Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമഞ്ഞുമലകളിൽ ജീവിക്കണം,...

മഞ്ഞുമലകളിൽ ജീവിക്കണം, മരിക്കണം

text_fields
bookmark_border
മഞ്ഞുമലകളിൽ ജീവിക്കണം, മരിക്കണം
cancel
camera_alt

പോളാർ മ്യൂസിയം

Victory awaits him who has everything in order-people call this luck. Defeat is certain for him who has neglected to take the necessary precautions in time-this is called bad luck.

ധ്രുവപര്യവേക്ഷണ ചരിത്രത്തിലെ ഇതിഹാസമായ റോൾഡ് ആമുണ്ട്‌സന്റെ (Roald Amundsen) ഈ വരികളിൽ അദ്ദേഹത്തിന്റെ ജീവിതദർശനം ഉള്ളടങ്ങിയിരിക്കുന്നു. ലോകത്തിലാദ്യമായി ദക്ഷിണധ്രുവത്തിൽ പാദമുദ്ര പതിപ്പിച്ച വ്യക്തിയും, ഉത്തര-ദക്ഷിണ ധ്രുവങ്ങൾ ഒരുപോലെ തൊട്ടറിഞ്ഞ ആദ്യ മനുഷ്യനുമായിരുന്നു അദ്ദേഹം. അമാനുഷികമായ സിദ്ധികൾ കൊണ്ടല്ല, മറിച്ച് അങ്ങേയറ്റം കൃത്യതയാർന്ന ആസൂത്രണവും മുൻകരുതലുകളും പ്രായോഗിക ബുദ്ധിയും കൊണ്ടാണ് അദ്ദേഹം ലോകം അസാധ്യമെന്ന് കരുതിയ ലക്ഷ്യങ്ങൾ കീഴടക്കിയത്. പര്യവേക്ഷണമെന്നത് അദ്ദേഹത്തിന് ഓരോ ചുവടിലും ജാഗ്രത വേണ്ടുന്ന ഒരു ശാസ്ത്രമായിരുന്നു. പര്യവേക്ഷണ ലോകത്തെ ‘സ്‌കാൻഡിനേവിയൻ നീൽ ആംസ്‌ട്രോങ്’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ആംസ്‌ട്രോങ് ചന്ദ്രനിൽ പോയതുപോലെ അക്കാലത്ത് അസാധ്യമായ ഒന്നായിരുന്നു ധ്രുവങ്ങൾ കീഴടക്കുക എന്നത്. ആധുനിക സൗകര്യങ്ങളില്ലാത്ത കാലത്ത് ഒരു വിദേശ വൻശക്തിയെ പരാജയപ്പെടുത്തി സ്വന്തം രാജ്യത്തിനായി അദ്ദേഹം വിജയം നേടി.

‘ലാതം 47’ ഫ്ലയിങ് ബോട്ടിനുമുന്നിൽ ആമുണ്ട്‌സെൻ

റോൾഡ് ആമുണ്ട്‌സനെക്കുറിച്ചുള്ള ഇത്തരം അറിവുകൾ സ്വാഭാവികമായും എന്നെ എത്തിച്ചത് ‘ആർട്ടിക്കിലേക്കുള്ള കവാടം’ എന്നറിയപ്പെടുന്ന നോർവേയിലെ ട്രോംസോ നഗരത്തിലാണ്. തണുത്ത ആ ദിനങ്ങളിൽ അവിടെ എത്തുമ്പോൾ, സഞ്ചാരികളെ ആകർഷിക്കുന്ന ഉത്തരധ്രുവത്തിലെ വർണവിസ്മയമായ നോർതേൺ ലൈറ്റ്‌സിനേക്കാൾ അവിടേക്ക് അടുപ്പിച്ചത് ആർട്ടിക് പര്യവേക്ഷണങ്ങളുടെ ആവേശകരമായ ചരിത്രവും ട്രോംസോയ്ക്ക് ധ്രുവലോകവുമായുള്ള അവിഭാജ്യമായ ബന്ധവുമായിരുന്നു. ആ നഗരത്തിന്റെ ഓരോ കോണിലും ആമുണ്ട്‌സന്റെ സ്മരണകൾ തിരയടിക്കുന്നുണ്ടായിരുന്നു.

‘നോർഗെ’ എയർഷിപ്പ്

പോളാർ മ്യൂസിയത്തിലെ കാലഗണനയും ഗൈഡ് ‘എലിനും’

അവിടെ സന്ദർശിച്ച പോളാർ മ്യൂസിയം ക്രമീകരിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ പര്യവേക്ഷണങ്ങളുടെ കാലഗണന വെളിവാക്കുന്ന രീതിയിലാണ്. മരവിച്ച കടലിലൂടെയും മഞ്ഞുപാളികളിലൂടെയും അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ ചിത്രങ്ങളും അവശിഷ്ടങ്ങളും ആമുണ്ട്‌സന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകൾ അനാവരണം ചെയ്യുന്നു. മ്യൂസിയത്തിനുള്ളിലേക്ക് കയറിയപ്പോൾ സ്വീകരിച്ചത് ഗൈഡായ എലിൻ ആയിരുന്നു. ‘ഇവിടെയുള്ള ഓരോ വസ്തുവിനും മഞ്ഞിന്റെയും അതിജീവനത്തിന്റെയും കഥ പറയാനുണ്ട്.’ തിളങ്ങുന്ന കണ്ണുകളോടെ എലിൻ പറഞ്ഞുതുടങ്ങി.

കണ്ണാടിക്കൂട്ടിൽ വെച്ചിരുന്ന ഒരു പഴയ റേസറിലേക്ക് (Straight Razor) എലിൻ ശ്രദ്ധ ക്ഷണിച്ചു. അതിൽ വ്യക്തമായി കൊത്തിവെച്ചിട്ടുണ്ടായിരുന്നു: *‘Roald Amundsen, 1902’*. ‘ഒരു പര്യവേക്ഷകന്റെ പ്രധാന ഗുണം എന്താണെന്ന് അറിയാമോ?’ എലിൻ ചോദിച്ചു, ‘ഏത് സാഹചര്യത്തിലും അച്ചടക്കം കൈവിടാതിരിക്കുക’ എന്നതാണത്രെ അത്. മരവിക്കുന്ന തണുപ്പിലും ആമുണ്ട്‌സൻ തന്റെ വ്യക്തിശുചിത്വവും ആത്മവിശ്വാസവും കാത്തുസൂക്ഷിച്ചിരുന്നു.

‘ഫ്രിത്ത്‌ജോഫ്‌സ് സാഗ’ പുസ്തകം

തൊട്ടടുത്ത് നീല വെൽവെറ്റ് തുണിയിൽ പൊതിഞ്ഞുവെച്ചിരുന്ന ഒരു പഴയ പുസ്തകം. Esaias Tegner എഴുതിയ** ‘ഫ്രിത്ത്‌ജോഫ്‌സ് സാഗ’ ** എന്ന ഐസ്‍ലാൻഡിക് വീരഗാഥയുടെ 1827ലെ പതിപ്പായിരുന്നു അത്. അതായിരുന്നു ആമുണ്ട്‌സന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം. അദ്ദേഹത്തിന്റെ പോയ എല്ലാ ധ്രുവയാത്രകളിലും ഈ പുസ്തകം കൂടെയുണ്ടായിരുന്നു. കഠിനമായ നിമിഷങ്ങളിൽ, ഏകാന്തത മനസ്സിനെ വരിഞ്ഞു മുറുക്കുമ്പോൾ ഊർജം ലഭിക്കാൻ അദ്ദേഹം ഇതിലെ വരികൾ വായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പര്യവേക്ഷണ ശൈലി അത്യന്തം തനതായതായിരുന്നു. ബ്രിട്ടീഷ് പര്യവേക്ഷകർ ധീരതക്കും കഠിനാധ്വാനത്തിനും പ്രാധാന്യം നൽകിയപ്പോൾ ആമുണ്ട്‌സൻ ഊന്നൽ നൽകിയത് പ്രായോഗിക ബുദ്ധിക്കായിരുന്നു. യൂറോപ്യന്മാരുടെ കനത്ത കമ്പിളി വസ്ത്രങ്ങൾക്കുപകരം വായുസഞ്ചാരമുള്ളതും മഞ്ഞുരുകി തണുപ്പ് ഉള്ളിലേക്ക് കടക്കാത്തതുമായ ഇൻക്യൂട്ട് വംശജരുടെ മൃഗത്തോൽ വസ്ത്രങ്ങളാണ് അദ്ദേഹം തിരഞ്ഞെടുത്തത്. മഞ്ഞിൽ കാഴ്ച മങ്ങുന്നത് ഒഴിവാക്കാൻ ഇൻക്യൂട്ടുകൾ ഉപയോഗിച്ചിരുന്ന പ്രത്യേക കണ്ണടകൾ ധരിക്കുകയും, ഭക്ഷണത്തിൽ കൃത്യമായ പോഷകങ്ങൾ ഉൾപ്പെടുത്തി തന്റെ സംഘത്തിന് സ്‌കർവി പോലുള്ള രോഗങ്ങൾ വരാതെ കാത്തുസൂക്ഷിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ദീർഘവീക്ഷണം സമാനതകളില്ലാത്തതായിരുന്നു. പ്രായോഗികമായ സാധനങ്ങൾ മാത്രം കരുതുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.

ജിജോവയുടെ യാത്രയും മനഃശാസ്ത്ര സമീപനവും

ആമുണ്ട്സൻ ഉപയോഗിച്ചിരുന്ന സ്ലെഡ്ജ്

ആമുണ്ട്‌സന്റെ പ്രായോഗികബുദ്ധിയുടെ ആഴം മനസ്സിലാക്കാൻ ‘ജിജോവയുടെ യാത്ര’ പരിശോധിച്ചാൽ മതിയാകും എന്ന് മ്യൂസിയത്തിലെ മാതൃകകൾ ചൂണ്ടിക്കാട്ടി എലിൻ പറഞ്ഞു. 1903ൽ വടക്കുപടിഞ്ഞാറൻ പാത കീഴടക്കാൻ അദ്ദേഹം പുറപ്പെട്ടത് വെറും 47 ടൺ ഭാരമുള്ള ഒരു ചെറിയ മീൻപിടുത്ത ബോട്ടുമായായിരുന്നു. വലിയ കപ്പലുകൾ ഐസിൽ കുടുങ്ങുമ്പോൾ, ചെറിയ ബോട്ട് ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെ സുരക്ഷിതമായി നീങ്ങി. കപ്പലിലെ ജീവനക്കാർക്ക് നീണ്ട യാത്രകളിൽ വിരസതയും മാനസിക സമ്മർദവും തോന്നാതിരിക്കാൻ അദ്ദേഹം ഒരു ഗ്രന്ഥശാലയും ഗ്രാമഫോണും കപ്പലിൽ കരുതിയിരുന്നു.

ദക്ഷിണധ്രുവം കീഴടക്കിയ തന്ത്രങ്ങൾ

മ്യൂസിയത്തിലെ അടുത്ത ഗാലറിയിലേക്ക് നടക്കുമ്പോൾ ചില വെങ്കല മണികൾ പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടു. 1911ൽ ദക്ഷിണധ്രുവം കീഴടക്കിയ ചരിത്രപ്രസിദ്ധമായ യാത്രയിൽ ഹെൽമർ ഹാൻസന്റെ നേതൃത്വത്തിലുള്ള നായ്ക്കൂട്ടത്തിന്റെ കഴുത്തിൽ കെട്ടിയിരുന്ന മണികളായിരുന്നു അവ (Sledge Dog Bells). അതിനു തൊട്ടടുത്ത് ഒരു തടിപ്പട്ടിയിൽ സ്ഥാപിച്ച വടക്കുനോക്കിയന്ത്രം. ഈ ചെറിയ കോമ്പസാണ് 1911 ഡിസംബർ 14ന് ആമുണ്ട്‌സനെയും സംഘത്തെയും ദക്ഷിണധ്രുവത്തിന്റെ കൃത്യമായ ബിന്ദുവിൽ എത്തിച്ചത്.

ദക്ഷിണധ്രുവം കീഴടക്കാനുള്ള ചരിത്രപ്രസിദ്ധമായ ഓട്ടത്തിൽ ബ്രിട്ടന്റെ റോബർട്ട് ഫാൽക്കൺ സ്‌കോട്ടിനെ 34 ദിവസങ്ങൾ വ്യത്യാസത്തിലാണ് ആമുണ്ട്‌സൻ പരാജയപ്പെടുത്തിയത്. ആമുണ്ട്‌സൻ സത്യത്തിൽ ഉത്തരധ്രുവത്തിലേക്കാണ് പോകാൻ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, അമേരിക്കൻ പര്യവേക്ഷകർ അത് കീഴടക്കി എന്ന് കേട്ടപ്പോൾ അദ്ദേഹം തന്റെ ലക്ഷ്യം രഹസ്യമായി ദക്ഷിണധ്രുവത്തിലേക്ക് മാറ്റി. സ്വന്തം കപ്പലിലെ ജീവനക്കാരോടും സഹായം നൽകിയ നോർവീജിയൻ സർക്കാറിനോടും പോലും യാത്ര പുറപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ഈ വിവരം പറഞ്ഞത്.

സ്‌കോട്ടിന്റെ സംഘം കുതിരകളെയും മോട്ടോർ സ്ലെഡ്ജുകളെയും ആശ്രയിച്ച് പരാജയപ്പെടുകയും കനത്ത സ്ലെഡ്ജുകൾ മനുഷ്യർ തന്നെ വലിച്ച് ശാരീരികമായി തളരുകയും ചെയ്തപ്പോൾ, ആമുണ്ട്‌സന്റെ സംഘം നായ്ക്കളുടെ വേഗതയിൽ ലക്ഷ്യത്തിലേക്ക് കുതിച്ചു. ആമുണ്ട്‌സൻ ആർട്ടിക്കിലെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ 52 ഹസ്‌കി നായ്ക്കളുമായാണ് ദക്ഷിണധ്രുവത്തിലേക്ക് നീങ്ങിയത്. നായ്ക്കൾക്ക് അമിതഭാരം വലിക്കാനുള്ള കഴിവുണ്ടെന്നും, ഏറ്റവും മോശം സാഹചര്യത്തിൽ ചില നായ്ക്കളെ ഭക്ഷണമായി ഉപയോഗിക്കാമെന്നും അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. വഴിയിലുടനീളം കൃത്യമായ ഇടവേളകളിൽ അദ്ദേഹം ഭക്ഷണവും ഇന്ധനവും അടങ്ങിയ ഡിപ്പോകൾ സ്ഥാപിച്ചു. മഞ്ഞിൽ പെട്ടെന്ന് തിരിച്ചറിയാൻ ഈ ഡിപ്പോകൾക്ക് ചുറ്റും, കറുത്ത പെയിന്റടിച്ച പതാകകൾ സ്ഥാപിച്ച ആമുണ്ട്‌സന്റെ മൈ​േക്രാ പ്ലാനിങ് ലോകത്തെ അത്ഭുതപ്പെടുത്തുന്നു. അങ്ങനെ 1911 ഡിസംബർ 14ന് അദ്ദേഹം ദക്ഷിണധ്രുവത്തിൽ നോർവീജിയൻ പതാക ഉയർത്തി.

ചരിത്രത്തിലെ വലിയൊരു വൈപരീത്യം, വിജയിച്ച ആമുണ്ട്‌സനേക്കാൾ ലോകം അക്കാലത്ത് ആഘോഷിച്ചതും കണ്ണീരോടെ സ്മരിച്ചതും പരാജയപ്പെട്ട് വഴിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയ സ്‌കോട്ടിനെയായിരുന്നു. സ്‌കോട്ട് തന്റെ ഡയറിയിൽ എഴുതിയ വൈകാരികവും നാടകീയവുമായ വരികൾ അദ്ദേഹത്തെ ഒരു ‘റൊമാന്റിക് ഹീറോ’ ആക്കി മാറ്റുന്നു. ഒരു ശാസ്ത്രജ്ഞനെപ്പോലെ കാര്യങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തിയ പ്രായോഗികവാദിയായ ആമുണ്ട്‌സന് അർഹിച്ച അംഗീകാരം ലഭിക്കാൻ കാലമേറെ കാത്തിരിക്കേണ്ടിവന്നു.

ഉത്തരധ്രുവവും തർക്കവും

തോറ്റുകൊടുക്കാൻ ഒരിക്കലും ആമുണ്ട്‌സൻ തയാറായിരുന്നില്ല. അദ്ദേഹം തന്റെ അടുത്ത ലക്ഷ്യത്തിലേക്ക് തിരിഞ്ഞു-ഉത്തരധ്രുവം കീഴടക്കുക. ഈ ലക്ഷ്യത്തിലാണ് ഇറ്റാലിയൻ എയർഷിപ് എൻജിനീയറായ ഉംബർട്ടോ നോബിലിന്റെ സഹായം അദ്ദേഹം തേടുന്നത്. 1926ൽ നോബിലിന്റെ സാങ്കേതിക സഹായത്തോടെ നിർമിച്ച ‘നോർഗെ’ എന്ന എയർഷിപ്പിൽ അവർ ഉത്തരധ്രുവത്തിന് മുകളിലൂടെ വിജയകരമായി പറന്നു. ഈ വിജയത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലി ഇരുവരും തമ്മിൽ വലിയ തർക്കങ്ങൾ ഉടലെടുത്തു. എയർഷിപ് ഡിസൈൻ ചെയ്ത താനാണ് യഥാർഥ ചാമ്പ്യനെന്ന് നോബിലും, പര്യവേക്ഷണത്തിന്റെ ലീഡർ താനാണെന്ന് ആമുണ്ട്‌സനും വാദിച്ചു. നോബിലിന്റെ ഫാഷിസ്റ്റ് ഇറ്റാലിയൻ പശ്ചാത്തലവും മുസ്സോളിനിയുടെ രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളും ആമുണ്ട്‌സന്റെ ലളിതമായ ശൈലിയും പൊരുത്തപ്പെട്ടില്ല. മാധ്യമങ്ങളിലൂടെ പരസ്യമായി പരസ്പരം പഴിചാരി അവർ ബദ്ധശത്രുക്കളായി മാറി. ഈ തർക്കങ്ങളും അവഗണനകളും സാമ്പത്തിക പ്രതിസന്ധികളും ആമുണ്ട്‌സനെ മാനസികമായി തളർത്തി, ഒടുവിൽ തന്റെ കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ച് അദ്ദേഹം പര്യവേക്ഷണങ്ങളിൽനിന്ന് ഔദ്യോഗികമായി വിരമിച്ചു.

ശത്രുവിനായുള്ള അവസാന ത്യാഗം

ചരിത്രം ആമുണ്ട്‌സനായി കരുതിവെച്ച അവസാന അധ്യായം മനോഹരമായ ത്യാഗത്തിന്റേതായിരുന്നു. 1928ൽ നോബിലിന്റെ ‘ഇറ്റാലിയ’ എന്ന പുതിയ എയർഷിപ് ആർട്ടിക്കിൽ തകർന്നുവീണ വാർത്തയറിഞ്ഞപ്പോൾ ആമുണ്ട്‌സൻ തന്റെ ഈഗോയും വിദ്വേഷവും മറന്നു. ശത്രുവായിരുന്നവനെ, മരണത്തിന് വിട്ടുകൊടുക്കാൻ ആമുണ്ട്‌സന് കഴിയുമായിരുന്നില്ല. തന്റെ പ്രായം പോലും വകവെക്കാതെ അദ്ദേഹം രക്ഷാദൗത്യത്തിന് സന്നദ്ധനായി. ‘അവിടെ മുകളിലെ മഞ്ഞിൻകാടുകൾ എത്ര മനോഹരമാണെന്ന് നിങ്ങൾക്കറിയാമോ? അവിടെ വെച്ച് മരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്,’ എന്ന് അദ്ദേഹം തന്റെ സുഹൃത്തുക്കളോട് പറഞ്ഞു.

അത് ഒരു പ്രവചനമായിരുന്നു. മ്യൂസിയത്തിലെ ചുവരിലുള്ള ‘ലാതം 47’ (Latham 47) എന്ന ഫ്ലയിങ് ബോട്ടിന്റെ ചിത്രത്തിലേക്ക് വിരൽ ചൂണ്ടി എലിൻ ആ കഥ പറഞ്ഞുനിർത്തി: ‘1928 ജൂൺ 18ന് ട്രോംസോയുടെ ഇതേ തീരത്തുനിന്നാണ് ഈ വിമാനത്തിൽ അദ്ദേഹം നോബിലിനെ തിരഞ്ഞ് പുറപ്പെട്ടത്. നോബിലിനെ പിന്നീട് മറ്റ് സംഘങ്ങൾ രക്ഷപ്പെടുത്തിയെങ്കിലും, ആമുണ്ട്‌സന്റെ വിമാനം ആർട്ടിക് സമുദ്രത്തിന് മുകളിൽ എവിടെയോ വെച്ച് കാണാതായി.’ താൻ ജീവനോടെ തിരിച്ചുവരില്ലെന്ന് ഒരുപക്ഷേ അദ്ദേഹത്തിന് അറിയാമായിരുന്നിരിക്കാം. താൻ ഏറ്റവും കൂടുതൽ പ്രണയിച്ച മഞ്ഞുലോകത്തുതന്നെ എന്നെന്നേക്കുമായി അലിഞ്ഞുചേർന്നു.

സമുദ്രത്തിൽ മിഴിയൂന്നിയ വെങ്കല പ്രതിമ

ആമുണ്ട്‌സന്റെ ജീവിതം നോർത്ത് വെസ്റ്റ് പാസേജിലെ അതിജീവനത്തിൽ തുടങ്ങി, ദക്ഷിണധ്രുവത്തിലെ വിജയത്തിലൂടെ കടന്ന്, ആർട്ടിക്കിലെ ഒരു രക്ഷാപ്രവർത്തനത്തിൽ അവസാനിച്ചു. അത് പൂർണമായും മഞ്ഞിനോടും കടലിനോടുമുള്ള ഒരു പ്രണയകഥയായിരുന്നു. മ്യൂസിയത്തിൽനിന്നും പുറത്തിറങ്ങി പോളാർ പാർക്കിലേക്ക് നടന്നു. തുറമുഖത്തിന് അരികെയുള്ള പാർക്കിൽ സമുദ്രത്തിലേക്ക് ദൃഷ്ടി പായിച്ചുനിൽക്കുന്ന ആമുണ്ട്‌സന്റെ വെങ്കല പ്രതിമക്ക് മുന്നിൽ നിൽക്കുമ്പോൾ, ആ വലിയ മനുഷ്യൻ തന്റെ അവസാന യാത്ര പുറപ്പെട്ടത് ഇതേ മണ്ണിൽ നിന്നാണല്ലോ എന്ന ചിന്തയിൽ വീണുപോയി.

ആമുണ്ട്‌സന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്, വിജയങ്ങളേക്കാൾ വലിയ കാര്യമാണ് സഹജീവികളോടുള്ള കരുണയും നിസ്വാർഥതയുമെന്നാണ്. അതുകൊണ്ടുതന്നെ, മനുഷ്യസാധ്യമായ പരിമിതികളെ കീഴടക്കിയ, സ്വന്തം ജീവൻ നൽകി മനുഷ്യത്വത്തിന്റെ പുതിയ പാഠങ്ങൾ രചിച്ച റോൾഡ് ആമുണ്ട്‌സൻ എന്ന ധ്രുവനക്ഷത്രം പര്യവേക്ഷകരുടെ ആകാശത്ത് ഒരിക്കലും മായാതെ തിളങ്ങിനിൽക്കും.

ആമുണ്ട്‌സന്റെ വെങ്കല പ്രതിമ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:formermountaineerSnowy mountainsOrmabritish soldier
News Summary - മഞ്ഞുമലകളിൽ ജീവിക്കണം, മരിക്കണം
Next Story