Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
manipur loktak road
cancel
Homechevron_rightTravelchevron_rightDestinationschevron_rightലോക്താക്കിലെ...

ലോക്താക്കിലെ കാട്ടുവഴികളിലൂടെ

text_fields
bookmark_border

ഇംഫാലിലെ ഇമാ മാർക്കറ്റിൽനിന്നും ഡയസീസ് ഓഫ് സോഷ്യൽ സർവിസിലെ റൂമിലെത്തി കുളിച്ച് വസ്ത്രം മാറി എല്ലാവരും അടുക്കളയിലേക്കോടി. ചിക്കൻ കറിയും ചോറും ബ്രെഡ്ഡുമെല്ലാം ഇരിപ്പുണ്ട്. വൈകിട്ടത്തേക്ക് അതുമതിയാകും. രാവിലെ ബ്രെഡ്ഡും ചിക്കനും കഴിക്കാം. ഓരോ കട്ടനടിക്കാനുള്ള മോഹം എല്ലാവർക്കുമുണ്ട്. അടുപ്പ് കത്തിച്ച് ഒരു കലത്തിൽ ചായക്കുള്ള വെള്ളംവെച്ചു. ചിക്കൻ കറിയും ചോറും ചൂടാക്കി. പിന്നെ അവിടെയിരുന്ന ആപ്പിളും മിക്സ്ച‌റും ബിസ്‌ക്കറ്റുമൊക്കെ ആവശ്യക്കാർ തിന്ന് വർത്തമാനം പറഞ്ഞു. അതിനിടെ ചായ തിളച്ചുവാങ്ങി. ചിലർ കട്ടനും മറ്റ് ചിലർ ലെമൻ ടീയുമാക്കി.

ഡയസീസിലെ അവസാന രാത്രിയാണിത്. രാവിലെ ഇവിടം വിടും. മണിപ്പൂരിന്‍റെ മറ്റൊരു ദിക്കിലുള്ള പീസ് മ്യൂസിയവും ലോക്താക് പവർ സ്റ്റേഷനും തടാകവുമുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക്. പിന്നെയും പിന്നെയും കാഴ്ചകളുണ്ട്. അങ്ങനെ ഓരോരോ സ്വപ്നം കണ്ട്, സൊറപറഞ്ഞിരുന്ന സമയത്താണ് ഡയറക്ടർ ഫാ. ബിജുവിന്‍റെ മിന്നൽ സന്ദർശനം. എല്ലാവരും എഴുന്നേറ്റ് അദ്ദേഹത്തിന് ചുറ്റും കൂടി. യാത്രാവിശേഷങ്ങളും താമസത്തെപ്പറ്റിയും ആരാഞ്ഞു. ഇനി പോകാനുള്ള എളുപ്പവഴികളെക്കുറിച്ചും വടക്കുകിഴക്കിന്‍റെ ഭൂപ്രകൃതിയെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചുമെല്ലാം ഞങ്ങളും അദ്ദേഹത്തോട് ചോദിച്ചു. രാഷ്ട്രീയ ചർച്ചകൾക്ക് നേതൃത്വം കൊടുത്തത് സാദിഖലിയും ഹാറൂണും അജയനുമാണ്. അരമുക്കാൽ മണിക്കൂർ കഴിഞ്ഞ് ശുഭരാത്രി നേർന്ന് അദ്ദേഹം തിരിച്ചുപോയി. ഞങ്ങൾ അത്താഴം കഴിച്ച്​ കുറേനേരം കൂടി സംസാരിച്ചിരുന്നു. രാവിലത്തേക്കുള്ള അത്യാവശ്യ പാത്രങ്ങൾ മാത്രം വെച്ച് ബാക്കിയെല്ലാം കഴുകി സ്റ്റോറിൽ കൊണ്ടുവച്ചു.

അടുക്കളയും ഹാളും അടിച്ചുവാരി തുടച്ചിട്ടു. ഇതിനൊക്കെ ഉത്സാഹം കൂട്ടിയത് പുരുഷ കേസരികൾ തന്നെ. പ്രശാന്തും ലാരിയും അലിയും അജയനും പ്രഭുവുമൊക്കെയുണ്ട്. കൂട്ടത്തിൽ ശരണ്യയും കാഞ്ചനയും ഡോ. ആര്യയും ജൂലിയും ഞാനുമുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ സദ്യവട്ടങ്ങൾ കഴിഞ്ഞ പോലെയുണ്ട് മൊത്തത്തിൽ. അത്രക്കും ഒത്തൊരുമയും സഹകരണവും ഉണ്ടായിരുന്നു എല്ലാവർക്കും. ജോലികളൊതുക്കി ചിലരൊക്കെ റൂമിലേക്ക്‌ പോയി. ചിലർ അവിടെയിരുന്ന് കസർത്ത് തുടരുന്നു. സമയം പത്തര ആയിട്ടുണ്ട്. ഉറക്കം വരാൻ തുടങ്ങി.


ഒരു ഫ്ലാസ്ക് ചൂടുവെള്ളവുമെടുത്ത് ഞാനും ഡൈനിംഗ് ഹാൾ വിട്ടിറങ്ങി. പുറത്ത് നല്ല ഇരുട്ടുണ്ട്. രണ്ടുമൂന്നു കെട്ടിടത്തിനപ്പുറമാണ് ഞങ്ങളുടെ താമസം. സഹമുറിയത്തി ജൂലി മുമ്പേ പോയിരുന്നു. മുറ്റത്തൊന്നും ആരെയും കാണാനില്ല. ഞാൻ നടന്ന് ബിൽഡിങ്ങിന്‍റെ അടുത്തെത്താറായി. ലേശം പേടി തോന്നി. വേഗത്തിൽ നടന്നു. വലതുവശത്തായി ഒരു കൃഷിത്തോട്ടമുണ്ട്. അങ്ങോട്ട്‌ ഒന്ന് നോക്കാൻ പോലും പേടി.

നടന്നു, പിന്നെയും വേഗം മുന്നോട്ട്. പെട്ടെന്ന് ഇരുട്ടിൽ നിന്നൊരു ശബ്ദം. ഞെട്ടിത്തരിച്ചുനോക്കുമ്പോൾ പറമ്പിൽനിന്ന് ഒരു കറുത്ത മനുഷ്യരൂപം അടുത്തടുത്ത് വരുന്നു. ഹൃദയം കാളി. പേടികൊണ്ട് ഉറക്കെ ചോദിച്ചു ആരാണെന്ന്, മലയാളത്തിൽ തന്നെ. മറുപടി മണിപ്പൂരിയിൽ ആയിരുന്നെങ്കിലും മോട്ടോർ ഓഫ്‌ എന്ന രണ്ട് വാക്കുകൂടി അതിലുണ്ടായിരുന്നു. അയാൾ അവിടുത്തെ വാച്ച്മാനാണ്​. വന്ന ദിവസം മുതൽ കാണുന്നയാൾ. എന്നാലും ഒരൊന്നൊന്നര പേടി അയാളുടെ അപ്രതീക്ഷിത വരവിനാൽ ഉണ്ടായി.


ഞാൻ റൂമിലേക്ക്‌ പോയി ജൂലിയോട് ഇക്കഥ പറഞ്ഞു ചിരിച്ചു. എന്നിട്ട് ജനൽ കർട്ടൻ മാറ്റിനോക്കി. നിഴലും നേരിയ നിലാവും മഞ്ഞും കെട്ടുപിണഞ്ഞുകിടക്കുന്ന കൃഷിയിടത്തിൽ ഉരുണ്ട് വളർന്ന കാബേജും തക്കാളിയും കായക്കുലകളുമെല്ലാം വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നു. തണുപ്പ് കൂടുതൽ ശക്തിയോടെ മുറിയിലേക്ക് കടന്നുവരുന്നു. ഞങ്ങൾ ജാലകക്കാഴ്ചകൾ മതിയാക്കി കട്ടിലിൽ വന്നിരുന്നു. വയലറ്റ് നിറമുള്ള നെറ്റ്‌ കൊണ്ടലങ്കരിച്ച ഉറക്കറയിലേക്ക് പ്രവേശിച്ചു. പിന്നെ പതുപതുത്ത മെത്തയിലേക്ക് വീണ് സുഖമായുറങ്ങി.

ജനുവരി നാല്. സമയം പുലർച്ചെ നാലരെ. നേരം വെളുത്തു. കുഞ്ഞിക്കിളികളുടെ ശബ്ദത്തിനൊപ്പം ഉദയരശ്മികളും എത്തിനോക്കുന്നു. ജനൽ തുറന്നിട്ട്‌ പുറത്തേക്കുനോക്കി. സുന്ദരമായ പ്രഭാതം. ഡയസീസിന്‍റെ വിശാലമായ കൃഷിയിടങ്ങളും മലനിരകളും ഇളവെയിലിൽ അലിഞ്ഞുചേർന്നു കിടക്കുന്ന മനോഹരമായ കാഴ്ച. അകലെ കുന്നിൻ ചെരുവിൽ മണ്ണിന്‍റെ മക്കളുടെ വിളഭൂമികൾ. കുറച്ചുനേരം അങ്ങനെ നോക്കിനിന്നു. പിന്നെ പ്രഭാതകൃത്യങ്ങൾക്ക് ശേഷം എല്ലാവരും അടുക്കളയിൽ എത്തി. ചായയും ബ്രെഡ്ഡും കഴിച്ചു. അടുക്കള വൃത്തിയാക്കി ഞങ്ങൾ റൂമിൽ തിരിച്ചെത്തി.


രാവിലെ തന്നെ പോകാനുള്ള വാഹനങ്ങൾ എത്തിയിട്ടുണ്ട്. ബാഗുകൾ എല്ലാവരും വണ്ടിയുടെ ഡിക്കികളിൽ ഒതുക്കിവെച്ചു. എന്നിട്ട് ഒരിക്കൽ കൂടി ചുറ്റും കണ്ണോടിച്ചു. ഡയസീസിന്‍റെ മുറ്റത്തും ഓഫിസ് വാതിൽക്കലുമൊക്കെ നിറയെ പൂച്ചെടികളാണ്. റോസകളുടെ പലനിറങ്ങളുണ്ട്. വെള്ള, റോസ്, ഓറഞ്ച്, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ. ക്രിസാന്തിമം, ഡയാന്തസ്, ആസ്റ്റർ തുടങ്ങിയവയുമുണ്ട്. പൂച്ചന്തം കൺനിറയെ ആസ്വദിച്ചു. എന്നിട്ട് യാത്ര പറയാൻ ഫാ. ബിജുവിന്‍റെ അടുത്തെത്തി. അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുത്തു. പിന്നെ ഒരുപാട് സന്തോഷത്തോടെ അവിടുന്ന് തിരിച്ചു. അപ്പോൾ അദ്ദേഹം മുറ്റത്തെ തണൽ മരത്തിന്‍റെ ചുവട്ടിൽ, സ്വന്തം നാട്ടുകാരായ ഞങ്ങളെ നോക്കിനിൽക്കുന്നുണ്ടായിരുന്നു, ഒരു വീട്ടുകാരണവരെപ്പോലെ.

സമയം എട്ടര കഴിഞ്ഞിട്ടുണ്ട്. വണ്ടി ഇംഫാൽ നഗരമധ്യത്തിലൂടെ, വയൽ ഭംഗിക്കിടയിലൂടെ വീണ്ടും യാത്ര തുടങ്ങി. ഇളവെയിലിൽ ഗ്രാമക്കാഴ്ചകൾക്ക് കൂടുതൽ തെളിമയും അഴകും തോന്നി. പക്ഷേ രാജവീഥികൾ വിജനമായിരുന്നു. വണ്ടികളും തീരെയില്ല. പ്രധാനമന്ത്രിയുടെ സന്ദർശനമാണ്. അതിന്‍റെ നിയന്ത്രണങ്ങൾ മണിപ്പൂരിൽ എല്ലായിടത്തുമുണ്ട്. വീതിയേറിയ പാത കടന്ന് പോകുമ്പോൾ ഇംഫാൽ എയർപോർട്ട് കാണാം. പലയിടങ്ങളിലേക്കുള്ള സിഗ്നൽ ബോർഡുകൾ. പാടങ്ങൾ, ചെറുകിട വ്യവസായശാലകൾ അങ്ങനെ പലതുമുണ്ട്.


ഇംഫാൽ പീസ് മ്യൂസിയം

കുറച്ച് മുന്നോട്ടു ചെന്നപ്പോൾ ബിഷ്ണുപുർ ജില്ലയുടെ കവാടം കണ്ടു. അതിലെ നേരെ മുന്നോട്ടുപോകുമ്പോൾ വീണ്ടും വയലേലകളാണ് ചുറ്റും. റോഡിന്‍റെ ഇടതുവശത്തായി ഇംഫാൽ പീസ് മ്യൂസിയത്തിലേക്കുള്ള ബോർഡ് കണ്ടു. അവിടെ വണ്ടി പാർക്ക് ചെയ്തു. അടുത്തുകണ്ട കടയിൽ കയറി ചായകുടിച്ചു. മുട്ടബജിയും ബിസ്ക്കറ്റും മണിപ്പൂരിന്‍റെ സ്വന്തം വറവ്‌പലഹാരങ്ങളും വാങ്ങിക്കഴിച്ചു. പീസ് മ്യൂസിയം തുറക്കാൻ പത്തുമണിയാകും എന്ന് കടക്കാർ പറഞ്ഞു. ഞങ്ങൾ അത് തുറന്ന് കണ്ടിട്ട് പോകാനായി പ്ലാൻ. നേരെ മ്യൂസിയത്തിന്‍റെ ഗേറ്റിനടുത്തെത്തി.


അവിടെ ചുറ്റിപ്പറ്റി നിന്നു. മനോഹരമായി കെട്ടിപ്പണിത പടവുകളും മതിലും. ആ സിമന്‍റ്​ പടവുകളിൽ ഞങ്ങൾ കുത്തിയിരുന്നു. ഇടക്ക് എണീറ്റുപോയി ഗേറ്റിനിടയിലൂടെ എത്തിനോക്കി. ഗേറ്റിനപ്പുറം മ്യൂസിയത്തിലേക്കുള്ള നടപ്പാതയും പുല്ല് നിറഞ്ഞ മുറ്റവും. അതെല്ലാം നല്ല വൃത്തിയായി സൂക്ഷിക്കുന്നവയാണെന്നു ബോധ്യമായി.

മനോഹരമായ മേൽക്കൂരയുള്ള മ്യൂസിയത്തിന്റെ നിർമിതി ആരെയും ആകർഷിക്കും. അകത്തളങ്ങളും വശ്യമനോഹരമാണെന്ന് കേട്ടിട്ടുണ്ട്. ഈ സവിശേഷ രൂപകൽപ്പനക്ക് അഖിലേന്ത്യാ തലത്തിൽ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.


ഇംഫാൽ യുദ്ധത്തിന്‍റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ്​ പീസ് മ്യൂസിയം നിർമിക്കുന്നത്​. മണിപ്പൂരിലെ നമ്പോളിൽ 2019ലാണ് ഇത് സ്ഥാപിതമായത്. 1944 മാർച്ച്‌ എട്ടുമുതൽ ജൂലൈ വരെയായിരുന്നു ഇംഫാൽ യുദ്ധം. യോദ്ധാക്കളുടെ സ്മരണകൾ പേറുന്ന ഇവിടത്തെ പ്രധാനാകർഷണം ജാപ്പനീസ് കാലിഗ്രഫിയാണ്. ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന ഷിൻസോ അബെയുടെ കൈപ്പടയിലുള്ള 'HEIWA' (PEACE) എന്ന ജാപ്പനീസ് വാക്ക് ഇവിടെ മുദ്രണം ചെയ്തിട്ടുണ്ട്. സമാധാനത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും പ്രതീകാത്‌മക സന്ദേശമാണ് ഈ നിർമിതിയിലൂടെ ആഹ്വാനം ചെയ്തിട്ടുള്ളത്. യുദ്ധവുമായി ബന്ധപ്പെട്ട വിവിധ പ്രദർശനവസ്തുക്കളും വിവരണങ്ങളുമെല്ലാം ഇവിടെയുണ്ട്.

ഞങ്ങൾ ഇരുന്ന് മടുത്തു. സമയം പത്തര കഴിഞ്ഞിട്ടും ആരെയും കാണുന്നില്ല. ഇനി ഇരുന്നിട്ട് കാര്യമുണ്ടോ? സമയം കളയാനില്ല. ഒന്ന് രണ്ടുപേർ ആദ്യം കണ്ട കടയിലേക്ക് ചെന്നന്വേഷിച്ചു. അവരും സംശയം പറഞ്ഞു. ഇനി നിന്നിട്ട് പ്രയോജനമില്ല എന്ന് തോന്നി. എല്ലാവരും ചേർന്ന് മ്യൂസിയം ബാക്ഗ്രൗണ്ടിൽ പടമെടുത്തു. എന്നിട്ട് അവിടം വിട്ട് വണ്ടിയിൽ കയറി യാത്ര തുടർന്നു. ഈ വഴി എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിൽ.


പവർ സ്റ്റേഷനിലേക്കുള്ള വഴി

ലോക്താക് പവർ സ്റ്റേഷനിലേക്കാണ് (Loktak Power Station) ഇനി പോകേണ്ടത്. ഹൈവേയിൽനിന്നും തിരക്കൊഴിഞ്ഞ പാതയിലൂടെ, പച്ച മരങ്ങൾക്കിടയിലൂടെയാണീ യാത്ര. വഴിയരികിൽ സ്കൂളുകളും ഓഫിസ് സമുച്ചയങ്ങളും കാണാം. കുറേക്കൂടി മുന്നോട്ടുചെന്ന് ഉൾക്കാടിനിടയിലെത്തി. കനത്ത പച്ചപ്പ്‌ നിറഞ്ഞ കാട്. മുളയും ഈറ്റയും മുൾച്ചെടികളും പുല്ലും തിങ്ങിയ വനപ്രദേശങ്ങൾ. പച്ചപ്പിന്‍റെ വർണപ്പൊലിമയിൽ അത്​ഭുതം തോന്നി.

കാടിന്‍റെ ചെരിവുകളിൽ കരിമ്പച്ച നിറത്തിൽ ഉയർന്ന് വളർന്ന മുളങ്കൂട്ടങ്ങൾ. ഓരോരോ ചുറ്റുപാടുകൾക്കനുസരിച്ച് മുളകൾക്കും നിറവ്യത്യാസവും വലുപ്പവ്യത്യാസവും ഉണ്ടെന്ന് മനസ്സിലായി. ചിലയിടങ്ങളിൽ റോഡിനെയും കാടിനെയും വേർതിരിക്കുന്ന മുളവേലികൾ. മുളയും ഈറ്റയും വെട്ടിയടുക്കുന്ന പ്രദേശവാസികൾ. വിറകുതേടിപ്പോകുന്ന ഗ്രാമീണ വനിതകൾ. ഈ കാഴ്ചവട്ടങ്ങൾ ഒഴിച്ചാൽ വഴി വിജനമാണ്. ചുറ്റും നിബിഡവനം മാത്രം.


കുറേകൂടി മുന്നോട്ടു ചെല്ലുമ്പോൾ കാടിന്‍റെ ഉച്ചിയിലെത്തി. അവിടുന്ന് വഴി രണ്ടായി പിരിയുന്നു. നേരെ ഇടതുവശത്തേക്കും, താഴെ വലതുവശത്തേക്കും. ഞങ്ങൾ താഴേക്ക്‌ വണ്ടി വിട്ടു. അതാണ് പവർ സ്റ്റേഷനിലേക്കുള്ള വഴി. കാഴ്ചകൾ പിന്നെയും നിറയുന്നു. മുകളിൽ തെളിഞ്ഞ നീലാകാശം. അതിന് കീഴെ നീല പുതഞ്ഞ മലകൾ. റോഡിലേക്ക് കൈവീശുന്ന കാട്ടുപുല്ലിൽ തണ്ടുകൾ, പൂമരങ്ങൾ. അവക്കിടയിലൂടെ താഴോട്ടിറങ്ങി കടകളും വീടുകളുമുള്ള ഒരിടത്തെത്തി. അവിടെ നിരപ്പായ സ്ഥലത്ത് വണ്ടി പാർക്ക്‌ ചെയ്തു.

സുന്ദരിയായ ഒരു മണിപ്പൂരി യുവതി പാർക്കിംഗ് ഏരിയയിൽ നിൽപ്പുണ്ട്. ഒരു ചെറിയ ബാഗും തൂക്കിയിട്ടുണ്ട്. ഇടതൂർന്ന നീണ്ട മുടിയിഴകളും വട്ടമുഖവുമുള്ള അൽപ്പം പരിഷ്കാരിയായ ഒരു വടക്കുകിഴക്കൻ പെൺകൊടി. ആത്മവീര്യം നിറഞ്ഞ മുഖഭാവം. ടോയ്ലറ്റ് ഉണ്ടോയെന്നു തിരക്കി. തൊട്ടടുത്തുതന്നെയുള്ള ടോയ്ലറ്റ് അവൾ കാണിച്ചുതന്നു. അഞ്ച് രൂപ വീതം വാങ്ങുകയും ചെയ്തു. ഞങ്ങളോട് വർത്തമാനം പറഞ്ഞു. പറഞ്ഞതിൽ പകുതിമുക്കാലും പിടികിട്ടുന്നില്ല. തൊട്ടടുത്ത വീട് കാണിച്ച് അവിടുത്തെ അംഗമാണെന്ന് പറഞ്ഞു. ഇഷ്ടികച്ചുവപ്പുള്ള പെയിന്‍റടിച്ച ഒരു വീട്. പരിസരത്ത് വേറെയും വീടുകളുണ്ട്. എല്ലാം ടിൻഷീറ്റ് മേഞ്ഞതാണ്. മിക്ക വീടുകളിലും ആളുകളുമുണ്ട്. ചിലതിൽ സോളാർ പാനൽ ഘടിപ്പിച്ചിട്ടുണ്ട്.


പാർക്കിംഗ് സ്ഥലത്തോട് ചേർന്ന് കണ്ട ആളൊഴിഞ്ഞ വീടിന്‍റെ മുറ്റത്ത് ചെറിയ ഇലകളും മുളകുമൊക്കെ ഉണങ്ങാൻ വച്ചിട്ടുണ്ട്. ഭക്ഷ്യയോഗ്യമായ ഏതോ ഇലയാകണം. അതല്ലെങ്കിൽ ഔഷധ ഗുണമുള്ള ഇലകൾ. വട്ടപ്പാത്രത്തിൽ അവ നിരത്തിവെച്ചിരിക്കുന്നത് കാണാൻ നല്ല ചന്തമുണ്ട്. തൊട്ടടുത്ത് അയയിൽ ബെഡ്ഷീറ്റും ബ്ലാങ്കെറ്റും വിരിച്ചിട്ടുണ്ട്. അടുത്തുകണ്ട വീടിനോട് ചേർന്ന ഒരു കടയിൽനിന്ന്‌ ബിസ്‌ക്കറ്റും വെള്ളവും വാങ്ങി കൈയിൽ വച്ചു. നല്ല ചൂടുള്ള അന്തരീക്ഷം. ഞങ്ങൾ താഴേക്ക്‌ നടന്നു. ഇരുവശത്തും വീടുകൾ. പനമ്പുകൊണ്ടുമറച്ച് ടിൻഷീറ്റ് മേഞ്ഞവയും കോൺക്രീറ്റ് ചേർത്ത ഭിത്തിയുമുള്ള വീടുകളും ഇവിടെ കാണാം.

ഇറച്ചിക്കടകൾ, കൊച്ചുകൊച്ചു ചായക്കടകൾ ഒക്കെയുണ്ട്. ഒരു വീടിന്‍റെ മുറ്റത്ത് മുളങ്കമ്പുകൾ ചേർത്തുകെട്ടിയ ഇരിപ്പിടത്തിൽ രണ്ടുമൂന്ന് സ്ത്രീകൾ വർത്തമാനം പറഞ്ഞിരിക്കുന്നു. എല്ലാ വീട്ടിലും കുട്ടികളും മുതിർന്നവരും ഉണ്ട്. റോഡിൽ കൂട്ടമായിരുന്ന് സംസാരിക്കുന്ന ചെറുപ്പക്കാരുമുണ്ട്.


മലമുകളിലെ ഊർജ്ജദായിനി

ഞങ്ങൾ കുറച്ചു താഴോട്ട് നടന്നു. വീണ്ടും മുന്നിൽ തെളിയുന്ന മലകൾ. റോഡിനു വലതുവശത്തായി ഒരു പാർക്കുണ്ട്. കുറച്ച് നടന്ന് പവർസ്റ്റേഷന്‍റെ എൻട്രി പോയിന്‍റിലെത്തി. ടിക്കറ്റ് എടുത്തു. ബാഗും കാമറയുമൊക്കെ അവർ വാങ്ങിവെച്ചു. കഴുത്തിലിടാൻ ഒരു ടാഗും തന്നു. അതുമായി കാത്തുനിന്നു.


ഏതാണ്ട് 200 മീ. അപ്പുറത്താണ് പവർ സ്റ്റേഷൻ. കുറച്ചുപേരെ വീതം കൊണ്ടുപോയി കാണിച്ച് തിരിച്ചുവന്നശേഷം മാത്രം മറ്റുള്ളവർക്ക് പോകാം. അവിടുത്തെ സ്റ്റാഫുകൾ തന്നെയാണ് കൂടെ വരുന്നതും. പവർസ്റ്റേഷന്‍റെ പരിസരമാകെ കുറെയധികം പട്ടാളക്കാർ തലങ്ങും വിലങ്ങും നടപ്പുണ്ട്. അവരുടെ വണ്ടികളും കാണാം. ഡാമിന്‍റെ സുരക്ഷ കണക്കിലെടുത്തുള്ള ക്രമീകരണമാവാം.


ആദ്യം പോയവർ തിരിച്ചുവന്നപ്പോൾ ഞങ്ങൾക്കുള്ള ഊഴമായി. ഞങ്ങൾ പവർസ്റ്റേഷനിലേക്ക് നടന്നു. പവർ സ്റ്റേഷന്‍റെ ഇരമ്പൽ കേൾക്കാം. അത് അടുത്തു ചെല്ലുന്തോറും കൂടിക്കൂടി വന്നു. മുന്നിൽ കണ്ട കെട്ടിടത്തിനുള്ളിലേക്ക് ഞങ്ങളെ അധികൃതർ കൂട്ടിക്കൊണ്ടുപോയി. പല നിലകളുള്ള പവർസ്റ്റേഷന്‍റെ ടർബൈനുകളും ഫാനുകളും കൂറ്റൻ യന്ത്രസാമഗ്രികളും. അതിന്‍റെ പ്രവർത്തനങ്ങളെല്ലാം വിശദമാക്കിത്തന്നു വിദഗ്ദ്ധർ.


പിന്നെ താഴെയുള്ള റിസർവോയർ കാണിച്ചുതന്നു. മലമുകളിൽനിന്നും നദിയിലൂടെയും മഴയിലൂടെയും ശേഖരിക്കുന്ന വെള്ളം. അത് ഉപയോഗിച്ച് വൈദ്യുതിയുണ്ടാക്കുന്നു. ജലസേചനം നടത്തുന്നു. മണിപ്പൂരിന്‍റെ വെളിച്ചവും വെള്ളവും ഉറപ്പാക്കുകയാണ് ലോക്താക് പവർ സ്റ്റേഷൻ.


ജലധാരകൾ വഴി സംഭരണിയിലേക്കെത്തുന്ന വെള്ളം കുത്തിയൊഴുകി നുരഞ്ഞ് പതഞ്ഞ് ചുഴികൾ സൃഷ്ടിക്കുന്നു. പകർത്താനാവാത്ത ഒരുപാട് മനോഹര ചിത്രങ്ങളുടെ കൊളാഷ്‌. കാതടപ്പിക്കുന്ന ഒഴുക്കിന്‍റെ ശബ്ദം. ഒഴുക്കിനിയിടയിൽ തുള്ളിത്തുടിക്കുന്ന മീനുകൾ. പത്തുപതിനഞ്ച് മിനിറ്റ്​ അത് നോക്കി അങ്ങനെ നിന്നു. അപ്പോഴേക്കും വിളി വന്നു. തിരിച്ചുപോകാൻ. അധികസമയം ഇവിടെ നിൽക്കാനുള്ള അനുവാദമില്ല.


ഞങ്ങൾ തിരിച്ചുനടന്നു. ടാഗ് തിരികെക്കൊടുത്ത് ബാഗും കാമറയുമൊക്കെ വാങ്ങി നേരെ പാർക്കിന്‌ മുന്നിലെത്തി. അവിടെ കുറച്ചുനേരം തങ്ങി. മനോഹരമായ പൂച്ചെടികളും പുൽമൈതാനവുമുള്ള ചെറിയ പാർക്കാണിത്. ബോഗൻവില്ലയും ക്രിസ്മസ് ട്രീയും ഇലച്ചെടികളും കാണാം. കുട്ടികൾക്ക് കളിക്കാനുള്ള സീസോയും ഊഞ്ഞാലും മറ്റ് കളിക്കോപ്പുകളും എല്ലാമുണ്ടിവിടെ. ഉച്ചയായതുകൊണ്ടാകാം തിരക്കില്ല. അൽപ്പസമയം അവിടെയിരുന്നു.


ദൂരെ ഹരിതാഭയിൽ തിളങ്ങുന്ന ഗിരിനിരകൾ. പവർസ്റ്റേഷനിൽനിന്നും താഴേക്ക്‌ പോകുന്ന ജലധാരയുടെ ശബ്ദം. പൂച്ചെടികൾക്കിടയിലൂടെ പറക്കുന്ന ചിത്രശലഭങ്ങൾ. ചെറുപ്രാണികൾ. മനസ്സ് നിറയുന്ന കാഴ്ചകൾ. ശുദ്ധവായു ശ്വസിച്ച് വിശ്രമിക്കാനുള്ള ഒരിടമാണിത്. അന്തരീക്ഷം നല്ല ചൂടുണ്ട്. ഇടക്ക് തണുത്ത കാറ്റും. വെള്ളവും ബിസ്‌ക്കറ്റും കഴിച്ച് പാർക്കിൽനിന്ന് തിരികെയിറങ്ങി.


വഴിയരികിൽ മിക്ക വീടുകളോട് ചേർന്നും കടകളുണ്ടിവിടെ. അടുത്ത് കണ്ട ചായക്കടയിൽനിന്ന് ചായ കു ടിച്ചു. അതിനിടയിൽ കേരളത്തിൽ നിന്നാണെന്നറിഞ്ഞപ്പോൾ അവർക്ക് പെരുത്ത സന്തോഷം. കടക്കാരി അവരുടെ കേരള ബന്ധത്തെപ്പറ്റി പറഞ്ഞു. വർഷങ്ങൾക്കു മുമ്പ്​ സഹോദരിയെ കേരളത്തിൽനിന്നും പവർ സ്റ്റേഷനിൽ ജോലിക്ക് വന്ന ഒരു എൻജിനീയർ വിവാഹം കഴിച്ച കഥ. അവർ കേരളത്തിൽ സുഖമായി ജീവിക്കുന്നുവെന്നും തന്‍റെ മകൻ കേരളത്തിൽ ഇപ്പോൾ പഠിക്കുന്നുണ്ടെന്നും കൂടി അവർ പറഞ്ഞു. അവരുടെ വാചാലതയിൽ ഏവരും കൗതുകം കൂറി.


സഹയാത്രികരായ സഹോദരിമാർ സൈനോയും ഷേബയും ആ മലയാളി കുടുംബത്തോട് ഫോണിൽ സംസാരിക്കുകയും ചെയ്തു. സ്നേഹബന്ധങ്ങളുടെ വേരുകൾ വേലിപ്പടർപ്പുകളെയും അതിരുകളെയും കടന്ന് വളർന്ന ആ കഥ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ചായയും പലഹാരങ്ങളും കഴിച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി. കടയുടെയും വീടുകളുടെയും മുന്നിൽ യുവജനങ്ങളും കുട്ടികളും പ്രായമായവരുമൊക്കെ അപ്പോഴും കൂട്ടുകൂടിയിരിപ്പുണ്ട്.


ഒരു ചായക്കടയുടെ ഭിത്തിയിൽ പ്രദേശത്തെ വോട്ടർമാരുടെ പേരുകൾ എഴുതി വെച്ചിട്ടുണ്ട്. മറ്റൊരു കടയിൽ കോഴിയിറച്ചി വിൽക്കാനുണ്ട്. പലകയും പനമ്പും കൊണ്ട് തീർത്ത ഭിത്തിയും പുരകളും ഇവിടെ ധാരാളം കാണാം. ഈ കാഴ്ചകൾക്കിടയിലൂടെ വണ്ടി പാർക്ക് ചെയ്തിടത്തെത്തി. ഉച്ചയൂണിന് സമയവുമായി. വിശപ്പിന്‍റെ വിളിയും. താമസിയാതെ വണ്ടിയിൽ കയറി. വെയിലേറ്റ് കിടന്ന മലനിരകൾക്കിടയിലൂടെ, വഴിയോരക്കാഴ്ചകൾ കണ്ട് വീണ്ടും യാത്ര തുടങ്ങി. ലോക്താക് തടാകമായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം.

(തുടരും)

ഭാഗം ഏഴ്​: പെണ്മകളുടെ നാട്, പെരുമയുടെയും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north east travel
News Summary - Through the jungles of Loktak
Next Story