുള്ളതിനാൽ ചതുർമുഖ ബസദി എന്നും വിളിപ്പേരുണ്ട്. 23ാമത് ജൈന തീർഥങ്കരനായ പാർശ്വനാഥ സ്വാമിയാണ് പ്രധാന പ്രതിഷ്ഠ. കൂടാതെ മറ്റ് മൂന്ന് ഭാഗങ്ങളിലായി അനന്തനാഥൻ, നേമിനാഥൻ, ശാന്തിനാഥൻ എന്നീ തീർഥങ്കരന്മാരുടെ വിഗ്രഹങ്ങളും പ്രതിഷ്ഠിച്ചിട്ടുണ്ട്. പത്മാവതി ദേവിയുടെ വിഗ്രഹവും ഇവിടെ ആരാധിക്കപ്പെടുന്നു.

12ാം നൂറ്റാണ്ടിലാണ് തടാകവും ഈ ക്ഷേത്രവും നിർമിക്കപ്പെട്ടത് എന്നാണ് ചരിത്രമതം. തടാക ക്ഷേത്രത്തിന് മുന്നിൽ മറ്റൊരു പുരാതന ജെയിൻ ക്ഷേത്രവും സ്ഥിതിചെയ്യുന്നുണ്ട്. തടാക ക്ഷേത്രത്തിന് നേരെ മുന്നിൽ കരയിലുള്ള 1000 വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രവും പൂർണമായും കരിങ്കല്ലിൽ നിർമിച്ചതാണ്. വലുപ്പം കുറവാണെങ്കിലും ആയിരം സ്തംഭ ക്ഷേത്രത്തിന്റെ രൂപം തന്നെയാണ് ഈ ആരാധനാലയത്തിനുമുള്ളത്. ക്ഷേത്രത്തിനു മുന്നിലെ പച്ചവിരിച്ച വയൽക്കാഴ്ചയും കൂടുതൽ മനോഹരമാക്കുന്നു.

കവലെ ദുർഗ കോട്ട

തടാക ക്ഷേത്രത്തിൽ നിന്ന് രണ്ടു മണിക്കൂറോളം യാത്ര ചെയ്താണ് ശിവമൊഗ്ഗ ജില്ലയിലെ ചരിത്രപ്രസിദ്ധമായ കവലെ ദുർഗ കോട്ടയിലെത്തിയത്. മറ്റൊരു ഗ്രാനൈറ്റ് അത്ഭുതമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ശിവമൊഗ്ഗ ജില്ലയിലെ മലയോര ഗ്രാമമായ തീർഥഹള്ളിയിൽ നിന്നും 18 കിലോമീറ്റർ മാറിയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടിലാണ് കോട്ട നിർമിക്കപ്പെട്ടത്. പിന്നീട് പതിനാലാം നൂറ്റാണ്ടിൽ ചെലുവരംഗപ്പ ഇത് നവീകരിച്ചതായും പറയുന്നു.

വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചക്കുശേഷം സ്വതന്ത്രരായ കേളടി നായകന്മാരുടെ (Keladi Nayakas) നാലാമത്തെയും അവസാനത്തെയും തലസ്ഥാനമായിരുന്നു കോട്ട. ഭുവനഗിരി എന്നും മലയുടെ മുകളിലെ കോട്ടക്ക് പേരുണ്ടായിരുന്നു. പിന്നീട് ഈ കോട്ട ഹൈദരാലിയും ടിപ്പു സുൽത്താനും കീഴടക്കുകയുണ്ടായി. എന്നാൽ, കോട്ടക്കകത്തെ രണ്ട് പ്രധാന ക്ഷേത്രങ്ങൾ ഇന്നും പ്രായാധിക്യത്തിന്റെ അസ്കിതയൊഴിച്ചാൽ മറ്റൊരു പോറലുമേൽക്കാതെ നിലനിൽക്കുന്നു.

പശ്ചിമഘട്ട മലനിരകളിലെ ഇടതൂർന്ന കാടുകൾക്ക് നടുവിലാണ് കവലെ ദുർഗയെന്ന ചരിത്ര നിർമിതി. കോട്ടക്കുള്ളിൽ കാശി വിശ്വനാഥ ക്ഷേത്രം, ലക്ഷ്മി നാരായണ ക്ഷേത്രം, ഒരു പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ, കുളങ്ങൾ, ഒരു പള്ളി എന്നിവ കാണാം.പ്രകൃതിഭംഗിയും സാഹസികയാത്രയും ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട കേന്ദ്രമാണിവിടം. ആദ്യം കണ്ണിന് കുളിരു നൽകുന്നത് ഹരിത കമ്പളമണിഞ്ഞ നെൽപാടങ്ങൾ. വെള്ളമൊഴുകുന്ന ചെറു ആണിത്തോടുകൾ കടന്ന് വയൽ വരമ്പിലൂടെ കുറച്ചുദൂരം നടന്നാൽ മല കയറാം. കരിങ്കൽ വിരിച്ച വീതിയുള്ളതാണ് പാത. നൂറ്റാണ്ടുകളായി മനുഷ്യരുടെ പാദങ്ങളും കുതിരക്കുളമ്പുകളും പതിഞ്ഞ് പരുവപ്പെട്ട കൽപാതകൾക്കുമുണ്ട് ഏറെ കഥ പറയാൻ.

രാജവെമ്പാലകൾ

രാജവെമ്പാലകളുടെ ഇഷ്ടയിടമാണത്രെ ഇവിടം. ഇതാണ് പാത വീതിയിൽ നിർമിക്കാൻ കാരണമെന്നു പറയപ്പെടുന്നു. കോട്ടയിലെ ക്ഷേത്ര ചുവരിലും രാജവെമ്പാലയെ കൊത്തിവെച്ചതു കാണാം. രണ്ടു കിലോമീറ്റർ കയറ്റം കയറി മുകളിലെത്തിയാൽ കാഴ്ചയുടെ ഉത്സവമാണ്. മുകളിൽ നിന്ന് വരാഹി ഡാമിന്റെ ബാക്ക്‌വാട്ടറും മനോഹരമായ സൂര്യാസ്തമയവും കാണാൻ സാധിക്കും. ഒപ്പം പച്ചവിരിച്ച കാടും കറുത്ത പാറക്കൂട്ടങ്ങളും മനോഹരമായ കുളവും തടാകവും. ചരിത്രം പൂവിട്ട മൺതരികൾ ചവിട്ടിനടക്കുമ്പോൾ നാടിന്റെ ഗതകാല സംസ്കൃതിയുടെ ഗൃഹാതുര സ്മൃതികളാണ് മനസ്സിൽ തെളിയുന്നത്. വൈകീട്ട് അഞ്ചുവരെ മാത്രമാണ് പ്രവേശനം. ഫീസില്ല. വാഹന പാർക്കിങ്ങിന് 50 രൂപ കൊടുക്കണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Where Stones Tell Tales: A Journey Through Karnataka’s Historic Temples and Forts
Next Story