Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഝാർഖണ്ഡിലെ കാടുകളും...

ഝാർഖണ്ഡിലെ കാടുകളും ബുദ്ധന്‍റെ കാലടികളും

text_fields
bookmark_border
bihar
cancel
camera_alt

ബിഹാറിലെ കടുക്​ പാടം  (ഫോ​ട്ടോ: ഫൈസൽ ചേലക്കുളം)

ഒഡീഷയിലെ സുന്ദർഗഢിലാണ്​ കഴിഞ്ഞദിവസം രാത്രി റൂമെടുത്തത്​. പതിവുപോലെ ആറ്​ മണിക്ക്​ തന്നെ എണീറ്റു. ചായ കിട്ടുമോ എന്നറിയാൻ പുറത്തിറങ്ങിയതാണ്​. ഡിസംബറിനെ പോലും തോൽപ്പിക്കുന്ന തണുപ്പുണ്ട്​​. തിരിച്ച്​ റൂമിൽ പോയി ജാക്കറ്റെടുത്ത്​ നടക്കാനിറങ്ങി. നഗരം ഉണരുന്നതേയുള്ളൂ. റോഡിൽ ജനങ്ങൾ കുറവാണ്​. ഉള്ളവരിൽ പലരും തീ കായുന്നു​. പിന്നെയുള്ളത്​ നായകളും പശുക്കളുമാണ്​. ഒരു കുളത്തിന്​ സമീപം വരെ നടന്നുപോയി. എവിടെയും ചായക്കട കാണുന്നില്ല.

തിരിച്ചുവന്നപ്പോൾ റൂമിന്​ സമീപത്തെ പെട്ടിക്കട തുറന്നിട്ടുണ്ട്​. രാവിലെ നടക്കാനിറങ്ങിയവരും ഇവിടെയെത്തി. ചായ തയാറാകുന്നത്​ വരെ അവർ തീകൂട്ടി ശരീരം ചൂടാക്കാൻ തുടങ്ങി. കൂടുതൽ ആളുകൾ തീയുടെ അടുത്തേക്ക്​ വന്നു. ആദ്യം കടക്ക്​ മുന്നിൽ ഞാനാണ്​ എത്തിയതെങ്കിലും നാട്ടുകാരെല്ലാം ഒാവർടേക്ക്​ ചെയ്​ത്​ ചായ വാങ്ങി.

സുന്ദർഗഢിലെ പ്രഭാതദൃശ്യം

ഏഴ്​ മണിയോടെ വീണ്ടും വണ്ടിയിൽ കയറി യാത്ര പുനരാരംഭിച്ചു. ബിഹാറി​െൻറ തലസ്​ഥാനമായ പട്​നയാണ്​ ഇന്നത്തെ ലക്ഷ്യം. സാംബൽപുർ-റൂർക്കേല ഹൈവേയിലൂടെയാണ്​ യാ​ത്ര. റോഡിൽ​ മൂടൽമഞ്ഞ്​ മാറിയിട്ടില്ല. ഏകദേശം 50 കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും ഇടത്തോട്ട്​ തിരിയാൻ ഗൂഗിൾ മാപ്പി​െൻറ നിർദേശം.

കേരളത്തിൽനിന്ന്​ ഭൂട്ടാനിലേക്ക്​ കാറിൽ നടത്തിയ അവിസ്​മരണീയ യാത്ര - റോഡ്​ ടു ഭൂട്ടാൻ: ഭാഗം രണ്ട്​

പിന്നീടങ്ങോട്ടും തികച്ചും ഗ്രാമീണ ​പ്രദേശങ്ങളിലൂടെയാണ്​ യാത്ര. വീതികുറഞ്ഞ റോഡ്​. മണ്ണ്​ കൊണ്ടുള്ള വീടുകൾ. പശുക്കൾ മേയുന്ന വയലുകൾ. സ്​കൂളിൽ പഠിക്കുന്ന കാലത്ത്​ നോട്ടുബുക്കിൽ വരച്ച ഗ്രാമങ്ങളുടെ ചിത്രം മനസ്സിൽ തെളിഞ്ഞു.

ഒഡിഷയിലെ ഗ്രാമം

മാഹുൽചപ്പാൽ എന്ന സ്​ഥലം കഴിഞ്ഞതോടെ ഝാർഖണ്ഡിലേക്ക്​ വണ്ടി പ്രവേശിച്ചു. യാത്രയി​െല ഒമ്പതാമത്തെ സംസ്​ഥാനം. ഇതുവരെ സഞ്ചരിച്ചതിൽനിന്ന്​ തികച്ചും വ്യത്യസ്​തമായ അനുഭവങ്ങളാണ്​ ഝാർഖണ്ഡ്​ ഒരുക്കിവെച്ചിരിക്കുന്നത്​. കാടിന്​ നടുവിലൂടെയാണ്​ റോഡ്​ കടന്നുപോകുന്നത്​. ഇടക്കിടക്ക്​ ആദിവാസി ഗ്രാമങ്ങൾ കാണാം. കൂടാതെ ആഴ്​ചയിലൊരിക്കൽ ചന്ത നടക്കുന്ന സ്​ഥലവും മണ്ണ്​ തേച്ച കടകളുമെല്ലാം പാതയോരത്ത്​ കാണാനിടയായി​.

കേരളത്തിൽനിന്ന്​ ഭൂട്ടാനിലേക്ക്​ കാറിൽ നടത്തിയ അവിസ്​മരണീയ യാത്ര - റോഡ്​ ടു ഭൂട്ടാൻ: ഭാഗം ഒന്ന്​

ആധുനികതയുടെ കൃത്രിമത്വങ്ങൾ ഒന്നുമില്ലാത്ത ശുദ്ധവായുവും ശാന്തതയും പുൽകുന്ന ഇടങ്ങൾ. വണ്ടിയുടെ ഗ്ലാസെല്ലാം താഴ്​ത്തിവെച്ച്​ കാടി​െൻറ മർമരങ്ങൾ ആസ്വദിച്ചാണ്​ യാത്ര. ചിലയിടത്ത്​ അർധസൈനിക വിഭാഗം തോക്കുമേന്തി നിൽക്കുന്നുണ്ട്​. തോക്കുകൾ കണ്ടതോടെ ചെറിയൊരു ഭയം മനസ്സിൽ കയറി. തികച്ചും വിജനമായ വഴികളിലൂടെയാണ്​ യാത്ര.

കാടിന്​ നടുവിലെ ഗ്രാമത്തിൽ ചന്ത നടക്കുന്ന ഭാഗം

വല്ലതും സംഭവിച്ചാൽ, ഭാഷ പോലും അറിയാത്ത നാട്​. മ​ാവോവാദികളുടെ സാന്നിധ്യം ഏറെയുണ്ടായിരുന്ന കാടുകളാണിത്​. ഇന്ത്യയിൽ തന്നെ മ​ാവോവാദി സാന്നിധ്യമുള്ള ഏറ്റവും കൂടുതൽ ജില്ലകൾ സ്​ഥിതിചെയ്യുന്നത്​ ഝാർഖണ്ഡിലാണ്​.

അതേസമയം, തൊട്ടടുത്ത സംസ്​ഥാനവും നമ്മൾ കഴിഞ്ഞദിവസം സഞ്ചരിച്ചതുമായ ഛത്തീസ്​ഗഢിലാണ്​ നിലവിൽ മാവോവാദികളുടെ ഭീഷണിയും ആക്രമണങ്ങളും കൂടുതൽ​ ഉണ്ടാകുന്നത്​. സമയം പത്ത്​ മണിയായിട്ടുണ്ട്​. കാട്ടിലൂടെയുള്ള യാത്രയായതിനാൽ ഭക്ഷണമൊന്നും കിട്ടിയിട്ടില്ല.

കാട്ടിലൂടെയുള്ള പാത

ജൽദേഗ എന്ന സ്​ഥലത്ത്​ എത്തിയപ്പോഴാണ്​ ചെറിയ അങ്ങാടി കാണുന്നത്​. അവിടെ വണ്ടി നിർത്തി. ചെറിയ കടകൾ മാത്രമേയുള്ളൂ എങ്ങും. ജങ്​ഷനോട്​ ചേർന്ന്​ മരംകൊണ്ട്​ ഒരുക്കിയ കടയുണ്ട്​​. പക്കവട, വട എന്നിവ പോലുള്ള നാടൻ വിഭവങ്ങളാണുള്ളത്​.

അത്​ ഒാർഡർ ചെയ്​തു. വിഭവങ്ങൾ തയാറാക്കുന്ന നേരം കൊണ്ട്​ പുറത്തിറങ്ങി വീഡിയോ എടുക്കാമെന്ന്​ കരുതി. കടയുടെ മുന്നിൽ ടാക്​സികൾ കാത്തുനിൽക്കുന്നുണ്ട്​ ആളുകൾ.

ജൽദേഗ

വീഡിയോ എടുക്കുന്നത്​ കണ്ടതോടെ നാട്ടുകാർ ഇതുവരെ കേൾക്കാത്ത ഭാഷയിൽ ചോദ്യവുമായെത്തി. മാവോവാദി മേഖലയായതിനാൽ പുറത്തുനിന്ന്​ ആര്​ വന്നാലും അവർക്ക്​ സംശയമാണ്​.

നാട്​ കാണാനിറങ്ങിയ സഞ്ചാരികളാണെന്ന കാര്യം ഒരുവിധം പറഞ്ഞൊപ്പിച്ചു. തിരിച്ച്​ കടയിൽ എത്തിയപ്പോഴേക്കും സാധനങ്ങൾ റെഡിയായിരുന്നു. പാലില്ലാത്തതിനാൽ കട്ടൻചായയാണ്​. പിന്നെ പക്കവടക്കൊപ്പം കറിയുമുണ്ട്​. മോഹൻ മുണ്ടു എന്നയാളാണ്​ കടയുടെ ഉടമ. അയാളുടെ ഭാര്യയും അവിടെ ജോലിക്കുണ്ട്​. യാത്ര തുടങ്ങിയിട്ട്​ ആദ്യമായിട്ടാണ്​ ഇതുപോലെയൊരു ബ്രേക്ക്​ഫാസ്​റ്റ്​. അതിഗംഭീരം.

ജൽദേഗയിലെ പ്രഭാത ഭക്ഷണം

ധോണിയുടെ വീടിനുമുന്നിൽ

ജൽദേഗ കഴിഞ്ഞതോടെ പിന്നെ നാട്ടിൻപുറങ്ങൾ ദൃശ്യമായിത്തുടങ്ങി. ദേശീയ പാതയാണെങ്കിലും റോഡിന്​ വീതി കുറവാണ്​. അതിലൂടെ കൂറ്റൻ ലോറികളെല്ലാം പോകുന്നുണ്ട്​. ടാറ്റയുടെ ആസ്​ഥാനമായ ജംഷഡ്​പുർ, ധൻബാദ്​ പോലുള്ള വ്യവസായ നഗങ്ങളെല്ലാം ഝാർഖണ്ഡിലാണ്​. അവിടെനിന്ന്​ ഇന്ത്യയുടെ വിവിധ സ്​ഥലങ്ങളിലേക്ക്​ ചരക്കുമായി പോകുന്ന ലോറികളാകുമെന്ന്​ ഞങ്ങൾ ഉൗഹിച്ചു. ഗ്രാമങ്ങൾ പിന്നിട്ട്​ ഉച്ചയോടെ ഝാർഖണ്ഡി​െൻറ തലസ്​ഥാനമായ റാഞ്ചിയിലെത്തി.

പ്രധാന നഗരത്തിൽ കയറാതെ റിംഗ്​ ​േറാഡ്​ വഴിയാണ്​ യാത്ര. റാഞ്ചിയെത്തി​യപ്പോഴാണ്​ ഇന്ത്യൻ ക്രിക്കറ്റ്​ താരം മഹേന്ദ്ര സിങ്​ ധോണിയെക്കുറിച്ച്​ ഒാർമ വന്നത്​. ഗൂഗിളിൽ തപ്പിയപ്പോൾ നമുക്ക്​ പോകാനുള്ള വഴിയിൽ തന്നെയാണ്​ അദ്ദേഹത്തി​െൻറ വീടെന്ന്​ മനസ്സിലായി​. ഇത്രയും ദൂരം വന്നിട്ട്​ പുറത്തുനിന്നെങ്കിലും വീട്​​ കാണാതെ പോകുന്നത്​ മോശമല്ലേ. എന്തായാലും നാട്ടുകാരുടെയും ഗൂഗിൾ മാപ്പി​െൻറയെല്ലാം സഹായത്തോടെ വീടിന്​ മുന്നിലെത്തി.

ഝാർഖണ്ഡിലെ ​ഗ്രാമീണ പാതകൾ

വര സിമാലിയ എന്ന സ്​ഥലത്താണ്​ അദ്ദേഹത്തി​െൻറ വീട്​. കൂറ്റൻ മതിലും ഗേറ്റും മാത്രമാണ്​ ആദ്യം കാണുക. ഗേറ്റ്​ കടന്ന്​ ഒരുകിലോമീറ്റർ ഉള്ളിലേക്ക്​ പോകേണ്ടി വരും വീടിന്​ മുമ്പിലെത്താൻ. ഗേറ്റി​െൻറ വിടവിലൂടെ നോക്കിയപ്പോൾ സുരക്ഷ ജീവനക്കാരൻ ഞങ്ങളുടെ അടുത്തേക്ക്​ വന്നു. പട്ടാളക്കാരനാണ്​. കൈയിൽ തോക്കെല്ലാം ഉണ്ട്​.

അകത്തേക്ക്​ ആരെയും കടത്തിവിടില്ല എന്ന്​ പറഞ്ഞ്​ ഞങ്ങളോട്​ പോകാൻ പറഞ്ഞു. മതിലി​െൻറ സൈഡിൽനിന്ന്​ വീട്​ ദൂരെ കാണാം. കൈലാശപതി എന്നാണ്​ വീടി​െൻറ പേര്​. ധോണി ഇന്ത്യൻ ടീമിലെത്തുന്നതിന്​ മുമ്പ്​ റാഞ്ചിയിലെ സാധാരണ വീട്ടിലായിരുന്നു താമസം. പിന്നീടാണ്​ ഇൗ ഫാം ഹൗസിലേക്ക്​ താമസം മാറ്റിയത്​. എന്തായാലും വീടിന്​ മുന്നിൽനിന്ന്​ സെൽഫിയെല്ലാം എടുത്ത്​ വീണ്ടും വണ്ടിയിൽ കയറി.

ധോണിയുടെ വീടിന്​ മുന്നിൽ

രണ്ട്​ മണിയോടെ രാംഗഢ്​ എന്ന നഗരത്തിന്​ സമീപം ഉച്ചഭക്ഷണത്തിനായി ഇറങ്ങി. ഒരു പള്ളിയുടെ സമീപത്തെ ചെറിയ ബിരിയാണിക്കടയാണ്​. നീളമുള്ള ബസ്​മതി അരികൊണ്ടാണ്​ ബിരിയാണി തയാറക്കിയിരിക്കുന്നത്​. വെള്ളയും മഞ്ഞയും നിറത്തിലാണ്​ ബിരിയാണി​. കാണാൻ നല്ല രസമുണ്ടെങ്കിലും രുചി ശരാശരിയേയുള്ളൂ. ബിരിയാണിയും കഴിച്ച്​ മുന്നോട്ടുനീങ്ങി.

ഗ്രാമങ്ങളും കൃഷിയിടങ്ങളും നഗരങ്ങളുമെല്ലാം ഇടക്കിടക്ക്​ വരുന്നുണ്ട്​. നഗരങ്ങൾക്ക്​ വലിയ പ്രൗഢിയൊന്നുമില്ല. ഇഷ്​ടികകൊണ്ട്​ നിർമിച്ച്​ തേക്കാത്ത ചെറിയ കെട്ടിടങ്ങളാണുള്ളത്​.

രാംഗഢിലെ ബിരിയാണിക്കട

നഗരത്തിനേക്കാളെല്ലാം യാത്രക്ക്​ നല്ലത്​ ഗ്രാമങ്ങൾ തന്നെയാണ്​. വല്ലാത്തൊരു ഉണർവാണ്​ ഗ്രാമങ്ങൾ നൽകുന്നത്​. പോകുന്ന വഴിയിൽ ചെറിയ മഞ്ഞപൂക്കൾ വിരിഞ്ഞുനിൽക്കുന്ന വയൽ കണ്ടു.

സംഗതി മനസ്സിലാക്കാനായി ഒന്ന്​ ഇറങ്ങി നോക്കി. കടുക്​ പാടമാണ്​. മണ്ണ്​ തേച്ച വീടിന്​ മുന്നിലെ സ്​ഥലത്താണ്​ കടുക്​ പാടമുള്ളത്​. അവിടെയുണ്ടായിരുന്ന സ്​ത്രീകളോട്​ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ പറയുന്നത്​ അവർക്കും അവർ പറയുന്നത്​ ഞങ്ങൾക്കും മനസ്സിലാകാത്ത അവസ്​ഥ. ഒരു രാജ്യക്കാർ ആണെങ്കിലും ഇടയിൽ ഭാഷയുടെ വൻമതിൽ കെട്ടിയത്​​ പോ​െല.

കടുക്​ പാടത്തിന്​ സമീപം ഗ്രാമീണർക്കൊപ്പം

ബോധിയുടെ തണലിൽ​

ഝാർഖണ്ഡിനോട്​ വിടപറഞ്ഞ്​ ബിഹാറിലെ ബോധ്​ഗയയിൽ എത്തു​േമ്പാൾ ആകാശത്ത്​ ഇരുട്ട്​ പകരാൻ തുടങ്ങിരുന്നു​. ബുദ്ധമത സ്​ഥാപകനായ ഗൗതമബുദ്ധന്​ ബോധോദയം ലഭിച്ച സ്​ഥലമെന്ന പേരിലാണ്​ ഇവിടം അറിയപ്പെടുന്നത്​. മഹാബോധി ക്ഷേത്ര സമുച്ചയത്തിന്​ രണ്ട്​ കിലോമീറ്റർ അകലെ വാഹനം പാർക്ക്​ ചെയ്​തു. അവിടെനിന്ന്​ ക്ഷേത്രത്തിന്​ അടുത്തേക്ക്​ പോകാൻ ഇലക്​ട്രിക്​ റിക്ഷയിൽ കയറി. റോഡിന്​ ഇരുവശവും ധാരാളം കച്ചവട സ്​ഥാപനങ്ങളു​ണ്ട്​. അധികവും ബുദ്ധമതവുമായി ബന്ധപ്പെട്ട സാധനങ്ങൾ വിൽക്കുന്ന കടയാണ്​.

റോഡും മരങ്ങളുമെല്ലാം​ ദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്​. റിക്ഷയിൽനിന്ന്​ ഇറങ്ങി ടിക്കറ്റ്​ കൗണ്ടറിന്​ അടു​ത്തേക്ക്​ നടന്നു. മൊബൈൽ ഫോണുകൾ അവിടെ ലോക്കറിൽ സൂക്ഷിക്കണം. ഡിജിറ്റൽ കാമറകൾ മാത്രമേ അകത്തേക്ക്​ കൊണ്ടുപോകാനാകൂ. ക്ഷേത്രത്തിലേക്കുള്ള വഴിയിലെല്ലാം നല്ല തിരക്കാണ്​. ഞങ്ങൾ പോകുന്ന സമയത്ത്​ കൊറോണ ഭീതിയുടെ ആരംഭകാലമാണ്​. അതുകൊണ്ട്​ തന്നെ പല ബുദ്ധസന്യാസികളും മാസ്​ക്കെല്ലാം ധരിച്ചിട്ടുണ്ട്​. ഞങ്ങൾ അപ്പോഴെന്നും മാസ്​ക്​ തന്നെ കണ്ടിട്ടില്ല. കർശന പരിശോധനകൾക്ക്​ ശേഷമാണ്​ ക്ഷേത്ര സമുച്ചയത്തിലേക്ക്​ കടക്കാനാവുക.

മഹാബോധി ക്ഷേത്ര സമുച്ചയത്തിന് സമീപം

ലഡാക്കിലും സിക്കിമിലുമെല്ലാം നിരവധി ബുദ്ധക്ഷേത്രങ്ങൾ മുമ്പ്​ സന്ദർശിച്ചിട്ടുണ്ട്​. എന്നാൽ, അതിൽനിന്നെല്ലാം തികച്ചും വ്യത്യസ്​തമായ അനുഭവമാണ്​ ബോധ്​ഗയ നൽകുക. ബുദ്ധമതക്കാരുടെ 'മക്ക' എന്ന്​ വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. തായ്​ലാൻഡ്​, ജപ്പാൻ, ഭൂട്ടാൻ, ശ്രീലങ്ക, കംബോഡിയ, തിബറ്റ്​ തുടങ്ങി ബുദ്ധമതമുള്ള രാജ്യങ്ങളിൽനിന്നെല്ലാം ജനങ്ങൾ ഇവിടേക്ക്​ വരുന്നു​.

വിശ്വാസത്തിലെ വ്യത്യസ്​ത ധാരകൾ നമുക്ക്​ ബുദ്ധസന്യാസികളുടെ വസ്​ത്രങ്ങളിൽനിന്ന്​ തന്നെ മനസ്സിലാക്കാം. കൂടാതെ ലഡാക്ക്​​ പോലുള്ള സ്​ഥലങ്ങളിൽ കാണുന്ന ഫ്ലാഗുകളിൽനിന്ന്​ തികച്ചും വിഭിന്നമാണ്​ ഇവിടുത്തെ കൊടിതോരണങ്ങൾ. ഞങ്ങൾ അകത്തേക്ക്​ പ്രവേശിച്ചതും അവിടെയുള്ള ഗൈഡ്​ അടുത്തേക്ക്​ വന്നു. ക്ഷേത്രം മുഴുവൻ ചുറ്റിക്കാണിക്കാമെന്നും സവിശേഷതകൾ പറഞ്ഞുതരാമെന്നും അദ്ദേഹം പറഞ്ഞു. 300 രൂപയാണ്​ അയാളുടെ ചാർജ്​. മുമ്പ്​ കൊട്ടാരങ്ങളടക്കമുള്ള സ്​ഥലങ്ങളിൽ പോകു​േമ്പാൾ ഗൈഡ്​ ഇല്ലാത്തതി​െൻറ ദോഷം അനുഭവിച്ചറിഞ്ഞിട്ടുണ്ട്​. അശോക്​ എന്നാണ്​ ഗൈഡി​െൻറ പേര്​. അദ്ദേഹം ചരിത്രം ഒാരോന്നായി വിവരിക്കാൻ തുടങ്ങി.

ബോധ്​ഗയയിലെ പ്രത്യേകതകൾ ഗൈഡ്​ അശോക്​ വിശദീകരിക്കുന്നു

ബിഹാറിലെ ഗയ ജില്ലയിൽ സ്ഥിതിചെയ്യുന്ന പുണ്യകേന്ദ്രമാണ് ബോധ്ഗയ അഥവ ബുദ്ധഗയ. ഇവിടെയുള്ള ബോധി വൃക്ഷച്ചുവട്ടിൽവെച്ചാണ് ഗൗതമബുദ്ധൻ ബോധോദയം പ്രാപിച്ചത്. ബുദ്ധമതസ്ഥരുടെ നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ബോധ് ഗയ.

ബി.സി 563ലാണ്​ ബുദ്ധൻ ജനിക്കുന്നത്​. തന്നെ അലട്ടിയ ചോദ്യങ്ങൾക്ക്​ ഉത്തരം തേടി അദ്ദേഹം ത​െൻറ 29ാമത്തെ വയസ്സിൽ വീട്​ വിട്ടിറങ്ങി. പിന്നീടുള്ള ആറു വർഷം സത്യം തേടിയുള്ള അലച്ചിലായിരുന്നു.

ബോധി വൃക്ഷത്തിന്​​ സമീപം പ്രാർഥിക്കുന്ന വിശ്വാസികൾ

ഒടുവിലാണ്​ ബോധി വൃക്ഷത്തി​െൻറ ചുവട്ടിൽ തപസ്സിരിക്കുന്നത്​. അന്നത്തെ ആ വൃക്ഷത്തി​െൻറ അ‍ഞ്ചാമത്തെയോ ആറാമത്തെയോ പിൻഗാമിയാണ് ഇന്നുള്ള വൃക്ഷം എന്നാണ് കരുതപ്പെടുന്നത്. ജ്​ഞാനോദയം ഉണ്ടായ ശേഷം ഏഴ്​ ആഴ്​ചകളിൽ വിവിധ സ്​ഥലങ്ങളിലായി അദ്ദേഹം ചെലവഴിച്ചു. അതെല്ലാം ഇവിടെ എഴുതി വെച്ചിട്ടുണ്ട്​.

ബി.സി 250ൽ അശോചക്രവർത്തി ബോധ്​ഗയ സന്ദർശിച്ചുവെന്നാണ്​ കരുതുന്നത്​. ഇവിടെ എത്തിയ അദ്ദേഹം ഒട്ടേറെ ക്ഷേത്രങ്ങളും ആശ്രമങ്ങളും സ്ഥാപിച്ചു. അതി​െൻറ ശേഷിപ്പുകൾ ഇന്നും ഇവിടെ കാണാം. 12ാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ച ചക്രവർത്തിമാർ ബുദ്ധമതം ഇല്ലാതാക്കി. അതോടെ ബോധ്​ഗയയും ഇല്ലാതായി. കാടുപിടിച്ച ഇൗ പ്രദേശം 18ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരണാണ്​ പുറത്തുകൊണ്ടുവന്നത്​.

ക്ഷേത്രത്തിൽ പ്രദക്ഷിണം വെക്കുന്ന തീർഥാടകർ

ബോധ് ഗയയിലെ മഹാബോധി ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ക്ഷേത്രത്തി​െൻറ നടുഭാഗത്തായുള്ള സ്തൂപത്തിന് 55 മീറ്റര്‍ ഉയരമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇത് നവീകരിച്ചു. വലിയ സ്തൂപത്തി​െൻറ സമാന മാതൃകയില്‍ നാല് ചെറിയ സ്തൂപങ്ങളെ ഇതിന് ചുറ്റുമായി കാണാം. അകത്തെ​ ബുദ്ധ​െൻറ പ്രതിമ ദർശിക്കാനായി നീണ്ട വരിയാണുള്ളത്​.

കൂടാതെ ക്ഷേത്ര പരിസരമാകെ പൂക്കൾകൊണ്ട്​ നിറഞ്ഞിരിക്കുന്നു. ബുദ്ധന്​ സമർപ്പിക്കാനുള്ളതാണീ പൂക്കൾ. തികച്ചും ഭക്​തിനിർഭരമായ അന്തരീക്ഷമാണ്​ എങ്ങും. വിവിധ മരങ്ങളുടെ ചുവട്ടിലിരുന്ന്​ ആളുകൾ ഉച്ചരിക്കുന്ന ബുദ്ധമന്ത്രങ്ങൾ പരിസരമാകെ മുഴങ്ങി​േകൾക്കാം​​.

ക്ഷേത്രത്തിലെ കാഴ്ചകൾ

പാതിരാത്രിയിലെ പട്​ന യാത്ര

രണ്ട്​ മണിക്കൂർ ബുദ്ധ​െൻറ സന്നിധിയിൽ ചെലവഴിച്ചശേഷം പുറത്തിറങ്ങി. തിരിച്ച്​ സൈക്കിൾ റിക്ഷയിലാണ്​ കാറിന്​ അടുത്തേക്ക്​ മടങ്ങിയത്​. വിദേശത്തുനിന്ന്​ വരുന്നവർക്കുള്ള സഹായം നൽകാൻ അതാത്​ രാജ്യങ്ങളുടെ ഓഫിസുകളും ഇവിടെ കാണാൻ സാധിച്ചു. കൂടാതെ വഴിയിൽ ശ്രീലങ്കൻ പ്രസിഡൻറിന്​ അഭിവാദ്യമർപ്പിച്ചുള്ള ഫെക്ല്​സുകൾ വരെയുണ്ട്​. തിരിച്ച്​ വണ്ടിയിൽ കയറി യാ​ത്ര തുടങ്ങി. സമയം ഒമ്പത്​ മണിയായിട്ടുണ്ട്​. വിദേശികൾ ധാരാളം വരുന്നതിനാൽ ബോധ്​ഗയയിൽ റൂമിന്​ തരക്കേടില്ലാത്ത നിരക്കാണ്​​. കുറഞ്ഞ തുകക്കുള്ളവക്ക്​ മുന്നിൽ പാർക്കിങ് സൗകര്യവുമില്ല.

അതുകൊണ്ട്​ തന്നെ മുന്നോട്ടുപോകാൻ തീരുമാനിച്ചു. വഴിയിൽ റൂം കണ്ടാൽ തങ്ങാമെന്നായിരുന്നു കരുതിയത്​. ബിഹാറി​െൻറ തനി ഗ്രാമീണ വഴികളിലൂടെയാണ്​ യാ​ത്ര. ചുറ്റും ഇരുട്ട്​ മാത്രമേയുള്ളൂ. ഒരു നഗരം പോലും എവിടെയും കാണാനില്ല. നല്ല വിശപ്പുമുണ്ട്​. അവസാനം 100 കിലോമീറ്റർ സഞ്ചരിച്ചുകാണും.

സൈക്കിൾ റിക്ഷയിൽ

അപ്പോഴാണ്​ ഭക്ഷണം കിട്ടിയത്​. ബോധ്​ഗയയിൽനിന്നും ബിഹാർ ഷരീഫിൽനിന്നും വരുന്ന റോഡ്​ കൂടിച്ചേരുന്ന ഇടമാണ്​. ദനിയാവാൻ എന്നാണ്​ സ്​ഥലപ്പേര്​. ​േലാറിക്കാരെ പ്രതീക്ഷിച്ചാണ്​ കാര്യമായും ഹോട്ടലുകളുളളത്​. ചപ്പാത്തിയും മീൻ കറിയും കഴിച്ച്​ റൂം തപ്പി വണ്ടയെടുത്തു. അവസാനം പട്​നക്ക്​ സമീപം താമസിക്കാനൊരു ഹോട്ടൽ ലഭിക്കു​േമ്പാൾ സമയം 12 മണിയായിട്ടുണ്ട്​. 19 മണിക്കൂർ നീണ്ടുനിന്ന അലച്ചിൽ അതോടെ അവസാനിച്ചു.

(തുടരും)

vkshameem@gmail.com

Itinerary
Day 5:
Sundergarh to Patna (Bihar) - 600 KM
Route: Kolebira, Ranchi, Hazaribagh, Bodh Gaya
Journey Time: 7.00 AM - 12.00 AM (17 hrs)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road To Bhutan
Next Story