വീടുകളിൽ സംരംഭം തുടങ്ങാം; പഞ്ചായത്തിന്റെ ലൈസൻസും രജിസ്ട്രേഷനും നിർബന്ധം
text_fieldsതിരുവനന്തപുരം: വീടുകളിൽ സംരംഭങ്ങൾ തുടങ്ങാൻ ഇനി പഞ്ചായത്തുകളുടെ രജിസ്ട്രേഷനോ ലൈസൻസോ നിർബന്ധം. വീടിന്റെ 50 ശതമാനം വരെ സംരംഭം നടത്താനുള്ള സ്ഥലമായി കണക്കാക്കി പഞ്ചായത്തുകൾ വ്യാപാര, വാണിജ്യ ലൈസൻസ് നൽകും. 1996ലെ കേരള പഞ്ചായത്തീരാജ് ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്തു. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഇന്നിറങ്ങും. മുനിസിപ്പാലിറ്റികളുടെയും കോർപറേഷനുകളുടെയും സംരംഭക ലൈസൻസ് ചട്ടങ്ങൾ അടുത്ത ഘട്ടത്തിൽ പരിഷ്കരിക്കും.
രജിസ്ട്രേഷനും ലൈസൻസും പരമാവധി നൽകി പഞ്ചായത്തുകളുടെ തനത് വരുമാനം വർധിപ്പിക്കുക കൂടി ലക്ഷ്യമാണ്. സംരംഭത്തിലെ നിക്ഷേപം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫീസ് നിശ്ചയിക്കുക. നേരത്തെ ലൈസൻസ് നൽകാനുള്ള ചട്ടത്തിൽ ഇല്ലാതിരുന്ന ഇന്റർനെറ്റ് കഫേ, ട്യൂഷൻ സെന്ററുകൾ, കാറ്ററിങ് യൂനിറ്റുകൾ, ആരോഗ്യസേവനങ്ങൾ നൽകുന്ന ക്ലിനിക്കുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വിധത്തിൽ സമഗ്ര ചട്ടഭേദഗതിയാണിത്. വീട്ടിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് ബാങ്ക് വായ്പ, ജി.എസ്.ടി രജിസ്ട്രേഷൻ എന്നിവ ലഭ്യമാകുന്നതിനും വഴിയൊരുങ്ങും.
സംരംഭങ്ങളെ കാറ്റഗറി ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിക്കും. കാറ്റഗറി ഒന്ന് ഉൽപാദന യൂനിറ്റുകളാണ്. അവയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിലെ യൂനിറ്റുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമില്ല.
ഇവ നിശ്ചിത ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം. റെഡ്, ഓറഞ്ച് വിഭാഗങ്ങളിലെ യൂനിറ്റുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമാണ്. നിർമാണ യൂനിറ്റുകൾ ഉൾപ്പെടെയാണ് കാറ്റഗറി രണ്ടിൽ. അസംസ്കൃത വസ്തുക്കൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള നിർമാണങ്ങൾ വെള്ളം, വായു എന്നിവയിലൂടെ പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. രജിസ്ട്രേഷനും ലൈസൻസും വർഷംതോറും പുതുക്കണം. ലൈസൻസ് തീയതി മുതൽ ഒരു വർഷത്തേക്കാണ് കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

