Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
manipur war memorial
cancel
Homechevron_rightTravelchevron_rightDestinationschevron_rightസ്മരണകള്‍ പൂക്കുന്ന...

സ്മരണകള്‍ പൂക്കുന്ന സ്മാരകശിലകള്‍

text_fields
bookmark_border

ഇംഫാല്‍ കോമണ്‍വെല്‍ത്ത് വാര്‍ മെമോറിയല്‍ (Imphal war cemetery) അതിപ്രശസ്തമാണ്. ഇന്ത്യയുടെ അയൽരാജ്യമായ മ്യാൻമർ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഭൂപ്രദേശത്താണിത്. 1939 മുതല്‍ 1945 വരെ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് മൃതിയടഞ്ഞ 1600ലധികം വീരജവാന്മാരുടെ സ്മാരകങ്ങളാണ് ഇവിടെയുള്ളത്. കോമണ്‍വെല്‍ത്ത് വാര്‍ ഗ്രേവ്‌സ് കമീഷന്‍റെ നേതൃത്വത്തില്‍ നിർമിച്ച് പരിപാലിക്കപ്പെടുന്നയിടമാണ് ഇംഫാല്‍ കോമണ്‍വെല്‍ത്ത് വാര്‍ മെമോറിയല്‍.

ഇംഫാല്‍ നഗരത്തോട് ചേര്‍ന്നു തന്നെയാണ് വാര്‍ മെമോറിയല്‍. ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ്​ ഞങ്ങള്‍ അവിടെയെത്തുന്നത്​. ഡയസീസ് ഓഫ് സോഷ്യല്‍ സർവിസ് സോസൈറ്റിയില്‍നിന്നും ഇറങ്ങി ഏതാണ്ട് പത്തുമണിയോടെ വാര്‍ മെമോറിയലിലേക്ക് തിരിയുന്ന വഴിയിലെത്തി. മെയിന്‍ റോഡില്‍നിന്നും അൽപ്പം ഉള്ളിലേക്ക് മാറി ഒരു ഗേറ്റ് കണ്ടു. പരിസരത്തായി ചില വീടുകളുമുണ്ട്. കൊച്ചുകൊച്ചു വീടുകള്‍. അവക്ക് ചുറ്റും വാഴയും പൂച്ചെടികളുമൊക്കെയുണ്ട്.


മുന്നില്‍ പച്ചപ്പുല്ലുപരന്ന ഒരു ചെറുമൈതാനം. അതിനിടയില്‍ ഉയര്‍ന്നുനില്‍ക്കുന്ന വന്‍മരങ്ങള്‍. മരച്ചുവട്ടില്‍ ചില ആളുകളും ഇരിപ്പുണ്ട്. അവരുടെ അടുത്ത് തന്നെ ചില സാധനങ്ങള്‍ ഉണക്കാന്‍ വച്ചിട്ടുണ്ട്. വിറകും കിഴങ്ങുവര്‍ഗങ്ങളും അരിയും മറ്റ് ധാന്യങ്ങളും, ഏതൊക്കെയോ മരങ്ങളുടെ ഇലയും തൊലികളുമൊക്കെയുണ്ട്. സമീപത്തായി ഒരു മുയല്‍ക്കൂട്, കുഞ്ഞുങ്ങളാണതില്‍. വെള്ള രോമങ്ങളുള്ള ചെങ്കണ്ണന്മാര്‍. നല്ല ഓമനത്തമുള്ള മുയല്‍കുഞ്ഞുങ്ങള്‍. അവയെ വിൽപ്പനക്ക് വച്ചിട്ടുള്ളതാകാം.

അപ്പുറത്ത് മാറി പുല്‍പരപ്പിലിരുന്ന് വെയില്‍ കായുന്നവരുമുണ്ട്. ഒന്ന് രണ്ടുപേര്‍ പായവിരിച്ചിരുന്ന് ധ്യാനത്തിലാണ്. അതിനിടയിലൂടെ മുന്നോട്ടുനടന്നു. വഴിയില്‍ കുട്ടികള്‍ സൈക്കിള്‍ ഓടിച്ചുകളിക്കുന്നു. മണിപ്പൂരിന്‍റെ മുത്തുകള്‍, നിഷ്‌കളങ്ക മുഖങ്ങള്‍. ഞങ്ങളെ കണ്ട് അവര്‍ സൈക്കിള്‍ നിര്‍ത്തി ശ്രദ്ധിച്ചു. പേര് ചോദിക്കുമ്പോള്‍ ഒന്നും പറയാതെ ചിരിച്ചുകൊണ്ട് കുഞ്ഞുസൈക്കിളുമായി നീങ്ങുന്നു.


യുദ്ധം ബാക്കിവെക്കുന്നത്​

മുന്നില്‍ കോമണ്‍വെല്‍ത്ത് വാര്‍ മെമോറിയലിന്‍റെ വലിയ കവാടം. അതുകടന്ന് ചെല്ലുമ്പോള്‍ ഇരുവശത്തും വാര്‍ മെമോറിയല്‍ രൂപഘടനയും ചരിത്രവും നിര്‍മിതിയും മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തിവച്ചിരിക്കുന്നത് കണ്ടു. അവിടെ സെക്യൂരിറ്റി സ്റ്റാഫുമുണ്ട്. അദ്ദേഹം അത് കുറേക്കൂടി വിവരിച്ചുതന്നു.

പ്രവേശന കവാടത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇരുപുറവും വിസ്തൃതമായ പുല്‍പ്പരപ്പും അതിനെ അതിരിടുന്ന വെട്ടിയൊരുക്കിനിര്‍ത്തിയ കുറ്റിച്ചെടികളും കാണാം. പുല്‍പ്പരപ്പിനിടയില്‍ കല്ലില്‍ കൊത്തിവച്ച വീരയോദ്ധാക്കളുടെ പേരുകളും വിവരങ്ങളും. ഓരോ സ്മാരകശിലകളുടെയും ഇരുവശത്തും പൂത്തുനിറഞ്ഞ ചെടികളുണ്ട്. അവയുടെ സുഗന്ധവും നിറങ്ങളും ചുറ്റുപാടും നിറഞ്ഞുനില്‍ക്കുന്നു.


പലനിറമുള്ള റോസയും പ്ലൂം റോസും ട്യൂബ്റോസും ഇലച്ചെടികളും ബോഗന്‍ വില്ലയും ലില്ലിയും എല്ലാമുണ്ട്. മനോഹരമായ പൂക്കള്‍. ശത്രുക്കളോടു പോരാടി അകാലത്തില്‍ മൃത്യുവരിച്ചവരുടെ ജീവന്‍റെ തുടിപ്പുകളാണ് വിടര്‍ന്നു ചിരിക്കുന്ന ഈ പൂവുകള്‍ എന്ന് തോന്നും അവയുടെ തുടുത്തുമിനുങ്ങിയ ദളങ്ങള്‍ കണ്ടാല്‍. ഇളം മഞ്ഞ, റോസ്, കടുംചുവപ്പ്, വെള്ള, ഓറഞ്ച് തുടങ്ങിയ നിറമുള്ള റോസാ പൂവുകളാണ് കൂടുതലും.

കല്ലിലും മാര്‍ബിളിലും കൊത്തിവച്ച പേരുകളില്‍ ചിലത് വായിച്ചുനോക്കി.

T YOHON, 24rth October 1942

ES CHANCE (24), 30th April 1944

Major EA SANFORD(26), April 1944

JE BATS (31)

April 1944


ഇങ്ങനെ വരികളും നിരകളുമായി കാണുന്ന കല്ലുകളില്‍ പേരും വയസ്സും മരണപ്പെട്ട വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ട്. വീരമൃത്യുവടഞ്ഞവരില്‍ കൂടുതലും യുവാക്കളായിരുന്നു എന്ന് ഈ സ്മാരകശിലകള്‍ പറഞ്ഞു. ഇക്കൂട്ടത്തില്‍ യാതൊരു വിവരങ്ങളും ലഭ്യമല്ലാത്ത നൂറ്റിനാല്‍പതിലധികം പേരുടെ ശിലകളുമുണ്ട്.

ഇങ്ങനെ എത്രയോ പേരുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ടാകാം? എത്രയോ പേരുടെ ചോരപൊടിഞ്ഞ മണ്ണിലൂടെയാണ് നാം നടന്ന് നീങ്ങുന്നത് ?!! നമ്മുടെ നിലനില്‍പ്പുതന്നെ, ഓരോ നാടിന്‍റെയും നിലനില്‍പ്പുതന്നെ രക്തസാക്ഷിത്വത്തിന്‍റെ വിലയല്ലേ..?! ഇതൊക്കെ കാണുമ്പോള്‍ ചിന്തിച്ചുപോയി. ഉള്ളില്‍ സങ്കടം നിറഞ്ഞു.


വാര്‍ സെമിത്തേരിയിലൂടെ കുറേ നടന്നു. കൃത്യമായി പരിപാലിക്കപ്പെടുന്ന പൂച്ചെടികളും പുല്‍മൈതാനവുമാണ് ഇതെന്ന് കണ്ടാല്‍ മനസ്സിലാകും. പ്രവേശനകവാടത്തിന്‍റെ നേരെ എതിര്‍വശത്ത് ബോഗന്‍വില്ലയുടെ നല്ലൊരു പൂന്തോപ്പ് കാണാം. എല്ലാ ദിക്കിലുമുണ്ട് ഇതുപോലെ പൂവാടികള്‍. ഞങ്ങളെല്ലാം അവിടെ ഒരുമിച്ചുനിന്ന് നാടിനുവേണ്ടി ജീവന്‍ത്യജിച്ച ആ വീരയോദ്ധാക്കളെ ഓര്‍ത്ത് ഒന്നുരണ്ട് നിമിഷം മൗനമായി പ്രാര്‍ഥിച്ചു. പിന്നെ അവിടുന്ന് തിരിച്ചിറങ്ങി. അപ്പോഴും കുട്ടികള്‍ വഴിയില്‍ സൈക്കിള്‍ ഓടിച്ചുകളിക്കുന്നുണ്ടായിരുന്നു.

സമയം പതിനൊന്നുമണി ആകുന്നു. ഇംഫാല്‍ ഈസ്റ്റിലേക്കാണിനി പോകുന്നത്. വണ്ടിയില്‍ കയറി വീണ്ടും യാത്ര. ആന്‍ഡ്രോ പാര്‍ക്കും തടാകവും ലക്ഷ്മി കിച്ചനും ഇമാ കെയ്ത്തലുമൊക്കെയാണ് അടുത്ത ലക്ഷ്യം. വണ്ടി സമയത്ത് ഓടിയെത്തുമോ ആവോ, വൈകുന്നേരമായാല്‍ ഇവയെല്ലാം അടക്കും.


ഇംഫാല്‍ നഗരം നിറയെ പട്ടാളക്കാരുണ്ട്. അവര്‍ നിതാന്ത ജാഗ്രതയിലുമാണ്. കെട്ടിടങ്ങളുടെ മുകള്‍ത്തട്ടിലും കടകളിലും റോഡിലും ഓരോ മുക്കിലും മൂലയിലുമെല്ലാം തോക്കേന്തിയ സേനകള്‍. അത്ഭുതം തോന്നി. കേട്ടുകേള്‍വിയുണ്ടെങ്കിലും നേരിട്ടുകാണുമ്പോഴുള്ള അനുഭവം വേറൊന്നാണ്. ഉള്ളില്‍ നേരിയ ഭയവും.

വണ്ടി ഹൈവേയിലൂടെ നീങ്ങുകയാണ്. നഗരത്തിരക്കിനിടയിലൂടെ കൃഷിപ്പാടങ്ങളെ ഭേദിച്ച് മുന്നോട്ടുപോയി. വിളവെടുത്ത പാടങ്ങളില്‍നിന്നും പുക ഉയരുന്നുണ്ട്. വൈക്കോല്‍ കൂട്ടിയിട്ട് കത്തിക്കുന്നതാണത്. അടുത്ത കൃഷിക്കുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമാണിത്. കൃഷിക്കാരും അവരുടെ ആടുമാടുകളുമൊക്കെയുണ്ട്. പാലക്കാടും തമിഴ്‌നാടും വീണ്ടും ഓർമവന്നു.


ചന്തമേറും ഗ്രാമച്ചന്തകള്‍

വണ്ടി ഹൈവേവിട്ട് മറ്റൊരു റോഡിലേക്ക് കടന്നു. പച്ചപ്പുള്ള കൃഷിയിടങ്ങളും വീടുകളുമൊക്കെ ഈ വഴിയില്‍ നിറയെയുണ്ട്. പച്ചക്കറികളും മുളകളും വാഴയും നട്ടുനനക്കുന്ന വിളഭൂമികള്‍. അവക്കിടയിലൂടെ കുറേ മുന്നോട്ടുചെന്നപ്പോള്‍ വണ്ടി നിര്‍ത്തി ഞങ്ങളിറങ്ങി. നല്ല വിശപ്പുണ്ട്.

രാവിലെ ചായയും ബ്രെഡ്ഡും ചിക്കന്‍ കറിയുമൊക്കെ കഴിച്ചിട്ടാണിറങ്ങിയത്. എങ്കിലും തണുപ്പ് കാരണം വിശപ്പ് കൂടുന്നു. സമയം ഒരുമണിയാകുന്നു. എന്തെങ്കിലും കഴിക്കാതെ വയ്യ. ഞങ്ങള്‍ പുറത്തിറങ്ങി. ഇംഫാലിന്‍റെ കിഴക്കന്‍ പ്രവിശ്യയിലുള്ള ഒരു കൊച്ചു ടൗണ്‍ ആണിത്. ചെറിയ തുണിക്കടകളും ഇറച്ചിക്കടകളും മീന്‍സ്റ്റാളുകളും പഴം പച്ചക്കറിസ്റ്റാളുകളുമടങ്ങുന്ന ഒരു തനി ഗ്രാമച്ചന്ത.


ആന്‍ഡ്രോയിലെ അമ്മരുചികള്‍

റോഡിനോട് ചേര്‍ന്ന് രണ്ടുമൂന്നു ചായക്കടകൾ കണ്ട് ഞങ്ങള്‍ അവിടേക്ക് കയറി. പൊരിയും ബജിയും ചായയും കാപ്പിയും കിട്ടുന്ന രണ്ടുമൂന്നുകടകളുണ്ട്, നിരനിരയായി. അതിനോട് ചേര്‍ന്ന് ഇരിപ്പിടങ്ങളുമുണ്ട്. ഞങ്ങള്‍ അതിലിരുന്നു. ചായക്ക് ഓര്‍ഡര്‍ കൊടുത്തു. അടുപ്പത്ത് ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളക്കുന്നു. അടുപ്പിനടുത്ത് ഒരു പാത്രത്തില്‍ പുല്ല് അരിഞ്ഞുവച്ചിട്ടുണ്ട്. മറ്റൊരു പാത്രത്തില്‍ കുഴച്ചുവച്ച മാവും. പുല്ല് മാവില്‍ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുക്കുകയാണ് ഒരമ്മ. അതുകണ്ട് അതിനും ഓര്‍ഡര്‍ കൊടുത്തു. നിമിഷങ്ങള്‍ക്കകം മൊരിഞ്ഞുവന്ന പുല്ലുബജി കൊതിയോടെ തിന്നുനോക്കി. സൂപ്പര്‍ സ്വാദ്. ഇതുവരെ പരിചയമില്ലാത്തൊരു വിഭവം.

കറുമുറേ കിരുകിരാ ശബ്ദത്തില്‍ അത് വായിലിട്ട് ചവച്ചു. പിന്നെയും കഴിക്കാന്‍ തോന്നി. വീണ്ടും വീണ്ടും കഴിച്ചു. അതിനിടെ ചായ കിട്ടി. നല്ലൊന്നാംതരം മസാലച്ചായ. അടുപ്പിനോട് ചേര്‍ന്ന് കനലില്‍ വച്ച് കെറ്റിലിലാണ് ചായ തയാറാക്കുന്നത്. ചായപ്പാത്രത്തിൽ സര്‍വസുഗന്ധിയും വേറെ ചില സുഗന്ധഇലകളും ഇട്ടിട്ടുണ്ട്. അതിന്‍റെ രുചിയാണിത്. വീണ്ടും ചായകുടിച്ചു. അതിനിടയില്‍ ആ അമ്മയുടെ അനുവാദം വാങ്ങി പുല്ലുബജി സ്വന്തമായി തയാറാക്കി നോക്കി.


അതിന്‍റെ പാകവും പരുവവും അവര്‍ തന്നെ പറഞ്ഞുതന്നു. ഇത് കണ്ട് മറ്റുള്ളവരും പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു. നല്ല രസമുള്ള പരിപാടി തന്നെ. ഇലക്കറികളും ഇലകൊണ്ടുള്ള വിഭവങ്ങളും വടക്കുകിഴക്കിന്‍റെ ഭക്ഷണശീലങ്ങളില്‍ പ്രധാനമാണ്. പുല്ലുബജി കൂടാതെ വറപൊരി സാധനങ്ങള്‍ വേറെയുമുണ്ട്. മുളകുബജി, കായബജി, കടലപ്പൊരി തുടങ്ങിയവ. അടുത്ത ചായക്കടകളിലുമുണ്ട് ഇവയൊക്കെ. ഞങ്ങള്‍ അതൊക്കെ വാങ്ങി വയറുനിറച്ചു കഴിച്ചു. ആ അമ്മമാര്‍ക്കും സന്തോഷമായി.

ചായയും പലഹാരങ്ങളും കഴിച്ച് ഞങ്ങള്‍ അടുത്തുള്ള പച്ചക്കറി സ്റ്റാളുകളിലേക്ക് പോയി. കാബേജ്, കോളിഫ്ലവര്‍, ബീന്‍സ്, വെളുത്തുള്ളി, സവാള, തക്കാളി, ബീറ്റ്‌റൂട്ട്, കാപ്‌സിക്കം, മധുരക്കിഴങ്ങ്, ബ്രോക്കോളി തുടങ്ങിയവയെല്ലാമുണ്ടവിടെ. വയസ്സായ അമ്മമാരാണ് ഇവിടുത്തെയും കച്ചവടക്കാര്‍. പ്ലാസ്റ്റിക് ഷീറ്റ് നിലത്തുവിരിച്ച് അതില്‍ പച്ചക്കറികളും പഴങ്ങളും നിരത്തിവച്ചിരിക്കുന്നു. കൂടെ ഭക്ഷ്യയോഗ്യമായ ഇലവര്‍ഗങ്ങളും ചീരയിനങ്ങളും കടുകിന്‍റെ ഇളം തണ്ടുകളുമുണ്ട്.


അവയെല്ലാം ചെറിയ കെട്ടുകളായാണ് വച്ചിരിക്കുന്നത്. അവര്‍ കൃഷിചെയ്തുണ്ടാക്കുന്നവയാണ് ഇതില്‍ മിക്കതും. പഴവര്‍ഗങ്ങളുടെ കൂട്ടത്തില്‍ വാഴപ്പഴങ്ങളും ആപ്പിളും മാതളപ്പഴവും ഓറഞ്ചും പപ്പായയുമുണ്ട്. ഇവയെല്ലാം കുറച്ച് വീതമേയുള്ളൂ. നല്ല നിറപ്പകിട്ടാര്‍ന്ന കാഴ്ച. പച്ചക്കറികളില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത് മുളകിനങ്ങളാണ്. പലതരം മുളകുകള്‍ ചെറിയ കൂനകളായി കാണാം. നല്ല പച്ച നിറത്തിലുള്ള നീളന്‍ മുളകുകള്‍, കാന്താരി വര്‍ഗ്ഗങ്ങള്‍, ഒപ്പം വടക്കുകിഴക്കിന്‍റെ തനിവിളയായ കിങ്ങ് ചില്ലിയും. എരിവുകൂടിയ ഇനമാണിത്. ചുവപ്പും ഓറഞ്ചും മഞ്ഞയും കൂടിക്കലര്‍ന്ന നീളം കുറഞ്ഞ് മാംസളമായ മുളകുകള്‍. അവക്ക് ഡിമാന്‍ഡും കൂടുതലാണ്. വില ചോദിച്ചു. 300 രൂപ.

ഒരു ഷീറ്റില്‍ പച്ചക്കറികളും മറ്റും നിരത്തി വയസ്സായ ഒരമ്മയിരുപ്പുണ്ട്. അവര്‍ പുഴുങ്ങിയെടുത്ത മഞ്ഞള്‍ അരിഞ്ഞുകൂട്ടുകയാണ്. ആ അരിച്ചിലും മഞ്ഞളിന്‍റെ നിറവുമൊക്കെ കാണാന്‍ നല്ല രസം. മറ്റൊരിടത്ത് ഓറഞ്ചും തക്കാളിയുമൊക്കെ കണ്ട് വില ചോദിച്ചു. ഓറഞ്ചിനു 20 രൂപ. നാട്ടില്‍ 100 രൂപയാണ് അപ്പോള്‍ ഓറഞ്ചിന്‍റെ വില. മാതളത്തിനും അതേവില. നാട്ടില്‍ 150 രൂപയും.


മാര്‍ക്കറ്റിന്‍റെ മറ്റൊരു ഭാഗത്താണ്​ ഇറച്ചിക്കടകളും മീന്‍കടകളും. പോര്‍ക്കും കോഴിയും കഷണങ്ങള്‍ ആക്കിയും ഡ്രസ്സ് ചെയ്തും വച്ചിട്ടുണ്ട്. അവിടെയും സ്ത്രീകളാണ് കാര്യങ്ങള്‍ ചെയ്യുന്നത്. നല്ല വൃത്തിയും വെടിപ്പുമുള്ള മാര്‍ക്കറ്റാണിത്. മീനുകള്‍ പലതരമുണ്ട്. ഉള്‍നാടന്‍ മല്‍സ്യങ്ങളാണ് അധികവും. ഉണ്ടക്കണ്ണന്മാരും ചോരക്കണ്ണന്മാരും പുള്ളിവാലന്മാരും ഒക്കെയുണ്ട്. വലിയ വായയുള്ള പൊന്തന്‍ വയറന്‍മാരുമുണ്ട്. മത്സ്യവിഭവങ്ങളും മാംസവിഭവങ്ങളും ധാരാളം കഴിക്കുന്നവരാണ് ഇന്നാട്ടുകാര്‍ എന്ന് ഈ വടക്കുകിഴക്കന്‍ യാത്ര പലവട്ടം ബോധ്യപ്പെടുത്തിത്തന്നു.

ചുറ്റും ഒന്നുകൂടി കണ്ണോടിച്ചു. വടക്കുകിഴക്കന്‍ പെണ്‍ജീവിതങ്ങളുടെ ചുറുചുറുക്കും ഉത്സാഹവും നേരിൽ കണ്ടു. ജീവിതം അധ്വാനത്തിന്‍റെ ആകെത്തുകയാണ് എന്നറിഞ്ഞ് മുന്നോട്ടുപോകുന്ന സ്ത്രീകള്‍. ഒരുപാട് സ്വപ്നങ്ങളും ആകുലതകളും ഇല്ലാത്തവര്‍. തുച്ഛമായ വരുമാനക്കാരും സ്വയംതൊഴില്‍ ചെയ്ത് ഉപജീവനം കഴിക്കുന്നവരും ആണ് ഇവിടത്തുകാര്‍. മണ്ണില്‍ പണിയെടുത്ത് വിളവെടുത്ത് വിപണിയിലെത്തിക്കുന്നവര്‍. അഭിമാനികളായ വീട്ടമ്മമാര്‍.


ഇതൊരു പ്രാദേശിക വിപണനകേന്ദ്രമാണ്. ചെറുകിട കച്ചവടങ്ങളുടെ വിപണി. പലവിഭവങ്ങള്‍ ഒരേ കൂരക്കുകീഴില്‍ ഒരുമിപ്പിച്ചുകൊണ്ടുപോകുന്ന ഒരു കൂട്ടു സംരംഭം. നമ്മുടെ പഞ്ചായത്ത് മാര്‍ക്കറ്റ് പോലുള്ള ഒരു സംവിധാനം. ഒട്ടനേകം ഗ്രാമീണരുടെ ജീവിതമാര്‍ഗം. ഒരു മാതൃകാ സംരംഭം.

അവരോട് സംസാരിച്ചു കുശലം പറഞ്ഞ് ആന്‍ഡ്രോ പാര്‍ക്കിലേക്ക് വണ്ടി വിട്ടു. ആൻഡ്രോപാർക്കിന്‍റെ എൻട്രി പോയിന്‍റിൽ കുറെ വണ്ടികൾ കിടപ്പുണ്ട്. അതിനടുത്തുതന്നെ ഞങ്ങളുടെ വണ്ടിയും പാർക്ക്‌ ചെയ്തു. കൗണ്ടറിൽനിന്ന് ടിക്കറ്റെടുത്തു. ഒരാൾക്ക് 20 രൂപയാണ്. സമീപത്തുള്ള കടയിൽനിന്നും വെള്ളവും ബിസ്‌ക്കറ്റും വാങ്ങിവച്ചു. എന്നിട്ട് നടന്നു. പാർക്കിലേക്ക് നടക്കുമ്പോൾ ആദ്യം കാണുന്നത് ഒരു ശുദ്ധജല തടാകമാണ്. റോഡിന്‍റെ വലതുവശത്താണിത്.


ചുറ്റുമുള്ള ഗിരിനിരകളുടെ നിഴൽ വീണുകിടക്കുന്ന ജലാശയം അതിമനോഹരമായി തോന്നി. തടാകക്കരയിലൂടെ നടന്നു. നല്ല വെയിലുണ്ട്. തെളിഞ്ഞ വെള്ളത്തിൽ മിന്നൽ പാച്ചിൽ നടത്തുകയാണ് മീൻകൂട്ടങ്ങൾ. നീന്തൽ മത്സരങ്ങൾ ആണെന്ന് തോന്നും അത് കണ്ടാൽ. പൊടിമീനുകളും വലുപ്പമുള്ളവയുമൊക്കെയുണ്ട്. അതിനിടയിൽ മുകൾപ്പരപ്പിലെത്തിനോക്കി മുങ്ങാംകുഴിയിട്ട് പോകുന്ന പരൽമീനുകളുമുണ്ട്. ഏറെ കൗതുകമുള്ള കാഴ്ച. ഉൾനാടൻ മത്സ്യകൃഷി ചെയ്യുന്ന ജലാശയമാകാം ഇത് എന്ന് മനസ്സ് പറഞ്ഞു. വീണ്ടും മുന്നോട്ട് നടന്നു.

തടാകക്കരയിൽ കുറെ പീടികകളുണ്ട്. നീളെനീളെ കാണുന്ന കൊച്ചുകൊച്ചു കടകൾ. തിന്നാനും കുടിക്കാനും മുറുക്കിത്തുപ്പാനും സൗകര്യമൊരുക്കുന്ന ചില്ലറ വിൽപ്പനശാലകളാണത്. വിവിധയിനം പാൻമസാലകളും പൊരിക്കടലയും കപ്പലണ്ടി മുട്ടായിയും ബിയറുൾപ്പെടെയുള്ള മദ്യവും പഴവർഗങ്ങളുമെല്ലാമുണ്ട്. മിതമായ എണ്ണത്തിലും അളവിലും മാത്രം. അവിടുന്ന് മലരും പൊരിയും ശർക്കരയും അരിഞ്ഞ ക്യാബേജും കൂട്ടിയിളക്കിയ എരിവുള്ള ഒരു പൊരിമിക്സ്ചർ വാങ്ങിക്കഴിച്ചു.

മ്യാന്മാർ ബിയർ, ചൈനീസ് ബിയർ തുടങ്ങി നാടനും മറുനാടനൊക്കെ കുപ്പികളിലും ടിന്നുകളിലും നിരത്തിയിട്ടുണ്ട്. ചിലർ അതൊക്കെ വാങ്ങി രുചിക്കുന്നുമുണ്ട്. പൈനാപ്പിളും കിഴങ്ങുകളും പപ്പായപ്പഴങ്ങളും ഇവിടെയുണ്ട്. വിൽപ്പനക്കാരെല്ലാം സ്ത്രീകൾ തന്നെ. സാധനങ്ങൾ എടുത്തുകൊടുക്കാനും കൃത്യമായി കാശുവാങ്ങാനും അവർ മിടുക്കികളാണ്. പെണ്ണുങ്ങളുടെ മിടുക്കും കരുത്തും ഈ പ്രദേശത്തുവന്ന് കണ്ടറിയണം. ഏതു കാര്യവും എളുപ്പത്തിൽ നടത്തി സധൈര്യം മുന്നോട്ടുപോകുന്ന സ്ത്രീകളാണിവർ. അവരുടെ അധ്വാനം തന്നെയാണ് അവരുടെ കൈമുതലും ആത്മവിശ്വാസവും.


മണിപ്പൂരിലെ പ്രണയക്കമ്പ്​

കുറേക്കൂടി മുന്നോട്ടുനടന്ന് ആൻഡ്രോപാർക്കിന്‍റെ ഗേറ്റിനു മുന്നിലെത്തി. അവിടെയുമുണ്ട് വിൽപ്പനശാലകൾ. കരകൗശല വസ്തുക്കളുടെയും ആഭരണങ്ങളുടെയും സ്റ്റാള്ളുകളാണവ. കൗമാരയൗവനങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ പോന്ന പലതുമുണ്ടിവിടെ. മണ്ണുകൊണ്ടുള്ള ആമകൾ, മൃഗരൂപങ്ങൾ, പൂപ്പാത്രങ്ങൾ, കാതിലോലകൾ, ജുമുക്കികൾ, പല നിറമുള്ള വളകളും മാലകളും എന്നിങ്ങനെ വിവിധ വസ്തുക്കളുണ്ട്. മുളകൊണ്ടുള്ള ഉൽപ്പന്നങ്ങൾ വേറെയുമുണ്ട്. ഒന്നുരണ്ടു കിറ്റുകളിൽ മാങ്ങയും വച്ചിട്ടുണ്ട്. ഇതിന്‍റെയെല്ലാമിടയിൽ ഒരു പാത്രത്തിൽ റോസപ്പൂവുകൾ വരച്ച പെൻസിൽപോലെ ഒരു നീണ്ട വസ്തു. തടിയിൽ രൂപകൽപ്പന ചെയ്തതാണത്.

വെളുത്ത ഭംഗിയുള്ളൊരു നീളൻ കോല്. അതെടുത്തുനോക്കി. എന്താണെന്നു പിടികിട്ടിയില്ല. കടയുടമയോട് ചോദിച്ചു. അവർ ചിരിച്ചുകൊണ്ട് മണിപ്പൂരി ഭാഷയിൽ എന്തോ പറഞ്ഞു. മനസ്സിലായില്ല. പെൻസിലാണോ, അതോ മുടിയിൽ വക്കാനുള്ള സ്റ്റിക്കോ? പിടികിട്ടുന്നില്ല. അത് മനസ്സിലാക്കി അവർ ചിരിച്ചുകൊണ്ട് വീണ്ടും ആംഗ്യഭാഷയിൽ എന്തൊക്കെയോ പറയുന്നു. വളരെ ശ്രദ്ധിച്ചപ്പോൾ മനസ്സിലായി. ഇതൊരു പ്രണയക്കമ്പാണ്. ആൺകുട്ടികൾ പ്രണയിനികൾക്ക് ഇഷ്ടസൂചകമായി കൈമാറുന്ന സമ്മാനം. ഇവിടെ ഇതിന് വലിയ ഡിമാൻഡാണ് എന്നും അവർ കൂട്ടിച്ചേർത്തു. കേട്ടപ്പോൾ രസം തോന്നി.


മുന്നോട്ടുനടന്ന് പാർക്കിന്‍റെ വഴിയിലെത്തി. അവിടെ ടിക്കറ്റ് ഒരു കമ്പിയിൽ കോർത്തിടണം. അതിനുശേഷമാണ് പാർക്കിലേക്ക് കടക്കുന്നത്. ആൻഡ്രോപാർക്ക്‌ വിശാലമാണ്. മുകളിൽ നീലാകാശം. ഇടയ്ക്കിടെ വെൺമേഘങ്ങൾ. പച്ചവിരിച്ച മലനിരകൾക്ക് താഴെ വിരിഞ്ഞുകിടക്കുന്ന പുൽപരപ്പും പൂവാടികളും. കളിസ്ഥലങ്ങളും ഇരിപ്പിടങ്ങളും നടപ്പാതകളുമുണ്ടിവിടെ. വന്മരങ്ങളും പൂച്ചെടികളും ധാരാളമുണ്ട്. പൂത്തുനിറഞ്ഞ ബോഗൻവില്ല, റോസാച്ചെടികൾ, ഇലച്ചെടികൾ, മഞ്ഞപ്പൂങ്കുലകൾ നിറഞ്ഞ വള്ളിച്ചെടികൾ തുടങ്ങിയവ പാർക്കിന് അലങ്കാരമായി നിൽപ്പുണ്ട്.

സ്വദേശികളും വിദേശികളുമായ ഒട്ടേറെ സഞ്ചാരികൾ പാർക്കിലുണ്ട്. കലപിലകൂട്ടുന്ന കുട്ടിക്കൂട്ടങ്ങളും സൊറപറഞ്ഞിരിക്കുന്ന വയോധികരുമുണ്ട്. ഉച്ചവെയിലിൽ തിളങ്ങി നിൽക്കുന്ന പുൽമൈതാനവും പരിസരങ്ങളും മനോഹരമായി തോന്നി. പാർക്കിലൂടെ കുറച്ചുസമയം നടന്നു. പിന്നെ ഒന്നുരണ്ട് പടമെടുത്ത് തിരിച്ചുനടന്നു. പാർക്കിന്‍റെ സൈഡിലൂടെ, തടാകക്കരയിലൂടെ, പീടികകൾക്കിടയിലൂടെ മുന്നോട്ടുപോകുമ്പോൾ തടാകത്തിലെ തെളിനീർ ചിത്രങ്ങൾ കൂടുതൽ മിഴിവോടെ തിളങ്ങിനിന്നു.

(തുടരും)

ഭാഗം 5: മണിപ്പൂർ - ഗോത്രസംസ്‌കാരങ്ങളുടെ നേർക്കാഴ്ചകൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north east travel
News Summary - Imphal War Cemetery
Next Story