13-ാം തവണയും സിംഗപ്പൂർ ഷാംഗി വിമാനത്താവളം ഒന്നാമത്; ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങൾ
text_fieldsസിംഗപ്പൂർ ഷാംഗി വിമാനത്താവളം
വെറും യാത്രാ കേന്ദ്രങ്ങൾ എന്നതിലുപരി അത്യാധുനിക സൗകര്യങ്ങളുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായി ലോകത്തെ വിമാനത്താവളങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ ഏവിയേഷൻ സർവേ ഏജൻസിയായ സ്കൈട്രാക്സ് പുറത്തുവിട്ട 2026ലെ കണക്കുകൾ പ്രകാരം വിമാനത്താവളങ്ങളുടെ നിലവാരത്തിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. സ്കൈട്രാക്സിന്റെ വാർഷിക 'വേൾഡ് എയർപോർട്ട് അവാർഡ്‌സ്' പ്രകാരം സിംഗപ്പൂർ ഷാംഗി വിമാനത്താവളം വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 13-ാം തവണയാണ് ഷാംഗി ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെടുന്നത്. കൂടാതെ മികച്ച ഡൈനിങ്, ഇമിഗ്രേഷൻ സർവീസ്, ഏഷ്യയിലെ മികച്ച വിമാനത്താവളം എന്നീ പുരസ്കാരങ്ങളും സ്വന്തമാക്കി.
ഷാംഗി എയർപോർട്ട് (സിംഗപ്പൂർ), ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ട് (ദക്ഷിണ കൊറിയ), ടോക്കിയോ ഹനേഡ എയർപോർട്ട് (ജപ്പാൻ), ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (ഖത്തർ), ടോക്കിയോ നരിത്ത എയർപോർട്ട് (ജപ്പാൻ), പാരിസ് ചാൾസ് ഡി ഗാൾ എയർപോർട്ട് (ഫ്രാൻസ്), മ്യൂണിക്ക് എയർപോർട്ട് (ജർമ്മനി), ഇസ്താംബുൾ എയർപോർട്ട് (തുർക്കി), സൂറിച്ച് എയർപോർട്ട് (സ്വിറ്റ്സർലൻഡ്), വാൻകൂവർ ഇന്റർനാഷണൽ എയർപോർട്ട് (കാനഡ) എന്നീ വിമാനത്താവളങ്ങളാണ് ആദ്യ പത്തിൽ ഇടം പിടിച്ചത്.
ലോകത്തിലെ ഏറ്റവും 'ഫാമിലി ഫ്രണ്ട് ലി' വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ട ഇഞ്ചിയോൺ, കഴിഞ്ഞ വർഷത്തെ നാലാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. പശ്ചിമേഷ്യയിലെ പ്രാദേശിക സംഘർഷങ്ങളെത്തുടർന്ന് ദോഹ വിമാനത്താവളത്തിന് ഇത്തവണ ആദ്യ സ്ഥാനങ്ങളിൽ നിന്ന് പിന്നോട്ട് പോകേണ്ടി വന്നു. ടോക്കിയോ ഹനേഡ, നരിത്ത ജപ്പാനിലെ ഈ രണ്ട് വിമാനത്താവളങ്ങൾ യഥാക്രമം മൂന്നും അഞ്ചും സ്ഥാനങ്ങൾ നിലനിർത്തി. ഈ വർഷത്തെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത് ഇസ്താംബുളും വാൻകൂവറുമാണ്. ഇസ്താംബുൾ എയർപോർട്ട് കഴിഞ്ഞ വർഷത്തെ 14-ാം സ്ഥാനത്തുനിന്ന് എട്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. വാൻകൂവർ ഇന്റർനാഷണൽ 2025ലെ 13-ാം സ്ഥാനത്തുനിന്ന് പത്താം സ്ഥാനത്തെത്തി വാൻകൂവറും കരുത്തറിയിച്ചു.
2026ലെ സ്കൈട്രാക്സ് റാങ്കിങ്ങിൽ ഇന്ത്യൻ വിമാനത്താവളങ്ങളും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ലോകത്തെ മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് നാല് വിമാനത്താവളങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ലോകത്തെ മികച്ച 30 വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ വിമാനത്താവളമാണ് ഡൽഹി വിമാനത്താവളം. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ച വിമാനത്താവളമെന്ന ഖ്യാതി തുടർച്ചയായ എട്ടാം വർഷവും ഡൽഹി വിമാനത്താവളം നിലനിർത്തി. ലോക റാങ്കിങ്ങിൽ കഴിഞ്ഞ വർഷത്തെ 32-ാം സ്ഥാനത്തുനിന്ന് 28-ാം സ്ഥാനത്തേക്ക് ഡൽഹി ഉയർന്നു. പ്രതിവർഷം 7 കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ലോകത്തെ മികച്ച മൂന്ന് വിമാനത്താവളങ്ങളിൽ ഒന്നായും ഡൽഹി തിരഞ്ഞെടുക്കപ്പെട്ടു.
യാത്രക്കാരോടുള്ള ജീവനക്കാരുടെ മികച്ച പെരുമാറ്റത്തിനും സേവനത്തിനുമുള്ള പുരസ്കാരം ഹൈദരാബാദ് വിമാനത്താവളം സ്വന്തമാക്കി. ലോക റാങ്കിങ്ങിൽ വലിയ കുതിച്ചുചാട്ടം നടത്തിയ ഹൈദരാബാദ് 56-ാം സ്ഥാനത്തുനിന്ന് 43-ാം സ്ഥാനത്തേക്ക് എത്തി. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തിൽ 41-ാം സ്ഥാനത്താണ് ബംഗളൂരു. ഇവിടുത്തെ ടെർമിനൽ-2 (T2) അതിന്റെ അത്യാധുനിക രൂപകൽപ്പനയിലൂടെയും 5-സ്റ്റാർ റേറ്റിങ്ങിലൂടെയും ലോകശ്രദ്ധ നേടിയിട്ടുണ്ട്.
പുതുതായി പ്രവർത്തനമാരംഭിച്ച ഗോവയിലെ മോപ്പ വിമാനത്താവളം (ഗോവ മനോഹർ അന്താരാഷ്ട്ര വിമാനത്താവളം) ശുചിത്വത്തിന്റെ കാര്യത്തിൽ വലിയ നേട്ടം കൈവരിച്ചു. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും വൃത്തിയുള്ള വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ട ഗോവ, ആഗോള റാങ്കിങ്ങിൽ 64-ാം സ്ഥാനത്താണ്. സൗകര്യങ്ങളിലും സേവനത്തിലും വലിയ മാറ്റങ്ങൾ വരുത്തിയ മുംബൈ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളം ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആഗോള റാങ്കിങ്ങിൽ 66-ാം സ്ഥാനത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

