Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രക്കാരുടെ ശ്രദ്ധക്ക്; മൂന്നാറിൽ ആഗസ്റ്റ് മുതൽ സഞ്ചാരികളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാൻ നീക്കം

text_fields
bookmark_border
യാത്രക്കാരുടെ ശ്രദ്ധക്ക്; മൂന്നാറിൽ ആഗസ്റ്റ് മുതൽ സഞ്ചാരികളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാൻ നീക്കം
cancel

മൂന്നാർ: തണുപ്പും കോടമഞ്ഞും ചായത്തോട്ടങ്ങളും തേടി മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാൻ നീക്കം. വർധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്നങ്ങൾക്കും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് മൂന്നാർ ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നത്. വരുന്ന ആഗസ്റ്റ് മാസം മുതൽ ഈ പുതിയ പരിഷ്കാരം നടപ്പിലാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ബുധനാഴ്ച ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് ഈ നിർണ്ണായക നിർദ്ദേശം ചർച്ച ചെയ്തത്. മൂന്നാറിനെ കൂടുതൽ വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മൂന്നാറിലേക്കുള്ള വിവിധ പ്രവേശന കവാടങ്ങളിൽ മൂന്ന് 'ഗ്രീൻ ചെക്ക് പോസ്റ്റുകൾ' സ്ഥാപിക്കും. അടിമാലി ഭാഗത്തുനിന്ന് വരുന്ന സഞ്ചാരികൾ ഓൾഡ് മൂന്നാർ ഹെഡ്‌വർക്‌സിന് സമീപമുള്ള ചെക്ക് പോസ്റ്റ് വഴി കടന്നുപോകണം. മറയൂർ ഭാഗത്തുനിന്ന് എത്തുന്നവർ ചട്ടമൂന്നാർ ചെക്ക് പോസ്റ്റ് വഴിയാണ് പ്രവേശിക്കേണ്ടത്. ചിന്നക്കനാൽ ഭാഗത്തുനിന്ന് വരുന്ന വിനോദസഞ്ചാരികൾക്കായി സിഗ്നൽ പോയിന്റിലോ ടോൾ ഗേറ്റ് പ്രദേശത്തോ ചെക്ക് പോസ്റ്റ് സ്ഥാപിക്കും.

വിനോദസഞ്ചാര ആവശ്യങ്ങൾക്കല്ലാതെ എത്തുന്ന നാട്ടുകാർക്കും സ്ഥിര താമസക്കാർക്കും ഈ ഫീസ് ബാധകമായിരിക്കില്ലെന്ന് മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ വ്യക്തമാക്കി. വിനോദസഞ്ചാരികളല്ലാത്തവരെ തിരിച്ചറിയുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കും. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ഇതിന്റെ നിയമപരമായ വശങ്ങൾ പഠിക്കാൻ ജില്ലാ കലക്ടർ, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് (PWD) ഉദ്യോഗസ്ഥർ എന്നിവരുമായി പഞ്ചായത്ത് ഉന്നതതല ചർച്ചകൾ നടത്തും.

സഞ്ചാരികളിൽ നിന്ന് പിരിച്ചെടുക്കുന്ന തുക മൂന്നാറിലെ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി ഉപയോഗിക്കും. ഇതുകൂടാതെ, സഞ്ചാരികൾക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ബാഗുകൾക്കായി പ്രത്യേക തുക ഈടാക്കാനും പദ്ധതിയുണ്ട്. മൂന്നാർ വിട്ടുപോകുന്നതിന് മുമ്പ് ഈ ബാഗുകളിൽ തരംതിരിച്ച മാലിന്യങ്ങൾ ചെക്ക് പോസ്റ്റുകളിൽ ഏൽപ്പിക്കാൻ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കും.

മാലിന്യ പ്രശ്നത്തിന് പുറമെ മൂന്നാറിലെ കടുത്ത ഗതാഗതക്കുരുക്കിനും വലിയ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങിനും പരിഹാരം കാണാൻ പഞ്ചായത്ത് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരും. ലക്ഷ്മി എസ്റ്റേറ്റ്, രാജമല, ലക്കം, മാട്ടുപ്പെട്ടി തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വലിയ ടൂറിസ്റ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

തിരക്കേറിയ ഈ പ്രദേശങ്ങളിലേക്ക് വലിയ വാഹനങ്ങൾ കടത്തിവിടുന്നതിന് പകരം, സഞ്ചാരികൾക്കായി മൂന്നാർ-ദേവികുളം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാദേശിക ടാക്സി സർവീസുകൾ ഏർപ്പെടുത്തും. വരാനിരിക്കുന്ന ഓണം ടൂറിസം സീസണിന് മുമ്പായി മൂന്നാറിലെ ഗതാഗതക്കുരുക്കും മാലിന്യ നിക്ഷേപവും പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ ഈ നടപടികളിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Munnar Plans Tourist Entry Fee To Tackle Waste
Next Story