Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightപെണ്മകളുടെ നാട്,...

പെണ്മകളുടെ നാട്, പെരുമയുടെയും

text_fields
bookmark_border
imphal market
cancel

ഇംഫാൽ നഗത്തിന്​ സമീപത്തെ ആൻഡ്രോ പാർക്കും തടാകവും കണ്ട് തിരിച്ചിറങ്ങുമ്പോൾ സമയം ഉച്ചകഴിഞ്ഞു. ഊണുകഴിച്ചിട്ടില്ല. മണിപ്പൂരി താലി മീൽസിന്​ പേരുകേട്ട ലക്ഷ്മി കിച്ചണിൽ നിന്നാണ് ഊണുകഴിക്കാൻ പ്ലാൻ ചെയ്തിട്ടുള്ളത്. നടക്കുമോ ആവോ? അവിടെ മൂന്നര കഴിഞ്ഞാൽ ഭക്ഷണം കിട്ടില്ല. വേഗമെത്തിയാൽ കൊള്ളാമെന്ന് യാത്രയുടെ സംഘാടകർ പറഞ്ഞു. അത് കേട്ടപ്പോൾ തിടുക്കത്തിൽ എല്ലാവരും വണ്ടിയിൽ കയറി.

വണ്ടികൾ ആൻഡ്രോയുടെ മണ്ണിലൂടെ പാഞ്ഞു. വീണ്ടും കൃഷിപ്പാടങ്ങൾക്കിടയിലെത്തി. വിളകൊയ്യും വയലുകളുടെ വിശാലഭംഗി കണ്ണും മനവും കുളിർപ്പിച്ചു. അതിന് നടുവിലൂടെ കുറേ ചെന്നപ്പോൾ റോഡരികിൽ നീളെനീളെ ഒരു മാർക്കറ്റ് കാണാം. വഴിക്കച്ചവടമാണിത്. നാഗാലാ‌ൻഡിൽനിന്ന് മണിപ്പൂരിലേക്ക് വന്നപ്പോഴും ഈ മാർക്കറ്റ് കണ്ടിരുന്നു. അന്നിറങ്ങാൻ പറ്റിയില്ല. ഏതായാലും ഇറങ്ങിയിട്ട് തന്നെ കാര്യം. ഞങ്ങൾ വണ്ടി നിർത്തി അവിടെയിറങ്ങി.


റോഡിന് സമാന്തരമായി കെട്ടിയൊരുക്കിയ മാർക്കറ്റാണിത്. ടിൻ ഷീറ്റും പോളിത്തീൻ ഷീറ്റും കൊണ്ടു നിർമിച്ച, മരപ്പലകകൊണ്ട് തട്ടുകൾ പണിത് സൗകര്യപ്പെടുത്തിയ വഴിച്ചന്ത. സമീപത്തെ മരത്തിൽ ഗരിയൻ മാർക്കറ്റ് (Ngariyan market) എന്നെഴുതിയ ബോർഡുമുണ്ട്. സർക്കാർ അംഗീകൃത മാർക്കറ്റാണിത്. ലൈസൻസുള്ള സ്ത്രീകൾ തന്നെ നടത്തുന്ന ഒരു സംയുക്ത സംരംഭം. മണിപ്പൂരിവേഷം ധരിച്ച മധ്യവയസ്കരായ സ്ത്രീകളാണ് കൂടുതലും.

പത്തു പതിനഞ്ചു പേരുണ്ട് വിൽപ്പനക്കാരായി. ചന്തമുള്ള മണിപ്പൂരി മഹിളകൾ. അവർക്ക് ചുറ്റും വർണ്ണഭംഗിയുള്ള പഴക്കൂടകൾ. കൈതച്ചക്കയും വാഴപ്പഴങ്ങളും ഓറഞ്ചും മുന്തിരിയും മാതളവും തണ്ണിമത്തനും ആപ്പിളും പേരക്കയും മാമ്പഴവുമടങ്ങുന്ന പഴവർഗങ്ങളാണ് അധികവും. കൂടെ പച്ചക്കറികളും കായൽ മത്സ്യങ്ങളുമുണ്ട്. കക്കയും ഞണ്ടും ഞവണിക്കയും ഒച്ചും എല്ലാമുണ്ട്.


ഞങ്ങൾ പഴങ്ങളുടെ വില ചോദിച്ചു. എല്ലാത്തിനും 250 രൂപ. നമ്മുടെ നാട്ടിലേക്കാൾ കൂടിയ വില തന്നെ. പക്ഷെ ജൈവകൃഷിയിലൂടെ ഉൽപാദിപ്പിച്ചവയാണിത്. ചെറുകിട കൃഷിയും കച്ചവടവുമായി ജീവിക്കുന്നവർ. കുറച്ച് ആപ്പിളും ഓറഞ്ചും പേരക്കയും വാങ്ങി, ഇടക്കാലാശ്വാസത്തിന്. ഇഞ്ചിയും വെള്ളരിക്കയും തേനും നാരങ്ങയും നെല്ലിക്കയുമൊക്കെ നിരത്തിവച്ചിട്ടുണ്ട്. മധുരക്കിഴങ്ങും ചേമ്പും ഉള്ളിയും ഉരുളനും തക്കാളിയും ബീൻസും കാരറ്റും കാബേജും ഇലവർഗങ്ങളും അടുക്കിയും കൂട്ടിയും നിരത്തിയിട്ടുണ്ട്.

പല നിറത്തിലും വലുപ്പത്തിലുമുള്ള ഉണങ്ങിയ പയറിനങ്ങളും പരിപ്പ് വർഗങ്ങളും ഇവിടെക്കാണാം. പച്ച നിറത്തിലുള്ള എണ്ണപ്പയർ, ഊതനിറമുള്ള വൻപയർ, കറുപ്പും വയലറ്റും നിറമുള്ള ചെറുപയർ, രാജ്മ എന്നിവയെല്ലാം ചാക്കിലും പാത്രത്തിലുമായി നിരത്തിവെച്ചിരിക്കുന്നു. സാമ്പാർ പരിപ്പ്, പായസപ്പരിപ്പ്, ഉഴുന്നുപരിപ്പ്, കടല, കപ്പലണ്ടി, തേങ്ങ തുടങ്ങിയവയും വിൽപ്പനക്കായുണ്ട്.


ചെറുതെങ്കിലും വളരെ ആകർഷകമായ വിഭവങ്ങൾ നിറഞ്ഞ ഒരു ഗ്രാമീണ വിപണിയാണിത്. പലനിറമുള്ള അരിയുടെ ചാക്കുകൾ കണ്ടപ്പോൾ രസം തോന്നി. അടുത്തുചെന്ന് നോക്കി. ചെറിയ ചെറിയ അരിമണികൾ. ബസ്മതിയും വടക്കുകിഴക്കിന്‍റെ തനിമണികളുമാണ് കൂടുതലും. ഔഷധഗുണമുള്ളതും ഗോത്രവിഭാഗങ്ങൾ മലഞ്ചെരിവുകളിൽ വിതച്ചുകൊയ്തെടുത്തതുമായ അരിയും മറ്റു ധാന്യങ്ങളുമുണ്ടിവിടെ. ചാമ, ചോളം, ബാർലി, തിന തുടങ്ങിയവയും കാണാം. വയലറ്റ്, ചാര, കറുപ്പ്, ബ്രൗൺ, വെള്ള തുടങ്ങിയ നിറമുള്ളവയാണ് അരിമണികളിൽ ഏറെയും.

ഈ ചെറുമണികളിൽ ചിലതൊക്കെ ആദ്യമായി കാണുകയാണ്. കൗതുകം കൊണ്ട് അവ കൈക്കുമ്പിളിൽ വാരിയെടുത്തു. ഉള്ളം കൈയിൽ തരിമണികളുടെ പറഞ്ഞറിയിക്കാനാകാത്ത ഒരു കിരുകിരുപ്പൻ സുഖം. അത് ഹൃദയത്തിലേക്ക് അരിച്ചുകയറുന്നു. അരിച്ചാക്കിൽ ചെറിയ പാട്ടകൊണ്ടുള്ള അളവുപാത്രങ്ങളുമുണ്ട്. ധാന്യങ്ങളും പരിപ്പുവർഗങ്ങളും പയറുമൊക്കെ തൂക്കിവിൽക്കുന്ന ഏർപ്പാടില്ല. അളന്നുകൊടുക്കുന്ന രീതിയാണിവിടെ.


മാർക്കറ്റിലെ ചുരുളി

നാട്ടിൽ കിട്ടാത്ത ഔഷധഗുണമുള്ള അരി കുറച്ച് വാങ്ങിക്കാമെന്നോർത്ത് വിലചോദിച്ചു. ഹിന്ദിയിലാണ് ചോദിച്ചത്. ഉടമസ്ഥ മിണ്ടിയില്ല. നേരെ നോക്കിയതുപോലുമില്ല. ഒന്ന് രണ്ട് വട്ടം കൂടി ചോദ്യം ആവർത്തിച്ചു. അപ്പോൾ അവരുടെ ഭാഷയിൽ കടുത്തവാക്കുകൾ തുരുതുരാ പുലമ്പാൻ തുടങ്ങി. ഞാൻ അന്തംവിട്ടു നിന്നു.

എന്തരോ എന്തോ ഒന്നും തിരിയുന്നില്ല. ഇംഗ്ലീഷിൽ വീണ്ടും ചോദിച്ചു. അവർ പിന്നെയും തീരെ താൽപ്പര്യമില്ലാത്തമട്ടിൽ നിന്ന് എന്തൊക്കെയോ പിറുപിറുക്കുന്നു. എന്തതിശയമേ എന്നോർത്ത് കുന്തം വിഴുങ്ങിയ മാതിരി നിന്ന എന്നോട് അജയനും രാജീവും മറ്റു കൂട്ടുകാരും പറഞ്ഞു,


മനസ്സിലായില്ല അല്ലേ, ഇവിടെ നിൽക്കണ്ട, അവർ പറയുന്നത് ചുരുളിയാണെന്ന്. പിന്നെ അവിടെ നിന്നില്ല. മറ്റൊരു കടയിലേക്ക് നീങ്ങി. ഭാഗ്യം. ഒരു ഭാഷയറിയാത്തത് കൊണ്ട് ഞാൻ ആദ്യമായി അഭിമാനം പൂണ്ടു.

അവരുടെ കടുത്ത വാക്കുകളും അൺപാർലമെൻട്രീസുമൊന്നും എനിക്ക് മനസ്സിലായില്ല. എങ്കിലും ഒരു കൊച്ചു സങ്കടം ഉള്ളിൽ നിറഞ്ഞു. ഒരു ഉപഭോക്താവിന്‍റെ നഷ്ടബോധം. അരി മാത്രമല്ല പിന്നീടൊന്നും വാങ്ങാൻ തോന്നാത്ത തരത്തിലുള്ള ഒരുതരം അനുഭവം.


ഹിന്ദിയോടും ഇന്ത്യക്കാരോടുമുള്ള വെറുപ്പ്‌ ആ സ്ത്രീയിൽ എന്തുകൊണ്ടോ നിറഞ്ഞിരുന്നു എന്നതിന്‍റെ സൂചനയാണിത്. പലരും അത് മുമ്പ് പറഞ്ഞുകേട്ടിട്ടുണ്ട്. അതിപ്പോൾ നേരിട്ട് ബോധ്യപ്പെട്ടു. അത്രമാത്രം. മണിപ്പൂരിന്‍റെ മക്കളിൽ ചിലരെങ്കിലും ഇങ്ങനെയാണ്. സ്വത്വവാദികളാണവർ. അവരുടെ തട്ടകത്തിൽ അവർ മറ്റാരെയും വകവെക്കില്ല. സൗന്ദര്യകാഴ്ചകൾക്കൊപ്പം ഇത്തരം എത്രയോ കടുത്ത അനുഭവങ്ങളുടെ കാണാക്കാഴ്ച്ചകൾ ഇനിയുമുണ്ടാകും എന്നോർത്തു.

ഒന്ന് രണ്ട് കടകളിൽ കൂടി കയറിയിറങ്ങി പഴങ്ങളും കടലയുമൊക്കെ വാങ്ങി ഞങ്ങൾ ട്രാവലറുകളുടെ അടുത്തേക്ക് നീങ്ങി. അപ്പോൾ കാണാം കറുത്ത കക്കകളും മീനുകളും ഒച്ചുമെല്ലാം ജീവനോടെ തന്നെ പ്ലാസ്റ്റിക് പാത്രത്തിലിട്ട് കഴുകിവാരുന്ന സ്ത്രീകളെ. ഇവിടുത്തെ ഭക്ഷണശീലങ്ങളിൽ ഇവക്കൊക്കെ നല്ല പ്രാധാന്യവുമുണ്ട്.


മത്സ്യവിഭവങ്ങളും മത്സ്യേതര ജലജീവികളും ധാരാളം ആഹരിക്കുന്നവരാണിവർ. സത്യം പറയട്ടെ, കറുത്ത ഒച്ചുകൾ പാത്രത്തിൽ നിറഞ്ഞുകിടന്ന് ചലിക്കുന്ന കാഴ്ച കണ്ടപ്പോൾ അല്പം ഈർഷ്യ തോന്നതിരുന്നില്ല. എങ്കിലും മനസ്സിനെ പാകപ്പെടുത്തി. പ്രകൃതിയിൽ എല്ലാ ജീവികളും ഒരർത്ഥത്തിൽ ഒരേപോലെയല്ലേ. പാരസ്പര്യത്തിൽ ജീവിച്ചും ഇരപിടിച്ചും ആഹരിച്ചും തീരുന്ന പ്രകൃതിയുടെ ചങ്ങലയിലെ ഒരേയൊരു കണ്ണിയാണ് നമ്മളും എന്നോർത്തപ്പോൾ മറ്റു ചിന്തകൾ പാടെപോയി.

മണിപ്പൂരിന്‍റെ രുചിക്കൂട്ട്

വണ്ടിയിൽ കയറി വീണ്ടും യാത്ര തുടങ്ങി. ഇംഫാല്‍ വെസ്സ്റ്റിലുള്ള ലക്ഷ്മി കിച്ചൺ ആണ് അടുത്ത ലക്ഷ്യം. വിശപ്പിന്‍റെ സൈറൺ മുഴങ്ങിയിട്ട് നേരം കുറെയായി. കൈയിലുള്ള ആപ്പിളും ഓറഞ്ചും പേരക്കയുമൊക്കെ തിന്നുകൊണ്ടിരുന്നു. ഉൾനാടൻ മത്സ്യവിഭവങ്ങളും പച്ചക്കറികളും ചോറുമടങ്ങിയ മണിപ്പൂരി താലിയെപറ്റി ഒരുപാട് കേട്ടിട്ടുണ്ട്. ഓർത്തപ്പോൾ നാവിൽ വെള്ളമൂറി. ചോറും മീൻകറിയുമാണ് ഇവിടത്തുകാരുടെ പ്രധാന ഭക്ഷണം.


മിക്ക വിഭവങ്ങളിലും മീൻ ഒരു പ്രധാന ചേരുവയാണ്. എന്തായാലും ഇന്ന് അത് രുചിച്ചിട്ട് തന്നെ കാര്യം. വണ്ടി അരമുക്കാൽ മണിക്കൂർ സഞ്ചരിച്ച് തിരക്കേറിയ നഗരത്തിലെത്തി. തലങ്ങും വിലങ്ങും റോഡുകളും വാഹനങ്ങളും. വഴിക്കച്ചവടക്കാരും യാത്രികരും നിറഞ്ഞ നഗരവീഥികൾ. വണ്ടി അൽപ്പനേരം തിരക്കിൽപ്പെട്ടു. റോഡുകൾക്കരികിൽ നിറയെയുണ്ട് പാർക്ക് ചെയ്ത വണ്ടികൾ. തിരക്കിനിടയിൽ പരിസരം വീക്ഷിക്കുന്ന പട്ടാളക്കാരുമുണ്ട്. റോഡിലും കടകളിലും ഫ്ലാറ്റുകളിലെ മട്ടുപ്പാവിലും തോക്കേന്തിയ ജവാന്മാരാണ്. ഇവിടുത്തെ പതിവ് കാഴ്ച.

ഗതാഗത തടസ്സം നീങ്ങി വണ്ടി മുന്നോട്ടുചെന്ന് നിർത്തി. ഇടതുവശത്തായി ലക്ഷ്മി കിച്ചണിന്‍റെ ബോർഡ് കണ്ടു. എല്ലാവരും ഇറങ്ങി. ഒന്ന് രണ്ടുപേർ ഊണിന് ഓർഡർ കൊടുക്കാൻ പോയി. ആ സമയം ഞങ്ങൾ ചുറ്റും കണ്ണോടിച്ചു. മുറുക്കാൻ കടകൾ, പാത്രക്കടകൾ, തുണിക്കടകൾ എല്ലാമുണ്ട്. പരിസരത്തെല്ലാം പഴങ്ങളുടെ വിൽപ്പനയുണ്ട്. ചെറിയ ഇനം ആപ്പിൾ കണ്ട് അങ്ങോട്ട്‌ തിരിഞ്ഞു. ഒന്ന് രണ്ട് കിലോ വാങ്ങി. ലക്ഷ്മി കിച്ചണിൽ നല്ല തിരക്കുണ്ട്. കഴിച്ചുകൊണ്ടിരിക്കുന്നവർ പുറത്തിറങ്ങിയാലെ നമുക്ക് പ്രവേശനമുള്ളൂ. അതുവരെ കാത്തു. അൽപ്പം കഴിഞ്ഞ് വിളിവന്നു. ഊണ് റെഡിയാണെന്ന്. ഞങ്ങൾ അവിടേക്കു നീങ്ങി.


മേശക്കുചുറ്റും നിരന്നു. വിഭവങ്ങൾ ഓരോന്നായി വരാൻ തുടങ്ങി. വെള്ളരിച്ചോറ്, പരിപ്പുകറി, മീൻകറികൾ പലതരം, മീനിട്ട പച്ചക്കറികൂട്ട്, അച്ചാർ, ഇലക്കറി, തോരൻ, പപ്പടം, വറ്റൽ എന്നിങ്ങനെ ഓരോരോ ചെറിയ സ്റ്റീൽ ബൗളുകളിൽ നിരന്നു. ഇതിന് മണിപ്പൂരിലെ പേര് മറ്റെന്തൊക്കെയോ ആണ്. കൂട്ടത്തിൽ കടലയും ചെറിയ പരിപ്പുമൊക്കെ വറുത്തുകോരിയത് മറ്റൊരു പിഞ്ഞാണത്തിൽ നിരത്തിയിട്ടുണ്ട്. എല്ലാം കൂടി ഒരു പത്തു പന്ത്രണ്ട് ഐറ്റം. ഓരോന്നും രുചിച്ചുതുടങ്ങി. എരിവും പുളിയും കുറഞ്ഞ, മസാല കുറഞ്ഞ കറികൾ. മീൻകറിയിലും കുറച്ചുകൂടി എരിവും പുളിയുമൊക്കെ ചേർന്നാൽ നന്നായിരുന്നു എന്ന് തോന്നി. തടാകത്തിലെ മത്സ്യങ്ങളാണ്. കടൽമത്സ്യം പോലെയല്ല. പക്ഷെ ഇവിടത്തുകാർക്ക് പ്രിയം ഇതുപോലുള്ള പാചകമാണ്.

ഭക്ഷണം കഴിച്ചു പുറത്തിറങ്ങി. ഞങ്ങൾ വണ്ടിയുടെ അടുത്തേക്ക് നീങ്ങി. അധികം വൈകാതെ ഇമാ മാർക്കറ്റിൽ എത്തണം. വൈകിട്ട് ആറിന്​ മുമ്പ്​ അവിടന്ന് തിരിക്കണം. തെരഞ്ഞെടുപ്പ്​ പ്രമാണിച്ച് പിറ്റേന്ന് പ്രധാനമന്ത്രിയുടെ സന്ദർശനമുണ്ട്. അതിനാൽ വൈകിട്ടുമുതൽ കർഫ്യൂ ആണ്. പെട്ടെന്ന് തന്നെ സമീപത്തുള്ള ഇമാ മാർക്കറ്റിലേക്ക് വണ്ടി വിട്ടു. ഇംഫാല്‍ വെസ്റ്റിലെ സിഗ്നലിനു എതിർവശത്തായി കണ്ട പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി മാർക്കറ്റിലേക്ക് നടന്നു.


അമ്മത്തണലിലെ പൈതൃകവിപണി - ഇമാ കെയ്ത്തൽ

മണിപ്പൂരിലെ ഇമാ കെയ്ത്തൽ എന്ന അമ്മക്കമ്പോളം ആഗോള പ്രശസ്തമാണ്. പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഇമാ മാർക്കറ്റ്, ഇമാ കെയ്ത്തൽ (അമ്മമാരുടെ മാർക്കറ്റ്) എന്നും നൂപി കെയ്ത്തൽ (വനിതാ മാർക്കറ്റ്) എന്നുമെല്ലാം അറിയപ്പെടുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലുപ്പമുള്ളതും പഴക്കമേറിയതുമായ വനിതകളുടെ കമ്പോളം എന്ന ഖ്യാതികൂടി ഇമാ മാർക്കറ്റിനുണ്ട്. മണിപ്പൂരിന്‍റെ ടൂറിസം സങ്കേതവും സമ്പദ്​ഘടനയുടെ താക്കോലുമാണ് ഇമാ കെയ്ത്തൽ.

ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് ഇമാ മാർക്കറ്റ്. മൂവായിരത്തിലധികം വരുന്ന മണിപ്പൂരിലെ അമ്മമാരുടെ കൂട്ടുസംരംഭം. ഏതാണ്ട് ആറായിരത്തിൽപ്പരം കുടുംബിനികൾ ഈ വിപണിയുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്നു. സർക്കാറിന്‍റെയും തദ്ദേശസ്വയംഭരണ സംവിധാനങ്ങളുടെയും പിന്തുണയും ഇമാ മാർക്കറ്റിനുണ്ട്. സ്ത്രീ സംഘങ്ങൾ നടത്തുന്ന, സ്ത്രീകൾ ഭരിക്കുന്ന, സ്ത്രീ ശാക്തീകരണത്തിന്‍റെ ഉദാത്ത മാതൃക യാണിത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന ഇവിടുത്തെ ഭരണചക്രം കച്ചവടക്കാരായ സ്ത്രീകളുടെ കൈയിലാണ്.


സ്ത്രീകളെ ആദരവോടെയും കരുതലോടെയും കാണുന്നതിന്‍റെ സൂചകമാണിത്. ഇങ്ങനെ പെണ്മകൾ വാഴും പെരിയ ഇടങ്ങളുടെ മധ്യത്തിലൂടെ ആണ് ഈ വടക്കുകിഴക്കൻ സഞ്ചാരം. ഇമാ മാർക്കറ്റ് മണിപ്പൂരിന്‍റെയെന്നല്ല, വടക്കുകിഴക്കിന്‍റെ വരുമാന സ്രോതസ്സുകൂടിയാണ്. അധ്വാനിക്കുന്ന പെൺപെരുമയുടെ കൈകളിൽ ഭദ്രമാണ് ഇവിടുത്തെ നാടും കുടുംബങ്ങളും.

തലമുറ തലമുറയായി കൈമാറിവരുന്ന കച്ചവടശൃംഖലയുടെ നേർക്കാഴ്ചകളാണി വിടെ. മധ്യവയസ്കരും മുതിർന്ന അമ്മമാരും മാത്രമാണ് മാർക്കറ്റിന്‍റെ നടത്തിപ്പുകാർ. ഏതാണ്ട് 45 മുതൽ എഴുപത് 75 വരെ പ്രായമായ അമ്മമാരെ ഇവിടെക്കാണാം. മൂടിപ്പുതച്ചും തലയിൽ തട്ടമിട്ടും പാരമ്പരാഗത വേഷമിട്ട അമ്മമാർ. അവർക്കൊപ്പം അവരുടെ പെണ്മക്കളുമുണ്ട്. അമ്മമാർക്കും വിവാഹിതരായവർക്കും മാത്രമാണ് മാർക്കറ്റിൽ കച്ചവടം നടത്താനുള്ള അനുവാദം. മണിപ്പൂരിലെ മിക്ക മാർക്കറ്റുകളും ഇങ്ങനെ തന്നെ.


ഇമാ കെയ്ത്തലിലേക്കുള്ള (Ima Keithel) വഴിനീളെ ചെറുകിട കച്ചവടക്കാരായ വീട്ടമ്മമാരുണ്ട്. മാർക്കറ്റിനു പുറമേയുള്ള വിൽപ്പനക്കാരാണിവർ. കടലയും ഉണക്കമുളകും പരിപ്പും കപ്പലണ്ടി മിഠായിയും ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി നിരത്തിവെച്ചിരിക്കുന്നവർ. ഉണക്കപ്പലഹാരങ്ങളും കുട്ടിയുടുപ്പുകളും തൊപ്പികളും കൊച്ചുകൊച്ചു പാത്രങ്ങളും പഴങ്ങളും വിൽക്കുന്നവർ. ഇവയെല്ലാം കൂടിവന്നാൽ പത്തോ ഇരുപതോ പാക്കറ്റുണ്ടാകും.

സാധനങ്ങൾ നിരത്തിവച്ച് അവക്ക് സമീപം ഒന്നും രണ്ടും പേർ വീതം വർത്തമാനം പറഞ്ഞിരിക്കുന്നു. ആരെയും ശ്രദ്ധിക്കുന്നുപോലുമില്ല. വഴിയേ പോകുന്നവരെ മാടിവിളിച്ച് കച്ചവടത്തിന് ധൃതി കൂട്ടുന്നുമില്ല. ഈ വടക്കുകിഴക്കൻ യാത്രയിൽ ഉടനീളം തോന്നിയ ഒരു കാര്യമുണ്ട്. ഒരു കച്ചവടക്കാരും പ്രത്യേകിച്ച് സ്ത്രീകളുടെ മാർക്കറ്റുകളിൽ അവർ ആരെയും സാധനങ്ങൾ വാങ്ങാൻ ക്ഷണിക്കുന്നില്ല. വിലപേശലുമില്ല. ആവശ്യക്കാർ വേണ്ട സാധനങ്ങൾ എടുത്ത് കാശുകൊടുത്ത് തിരികെപോകുന്നു. അവരുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് അവർക്ക് ബോധ്യമുണ്ട്. ഒപ്പം വാങ്ങുന്നവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ധാരണയും.


പത്തു രൂപക്ക് പട്ടാണിക്കടലയുടെ ഒരു പാക്കറ്റ് വാങ്ങി കൊറിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടുനടന്നു. നടപ്പാതയുടെ ഇടതുവശം തിരക്കേറിയ റോഡാണ്. വലതുവശത്താണ് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഇമാ മാർക്കറ്റ്. നടന്നുനീങ്ങുമ്പോൾ ഇമാ മാർക്കറ്റിന്‍റെ സാമാന്യം വലിപ്പമുള്ള സ്റ്റാളുകൾ കാണാം. മുന്നോട്ട് ചെല്ലുമ്പോൾ കടകളുടെ സാന്നിധ്യം കൂടിക്കൂടി വരുന്നു. ഒരിടത്ത് മുളകളിൽ തീർത്ത ഒട്ടനേകം വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നു. കൊട്ട, വട്ടി, മുറം, അളവുപാത്രങ്ങൾ, പൂപ്പാത്രങ്ങൾ, ബാഗുകൾ, ചൂലുകൾ, കസേര, ടീപ്പോയി, തൊപ്പികൾ, അലങ്കാരവസ്തുക്കൾ എന്നിവയും പുട്ടുകുറ്റി, തവി തുടങ്ങിയ അടുക്കള ഉപകരണങ്ങളും മാലയും കമ്മലും വളയുമുൾപ്പെടെയുള്ള ആഭരണങ്ങളും മുളയുൽപ്പന്നങ്ങളുടെ കൂട്ടത്തിൽ മുന്നിൽ തന്നെയുണ്ട്.

വടക്കുകിഴക്കിന്‍റെ പരമ്പരാഗത കരവിരുതിന്‍റെ ഉൽപ്പന്നങ്ങളാണിവ. സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവർക്ക് ജീവിതമാർഗമാണിതെല്ലാം. സ്വയംതൊഴിൽ സംരംഭങ്ങളും സാമൂഹിക വികസന മേഖലയുമെല്ലാം ഇവർക്ക് പിന്തുണയേകുന്നു. അതിന് തെളിവായി NATIONAL MENTAL HEALTH PROGRAMME എന്നെഴുതിയ ബോർഡും കാണാം. സ്ത്രീകളുടെ മാനസിക വികസനം ലക്ഷ്യമിട്ടുള്ള കൂട്ടുസംരംഭമാണിത്.


ഇമാ മാർക്കറ്റിൽ ഏറെ ആകർഷകമായി തോന്നിയ മറ്റൊന്ന് ഇരുമ്പുപാത്രങ്ങളും വിളക്കുകളുമാണ്. തൂക്കുവിളക്കുകൾ, പാട്ടവിളക്കുകൾ, കുപ്പിവിളക്കുകൾ, കുട്ടിവിളക്കുകൾ, റാന്തലുകൾ, ചിമ്മിനികൾ, ചിരാതുകൾ എന്നിങ്ങനെ നീളുന്നു അവയുടെ ശ്രേണി. കൂടാതെ തണുപ്പിൽ തീ കായാനുള്ള പാട്ടകൊണ്ടുള്ള അടുപ്പുകളുമുണ്ട്. ചെറിയ പാചകവശ്യങ്ങൾക്കും അവ ഉപയോഗിക്കാം. നല്ലൊന്നാന്തരം വിളക്കടുപ്പുകൾ. ഇത്തരം അടുപ്പുകളിൽ വിറകും കൽക്കരിയും നിറച്ച് കനലെരിയുന്ന കാഴ്ച ഇതിനോടകം പലയിടങ്ങളിലും കണ്ടുകഴിഞ്ഞു.

വളരെ ഉപയോഗപ്രദമായ ഒരു വസ്തു. അവ പല വലുപ്പത്തിലുണ്ട്. 100 മുതൽ 500, 1000 എന്നിങ്ങനെയാണ് അവയുടെ നിരക്കുകൾ. ഒരെണ്ണം വാങ്ങിയാലോ എന്നാലോചിച്ചു. പക്ഷെ പത്തുപതിനൊന്നുദിവസം ഇനിയും യാത്രയുണ്ട്. വഴിനീളെ കൊണ്ടുനടക്കാൻ പ്രയാസമായതുകൊണ്ട് വാങ്ങിയില്ല. മോഹം ബാക്കിയാക്കി നടന്നു.


ഹാൻഡ്‌ലൂം എമ്പോറിയങ്ങളുടെ നിരനിരയായ കടകളുണ്ടിവിടെ. നിരവധി വീട്ടുപകരണങ്ങളുടെയും തുണിത്തരങ്ങളുടെയും പ്രദർശനശാലയാണിത്. അവ തോരണങ്ങൾ പോലെയും നിരത്തിയും കാണാം. വർണപ്പകിട്ടുള്ള കാഴ്ച. വടക്കുകിഴക്കിന്‍റെ തറികളിൽ നെയ്തെടുത്ത അഴകും മിനുപ്പുമുള്ള തുണിത്തരങ്ങൾ ആണ് കൂടുതലും.

തണുപ്പുകാല വസ്ത്രങ്ങളും ആധുനിക ഫാഷൻ ഉടയാടകളും ധാരാളമുണ്ട്. അവക്കൊക്കെ താങ്ങാവുന്ന വിലയുമാണ്. കമ്പിളിയുടുപ്പുകളും തൊപ്പികളും ബ്ലാങ്കറ്റുമെല്ലാം ചിലർ വാങ്ങി. ഒരു ചുവന്ന തൊപ്പിയും സോക്സും ഷാളും ഞാനും വാങ്ങി. പിന്നെ മുന്നോട്ടു നടന്നു. ഇമാ മാർക്കറ്റിന്‍റെ ഉള്ളറകളിലേക്ക്.


സിമന്‍റിട്ടു പണിതുയർത്തിയ വിശാലമായ മാർക്കറ്റ് സമുച്ചയമാണിത്. മാർക്കറ്റിനുള്ളിലും നിറയെ സ്റ്റാളുകളും അവിടെ ഇരിപ്പുറപ്പിച്ച അമ്മമാരെയും കാണാം. ഓരോരോ ഉൽപ്പന്നങ്ങളുമായെത്തിയ കച്ചവടക്കാരാണ് അവർ. പലവ്യഞ്ജനങ്ങൾ, പാത്രങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, ഉണക്കമീൻ, പലഹാരങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മരുന്നുകൾ, ചെരുപ്പുകൾ, എന്ന് വേണ്ട കുട വടി സാമഗ്രികൾ വരെ ഇവിടെയുണ്ട്. പച്ചക്കറി സ്റ്റാളുകളും പഴക്കടകളും ധാരാളമുണ്ട്. മാർക്കറ്റിന്‍റെ അരികിലായി മത്സ്യവും മാംസവും വിൽക്കുന്നയിടങ്ങൾ വേറെയുമുണ്ട്.

ഉൾനാടൻ മത്സ്യബന്ധനത്തിന് പേരുകേട്ട നാടുകൂടിയാണ് നോർത്ത് ഈസ്റ്റ്‌. അതുകൊണ്ട് തന്നെ ചൂണ്ടയും ഒറ്റാലും പല കണ്ണിയകലമുള്ള വലകളും വിവിധ രൂപങ്ങളിലുള്ള മീൻകൂടുകളും ഇവിടെയുണ്ട്. എല്ലാം കൗതുകം നിറയുന്ന കാഴ്ചവട്ടങ്ങൾ തന്നെ. മാർക്കറ്റ് സ്റ്റാളുകൾക്കിടയിലൂടെ നടവഴികളുമുണ്ട്. അതിലൂടെ നടന്നു.

വൃത്തിയും വെടിപ്പുമുള്ള മാർക്കറ്റും പരിസരവുമാണിത്. കൃഷിയുൽപ്പന്നങ്ങളും കരകൗശല വസ്തുക്കളും പ്രകൃതിജന്യ വിഭവങ്ങളും മണിപ്പൂരി വസ്ത്രങ്ങളും സാമാന്യജനങ്ങൾക്ക് ന്യായവിലയിൽ ലഭ്യമാക്കുന്നയിടം. ഒരുപാടു കുടുംബങ്ങളുടെ ജീവിതമാർഗം. കൈത്തൊഴിലുകൾക്കും കലാകാരന്മാർക്കും പ്രോത്സാഹനമാകുന്നയിടം. ഒട്ടേറെ അമ്മമാരുടെ ആശ്രയകേന്ദ്രം. അവരുടെ പെണ്മക്കളുടെ ആശാകേന്ദ്രം. പെൺപെരുമയുടെ കരുത്തിൽ, കരുതലിൽ മുന്നേറുന്ന വിപണി. ലോകചരിത്രത്തിൽ, ലോകഭൂപടത്തിൽ, പെൺകരുത്തിന്‍റെ കഥകളിൽ, അതിലുപരി വടക്കുകിഴക്കിന്‍റെ സാമ്പത്തിക ഭൂപടത്തിൽ അടയാളപ്പെടുത്തിക്കഴിഞ്ഞ ഒരു മാതൃകാസ്ഥാപനമാണ് ഇമാ മാർക്കറ്റ്. മതിപ്പും ആദരവും അർഹിക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ എന്ന് പറയാതെ വയ്യ.


സമയം അഞ്ചരയോടടുത്തു. തണുപ്പിന്‍റെ പ്രഹരം കൂടുന്നു. മാർക്കറ്റ് അടക്കാനുള്ള സമയമായെന്നു തോന്നുന്നു. പലരും അവരുടെ സാധനങ്ങൾ വാരിക്കൂട്ടി കെട്ടിയൊതുക്കുകയാണ്. രാത്രികാലങ്ങളിൽ മാർക്കറ്റ് പ്രവർത്തിക്കില്ല. ചുരുക്കം ചിലർ സ്റ്റാളുകളിൽ ഇരിക്കുന്നു. വാങ്ങാൻ ആളുകളും തിടുക്കം കൂട്ടുന്നുണ്ട്‌, ഞങ്ങളുൾപ്പെടെ. ഒന്നുരണ്ട് സാധനങ്ങൾ കൂടി വാങ്ങി മണിപ്പൂരിന്‍റെ അഭിമാനികളായ അമ്മമാരുടെ സ്വന്തം വിപണിയിൽനിന്ന് ഞങ്ങളും തിരിച്ചിറങ്ങി. തികഞ്ഞ സന്തോഷത്തോടെ.

നേരം ഇരുട്ടിത്തുടങ്ങി​. വൈദ്യതി ബൾബുകൾ മിഴിചിമ്മുന്നു. റോഡിലും തിരക്ക് കുറഞ്ഞു. കർഫ്യൂ അറിയിപ്പുള്ളതിനാലാകും. വേഗം വണ്ടി പാർക്ക്‌ ചെയ്തിടത്തേക്ക് നീങ്ങി. എണ്ണത്തിൽ കുറവെങ്കിലും സിഗ്നലിലൂടെ തലങ്ങും വിലങ്ങും പാഞ്ഞുപോകുന്ന വണ്ടികൾ.


കാൻഡ്ല ഫോർട്ടിലേക്കും ഇംഫാൽ ഈസ്റ്റിലേക്കും പലയിടങ്ങളിലേക്കുമുള്ള സിഗ്നൽ ബോർഡുകൾ. റോഡുനിറയെ പട്ടാളക്കാരും. ഞങ്ങൾ വണ്ടിയിൽ കയറി, ഡയസീസ് ഓഫ് സോഷ്യൽ സർവിസിനെ ലക്ഷ്യമാക്കി. അവിടെയെത്തുമ്പോൾ ഇരുട്ട് കനത്തിരുന്നു.

(തുടരും)

ഭാഗം 6: സ്മരണകള്‍ പൂക്കുന്ന സ്മാരകശിലകള്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north east travel
News Summary - Ima Keithel
Next Story