വിമാനത്താവളത്തിനുള്ളിലെ വിസ്മയം: എന്തുകൊണ്ടാണ് ഷാംഗി ലോകത്തിലെ 'നമ്പർ വൺ' ആകുന്നത്
text_fieldsഇമിഗ്രേഷൻ ബൂത്തുകൾക്ക് മുന്നിലെ നീണ്ട നിര, ചെക്ക്-ഇന്‍ നടപടികൾക്കായുള്ള തിക്കും തിരക്കും, വിരസമായ അകത്തളങ്ങൾ, ബോർഡിംഗ് കോളിനായി കാത്തിരിക്കുമ്പോൾ സമയം കളയാൻ ഒന്നുമില്ലാത്ത അവസ്ഥ, ഇതൊക്കെയാണ് മിക്ക വിമാനത്താവളങ്ങളിലെയും സ്ഥിരം കാഴ്ച. എന്നാൽ സിംഗപ്പൂരിലെ ഷാംഗി വിമാനത്താവളത്തിൽ കാര്യങ്ങൾ അങ്ങനെയല്ല.
2025 ൽ ലോകത്തിലെ മികച്ച വിമാനത്താവളമായി സ്കൈട്രാക്സ് തിരഞ്ഞെടുത്ത സിംഗപ്പൂർ ഷാംഗി വിമാനത്താവളം ആഡംബരത്തിന്റെ പുതപ്പണിഞ്ഞ, പ്രതിസന്ധികളില്ലാത്ത ഭാവികാല യാത്രാനുഭവത്തിന്റെ പര്യായമാണ്. പ്രതിവർഷം 9 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള നാല് ടെർമിനലുകളുള്ള ഷാംഗി ഏഷ്യയിലെ ഏറ്റവും വലിയ കണക്റ്റിവിറ്റിയുള്ള വിമാനത്താവളങ്ങളിലൊന്നാണ്. ലോകമെമ്പാടുമുള്ള 170 നഗരങ്ങളുമായി ഇത് ബന്ധിപ്പെട്ടിരിക്കുന്നു. 100 ഓളം വിമാനക്കമ്പനികൾ ആഴ്ചയിൽ 7,300 വിമാനങ്ങൾ സർവീസുകളാണ് ഇവിടെ നടത്തുന്നത്.
2025 ൽ ആകെ 6.998 കോടി യാത്രക്കാരും 3.74 ലക്ഷം വിമാന സർവീസുകളുമാണ് ഷാംഗിയിൽ രേഖപ്പെടുത്തിയത്. ഇന്ത്യ, ചൈന, മലേഷ്യ, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്നും പ്രധാനമായും സർവീസ് നടത്തുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള യാത്രക്കാരുടെ എണ്ണം 56 ലക്ഷമായി ഉയർന്നുവെന്നതും ശ്രദ്ധേയമാണ്.
സമൂഹമാധ‍്യമങ്ങളിലും ആഗോളതലത്തിലും ശ്രദ്ധേയമായ ഷാംഗി വിമാനത്താവളം തുടക്കത്തിൽ ഇന്നത്തേതിൽ നിന്നും വിപരീതമായിരുന്നു.1981ലായിരുന്നു ഒന്നാം ടെർമിനൽ ഉദ്ഘാടനം ചെയ്തത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സംയോജനം മുതൽ ആഡംബരപൂർണ്ണമായ ട്രാൻസിറ്റ് അനുഭവം നൽകി ഷാംഗി വിമാനത്താവളം മാറ്റങ്ങൾക്ക് വിധേയമായി. ഇന്ന് ഭാവിയിലെ വിമാനയാത്ര എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമഉദാഹരണമാണ് ഷാംഗി വിമാനത്താവളം.
വിമാനത്താവളത്തിന്റെ വിപുലീകരണം
മുംബൈ, സിഡ്നി, ന്യൂയോർക്ക്, ലണ്ടൻ തുടങ്ങിയ നഗരങ്ങളിൽ 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ വ്യോമഗതാഗതം ആരംഭിച്ചുവെങ്കിലും, ഷാംഗി വിമാനത്താവളത്തിന്‍റെ ഒന്നാം ടെർമിനൽ നിലവിൽ വന്നത് 1981-ലാണ്. പിന്നീട്, യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും യാത്രാ അനുഭവം മെച്ചപ്പെടുത്താനുമായി രണ്ടുതവണ നവീകരണപ്രവർത്തനങ്ങൾ നടത്തി. 2019 ലാണ് അവസാനമായി നവീകരണം പൂർത്തിയാക്കിയത്.
1990ലാണ് രണ്ടാമത്തെ ടെർമിനൽ പ്രവർത്തനം തുടങ്ങിയത്. 2023 നവംബറിൽ പുനർനവീകരണം നടത്തിയ ഈ ടെർമിനൽ, ചെക്ക്-ഇന്നുകളും ഇമിഗ്രേഷനും കൂടുതൽ സുഗമമാക്കുന്ന അത്യാധുനിക സംവിധാനങ്ങളും ഹരിതഭംഗിയും ഒത്തിണങ്ങിയതാണ്. 2008ലാണ് മൂന്നാമത്തെ ടെർമിനൽ ആരംഭിച്ചത്. തുടർന്ന് 2017 ൽ നാലാമത്തെ ടെർമിനൽ പ്രവർത്തനസജ്ജമായി.
2024 നവംബറിൽ വിമാനത്താവള ഗ്രൂപ്പ് ടെർമിനലുകൾ നവീകരിക്കാൻ 300 കോടി സിംഗപ്പൂർ ഡോളർ പ്രഖ്യാപിച്ചു. ലഗേജ് കൈകാര്യം ചെയ്യൽ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ നടപടികൾ, ടെർമിനലുകൾക്കിടയിലുള്ള സ്കൈട്രെയിൻ കണക്റ്റിവിറ്റി എന്നിവയിൽ കൂടുതൽ കാര്യക്ഷമമാക്കുയാണ് നവീകരണത്തിലൂടെ ലക്ഷ‍്യം വക്കുന്നത്.
എന്തുകൊണ്ടാണ് വിപുലീകരണത്തിനായി ഇത്രയധികം തുക ചിലവഴിക്കുന്നത്?
സിംഗപ്പൂരിന്റെ സമ്പദ്‌വ്യവസ്ഥ വിനോദസഞ്ചാരമേഖലയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സിംഗപ്പൂർ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ മേഖലയിലെ വരുമാനം 200 കോടി ഡോളറായി ഉയർന്നിരുന്നു. ഇത് 2023 നെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ഷാംഗി എയർപോർട്ടിൽ വന്നിറങ്ങുന്ന പലരും സിംഗപ്പൂർ സന്ദർശിക്കാൻ വേണ്ടിയല്ല എത്തുന്നത്. സിംഗപ്പൂരിനെ ഒരു ട്രാൻസിറ്റ് ഹബ്ബായാണ് അവർ ഉപയോഗിക്കുന്നത്. നിലവിൽ ഈ യാത്രക്കാരിൽ നിന്ന് വിനോദസഞ്ചാര വരുമാനം വർധിപ്പിക്കാനാണ് അധികൃതർ വിമാനത്താവളത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത്. നാല് ടെർമിനലുകൾ നവീകരിക്കുന്നതിനൊപ്പം പുതിയ അഞ്ചാമത്തെ ടെർമിനലിന്റെ നിർമ്മാണവും നടക്കുന്നുണ്ട്. ഏതാണ്ട് 2030 ഓടെ അഞ്ചാമത്തെ ടെർമിനൽ യാത്രക്കാർക്കായി സമർപ്പിക്കും. ഇതോടെ പ്രതിവർഷം 14 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഷാംഗി വിമാനത്താവളത്തിന് കഴിയുമെന്നാണ് നിഗമനം.
വിമാനത്താവളത്തിലെ കാഴ്ചകൾ
യാത്രക്കാർ ബോർഡിംഗിനായി കാത്തിരിക്കുന്ന സമയത്ത് രസകരമായ അനുഭവങ്ങൾ നൽകിയാൽ അത് വിനോദസഞ്ചാരമേഖലക്ക് വലിയ മുതൽകൂട്ടാകും. എയറോടെൽ, ക്രോൺ പ്ലാസ തുടങ്ങിയ ആഡംബര ഹോട്ടലുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കുട്ടികൾക്കായുള്ള കളിസ്ഥലങ്ങളും മനോഹരമായ പൂന്തോട്ടങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന സിനിമാ തിയേറ്ററും ഇവിടെയുണ്ട് യാത്രക്കാർക്ക് മറക്കാനാവാത്ത അനുഭവം നൽകുന്നു.
എങ്ങനെയാണ് ഭാവിയിലേക്ക് ചുവടുവെക്കുന്നത്?
പാസ്‌പോർട്ട് രഹിത ഇമിഗ്രേഷൻ: മുഖം സ്കാൻ ചെയ്യുന്നതിലൂടെ മാത്രം ഇമിഗ്രേഷൻ പൂർത്തിയാക്കാം.
ഓട്ടോമേഷൻ: വൃത്തിയാക്കാനും ലഗേജ് കൊണ്ടുപോകാനും റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നു.
സിംഗപ്പൂർ ഷാംഗി വിമാനത്താവളം കേവലം ഒരു ഗതാഗതമാർഗം മാത്രമല്ല, മറിച്ച് വിമാനയാത്രയുടെ ഭാവി രൂപപ്പെടുത്തുന്ന നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു ആവാസവ്യവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

