Begin typing your search above and press return to search.
exit_to_app
exit_to_app
albin
cancel
camera_alt

ആൽബിൻ യാത്രക്കിടയിൽ

Homechevron_rightTravelchevron_rightAdventurechevron_rightദുബൈയിൽനിന്ന്...

ദുബൈയിൽനിന്ന് കേരളത്തിലേക്ക്​ ആൽബി​െൻറ സ്വപ്​ന യാത്ര; 207 ദിവസം​ കൊണ്ട്​ പിന്നിട്ടത്​​ പത്ത്​ രാജ്യങ്ങൾ

text_fields
bookmark_border

'വിദൂരതയിൽ തനിയെ ഒരു യാത്രപോവണം, എവിടെയോ നഷ്ടപ്പെട്ട എന്നെ എനിക്ക് തിരിച്ചു പിടിക്കാൻ...' ആരോ പറഞ്ഞുവെച്ച ആ വാക്കുകൾ കൂട്ടുപിടിച്ച് മാവേലിക്കരക്കാരൻ ആൽബിൻ തോമസ് നാട് കാണാനിറങ്ങി. ജോലി പോലും ഉപേക്ഷിച്ച് ആരും കൊതിച്ചുപോകുന്ന സോളോ ട്രിപ്പ്.

ഒന്നും രണ്ടുമല്ല, 207 ദിവസം. ദുബൈയിൽനിന്ന് തുടങ്ങി പത്തു രാജ്യങ്ങളിലൂടെ കറങ്ങി ഒടുവിൽ സ്വന്തം നാടായ ആലപ്പുഴയിലേക്ക്. ഒരു ലക്ഷം രൂപ പോലും കൈയിൽ തികച്ചില്ലാതെയായിരുന്നു യാത്ര. ചരിത്രവും സംസ്കാരങ്ങളും വ്യത്യസ്ത ജീവിതവും അനുഭവിച്ചറിഞ്ഞുള്ള പ്രയാണം.

കുർദിസ്താനിലെ ലോറി യാത്രയിൽ

പണം സമ്പാദിച്ചിട്ട് യാത്ര ചെയ്യാമെന്ന് കാത്തിരുന്നാൽ നടക്കില്ലെന്ന തിരിച്ചറിവിലാണ് 'ഹിച്ച്ഹൈക്കിങ്' രീതി െതരഞ്ഞെടുക്കുന്നത്. വഴിൽവെച്ച് കണ്ടുമുട്ടുന്ന അപരിചിതരുടെ കൂടെ യാത്ര ചെയ്യുന്ന രീതി. കൈകാണിക്കുേമ്പാൾ ലിഫ്റ്റ് തരുന്നവരും നൽകാത്തവരുമുണ്ടാവും. ഈ യാത്രമാർഗം െതരഞ്ഞെടുക്കുന്നവർക്ക് ആദ്യം വേണ്ടത് ക്ഷമയാണെന്ന് ആൽബിൻ പറയുന്നു.

ജോലി രാജിവെച്ച് യാത്ര

ഒമാനിലെ 'മസ്ദ' ഷോറൂമിൽ സെയ്ൽസ് ജോലി രാജിവെച്ചായിരുന്നു യാത്ര. ഒമാനിൽനിന്ന് നാട്ടിലേക്ക് തിരിക്കും മുമ്പ് തന്നെ ഇറാൻ, ചൈന വിസ തയാറാക്കി. തുടർന്ന് കേരളത്തിലെത്തി. പിന്നീട് തുർക്‌മെനിസ്ഥാൻ വിസ നേടാനുള്ള പണിയിലായി. രണ്ട് മാസം കാത്തിരുന്നാണ് ലഭിച്ചത്. അത് അഞ്ച് ദിവസത്തേക്കുള്ള ട്രാൻസിറ്റ് വിസ. അതായത് ഇറാനിൽനിന്ന് ഉസ്ബക്കിസ്താനിലേക്ക് പോകുന്നതിന് ഇടത്താവളം മാത്രം.


ആൽബിൻ തുർക്‌മെനിസ്ഥാൻ അതിർത്തിയിലെ ബസ് യാത്രയിൽ

ഒരുപാട് പണിപ്പെട്ട് ന്യൂഡൽഹിയിലെ എംബസിയിൽനിന്നാണ് വിസ ലഭിച്ചത്. ഉസ്ബെകിസ്താൻ, താജിക്കിസ്ഥാൻ, മ്യാന്മർ എന്നിവിടങ്ങളിലേക്ക് കടക്കാൻ മൊബൈൽ വഴി ഇ-വിസയും തായ്‌ലാൻഡിലും ലാവോസിലും ഓൺ അറൈവൽ വിസയും ലഭിക്കും.

അങ്ങനെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആൽബിൻ കൊച്ചി വിമാനത്താവളത്തിൽനിന്ന് യാത്ര തിരിച്ചു. നേരെ ദുബൈയിലേക്ക്. അവിടെ നിന്നാണ് കോവിഡ് മഹാമാരി വരിഞ്ഞു മുറുക്കുന്നതിനു തൊട്ടുമുമ്പ് അവസാനിച്ച മനോഹര യാത്ര ആരംഭിച്ചത്. അടച്ചുപൂട്ടൽ തുടങ്ങും മുന്നെ യു.എ.ഇ, ഇറാൻ, തുർക്‌മെനിസ്ഥാൻ, ഉസ്ബെകിസ്ഥാൻ, താജിക്കിസ്ഥാൻ, ചൈന, ലാവോസ്, തായ്ലാൻഡ്​, മ്യാൻമർ എന്നീ രാജ്യങ്ങളിലൂടെയുള്ള ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച, നീണ്ട യാത്രയുടെ ഓർമത്തണലിലായിരുന്നു 27കാരൻ ലോക്ഡൗൺ നാളുകളിൽ.

ഇറാനിയൻ കുടുംബത്തോടൊപ്പം തെരുവോരത്ത് ഭക്ഷണം കഴിക്കാൻ വന്നപ്പോൾ

മനസ്സറിഞ്ഞ് സ്നേഹിച്ച പേർഷ്യൻ മണ്ണ്

'ഇറാനെ കുറിച്ച് എന്തൊക്കെ കേട്ടിട്ടുണ്ട്, എല്ലാം മുൻധാരണകൾ. എന്നാൽ അവിടെ എത്തിയതോടെ എല്ലാം മാറി. പത്തോളം രാജ്യങ്ങൾ ചുറ്റിക്കറങ്ങിയ എനിക്ക് ഒരുപക്ഷേ മറക്കാൻ പറ്റാത്ത ഒരുപാട് ഓർമകൾ സമ്മാനിച്ച യാത്രായായിരുന്നു അത്'- യു.എ.ഇയിൽനിന്ന് ആദ്യം എത്തിയ ഇറാനെ കുറിച്ച് ആൽബിന്.

ഷാർജയിൽനിന്ന് കടത്തുബോട്ടുവഴിയാണ് ഇറാനിലേക്കെത്തുന്നത്. സൗദി എണ്ണക്കപ്പൽ അക്രമിച്ചതിനു പിന്നിൽ ഇറാനാണെന്നു പറഞ്ഞ് അമേരിക്കയുമായി കൊമ്പുകോർക്കുന്ന സമയം. മറ്റൊരു ഗൾഫ് യുദ്ധത്തിലേക്ക് ലോകം നീങ്ങുന്നുവെന്ന് തോന്നിച്ച ദിവസങ്ങൾ. പലരും യാത്ര അവസാനിപ്പിക്കാൻ പറഞ്ഞതാണ്. എന്നാൽ, പിന്തിരിഞ്ഞില്ല.

ഇറാനിലെ ഹമേദാൻ നഗരത്തിലെ കാഴ്ച

പേർഷ്യൻ സംസ്കാരം വളരെ അടുത്തറിഞ്ഞ യാത്രയായിരുന്നു ഇറാനിൽ. 'കൗച്ച് സർഫിങ്ങി'ലൂടെയായിരുന്നു താമസം കണ്ടെത്തിയത്. യാത്രികരെ സ്വീകരിക്കാൻ താൽപ്പര്യമുള്ളവരെ ഒാൺലൈനിലൂടെ കണ്ടെത്തി അവരുടെ ആതിഥേയത്വം സ്വീകരിച്ച് താമസിക്കുന്ന പരിപാടി.

ഒരു പരിചയവുമില്ലാത്ത നിരവധി പേരുടെ അതിഥിയായി ഇങ്ങനെ മാറി. അവരുടെ ആതിഥേയത്വവും സ്നേഹവും പറഞ്ഞറിയിക്കാൻ പറ്റാത്തത്. ഇറാനികൾക്ക് ഇന്ത്യക്കാരെ വലിയ കാര്യമാണ്. അമിതാഭ് ബച്ചനും മിഥുൻ ചക്രവർത്തിയും ഇന്നും അവരുടെ വലിയ സ്റ്റാറുകളാണ്. ഇറാനികളുടെ കൂടെ ഭക്ഷണം കഴിച്ചും ഉൗരു ചുറ്റിയും മനോഹരമാക്കിയ ദിനങ്ങൾ. ഒരു അന്യനെ പോലെയല്ല അവർ ആൽബിനെ കണ്ടത്, സ്വന്തം സഹോദരനായും മകനായും കണ്ട് അവർ വിരുന്നൂട്ടി.

ഇറാനിൽ താമസിച്ച വീട്ടിലെ പ്രഭാത ഭക്ഷണം

കൂട്ടിന് സ്വിറ്റ്സർലൻഡുകാരൻ

സ്വിറ്റ്സർലൻഡുകാരനായ സാൻഡ്രോയേ യാത്രക്കിടെ കണ്ടുമുട്ടിയത് വലിയ ആശ്വാസമായി. പുള്ളിക്കാരനും ഹിച്ച്ഹൈക്കർ തന്നെ. സാൻഡ്രോ രണ്ട് വർഷത്തിന് മുകളിലായി ഏഷ്യൻ രാജ്യങ്ങളിലൂടെ കറങ്ങുകയാണ്. പിന്നീടുള്ള ദിവസങ്ങൾ കൂടപ്പിറപ്പിനെ പോലെ സാൻഡ്രോ വഴികാട്ടിയായി.

വലിയ ട്രക്കുകളിലും കാറിലും ബൈക്കിലുമെല്ലാമായി ഇരുവരും മുന്നോട്ടുനീങ്ങി. പലപ്പോഴും വാഹനങ്ങൾ കിട്ടാതെ മരുഭൂമിയിലൂടയടക്കം കിലോമീറ്ററുകൾ നടന്നു. സാൻഡ്രോയെ കൂടാതെ മറ്റു വിദേശ യാത്രികരും യാത്രയിൽ പലപ്പോഴായി ആൽബിനൊപ്പം ചേർന്നു.

ഇറാനിൽ നിന്ന് പരിചയപ്പെട്ട സ്വിസ് യാത്രികൻ സാൻഡ്രോയുടെ കൂടെ

നരകത്തി​െൻറ വാതിലിൽ

ഇറാനിൽനിന്ന് നേരെ തുർക്‌മെനിസ്ഥാനിലേക്ക്. ലോകത്ത് ഏറ്റവും കടുപ്പമേറിയ നിന്ത്രണങ്ങളുള്ള വിചിത്രമായ രാജ്യമാണ് തുർക്‌മെനിസ്ഥാൻ. ടൂറിസ്റ്റ് വിസ വളരെ അപൂർവമായി മാത്രമെ ഈ രാജ്യം നൽകൂ. ഒരു വർഷം പതിനായിരത്തിന് താഴെ ആളുകൾ മാത്രമാണ് ഇങ്ങോട്ട് വരാറ്. ഇന്ത്യയിലേക്കുള്ള യാത്രയിൽ അഞ്ചു ദിവസം തങ്ങാനാണ് തുർക്‌മെനിസ്ഥാൻ ആൽബിന് അനുമതി കൊടുത്തത്.

ഇവിടെ ആൽബിൻ നാളുകളായി കാണാൻ കൊതിച്ച ഒന്നുണ്ടായിരുന്നു. ഡോർ ടു ഹെല്ല് അഥവാ ദർവാസാ ഗ്യാസ് ക്രറ്റർ. നരക കവാടം എന്നറിയപ്പെടുന്ന ഈ സ്ഥലം ദര്‍വേസിലാണ്. സദാ എരിയുന്ന ഒരു ഗര്‍ത്തം, അതിനുള്ളില്‍ തീജ്വാലകള്‍ ഇടക്കിടെ പുറത്തുവരുന്നു. ഈ അഗാധ ഗര്‍ത്തത്തിലെ തീയും തിളച്ചുമറിയുന്ന ചെളിയും ഉയര്‍ന്നുപൊങ്ങുന്ന തീജ്വാലയും ഭയപ്പെട്ട പ്രദേശവാസികളാണ് 'ഡോര്‍ ടു ഹെല്‍' (നരക കവാടം) എന്ന പേരു നല്‍കിയത്.

തുർക്‌മെനിസ്ഥാനിലെ ഡോർ ടു ഹെല്ലിന് മുന്നിൽ

നാലു നൂറ്റാണ്ടു മുമ്പ് റഷ്യന്‍ എണ്ണ പര്യവേഷകര്‍ക്ക് പറ്റിയ ഒരു അബദ്ധത്താലാണ് നരക കവാടമുണ്ടായത്. എണ്ണപ്പാടമാണെന്ന് കരുതി കുഴിച്ച സോവിയറ്റ് എഞ്ചിനീയര്‍മാര്‍ അല്‍പം കഴിഞ്ഞാണ് ഇതൊരു വാതക ശേഖരമാണെന്ന് മനസിലാക്കിയത്. അവര്‍ കുഴിക്കുന്ന റിഗും അതിനടിയിലെ ഭാഗവും തകര്‍ന്നു ഒരു ഗര്‍ത്തം രൂപംകൊണ്ടു. ഗര്‍ത്തത്തില്‍നിന്നു വിഷ വാതകങ്ങള്‍ പുറത്തുവരുന്നത് പ്രദേശവാസികളെ ഗുരുതരമായി ബാധിക്കും എന്ന് മനസ്സിലാക്കിയ എഞ്ചിനീയര്‍മാര്‍ വാതകം കത്തിക്കാന്‍ തീരുമാനിച്ചു. ഗ്യാസ് ശേഖരം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ കത്തിത്തീരുമെന്നാണ് അവര്‍ കരുതിയത്.

എന്നാല്‍ കത്തിച്ച അന്നുമുതല്‍ ഇത് എരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ 49 വര്‍ഷം കഴിഞ്ഞു. കാരകും മരുഭൂമിയുടെ മധ്യത്തിലായാണ് ഈ പാടം. ഇതിന് ഏകദേശം 70 മീറ്റര്‍ പരപ്പളവുണ്ട്. ഇവിടെ കണ്ടെത്തിയ പ്രകൃതി വാതക നിക്ഷേപം ലോകത്തിലെ തന്നെ ഏറ്റവും വലിയതായിരുന്നു. ഏകദേശം 69 മീറ്റര്‍ ആഴവും 30 മീറ്റര്‍ വീതിയുമുണ്ടിതിന്.

ഇറാനിലെ കുടുംബത്തോടൊപ്പം പാചകപരീക്ഷണത്തിൽ

ഉയ്​ഗൂറിലെ പരിശോധനകൾ

തുർക്‌മെനിസ്ഥാനിൽനിന്ന് ട്രെയിനിലും റോഡ് മാർഗവുമായി ഉസ്ബെകിസ്ഥാനിലെത്തി. പിന്നെ താജികിസ്ഥാനും കടന്ന് ചൈനയിലേക്ക്. ഉസ്ബെകിസ്ഥാനിലും താജിക്കിസ്ഥാൻ നിരവധി മലയാളി വിദ്യാർഥികൾ ആൽബിനെ സഹായിക്കാനെത്തി.

എം41 അഥവ പമീർ ഹൈവേയിലൂടെയായിരുന്നു ചൈനയിൽ പ്രവശേിച്ചത്. ഹൈവേ എന്നു കേൾക്കുേമ്പാൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മിനുമിനുത്ത റോഡല്ല. കുഴികൾ നിറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡ്. ക്രിസ്മസ് രാവുകൾ ചെലവഴിച്ചത് അവിടെ. ഒരു പക്ഷേ, ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ക്രിസ്മസ് രാവ്. മൈനസ് 20 ഡിഗ്രി സെൽഷസിലുള്ള തണുപ്പായിരുന്നു അവിടെ.

താജികിസ്​​​താനിൽ

മുസ്ലിം വംശഹത്യക്ക് പേരുകേട്ട ഉയ്ഗൂറിലൂടെയായിരുന്നു ചൈനീസ് അതിർത്തി കടന്നത്. ഇസ്ലാം മതവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും മാധ്യമപ്രവർത്തകനാണോയെന്നും നന്നായി പരിശോധിച്ചശേഷം മാത്രമേ ഉയിഗൂറിലൂടെയുള്ള യാത്ര അനുവദിക്കൂ. ആൽബി​െൻറ ബാഗും നന്നായി പരിശോധിച്ചു.

ഇറാനിൽ നിന്ന് ഒരു കുടുംബം സമ്മാനിച്ച ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനിയുടെ ചിത്രമുള്ള നാണയവും കാലിയോഗ്രഫിയിൽ 'ബിസ്മി' എഴുതിയ ഒരു മൊമേൻറയും കൈയിലുള്ളത് യാത്ര മുടക്കുമെന്ന് ആൽബിൽ കരുതിയെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. അവർ സന്തോഷത്തോടെ സമ്മാനിച്ചതാണെന്ന് ഉദ്യോഗസ്ഥരെ പറഞ്ഞു മനസ്സിലാക്കിയാണ് രക്ഷപ്പെട്ടത്. സുരക്ഷ ഉദ്യോഗസ്ഥരുടെ കൈയിലെ ട്രാൻസലേറ്റർ ഉപകരണത്തിലുടെയാണ് സംസാരിക്കേണ്ടത്. ഇംഗ്ലീഷിൽ സംസാരിക്കുേമ്പാൾ അത് ചൈനീസിലേക്ക് മാറും.

തെഹ്റാൻ നഗരം

കൊറോണക്ക് മുന്നെ ഇന്ത്യയിലേക്ക്

ചൈനയിൽ കോവിഡ് പിടിമുറുക്കിയിരുന്നെങ്കിലും അന്ന് രോഗം ലോകം ശ്രദ്ധിച്ചിരുന്നില്ല. ചൈനയിൽനിന്ന് ലാവോസ്, തായ്ലാൻഡ്, മ്യാൻമർ വഴിയാണ് ഇന്ത്യയിലേക്ക് കടന്നത്. മിസാറാമിലൂടെയായിരുന്നു മാതൃരാജ്യത്തേക്കുള്ള പ്രവേശനം. അപ്പോഴേക്കും യാത്ര ആറ് മാസം പിന്നിട്ട് ഇന്ത്യ ലോക്​ഡൗണി​െൻറ അടുത്തെത്തി.

ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും വിമാന സർവിസ് മുടങ്ങിയിരുന്നില്ല. ഒടുവിൽ വിമാന സർവിസുകൾ നിർത്തും മുന്നെ കൊൽക്കത്തയിൽ നിന്ന് നേരെ തിരുവനന്തപുരത്തേക്ക്. 207 ദിവസം നീണ്ട യാത്രക്കാണ് ഏപ്രിൽ ഒമ്പതിന് ഇതോടെ അവസാനമായത്. ഇതിനിടയിൽ റോഡുമാർഗം പിന്നിട്ടത് 22,000 കിലോമീറ്റർ. തലസ്ഥാനത്ത് 20 ദിവസം ക്വാറൻറീൻ പൂർത്തിയാക്കിയാണ് ഒടുവിൽ നാടായ ആലപ്പുഴയിലെ മാവേലിക്കരയിലേക്ക് തിരിച്ചത്.

ഇറാനിലെ കാഴ്ചകൾ

അമ്മത്തണലിലേക്ക്

ഏക മക​െൻറ യാത്രാവിശേഷങ്ങൾ എല്ലാ ദിവസവും കാത്തിരുന്ന് കണ്ട് പ്രാർഥനയോടെ നിന്ന അപ്പച്ചൻ തോമസും അമ്മ ശാന്തമ്മക്കും മകൻ തിരിച്ചെത്തിയതോടെ ഏറെ ആഹ്ലാദത്തിലായി. രണ്ടു സഹോരിമാർക്ക് എത്ര കേട്ടാലും മതിവരാത്ത കഥകൾ ആൽബിൻ ഒന്നുപോലും വിട്ടുേപാകാതെ പറഞ്ഞുകൊടുത്തു.

കേരളത്തിൽനിന്ന് തുടങ്ങി പത്ത് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ചെത്തിയ യാത്രാ അനുഭവങ്ങൾ ഒട്ടും ചോർന്നുപോകാതെ 'ALBIN ON THE ROAD' എന്ന യുട്യൂബിൽ ചാനലിലൂടെ പ്രേക്ഷകർക്കും അടുത്തറിയാൻ കഴിയും.

Show Full Article
TAGS:albinontheroad dubai hitchhiking 
Next Story