Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാട്സ്‌ആപ്പിലെ ആ 'നീല-റോസ് പൂവ്' എന്താണ്? ചാരപ്പണി ചെയ്യാനാണോ? അറിയാത്തവർക്കായി!

text_fields
bookmark_border
വാട്സ്‌ആപ്പിലെ ആ നീല-റോസ് പൂവ് എന്താണ്? ചാരപ്പണി ചെയ്യാനാണോ? അറിയാത്തവർക്കായി!
cancel

"ഞങ്ങള് രണ്ടാളോട് കളിയ്ക്കാൻ ആരുണ്ടെടാ"... കൺകെട്ട് എന്ന 90സ് സിനിമയിൽ മാമുക്കോയ അവതരിപ്പിച്ച കീലേരി അച്ചു, തനിക്ക് ഒറ്റക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ പറയുന്ന ഈ വിഖ്യാത ഡയലോഗ് ഓർമയില്ലാത്തവർ മലയാളക്കരയിലുണ്ടാകില്ല. സ്വന്തമായി ഒന്നും ചെയ്യാൻ പറ്റാത്തതിലുള്ള നിരാശ മറികടക്കാൻ തന്നേക്കാൾ കഴിവുള്ളവനെ സോപ്പിട്ട് ഒപ്പം ചേർത്തിരിക്കുകയാണെന്ന് നാട്ടുകാരെ മൊത്തം അറിയിക്കാനുള്ള സൈക്കോളജിക്കൽ മൂവ് ആയിരുന്നു കീലേരി എന്ന ഭീരുവായ ലോക്കൽ ഗുണ്ട നടത്തിയത്. എന്നാൽ വാട്‌സ്ആപ്പിൽ കുറച്ചു നാളായി തത്തി കളിച്ചു നടക്കുന്ന ഒരു പൂവ് ഐക്കൺ ഇപ്പോഴും ഉപയോഗിക്കാത്ത ആളുകളുണ്ട്. സ്വന്തമായി ശക്തി പോരെന്ന് തോന്നിയപ്പോൾ വാട്സ്ആപ്പ് കൊണ്ടുവന്നു സെക്യൂരിറ്റിയായി നിർത്തിയിരിക്കുകയാണോ ഈ പൂവാശാനെയെന്ന് ആർക്കറിയാം! ഇനി അതിൽ പിടിച്ചു ഞെക്കി പൊല്ലാപ്പ് പിടിക്കാനില്ലെന്നാണ് 80സിനു മുമ്പുള്ള 'വസന്ത'ങ്ങളിൽ പലരും പറയുന്നത്.

നീലയും റോസും നിറമുള്ള പൂവ് പോലെയുള്ള അടയാളം കുറച്ചുനാളായി വാട്സ്ആപ്പ് ചാറ്റ് വിൻഡോയിൽ കിടന്ന് വിലസുന്നത് എന്താണെന്ന് അറിയാത്തവർക്കായി കുറച്ചു കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. "ഇന്നലെ വരെ ഇവിടെ ഒന്നും ഉണ്ടായിരുന്നില്ലല്ലോ... ഇതെവിടെനിന്ന് വന്നു?" എന്ന് കരുതി ഒന്ന് അമർത്തി നോക്കിയപ്പോൾ തുറന്നുവരുന്നത് പുതിയൊരു ചാറ്റ്. പേര് Meta AI!

"ഇതെന്താ സംഭവം?", "നമ്മുടെ ചാറ്റുകളൊക്കെ ഇനി ഇയാൾ ഇരുന്ന് കാണുമോ?", "ഞാൻ ഒന്നും ചെയ്തില്ലല്ലോ, പിന്നെ എന്തിനാണ് ഇത് ഫോണിൽ വന്നത്?" ഇങ്ങനെയുള്ള സംശയങ്ങൾ ടെക്നോളജി കാര്യമായി വശമില്ലാത്ത പലർക്കും ഉണ്ടായിട്ടുണ്ടാകും. ചിലർ പേടിച്ച് ആ പൂവിനെ തൊടുക പോലും ചെയ്തിട്ടുണ്ടാകില്ല. ചിലരാകട്ടെ കൗതുകം കൊണ്ട് തുറന്നുനോക്കിയിട്ടുമുണ്ടാകും.

സത്യത്തിൽ, ആ നീല-റോസ് പൂവ് നിങ്ങളുടെ ചാറ്റ് ചോർത്താൻ വന്ന 'ചാരൻ' അല്ല. വാട്ട്‌സ്‌ആപ്പിൽ മെറ്റ കൊണ്ടുവന്ന കൃത്രിമബുദ്ധി (AI) സഹായിയാണ് അത്. ഇതിന്റെ വരവിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്. ഇത് ഇന്ത്യയിലെത്തിയത് എപ്പോഴാണ്? എല്ലാവരുടെയും ഫോണിൽ ഒരേ സമയത്ത് വരാതിരുന്നത് എന്തുകൊണ്ട്? നമ്മൾ മറ്റുള്ളവരുമായി നടത്തുന്ന സ്വകാര്യ ചാറ്റ് ഇത് വായിക്കുമോ? നിങ്ങളുടെ മനസ്സിലെ മുഴുവൻ സംശയങ്ങളും മാറ്റാം.

ഈ പൂവ് ഐക്കൺ എപ്പോഴാണ് വന്നത്?

ആളൊരു നിരുപദ്രവകാരി പോലെയാണ് തോന്നിയത്. നമ്മുടെ മുഖത്ത് പെട്ടെന്നൊരു ദിവസം പ്രത്യക്ഷപ്പെടാറുള്ള മുഖക്കുരു പോലെ! കണ്ണാടിയിൽ നോക്കുമ്പോൾ ആദ്യ മണിക്കൂറിൽ ബോറായി തോന്നുമെങ്കിലും ടീനേജ് പ്രായത്തിലെ മുഖക്കുരുവുമായി നമ്മൾ അതിവേഗം പൊരുത്തപ്പെടുകയാണ് പതിവ്. അതേപോലെ

വാട്സ്‌ആപ്പിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതുപോലെ തോന്നിയാലും Meta AI-യുടെ കഥ അതിനേക്കാൾ പഴയതാണ്. 2023 സെപ്റ്റംബറിലാണ് മെറ്റ എഐയെ വാട്സ്‌ആപ്പ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പരീക്ഷിക്കുന്നതായി മെറ്റ ആദ്യമായി പ്രഖ്യാപിക്കുന്നത്.

പിന്നീട് 2024-ൽ ഇത് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇന്ത്യയിൽ കാര്യങ്ങൾ കുറച്ചുകൂടി രസകരമായിരുന്നു. 2024 ഏപ്രിലിൽ തന്നെ തിരഞ്ഞെടുത്ത ചില വാട്സ്‌ആപ്പ് ഉപയോക്താക്കളുടെ ഫോണുകളിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ എത്തിയിരുന്നു. പിന്നീട് 2024 ജൂൺ 23-ന് ഇന്ത്യയിലും Meta AI-യുടെ വ്യാപനം ഔദ്യോഗികമായി ആരംഭിച്ചു.

അതുകൊണ്ട്, നിങ്ങളുടെ കൂട്ടുകാരന് ഏപ്രിലിൽ തന്നെ ഈ പൂവ് കിട്ടുകയും നിങ്ങളുടെ ഫോണിൽ മാസങ്ങൾ കഴിഞ്ഞ് മാത്രം വരികയും ചെയ്തിട്ടുണ്ടെങ്കിൽ അത്ഭുതപ്പെടേണ്ടതില്ല. മെറ്റ ഇത് ഒരേദിവസം എല്ലാവരുടെയും ഫോണിലേക്ക് കുത്തിത്തിരുകിയതല്ല; ഘട്ടംഘട്ടമായാണ് വിതരണം ചെയ്തത്. "എന്റെ ഫോണിൽ ഇപ്പോഴാണല്ലോ വന്നത്" എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ്.

എന്താണ് ഈ നീല-റോസ് പൂവ് കൊണ്ട് ഉദ്ദേശിക്കുന്നത്?

ലളിതമായി പറഞ്ഞാൽ, വാട്സ്‌ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ കാര്യങ്ങൾ ചോദിച്ചറിയാനും, സംശയങ്ങൾ തീർക്കാനും, എഴുത്തുകൾ തയ്യാറാക്കാനും, ചിത്രങ്ങൾ ഉണ്ടാക്കാനുമൊക്കെ സഹായിക്കുന്ന ഒരു 'ഡിജിറ്റൽ സഹായി'യാണ് ഇത്.

നേരത്തെ എന്തെങ്കിലും സംശയം വന്നാൽ നമ്മൾ നേരെ ഗൂഗിളിൽ പോയി തിരയുകയായിരുന്നു പതിവ്. ഇപ്പോൾ അതേ കാര്യങ്ങൾ ഈ എഐയോട് നേരിട്ട് ചോദിക്കാം.

ഉദാഹരണത്തിന്:

"മൂന്നാറിൽ രണ്ട് ദിവസം കൊണ്ട് കാണാൻ പറ്റുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ്?"

"ഒരു സുഹൃത്തിന് അയക്കാൻ നല്ലൊരു ജന്മദിനാശംസ എഴുതിത്തരാമോ?"

"ഈ വിഷയം ലളിതമായി ഒന്ന് പറഞ്ഞുതരാമോ?"

ചോദിക്കേണ്ട താമസം, മറുപടി റെഡി!

നമ്മുടെ സ്വകാര്യ ചാറ്റുകളൊക്കെ ഈ എഐ കാണുന്നുണ്ടോ?

നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ Meta AI വെറുതെയിരുന്ന് വായിച്ചുകൊണ്ടിരിക്കുകയല്ല. വാട്ട്‌സ്‌ആപ്പിലെ നിങ്ങളുടെ സന്ദേശങ്ങൾക്കും കോളുകൾക്കും 'End-to-End Encryption' എന്ന ശക്തമായ സുരക്ഷാ കവചമുണ്ട്. അതായത്, സന്ദേശം അയക്കുന്നയാൾക്കും അത് സ്വീകരിക്കുന്നയാൾക്കും അല്ലാതെ ഇടയിലുള്ള മെറ്റയ്‌ക്കോ ഈ എഐയ്‌ക്കോ അത് തുറന്നുനോക്കാൻ കഴിയില്ല. അതിനാൽ നിങ്ങൾ സുഹൃത്തിനോട് നടത്തുന്ന സ്വകാര്യ ചാറ്റുകൾ എഐ ചോർത്തുന്നുണ്ടെന്ന പേടി വേണ്ട.

എന്നാൽ ഒരു കാര്യം പ്രത്യേകം ഓർക്കണം: നിങ്ങളുടെ സാധാരണ വാട്ട്‌സ്‌ആപ്പ് ചാറ്റും, നിങ്ങൾ നേരിട്ട് Meta AI-യോട് ചോദിക്കുന്ന കാര്യങ്ങളും രണ്ടാണ്. നിങ്ങൾ എഐ ചാറ്റിൽ കയറി സ്വയം എന്തെങ്കിലും ടൈപ്പ് ചെയ്ത് ചോദിച്ചാൽ, ആ ചോദിക്കുന്ന വിവരങ്ങൾ എഐ സിസ്റ്റം കൂടുതൽ മെച്ചപ്പെടുത്താനായി ഉപയോഗിച്ചേക്കാം.

ഗ്രൂപ്പ് ചാറ്റിലും ഇതാണോ സ്ഥിതി?

അതെ. ഒരു ഗ്രൂപ്പിൽ മെറ്റ എഐയുടെ സാന്നിധ്യമുണ്ടെന്ന് കരുതി ആ ഗ്രൂപ്പിലെ പഴയ സംഭാഷണങ്ങളോ ആളുകളുടെ വർത്തമാനങ്ങളോ അത് വായിക്കില്ല.

നിങ്ങൾക്ക് എഐയുടെ സഹായം വേണമെങ്കിൽ മാത്രം ഗ്രൂപ്പിൽ @Meta AI എന്ന് ടൈപ്പ് ചെയ്ത് ചോദ്യം ചോദിക്കാം. (ഉദാഹരണത്തിന്: @Meta AI, ഞങ്ങൾ വാഗമണിലേക്ക് പോകുകയാണ്, അവിടെ കാണേണ്ട നല്ല സ്ഥലങ്ങൾ ഏതൊക്കെയാണ്?). നിങ്ങൾ അതിനെ വിളിച്ച് നൽകുന്ന ആ നിർദ്ദിഷ്ട ചോദ്യത്തിന് മാത്രമായിരിക്കും അത് മറുപടി നൽകുക. അല്ലാതെ ഗ്രൂപ്പിലെ മുഴുവൻ ചാറ്റും എഐയുടെ മുന്നിൽ തുറന്നുവെച്ചിരിക്കുകയല്ല.

എഐ തന്നെ നമ്മുടെ ചാറ്റിലേക്ക് സ്വയം കയറിവരുമോ?

ഒരിക്കലുമില്ല! Meta AI-ക്ക് സ്വമേധയാ നിങ്ങളുടെ സ്വകാര്യ ചാറ്റിലേക്കോ ഗ്രൂപ്പിലേക്കോ കയറി ആദ്യ സന്ദേശം അയയ്ക്കാൻ കഴിയില്ല. നിങ്ങൾ അങ്ങോട്ട് ക്ലിക്ക് ചെയ്ത് സംസാരിക്കുകയോ ഗ്രൂപ്പിൽ ടാഗ് ചെയ്യുകയോ ചെയ്താൽ മാത്രമേ അത് പ്രതികരിക്കൂ. അതിനാൽ "ഇത് എപ്പോ വേണമെങ്കിലും ഇടയിൽ കയറി വരും" എന്ന ഭയം വേണ്ട.

ഈ പൂവ് വന്നതോടെ ഫോൺ നമ്മുടെ സംസാരം കേൾക്കുന്നുണ്ടോ?

ഇതും ആളുകൾക്കിടയിലുള്ള വലിയൊരു സംശയമാണ്. ഫോണിലെ മൈക്രോഫോൺ വഴി എഐ നമ്മുടെ സ്വകാര്യ വർത്തമാനങ്ങൾ കേൾക്കുന്നുണ്ടോ?

മെറ്റയുടെ വിശദീകരണമനുസരിച്ച്, വോയ്‌സ് മെസ്സേജ് അയക്കാനോ മറ്റ് ശബ്ദ സംവിധാനങ്ങൾക്കോ ആയി നിങ്ങൾ മൈക്രോഫോൺ ഉപയോഗിക്കാനുള്ള അനുമതി ഫോണിൽ നൽകുകയും, അത് സജീവമായി ഉപയോഗിക്കുകയും ചെയ്യുമ്പോൾ മാത്രമേ മൈക്രോഫോൺ പ്രവർത്തിക്കൂ. അല്ലാതെ 24 മണിക്കൂറും നിങ്ങളെ രഹസ്യമായി കേട്ടിരിക്കാൻ ഇതിന് കഴിയില്ല.

അപ്പോൾ എഐയോട് എന്തും പറയാമോ?

ഇവിടെയാണ് നമ്മൾ അൽപ്പം ജാഗ്രത പാലിക്കേണ്ടത്. Meta AI-യോട് നേരിട്ട് ചോദിക്കുന്ന കാര്യങ്ങൾ സുഹൃത്തിനയക്കുന്ന സന്ദേശം പോലെയല്ല. നിങ്ങൾ നൽകുന്ന വിവരങ്ങൾ അവരുടെ സെർവറുകളിൽ പ്രോസസ് ചെയ്യപ്പെടാം.

അതുകൊണ്ട് എപ്പോഴും ഓർക്കുക:

"സുഹൃത്തിനോട് പോലും പറയാൻ മടിക്കുന്ന വിവരങ്ങൾ എഐയോടും പറയരുത്."

ബാങ്ക് അക്കൗണ്ട് നമ്പറുകൾ, പാസ്‌വേഡുകൾ, ഒ.ടി.പി, എ.ടി.എം/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ആധാർ, പാൻ കാർഡ് നമ്പറുകൾ തുടങ്ങിയ അതീവ രഹസ്യമായ വിവരങ്ങൾ ഒരു കാരണവശാലും എഐ ചാറ്റിൽ പങ്കുവെക്കരുത്.

എന്താണ് ആ '/reset-ai' കമാൻഡ്?

ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒട്ടേറെ തെറ്റിദ്ധാരണകൾ പ്രചരിച്ചിരുന്നു. Meta AI ചാറ്റിൽ /reset-ai എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ, അതുവരെ എഐയുമായി നടത്തിയ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇല്ലാതാക്കാനുള്ള സംവിധാനമാണിത്.

പക്ഷേ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുക: /reset-ai എന്ന് കൊടുത്താൽ നിങ്ങളുടെ ഫോണിലെ വാട്ട്‌സ്‌ആപ്പ് ചാറ്റുകളോ, ഫോട്ടോകളോ, ഗ്രൂപ്പുകളോ ഒന്നും മാഞ്ഞുപോകില്ല. അത് എഐയുമായി നടത്തിയ സംഭാഷണം റീസെറ്റ് ചെയ്യാൻ മാത്രമുള്ള ഒരു കമാൻഡ് ആണ്.

ആ നീല-റോസ് പൂവ് ഫോണിൽ നിന്ന് ഒഴിവാക്കാൻ പറ്റുമോ?

പലർക്കും ഇഷ്ടപ്പെടാത്ത കാര്യവും ഇതാണ്. നിലവിൽ ഈ എഐ ഐക്കൺ വാട്ട്‌സ്‌ആപ്പിന്റെ പുതിയ ഡിസൈനിന്റെ ഭാഗമായാണ് നൽകിയിരിക്കുന്നത്. അതിനാൽ ആ ഐക്കൺ മാത്രം ആപ്പിൽ നിന്ന് സ്ഥിരമായി ഓഫ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ മെറ്റ ഓപ്ഷൻ നൽകിയിട്ടില്ല.

നിങ്ങൾക്ക് എഐ ഉപയോഗിക്കാൻ താല്പര്യമില്ലെങ്കിൽ ഏറ്റവും എളുപ്പമുള്ള വഴി ആ ഐക്കണിൽ തൊടാതിരിക്കുക എന്നതാണ്. മെയിൻ ചാറ്റ് ലിസ്റ്റിൽ Meta AI കാണുന്നുണ്ടെങ്കിൽ അതിൽ അമർത്തിപ്പിടിച്ച് ഡിലീറ്റ് ചെയ്യുകയോ ആർക്കൈവ് ചെയ്യുകയോ ചെയ്യാം.

ഇനി 'രഹസ്യമായി' എഐയോട് സംസാരിക്കാനും സൗകര്യം!

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ മെറ്റ പുതിയ ഫീച്ചറുകളും പരീക്ഷിക്കുന്നുണ്ട്. 2026 മേയിൽ 'Incognito Chat with Meta AI' എന്ന സൗകര്യം മെറ്റ അവതരിപ്പിച്ചു. ഈ രീതിയിൽ എഐയോട് സംസാരിക്കുമ്പോൾ ആ സംഭാഷണങ്ങൾ പ്രത്യേക സുരക്ഷിത സംവിധാനത്തിൽ പ്രോസസ് ചെയ്യപ്പെടുകയും, സാധാരണയായി സംഭരിക്കപ്പെടാതെ അപ്രത്യക്ഷമാകുകയും ചെയ്യും. കമ്പനിക്ക് പോലും അത് വായിക്കാൻ കഴിയില്ലെന്നാണ് മെറ്റ വ്യക്തമാക്കുന്നത്. നിലവിൽ ഈ ഫീച്ചർ ഉപയോക്താക്കളിലേക്ക് ഘട്ടംഘട്ടമായി എത്തിക്കൊണ്ടിരിക്കുകയാണ്.

എഐ പറയുന്നതെല്ലാം വിശ്വസിക്കാമോ?

ഒരിക്കലുമില്ല! എഐ വളരെ ആത്മവിശ്വാസത്തോടെ സംസാരിക്കുമെങ്കിലും ചിലപ്പോഴൊക്കെ തെറ്റായ അല്ലെങ്കിൽ കെട്ടിച്ചമച്ച മറുപടികളും നൽകാം. അതുകൊണ്ട് ആരോഗ്യം, നിയമം, സാമ്പത്തികം, സർക്കാർ സേവനങ്ങൾ തുടങ്ങിയ നിർണായകമായ കാര്യങ്ങളിൽ എഐ നൽകുന്ന മറുപടി മാത്രം വിശ്വസിച്ച് തീരുമാനങ്ങൾ എടുക്കരുത്. അത് ഒന്നുകൂടി ഔദ്യോഗിക വഴിയിലൂടെ ഉറപ്പുവരുത്തുകയാണ് ബുദ്ധി.

അപ്പോൾ ഇനി വാട്ട്‌സ്‌ആപ്പിൽ ആ നീല-റോസ് പൂവ് കണ്ടാൽ പേടിക്കില്ലല്ലോ! അത് നിങ്ങളുടെ പിന്നാലെ നടക്കുന്ന ചാരനല്ല; ചോദിച്ചാൽ മറുപടി പറയുന്ന ഒരു എഐ സഹായി മാത്രമാണ്.

പക്ഷേ ഒരു കാര്യം മറക്കരുത്. സഹായിയാണെന്ന് കരുതി വീട്ടിലെ അലമാരയുടെ താക്കോൽ കൈയിൽ കൊടുക്കാറില്ലല്ലോ! എഐയോടും അതേ ജാഗ്രത മതി. എന്ത് ചോദിക്കണം എന്നതുപോലെ തന്നെ, എന്ത് പറയരുത് എന്നറിയുന്നതും പ്രധാനമാണ്!

"അപ്പോ എല്ലാവരോടുമായിട്ട് പറയുവാണ് എന്നെ അനുസരിച്ചും ബഹുമാനിച്ചും നിന്നാൽ എല്ലാവർക്കും കൊള്ളാം" കീലേരി അച്ചു പറയും പോലെ ആരെയും പേടിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ല വാട്സ്ആപ്പിലെ ആ പൂവ് ! ആവശ്യമില്ലെങ്കിൽ മൈൻഡ് ചെയ്യാൻ പോകാതിരുന്നാൽ മാത്രം മതി!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - What is that 'blue-pink flower' in WhatsApp? Is it for spying? For those who don't know
Next Story