Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightബിഹാറിലെ...

ബിഹാറിലെ ഗ്രാമങ്ങളിലൂടെ നേപ്പാളിലേക്ക്​

text_fields
bookmark_border
noori chowk
cancel
camera_alt

നൂരി ചൗക്ക്​ ​ഗ്രാമം (ചിത്രം: ഫൈസൽ ചേലക്കുളം)

ചൊവ്വാഴ്​ച രാവിലെ ഏഴ്​ മണി കഴിഞ്ഞു​ ഉണരു​േമ്പാൾ. കഴിഞ്ഞദിവസത്തെ ദീർഘയാത്ര അവസാനിച്ചത്​ അർധരാത്രി 12 മണിക്കായിരുന്നു. കുറഞ്ഞസമയം മാത്രമാണ്​ ഉറങ്ങാൻ കഴിഞ്ഞത്​. കണ്ണിൽനിന്ന്​ ക്ഷീണം വിട്ടകന്നിട്ടില്ല. അലാറം അടിച്ചതോടെ ചാടി എഴുന്നേൽക്കുകയായിരുന്നു. ബിഹാറിന്‍റെ തലസ്​ഥാനമായ പട്​ന എന്ന മഹാനഗരത്തി​െൻറ പ്രാന്തപ്രദേശത്താണ്​ റൂം എടുത്തിരിക്കുന്നത്​. ഹോട്ടലിലെ ബാൽക്കണിയിൽനിന്ന്​ നോക്കിയാൽ നഗരവും കൃഷിയിടങ്ങളുമെല്ലാം ഒരുമിച്ച്​ കാണാം.

സാധാരണ രാവിലെ എണീറ്റാൽ പുറത്തിറങ്ങി കാലിച്ചായ കുടിക്കാറുണ്ട്​. സമയം വൈകിയതിനാൽ അത്​ ഒഴിവാക്കി. എട്ട്​ മണിയോടെ ബാഗെല്ലാം എടുത്ത്​ പുറത്തിറങ്ങി. ടൊയോട്ട ഫോർച്യൂണറി​െൻറ എൻജിന്​ വീണ്ടും ജീവൻവെച്ചു. പശ്ചിമബംഗാളിലെ സിലിഗുരിയാണ്​ ഇന്നത്തെ ലക്ഷ്യം. റോഡിൽ രാവി​െലത്തന്നെ ലോറിക്കാരുടെ ബഹളമാണ്​. പിന്നെയുള്ളത്​ ബസുകളും​. ഇവയാണെങ്കിൽ ഒടുക്ക​െത്ത ഹോണടിയാണ്​. റോഡിലൂടെ തോന്നിയ പോലെയാണ്​ പോകുന്നത്​. ഡ്രൈവിങ്​ സംസ്​കാരം വളരെ മോശം.

പട്​നയിലെ റൂമിൽനിന്നുള്ള കാഴ്ച

ചില ബസുകളുടെ മുകളിൽ വരെ ആളുകൾ ഇരിക്കുന്നുണ്ട്​. ഉത്തരേന്ത്യയിൽ പലയിടത്തും ഇതുപോലെ യാത്ര ചെയ്യുന്നവരെ കാണാനിടയായി. ജാതിവിവേചനങ്ങളും ഇത്തരം യാത്രകൾക്ക്​ കാരണമാകുന്നുണ്ട്​ എന്നാണ്​ അറിയാൻ കഴിഞ്ഞത്​. താഴ്​ന്ന ജാതിക്കാരെ പലയിടത്തും ഒരുമിച്ച്​ ഇരിക്കാൻ മേൽജാതിക്കാർ അനുവദിക്കില്ല. ഇവിടത്തെ ഓ​ട്ടോറിക്ഷകളിലെല്ലാം ആളുകളെ കുത്തിനിറച്ചാണ്​ യാത്ര​. അതുപോലെ ശ്രദ്ധയിൽപെട്ട മറ്റൊരു കാര്യം ബൈക്കുകളിൽ നമ്പർ ​േപ്ലറ്റിന്​ പകരം ദൈവങ്ങളുടെ പേര്​ എഴുതിവെച്ചിരിക്കുന്നു. ഇത്തരക്കാരെ പിടികൂടാൻ പൊലീസിനും കഴിയാത്ത അവസ്​ഥയാണ്​.

കേരളത്തിൽനിന്ന്​ ഭൂട്ടാനിലേക്ക്​ കാറിൽ നടത്തിയ അവിസ്​മരണീയ യാത്ര - റോഡ്​ ടു ഭൂട്ടാൻ: ഭാഗം മൂന്ന്​

ഏതാനും കി​േലാമീറ്റർ സഞ്ചരിച്ചപ്പോഴേക്കും വലിയ ഒരു പാലത്തിലേക്ക്​ പ്രവേശിച്ചു. മഹാത്​മ ഗാന്ധി സേതു എന്നാണ്​ പാലത്തി​െൻറ പേര്​. താഴെ ഒഴുകുന്നത്​ സാക്ഷാൽ ഗംഗ നദിയാണ്​. പട്​ന നഗരത്തി​െൻറ ജീവനാഡിയാണ്​ ഗംഗ. 5.75 കിലോമീറ്റർ നീളമുണ്ട്​ ഇൗ പാലത്തി​ന്​. പാലത്തി​െൻറ ഒരുഭാഗം പ്രവൃത്തി കാരണം അടച്ചിട്ടിരിക്കുകയാണ്​.

ഗംഗാ നദിക്ക്​ കുറുകെയുള്ള മഹാത്​മ ഗാന്ധി സേതു

അതുകൊണ്ട്​ തന്നെ ചിലഭാഗങ്ങളിൽ നല്ല തിരക്കുണ്ട്​. വളരെ പതുക്കെയാണ്​ വാഹനങ്ങൾ പോകുന്നത്​. 1982ൽ അന്നത്തെ പ്രധാനമ​ന്ത്രി ഇന്ദിര ഗാന്ധിയാണ്​ പാലം ഉദ്​ഘാടനം ചെയ്​തത്​. വാഹനത്തിരക്ക്​ കൂടിയതോടെ മറ്റൊരു പാലം കൂടി ഇവിടെ നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ട്​. ഗംഗയുടെ തീരത്ത്​ വണ്ടി നിർത്തി ഫോ​േട്ടായെടുക്കണമെന്ന്​ ആഗ്രഹിച്ചെങ്കിലും പുഴ കടന്ന്​ ഒരു കിലോമീറ്റർ കഴിഞ്ഞാണ്​ പാലം അവസാനിച്ചത്​.

മുന്നോട്ടുനീങ്ങും തോറും നഗരത്തി​െൻറ വലിപ്പമെല്ലാം കുറഞ്ഞു. പിന്നീടങ്ങോട്ട്​ കാർഷിക ഗ്രാമങ്ങൾ മാത്രമേ കാണാനുള്ളൂ. ഭഗവാൻപുരിന്​ സമീപം പാതയോരത്ത്​ കണ്ട ​ഹോട്ടലിന്​ മുന്നിൽ വണ്ടി നിർത്തി. പതിവുപോലെ ആലൂപറാത്തയാണ്​ കഴിക്കാനുള്ളത്​. ഇതുകൂടാതെ കചോരി എന്ന വിഭവം കൂടി ഇവിടെയുണ്ട്​. ഭക്ഷണം തയാറാക്കുന്ന സമയത്തിനിടയിൽ​​ ഹോട്ടലിൽനിന്ന്​​​ പുറത്തിറങ്ങി. പിന്നിലെല്ലാം വിശാലമായ പാടമാണ്​. കടുകാണ്​ തൊട്ട്​ മുന്നിലുള്ള കൃഷി. അതിന്​ പുറകിലായി നെൽകൃഷിയുണ്ട്​. റോഡി​െൻറ മറുവശം പുകയില ഉൾപ്പെടെ കൃഷികളും സമൃദ്ധമായി വളരുന്നു​.

ഹോട്ടലിന്​ സമീപത്തെ കൃഷിയിടം

കൃഷിയെല്ലാം കണ്ട്​ വന്നപ്പോഴേക്കും ഭക്ഷണം റെഡിയായിരുന്നു. വയറും മനസ്സും നിറച്ചുണ്ട്​​ വീണ്ടും വണ്ടിയിൽ കയറി. ദേശീയപാതയാണെങ്കിലും രണ്ടുവരി റോഡാണ്​​. കാര്യമായ തിരക്കൊന്നുമില്ല. പാതയോരങ്ങളിൽ ധാരാളം വീടുകൾ കാണാം​. മണ്ണും പുല്ലുമെല്ലാമാണ്​ അവയുടെ​ നിർമാണത്തിന്​ ഉപയോഗിച്ചിരിക്കുന്നത്​. കൊയ്​ത്ത്​ കഴിഞ്ഞ പാടങ്ങളിൽനിന്ന്​ കൊണ്ടുവന്ന വൈക്കോൽ കൂനകൾ ഇവക്ക്​​ മുന്നിൽ കൂട്ടിയിട്ടിരിക്കുന്നു.

പാതയോരത്തെ വീടുകൾ

റോഡിന്​ നടുവിലെ പച്ചക്കറിചന്തകൾ

ഏകദേശം 20 കിലോമീറ്റർ ഇടവിട്ട്​​ ചെറുനഗരങ്ങൾ കടന്നുവരുന്നുണ്ട്​. ഇത്തരം സ്​ഥലങ്ങളിൽ ആളുകളെല്ലാം റോഡിൽ തന്നെയുണ്ടാകും. കച്ചവടവും​ റോഡിൽവെച്ച്​ തന്നെയാണ്​. ബിഹാർ എന്ന്​ കേൾക്കു​േമ്പാൾ ആദ്യം മനസ്സിലെത്തുക മുൻ മുഖ്യമന്ത്രിയും റെയിൽവേ മന്ത്രിയുമായ ലാലുപ്രസാദ്​ യാ​ദവിന്‍റെ പേരാണ്​.

റോഡിലെ തിരക്ക്​

അഴിമതിക്കേസിൽ ജയിലിലാണെങ്കിലും അദ്ദേഹത്തി​െൻറ പ്രതാപത്തിന്​ ഒട്ടും മങ്ങലേൽപ്പിച്ചിട്ടില്ല എന്ന്​ തോന്നും വഴിയോരങ്ങളിലെ ആർ.ജെ.ഡിയുടെ േപാസ്​റ്ററുകൾ കാണു​േമ്പാൾ. എ​ന്തൊക്കെയായാലും വികസനത്തി​െൻറ കാര്യത്തിൽ ഏറെ പിറകിലാണ്​ ബിഹാറെന്ന്​​ ഒാരോ കിലോമീറ്റർ സഞ്ചരിക്കു​േമ്പാഴും മനസ്സിലാകും.ജനങ്ങളുടെ അടിസ്​ഥാന സൗകര്യങ്ങൾ പോലും നിറവേറ്റിക്കൊടുക്കാൻ സർക്കാറുകൾക്ക്​ കഴിഞ്ഞിട്ടില്ല.പലകുടുംബങ്ങളും നരകതുല്യമായ ജീവിതമാണ്​ നയിക്കുന്നത്​. വികസനം തൊട്ടുതീണ്ടാത്ത ​ഗ്രാമങ്ങളാണ്​ മിക്കവയും.

ബിഹാറിലെ നഗരത്തിലുള്ള ആർ.ജെ.ഡിയുടെ ഫ്​ളക്​സ്​

പലയിടത്തും ശാഹീൻബാഗ്​ സമരത്തിന്​ ​െഎക്യദാർഢ്യവുമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ കാണാൻ സാധിച്ചു. ഞങ്ങൾ ​േപാകുന്ന സമയത്താണ്​ ബിഹാറിലെ ഒരു സമരത്തിനുനേരെ സംഘ്​പരിവാർ ആക്രമണം ഉണ്ടാകുന്നത്​. കാഴ്​ചകൾ കണ്ട്​ പോകുന്നതിനിടെ സമയം പോയതറിഞ്ഞില്ല. ഉച്ചയായിട്ടുണ്ട്​. പക്ഷെ, മൂടിക്കെട്ടിയ ആകാശമായതിനാൽ ​തെളിച്ചമില്ലാത്ത പോലെയാണ്​. ചൂടിന്​ പകരം ചെറിയ തണുപ്പുമുണ്ട്​.

വഴിയോരത്തെ കടുക്​ പാടം

ഇൗ യാത്രയിൽ ഹൈദരാബാദ്​ മുതൽ ഇതേ അവസ്​ഥയായിരുന്നു അന്തരീക്ഷത്തിന്​. 10 മണിക്കാണ്​ വയറുനിറച്ച്​ ഭക്ഷണം കഴിച്ചത്.​ അതുകൊണ്ട്​ തന്നെ കാര്യമായ വിശപ്പൊന്നുമില്ല. വഴിയോരത്തുനിന്ന്​ കുറച്ച്​ ഒാറഞ്ച്​ വാങ്ങി വണ്ടിയിൽ വെച്ചു. കാഴ്​ചകൾക്ക്​ കാര്യമായ വ്യത്യാസമൊന്നുമില്ല. കൃഷി തന്നെയാണ്​ എവിടെയും.

വഴിയോര കാഴ്ച

കൃഷിയില്ലാത്ത ഭാഗങ്ങളിൽ ഇഷ്​ടിക ഫാക്​ടറികളും ഉയർന്നുനിൽപ്പുണ്ട്​. സമയം നാല്​ മണിയായിട്ടുണ്ട്​. പട്​നയിൽനിന്ന്​ തുടങ്ങിയിട്ട്​ 400 കിലോമീറ്റർ പിന്നിട്ടു. കാര്യമായിട്ട്​ എവിടെയും ഇറങ്ങിയിട്ടില്ല. ചെറിയ ഒരു കവല കണ്ടപ്പോൾ വണ്ടിനിർത്തി. നൂരി ചൗക്ക്​ എന്നാണ്​ സ്​ഥലത്തി​െൻറ പേര്​. തനത്​ കാർഷിക ഗ്രാമം​.

കടക്ക്​ മുന്നിൽ വിൽപ്പനക്കുവെച്ച നെല്ല്​

നേപ്പാൾ അതിർത്തിയിലേക്ക്​ വലിയ ദൂരമൊന്നുമില്ല ഇവിടെനിന്ന്​. ചെറിയ ചായക്കടയിൽ കയറി. പക്കവടയും ബ്രഡ്ഡുമെല്ലാം കൂട്ടി ചായകുടിച്ചു. ഷീറ്റ്​ കൊണ്ട്​ മേഞ്ഞ ചെറിയ കടകളാണ്​ പലതും. ഇവക്ക്​ മുന്നിൽ വിൽപ്പനക്കായി നെല്ലെല്ലാം കൂട്ടിവെച്ചിട്ടുണ്ട്​. അതുപോലെ പാതയോരത്ത്​ കർഷകർ ക്വാളിഫ്ലവർ പോലുള്ള പച്ചക്കറികളും കൊണ്ടുവന്ന്​ തൂക്കിവിൽക്കുന്നു. വിചാരിച്ച തുക ലഭിക്കാത്തതിലെ നിരാശ പല കർഷകരുടെയും മുഖത്ത്​ തെളിയുന്നുണ്ട്​​.

ഗ്രാമത്തിലെ ക്വാളിഫ്ലവർ വിൽപ്പന

ഗ്രാമത്തി​െൻറ ഉള്ളിലേക്ക്​ നടക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഒറ്റനില വീടുകളാണ്​ എങ്ങും. പലതും ഒാല​കൊണ്ട്​ മേഞ്ഞവ​. ചില വീടുകൾ ഇഷ്​ടിക കൊണ്ടാണ്​ നിർമിച്ചിട്ടുള്ളതെങ്കിലും ചുമരൊന്നും തേച്ചിട്ടില്ല.

കുട്ടികൾ വഴിയോരങ്ങളിൽ ഒാടിക്കളിക്കുന്നുണ്ട്​. ചക്രമെല്ലാം ഉരുട്ടിനടക്കുകയാണ്​ അവർ. കുട്ടിക്കാലത്തേക്ക്​ കൂട്ടിക്കൊണ്ടുപോകുന്ന കാഴ്​ചകൾ. പശുക്കളും ആടുകളുമെല്ലാം ഗ്രാമത്തി​െൻറ അഭിവാജ്യഘടകമായി കാണാം.

ഗ്രാമത്തിലെ കുട്ടികൾ

കാർഷികവൃത്തിയാണ്​ പലരുടെയും വരുമാന മാർഗം. കുറച്ചുപേർ പ്രതീക്ഷയുടെ പുൽനാമ്പുകൾ തേടി പ്രവാസ ലോകത്താണ്​. അവരുടെ വീട്ടിൽ അൽപ്പം 'ആർഭാടവും' കാണാം. ഏതാനുംനേരം ഗ്രാമത്തിൽ ചെലവഴിച്ച്​ തിരിച്ചുനടക്കാൻ തുടങ്ങി. പോകുന്ന വഴിയിൽ തട്ടുകടയിൽ എന്തോ സാധനം തയാറാക്കുന്നുണ്ട്​.

ഗ്രാമത്തിലെ വീടിന്​ സമീപം ഇരിക്കുന്ന സ്​ത്രീ

ന്യൂഡിൽസും മകറോണിയും കൂടിയുള്ള വിഭവമാണ്​. കാണാൻ നല്ല രസമുണ്ട്​. തയാറാക്കുന്ന രീതി അതിലേറെ മനോഹരം. പിന്നെ അത്​ വാങ്ങാതിരിക്കാൻ മനസ്സ്​ അനുവദിച്ചില്ല. തരക്കേടില്ലാത്ത രുചിയുമുണ്ട്​. നമ്മുടെ നാട്ടിലും പരീക്ഷിക്കാവുന്ന വിഭവമാണ്​. പേരറിയാത്ത ആ വിഭവവും കഴിച്ച്​ വണ്ടിയിൽ കയറി. 20 കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും വെസ്​റ്റ്​ ബംഗാളിലെ ഡാർജിലീങ്​ ജില്ലയിലേക്ക്​ പ്രവേശിച്ചു.

തട്ടുകടക്ക്​ മുന്നിൽ

നേപ്പാളിൽനിന്നൊരു ചായ

പത്ത്​ കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ പാനിടങ്കിയിൽ നേപ്പാൾ ബോർഡറുണ്ടെന്ന്​ മനസ്സിലാക്കി. എന്തായാലും ഇത്രയും ദൂരം വണ്ടിയോടിച്ച്​ വന്ന​താണ്​. അയൽരാജ്യമൊന്ന്​ സന്ദർശിച്ചില്ലെങ്കിൽ മോ​ശമല്ലേ എന്ന്​ കരുതി വണ്ടി ഇടത്തോട്ട്​ തിരിച്ചു. അതിർത്തിയിൽ ഇന്ത്യൻ സുരക്ഷ ഉദ്യോഗസ്​ഥർ വാഹനം​ പരിശോധിച്ചു. ​കെ.എൽ നമ്പർ ​േപ്ലറ്റ്​ കണ്ടിട്ട്​ അവർക്ക്​ പെ​െട്ടന്ന്​ മനസ്സിലായില്ല.

ഇന്ത്യയിൽനിന്ന്​ നേപ്പാളിലേക്ക്​ കടക്കുന്നു

സാധാരണ നേപ്പാളിലേക്ക്​ മലയാളികൾ പോകുന്നത്​ ഉത്തർപ്രദേശിലെ ഖൊരഖ്​പുർ​ വഴി സോനോലിയിലൂടെയാണ്​. അവിടെനിന്ന്​ ഭൂട്ടാനും നോർത്ത്​ ഇൗസ്​റ്റുമെല്ലാം കാണാൻ താൽപ്പര്യമുള്ളവർ പാനിടങ്കിയിലൂടെ ഇന്ത്യയിലേക്കെത്തും. വണ്ടിയുടെ പേപ്പറുകളെല്ലാം പരിശോധിച്ച്​ ഞങ്ങളെ കടത്തിവിട്ടു.​

മേച്ചി നദിക്ക്​ കുറുകെയുള്ള പാലം കടന്ന്​ ഫോർച്യൂണറും ഞങ്ങളും നേപ്പാളി​െൻറ മണ്ണിലെത്തി. ഇൗ യാത്രയിലെ ഞങ്ങളുടെ മറ്റൊരു നാഴികക്കല്ലായിരുന്നു അത്​. പാലം കടന്ന്​ മേച്ചിനഗർ എന്ന നഗരത്തിലേക്കാണ്​ എത്തിയത്​. ഇവിടെനിന്ന്​ ഏകദേശം 450 കിലോമീറ്റർ ദൂരമുണ്ട്​ നേപ്പാളി​െൻറ തലസ്​ഥാനമായ കാഠ്​മണ്ഡുവിലേക്ക്​.

നേപ്പാൾ അതിർത്തിയിൽ

എമിഗ്രേഷൻ ഒാഫിസി​െൻറ മുന്നിൽ​ വണ്ടിനിർത്തി. അതിനപ്പുറത്തേക്ക്​ വണ്ടിയുമായി പോകണമെങ്കിൽ ഒാഫിസിൽ പോയി രേഖകളെല്ലാം നൽകി പെർമിറ്റ്​ എടുക്കണം. പാസ്​പോർട്ട്​ ഇല്ലാതെ തന്നെ ഇന്ത്യക്കാർക്ക്​ നേപ്പാളിലൂടെ സഞ്ചരിക്കാൻ കഴിയും. തിരിച്ചറിയൽ കാർഡി​െൻറ ആവശ്യമേയുള്ളൂ. പിന്നെ വാഹനം​ കൊണ്ടുപോകണമെന്നുണ്ടെങ്കിൽ അതി​െൻറ അസ്സൽ രേഖകളും വേണം. നേപ്പാളിലൂടെ ദീർഘമായൊരു യാത്ര നടത്താനുള്ള ഉദ്ദേശം ഞങ്ങൾക്കില്ലായിരുന്നു. കുറച്ചുനേരം അവിടെ ചെലവഴിക്കണമെന്ന്​ മാത്രമേ കരുതിയിട്ടുള്ളൂ.

മേച്ചിനഗറിലെ കടയിൽ

വെൽക്കം ടു നേപ്പാൾ എന്നെഴുതിയ വലിയ കാമാനത്തിന്​ നടുവിലൂടെ നടന്നു. പൊലീസെല്ലാം ഉണ്ടെങ്കിലും പരിശോധനയൊന്നുമില്ല. സമയം ഏഴ്​ മണിയായിട്ടുണ്ട്​. എന്തെങ്കിലും ഭക്ഷണം കിട്ടു​േമാ എന്ന്​ നോക്കി. ഒരു കിലോമീറ്റർ നടന്നിട്ടുണ്ടാകും. ചെറിയ ഹോട്ടൽ കണ്ടു​. പ്രായമായ സ്​ത്രീയാണ്​ കട നടത്തുന്നത്​.

കാര്യമായിട്ട്​ കഴിക്കാൻ ഒന്നുമില്ല. ചായയും ബിസ്​ക്കറ്റുമാണുള്ളത്​. നേപ്പാളിൽ പോയിട്ട്​ ഒന്നും​ കഴിച്ചില്ല എന്ന്​ വേണ്ട എന്ന്​ കരുതി അവ തരാൻ പറഞ്ഞു. ഇന്ത്യൻ പൈസയാണ്​ കൊടുത്തത്​. ഒരു ഇന്ത്യൻ രൂപ എന്നത്​ 1.60 നേപ്പാളീസ്​ രൂപയാണ്​. 100 രൂപയായിരുന്നു നൽകിയത്​. തിരിച്ച്​ ഞങ്ങൾ നേപ്പാളി പൈസ മതി എന്ന്​ പറഞ്ഞു. ഒാർമക്കായി നാട്ടിലേക്ക്​ കൊണ്ടുപോകാൻ എന്തെങ്കിലും വേണമല്ലോ.

നേപ്പാളിലെ കറൻസി

അവിടെനിന്ന്​ ഇറങ്ങി തിരിച്ചുനടന്നു. അടുത്ത്​ തന്നെ ഒരു ക്ഷേത്രമുണ്ട്​. അവിടെ ചെറിയ ഉത്സവം നടക്കുകയാണ്​. കുറച്ചുനേരം അതിന്‍റെയും ഭാഗമായി. ഏകദേശം ഒരു മണിക്കൂർ നേപ്പാളിൽ ചെലവഴിച്ചു. വണ്ടിയെടുത്ത്​ അയൽരാജ്യത്തോട്​ വിടപറഞ്ഞ്​ വീണ്ടും ഇന്ത്യയിലേക്ക്. അതിർത്തി സുരക്ഷസേനയുടെ വക ചെറിയ ചോദ്യംചെയ്യലെല്ലാം കഴിഞ്ഞ്​ മാതൃരാജ്യത്തി​െൻറ റോഡിലൂടെ കുതിക്കാൻ തുടങ്ങി.

മേച്ചിനഗറിലെ ക്ഷേത്രം

1967ൽ ഇന്ത്യയിൽ നക്​സൽ പ്രസ്​ഥാനങ്ങൾക്ക്​ തുടക്കമിട്ട നക്​സൽബാരി എന്ന പോരാട്ടഭൂമിക പിന്നിട്ട്​ സിലിഗുരിയിലെത്തി. രാത്രിയായതിനാൽ നഗരത്തിൽ വലിയ തിരക്കൊന്നുമില്ല. വെസ്​റ്റ്​ ബംഗാളിലെ പ്രധാന നഗരങ്ങളിലൊന്നാണ്​ സിലിഗുരി. ഒരുപാട്​ നാടുകളിലേക്കുള്ള ഇടനാഴിയാണ്​​​ ഇൗ നഗരം.

ബംഗ്ലാദേശിനോടും നേപ്പാളിനോടും ചൈനയോടും ഭൂട്ടാനിനോടും അതിർത്തി പങ്കിടുന്ന നാട്​. നോർത്ത്​ ഇൗസ്​റ്റ്​ എന്ന ലോകത്തേക്കുള്ള വാതിൽ. ഹിമാലയത്തി​െൻറ കവാടം. അങ്ങനെ എണ്ണിയാലൊതുങ്ങാ​ത്ത പ്രത്യേകതകളുണ്ട്​ സിലിഗുരിക്ക്​.

നക്​സൽ ബാരിക്ക്​ സമീപം

ബീഹാറിലെ ഗ്രാമീണ കാഴ്​ചകളും നേപ്പാളെന്ന അതിർത്തി രാജ്യവും കണ്ടതി​െൻറ ത്രില്ലിലാണെന്ന്​ തോന്നുന്നു, കാര്യമായ ക്ഷീണമൊന്നുമില്ല മൂന്നുപേർക്കും. കുറച്ചുനേരം കൂടി ഡ്രൈവ്​ ചെയ്യാൻ തീരുമാനിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത്​ ടീസ്​റ്റ നദിക്ക്​ കുറുകെ നിർമിച്ച കോ​​റണേഷൻ പാലവും കടന്ന്​ യാത്ര തുടർന്നു. നാഗാർകാട്ട എന്ന സ്​ഥലമെത്തു​േമ്പാൾ സമയം 10 മണിയായിട്ടുണ്ട്​. യാത്ര അതോടെ അവസാനിപ്പിക്കാൻ തീരുമാനിച്ചു.

ഗ്രാമത്തിനക​ത്തുള്ള റിസോർട്ടിലാണ്​ റൂമെടുത്തത്​. പുറത്ത്​ നല്ല തണുപ്പാണ്​. സമയം വൈകിയിട്ടുണ്ടെങ്കിലും ഭക്ഷണം അവർ തന്നെ ഒരുക്കിത്തന്നു. ഇനി ഏകദേശം 80 കിലോമീറ്റർ മാത്രമേയുള്ളൂ ഞങ്ങളുടെ ലക്ഷ്യസ്​ഥാനമായ ഭൂട്ടാെൻറ അതിർത്തിയിലേക്ക്​. സന്തോഷങ്ങളുടെ നാട്ടിലേക്ക്​ നാളെ പ്രവേശിക്കുന്നതും സ്വപ്​നം കണ്ട്​ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി.

(തുടരും)
vkshameem@gmail.com

Itinerary
Day 6:
Patna to Nagarkata (West Bengal) - 530 KM
Route: Darbhanga, Araria, Mechi Nagar (Nepal), Siliguri.
Journey Time: 8.00 AM - 10.00 PM (14 hrs)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road To Bhutan
Next Story