ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ വാട്സ്ആപ്പ് അക്കൗണ്ട് ബാൻ ചെയ്യപ്പെടും; മുന്നറിയിപ്പുമായി കമ്പനി
text_fieldsപ്രതീകാത്മക ചിത്രം
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. കോടിക്കണക്കിന് ഉപയോക്താക്കൾ ദിവസവും ഉപയോഗിക്കുന്ന ഈ പ്ലാറ്റ്ഫോം സുരക്ഷിതമായി നിലനിർത്തുന്നതിനായി കർശനമായ നിയമങ്ങളും മാർഗനിർദേശങ്ങളും കമ്പനി നടപ്പിലാക്കി വരുന്നുണ്ട്. പലർക്കും നിസ്സാരമായി തോന്നുന്ന ചില പ്രവർത്തികൾ പോലും വാട്സ്ആപ്പിന്റെ നയങ്ങൾക്ക് വിരുദ്ധമാകാമെന്നും അത് അക്കൗണ്ട് ബാൻ ചെയ്യപ്പെടാൻ വരെ കാരണമാകുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.
വാട്സ്ആപ്പിന്റെ ഔദ്യോഗിക പേജിൽ ഇത് സംബന്ധിച്ച വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ട്. അനാവശ്യ സന്ദേശങ്ങൾ അയക്കുക, ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിക്കുക, തുടർച്ചയായി ബ്രോഡ്കാസ്റ്റ് സന്ദേശങ്ങൾ അയക്കുക, മറ്റുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിക്കുക തുടങ്ങിയവയെല്ലാം നിയമലംഘനങ്ങളുടെ പരിധിയിൽ വരും.
അനധികൃത മാർഗങ്ങളിലൂടെ ലഭിച്ച കോൺടാക്ട് ലിസ്റ്റുകൾ ഉപയോഗിക്കുന്നതും സേവന നിബന്ധനകൾ ലംഘിക്കുന്ന പ്രവർത്തനങ്ങളും കർശന നടപടിക്ക് കാരണമാകും. ഒരു തവണത്തെ പ്രവർത്തി കൊണ്ട് ഉടൻ തന്നെ ബാൻ ഉണ്ടാകണമെന്നില്ലെങ്കിലും, നിരോധിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അക്കൗണ്ടുകളെ കണ്ടെത്താൻ സാങ്കേതികവിദ്യയും ഉപയോക്താക്കളുടെ റിപ്പോർട്ടുകളും കമ്പനി ഉപയോഗിക്കുന്നുണ്ട്.
1. അനാവശ്യ സന്ദേശങ്ങൾ
നിങ്ങൾക്ക് സന്ദേശം അയക്കരുതെന്ന് ഒരു വ്യക്തി ആവശ്യപ്പെട്ടാൽ, നിങ്ങൾ അവരെ നിങ്ങളുടെ അഡ്രസ് ബുക്കിൽ നിന്ന് നീക്കം ചെയ്യുകയും പിന്നീട് ബന്ധപ്പെടാതിരിക്കുകയും വേണം. ഉപയോക്താക്കളുടെ സമ്മതമില്ലാതെ തുടർച്ചയായി മെസ്സേജ് അയക്കുന്നത് സ്പാം ആയി കണക്കാക്കും.
2. ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് സന്ദേശങ്ങൾ
വാട്സ്ആപ്പിൽ ബൾക്ക് മെസ്സേജുകൾ, ഓട്ടോ മെസ്സേജുകൾ, അല്ലെങ്കിൽ ഓട്ടോ ഡയൽ എന്നിവ അയക്കരുത്. അനാവശ്യമായ ഓട്ടോമേറ്റഡ് സന്ദേശങ്ങൾ അയക്കുന്ന അക്കൗണ്ടുകളെ കണ്ടെത്തി ബാൻ ചെയ്യുന്നതിനായി വാട്സ്ആപ്പ് മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയും ഉപയോക്തൃ റിപ്പോർട്ടുകളും ഉപയോഗിക്കുന്നു. അനധികൃതമായോ ഓട്ടോമേറ്റഡ് ആയോ അക്കൗണ്ടുകളോ ഗ്രൂപ്പുകളോ ഉണ്ടാക്കുകയോ വാട്സ്ആപ്പിനെ അനുകരിക്കുന്ന ആപ്പുകൾ ഉപയോഗിക്കുകയോ ചെയ്യരുത്.
3. മറ്റുള്ളവരുടെ കോൺടാക്ട് ലിസ്റ്റ് ഉപയോഗിക്കുന്നത്
മറ്റൊരാളുടെ ഫോൺ നമ്പർ അനുമതിയില്ലാതെ പങ്കുവെക്കുകയോ നിയമവിരുദ്ധമായ ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുകയോ അവരെ ഗ്രൂപ്പുകളിൽ ചേർക്കുകയോ ചെയ്യരുത്. ഇത് സ്വകാര്യതയുടെ ലംഘനമായി കണക്കാക്കും.
4. ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളുടെ അമിത ഉപയോഗം
ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ ഉപയോഗിച്ച് അയക്കുന്ന സന്ദേശങ്ങൾ, നിങ്ങളുടെ ഫോൺ നമ്പർ അവരുടെ കോൺടാക്ട് ലിസ്റ്റിൽ ചേർത്തിട്ടുള്ള ഉപയോക്താക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ അമിതമായി ഉപയോഗിച്ചാൽ ഉപയോക്താക്കൾ നിങ്ങളുടെ സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്തേക്കാം. തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന അക്കൗണ്ടുകൾ ബാൻ ചെയ്യപ്പെട്ടേക്കാമെന്ന് വാട്സ്ആപ്പ് മുന്നറിയിപ്പ് നൽകുന്നു.
5. വ്യക്തിഗത വിവരങ്ങൾ ശേഖരിക്കൽ
അനുവദനീയമല്ലാത്ത ആവശ്യങ്ങൾക്കായി ഓട്ടോമേറ്റഡ് മാർഗങ്ങളിലൂടെ വാട്സ്ആപ്പ് ഉപയോക്താക്കളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കരുത്. ഫോൺ നമ്പറുകൾ, പ്രൊഫൈൽ ഫോട്ടോകൾ, സ്റ്റാറ്റസുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് കമ്പനിയുടെ സേവന നിബന്ധനകളുടെ ലംഘനമാണ്.
6. സേവന നിബന്ധനകളുടെ ലംഘനം
തെറ്റായതോ വ്യാജമായതോ ആയ വിവരങ്ങൾ പ്രസിദ്ധീകരിക്കുക, നിയമവിരുദ്ധമായ മാർഗങ്ങൾ ഉപയോഗിക്കുക, ഭീഷണിപ്പെടുത്തുക, പേടിപ്പെടുത്തുക, വിദ്വേഷ പ്രസംഗം നടത്തുക, വംശീയമോ ജാതീയമോ ആയ അധിക്ഷേപകരമായ പെരുമാറ്റം എന്നിവയെല്ലാം സേവന നിബന്ധനകൾക്ക് വിരുദ്ധമാണെന്ന് കമ്പനി ഓർമിപ്പിക്കുന്നു.അതിനാൽ വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ കമ്പനിയുടെ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അല്ലാത്തപക്ഷം മുന്നറിയിപ്പില്ലാതെ തന്നെ അക്കൗണ്ട് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

